Sunday, February 27, 2011


jayadev nayanar

കാറ്റുപൊതി
ഒന്ന് ഉമ്മ വയ്ക്കുകയെ വേണ്ടൂ
വയറും വീര്‍പ്പിച്ചുനില്‍ക്കാന്‍.
വീര്‍ത്ത വയറില്‍ ആരെങ്കിലും
തലോടണമെന്നോക്കെയുണ്ട്‌.
അകത്തെന്തെങ്കിലും
അനക്കമുണ്ടോയെന്നു
ചെവിയോര്‍ക്കണമെന്നുണ്ട്.
ഒരു കാറ്റെങ്ങാനും വന്നു
പറത്തിക്കൊണ്ടു പോകണമെന്നും
മനസ്സിലിട്ടു തലോലിക്കാതെയില്ല.
ഒരു കൂര്‍ത്ത നഖത്തില്‍
തളര്‍ന്നുപോകാനേയുള്ളൂവെങ്കിലും.
ഓമനേ, ഈ ബലൂണുകളുടെ ഒരു കാര്യം.
വയറു വീര്‍പ്പിക്കാന്‍ മാത്രമറിയാം.
ആകെ ഒരു വഴിയുള്ളത്
വയറ്റിലേക്ക് മാത്രം.
തുറക്കാനും നിറയ്ക്കാനും
അഴിക്കാനും ഒരേയൊരു വഴി.
നമ്മുടെ ഓരോ ബലൂണ്‍ജന്മം.

കൊണ്ടും കൊടുത്തും

എന്നൊക്കെ പറയും.

കൊണ്ടു കൊണ്ടു എന്നൊക്കെ

തോന്നുകയും ചെയ്യും.

ഓരില ഈരിലയൊക്കെ

വളര്‍ന്നിട്ടുണ്ടാവും.

വേരിന്റെ വിരലുകള്‍

മണ്ണിന്റെ അടിവയറൊക്കെയും

തലോടിയിട്ടുണ്ടാവും.

ഒരു കാര്‍മേഘം വന്നു

നിറഞ്ഞങ്ങു പെയ്തിട്ടുണ്ടാവും.

പൂമ്പാറ്റയേതെങ്കിലും

നിറം തൂവിപ്പോയിട്ടുണ്ടാവും.

കാറ്റിലൊന്നു പാറി വന്ന്

പതുക്കെ ഉമ്മ വയ്ക്കുമായിരിക്കും.

കൊടുത്തത് മാത്രമേ

അകത്തെവിടെയെങ്കിലും

പനിച്ചു കിടക്കുന്നുണ്ടാവൂ.

തോന്നലുകളൊക്കെ ആര്‍ക്കാണ്

എണ്ണിയെണ്ണിക്കൂട്ടാന്‍ പറ്റുക?.

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.