
backer methala
കോട്ടപ്പുറം കോട്ടയിലെഗുഹയുടെ വാതിലടച്ചവർ
ചരിത്രത്തിലേക്കുള്ള വാതിലാണ്
അടച്ചതു.
തുറന്നുകിടന്ന ഗുഹയിലേക്ക്
മേയാനിറങ്ങിയ പശുക്കൾ
അപ്രത്യക്ഷരായി
തിരിച്ചുവരാത്തവിധം
ഇനിയൊരു പശുവിനെയും ഗുഹ തിന്നരുത്.
ഗുഹയുടെ വാതിലുകളടയുന്നു
പശുക്കളുടെ മേനിയിലെ
പേൻതിന്നാൻ കാത്തിരുന്ന
മൂന്നുകാക്കകൾ
ഇപ്പോഴും ആഞ്ഞിലിമരത്തിന്റെ
ഉയരങ്ങളിൽ
പശുക്കൾ വരുന്നതും കാത്ത്
തൈമരത്തിൽ നിന്നും
അമ്പത്താറ് ക്യുബിക്ക് വണ്ണവും
ഇരുന്നൂറ്റിഇരുപത്തഞ്ച്
വർഷത്തെ ഉയരവുമുള്ള
വൻമരത്തിലേക്ക്
ആഞ്ഞിലി വളർന്നിട്ടും
കാക്കകൾ ആമരത്തിൽ നിന്നും
ഇതേവരെ പറന്നിട്ടില്ല
സ്റ്റഫ് ചെയ്യപ്പെട്ട ജഡമായ്
രൂപാന്തരം പ്രാപിച്ച് കാത്തിരിക്കുന്നു.
പശുക്കൾ ഇപ്പോഴും ഗുഹയ്ക്കകത്തുണ്ട്
ഗുഹയോട് ചേർത്ത് വെക്കുന്ന
ചെവികളിലേക്ക്
പശുക്കളുടെ 'മ്പേ' എന്ന കരച്ചിൽ
ഒരു സംഗീതം പോലെ കേൾക്കാം
വീണ്ടും യുദ്ധങ്ങൾ വരുന്നതും
ടിപ്പുവിന്റെ പടയോട്ടം
ഈ വഴി കടന്നുപോകുന്നതും
ഗുഹയിലകപ്പെട്ട പശുവിന്റെ
കിനാവായിരുന്നു
ചരിത്രത്തിന്റെ പഴമയാർന്ന ഗന്ധവും
പൂപ്പലുംതിന്ന്
വാളുകളുടെ തിളക്കം കുടിച്ച്
വല്ലപ്പോഴും കോട്ടകാണാനെത്തുന്ന
സ്കൂൾകുട്ടികളുടെ
കൗതുകങ്ങളെ വാലുകൊണ്ട്
വരച്ച്
പശുക്കൾ ഓർമ്മകളെ അയവിറക്കി.