പൂർണ്ണിമ
ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ് :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി
അദ്ധ്യായം - മൂന്ന്.
അവിനാശൻ ഒതുക്കുകൾ കയറി അകത്ത് കടന്നു. തളത്തിൽ രണ്ട് സ്ത്രീകൾ ഇരിക്കുന്നത് കണ്ടു വക്കീലിനെ കാണാൻ വന്നവരാണെന്നൂഹിച്ചു. തലേന്ന് രാത്രി കണ്ടവരാണെന്നു തോന്നി. ഒന്നു യുവതി അപര മദ്ധ്യവയസ്ക. സുന്ദരികളാണ് രണ്ടുപേരും.
അവിനാശനെ അകത്തേക്ക് വിളിച്ചു. ആ വീട്ടിൽ അയാൾക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. വക്കീലിന്റെ ഭാര്യ ദുർഗ്ഗാവതി മുറിയിലുണ്ടായിരുന്നു. അവർകട്ടിലിൽ കിടക്കുകയാണ്. രോഗിണിയാണ്. വക്കീൽ കട്ടിലിനരുകിൽ കസേരയിലിരുന്നു ഭാര്യയുമായി സല്ലപിക്കുകയാണ്. ദുർഗ്ഗവതിയെ നമസ്കരിച്ചതിനുശേഷം അവിനാശൻ വക്കീലിനരുകിൽ കസേരയിലിരുന്നു. അവരുടെ ആരോഗ്യനില അന്വേഷിച്ചു. കോപഭാവമാണ് അവരുടെ മുഖത്ത് സദാസമയവും അവിടെ അതിഥി സൽക്കാരം തീരെ ഇല്ലെന്നു പറയാം. പത്മനാഭൻ അധികസമയവും അതിഥിമുറിയിലായിരിക്കും അവിടെ കണ്ടില്ലെങ്കിൽ ദുർഗ്ഗാവതിയുടെ അടുത്തിരിക്കുന്നു അവരെ ശുശ്രൂഷിക്കുന്നുണ്ടാകും.
അവിനാശൻ ദുർഗ്ഗാവതിയുടെ അടുക്കൽ അധികസമയം ചെലവഴിക്കാറില്ല. ഒന്ന് രണ്ട് വാക്കുകൊണ്ട് അവരുടെ ആരോഗ്യനില അന്വേഷിച്ചു വേഗം ആ മുറിവിട്ട് പുറത്തിറങ്ങും.
പത്മനാഭൻ അവരുടെ അടുത്തുള്ളപ്പോൾ പലകാര്യങ്ങളും അദ്ദേഹത്തെ ശല്യപ്പെടുത്തും അങ്ങനത്തെ സന്ദർഭങ്ങളിൽ ആരെങ്കിലും അദ്ദേഹത്തെ കാണാൻ വരുന്നത് ഭാഗ്യമായി അദ്ദേഹം കരുതും ആ മുറിയിൽ നിന്ന് രക്ഷപ്പെടാമല്ലോ.
ദുർഗ്ഗാവതിയുടെ ആരോഗ്യനില ആരെങ്കിലും അന്വേഷിക്കുന്നത് അവർക്കിഷ്ടമാണ്. താൻ രോഗിണിയാണെന്ന് അന്യർ അറിയട്ടെ."ആരോഗ്യം അത് പറയാതിരിക്കുന്നതാണ് നല്ലത്." എല്ലാവരോടും അവർ ഇങ്ങനെയാണ് പറയുന്നത്. എന്നാൽ ആരെങ്കിലും അവരുടെ ആരോഗ്യനില അന്വേഷിക്കാതെ പോകട്ടെ പിന്നീടവർ ആവീട് കാണുമ്പോൾ വിറച്ചുപോകും. ആ വിധത്തിലുള്ള ശകാരമായിരിക്കും അവരിൽനിന്നും ഉതിരുന്നത്. അവർ വെളുത്ത് മെലിഞ്ഞതാണ്. എന്നാലും മുഖം സുന്ദരമാണ്. ചെറിയ ഒത്തനിരയിലുള്ള പല്ലുകൾ, മിഴികൾ സജീവങ്ങൾ.
ഇത്ര നിരാശയെന്തിന്. ഇത്രകാലത്തെ ശുശ്രൂഷകൊണ്ട് ഭവതിയുടെ തൂക്കം വർദ്ധിച്ചിട്ടുണ്ടെന്നല്ലേ ഡാക്ടർ പറഞ്ഞത്. എനിക്കു നിരാശയെന്തിന്, ആശയേയുള്ളു അത് സാധിച്ചിരുന്നെങ്കിൽ,
" ആ ആശ എന്ത് കാര്യത്തിലെന്നു പറയൂ'
" ഞാൻ മരിച്ചിരുന്നെങ്കിൽ അങ്ങയ്ക്കും എനിക്കും എന്താശ്വാസമായിരുന്നേനെ"
ദുർഗ്ഗാവതിയുടെ യഥാർത്ഥ നിലയാണോ ഇത് ദൈവത്തിനറിയാം.
"എന്തിനാണിങ്ങനെ പറയണത്?"
"ഞാൻ സത്യമാണ് പറഞ്ഞത്'
ലോകത്ത് സർവ്വസാധാരണമായ ഒരു കാര്യമുണ്ട് ഏത് ഭാഷയിലേയും ഉത്തമപുരുഷൻ സത്യമേ പറയൂ, നല്ലവനുമായിരിക്കും!"
രോഗം പിടിപെട്ടാൽ ഇങ്ങനെ തോന്നും ചേച്ചി" അവിനാശൻ ഇത്രയും പറഞ്ഞതേയുള്ളു അയാളെ തടുത്തുകൊണ്ട് ദുർഗ്ഗാവതി ഗർജ്ജിച്ച "ഞാൻ രോഗിണിയായി, അതിനുള്ള കാരണം വല്ലവരും അറിയുന്നുണ്ടോ. ഇദ്ദേഹത്തിന്റെ ഒരു വശത്ത് കക്ഷികൾ, മറുവശത്ത് പെണ്ണുങ്ങൾ പിന്നെ എന്നെപ്പോലുള്ള പേക്കോലങ്ങളെ എന്തിനു ശ്രദ്ധിക്കണം.
"ഒന്നും ആലോചിക്കാതെയാണ് ഇങ്ങനെ ചിലക്കുന്നത് വക്കീൽ അൽപം കോപത്തോടെ പറഞ്ഞു.
"ചേച്ചിക്കെന്താണ് വേണ്ടത് പറയൂ.
" ഓ ആവശ്യങ്ങൾ അറിയേണ്ട താമസമേയുള്ളു ഇവിടെ രണ്ട് സ്ത്രീകൾ രാവിലെ മുതൽ തപസ്സിരിക്ക്യണ് ആവശ്യത്തിന്, പിന്നെ എന്റെ ആവശ്യം അന്വേഷിക്കാൻ ഇവിടെ ആരാണിരിക്കുന്നത്."
"രാവിലെ മുതലല്ല, ഇന്നലെ മുതൽ, പത്മനാഭൻ ഇടയ്ക്ക് കയറിപ്പറഞ്ഞു. ഈ സംഭാഷണം നീട്ടിക്കൊണ്ടുപോകാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ദൈന്യതയോടെ അവിനാശനെ നോക്കി.
"അതെ ചേച്ചി, ഇന്നലെ അർദ്ധരാത്രിയില്ല. ഇദ്ദേഹത്തിന്റെ കൂടെ ഇവരെകണ്ടു. അവിനാശൻ വക്കീലിന്റെ സഹായത്തിനെത്തി.
"അർദ്ധരാത്രിയിലോ? ഇവരെയോ എവിടെ വച്ച്? നിങ്ങൾ ആരുടെ കാര്യമാണ് പറയുന്നത്? വക്കീൽ അൽപം പരിഭ്രമത്തോടെ പറഞ്ഞു. പെട്ടന്നദ്ദേഹം ഇങ്ങനെ പറഞ്ഞു. "നോക്കൂ അവിനാശ! നിങ്ങളിപ്പോൾ തന്നെ ഒരിടത്ത് പോകണം. പ്രോഫസ്സറുടെ ജോലി ശരിപ്പെട്ടിട്ടുണ്ട്. ഇതാ ടെലഗ്രാം അത് പറയാനാണ് നിങ്ങളെ വിളിച്ചതു. പത്മനാഭൻ ഒരു കടലാസ് അവിനാശന് കൊടുത്തുകൊണ്ട് പറഞ്ഞു." ഇനി ഒന്നുകൂടി വരും അത് കിട്ടിയാലുടൻ പുറപ്പെടണം. ഇന്റർവ്യൂവിനാണ്. നോക്കൂ. വിചിത്രമായ എന്തെങ്കിലും തട്ടിവിട്ടു ചുണ്ടോടടുക്കാറായ ശർബ്ബത്ത് തട്ടിക്കളയരുത് പത്മനാഭൻ അൽപം തമാശയും തട്ടിവിട്ടു. അതിന് ശേഷം ഇന്റർവ്യുവിനു വിളിക്കുന്നവരുടെ പേരും സ്വഭാവവും വിവരിച്ചതിന് ശേഷം പറഞ്ഞു. ഇതിലാണ് ജയാപജയങ്ങൾ തങ്ങി നിൽക്കുന്നതെന്നോർക്കണം ഇനി നിങ്ങൾക്കുപോകാം.
അവിനാശൻ, പോകനൊരുങ്ങിയപ്പോൾ പത്മനാഭൻ പറഞ്ഞു. അവിടെ ഇരിക്കുന്ന സ്ത്രീകളോട് പറഞ്ഞേക്കു ഇന്നും സമയമില്ല. നാളെ പൊതുയോഗത്തിൽവച്ചു അവരുടെ അപേക്ഷ ചർച്ച ചെയ്യാമെന്ന്.
ദുർഗ്ഗാവതിയുടെ നേത്രങ്ങൾ പ്രകാശമാനങ്ങളായി. അവർ ചിരിച്ചുകൊണ്ട് പറഞ്ഞു,"വേണ്ട, വേണ്ട അവരെ നിരാശപ്പെടുത്തേണ്ട. നേരിട്ട് ചെന്നു പറയു, ഞാനൊന്നുറങ്ങട്ടെ."
വക്കീലിന് ആശ്വാസമായി. വീട്ടിലെ അന്തരീക്ഷം അദ്ദേഹത്തെ അസഹ്യപ്പെടുത്തി. അവിനാശനും വക്കീലും പുറത്തേക്കു നടന്നു. അദ്ദേഹം തിരിഞ്ഞു നിന്നു പറഞ്ഞു. 'അൽപം കഴിഞ്ഞുവരാം.'
പത്തുപതിനഞ്ചടി നീങ്ങിയപ്പോൾ ദുർഗ്ഗാവതി അവിനാശനെ വിളിച്ചു." ഇതാ വരുന്നു" എന്നു പറഞ്ഞുകൊണ്ടയാൾ പൈന്തിരിഞ്ഞു.
"എന്തിനാണവിനാശനെ വിളിച്ചതു' പത്മനാഭൻ ചോദിച്ചു.
"അങ്ങു പൊയ്ക്കോളൂ എനിക്ക് അവിനാശന്റെ വീട്ടുവിശേഷങ്ങൾ ചോദിക്കാനുണ്ട്. സമയമുണ്ടെങ്കിൽ മതി."
"എനിക്ക് ബദ്ധപ്പാടൊന്നുമില്ല ചേച്ചി. എത്രസമയം വേണമെങ്കിലും ഇരിക്കാം." രോഗികളോട് ദയകാണിക്കണമെന്നയാൾക്ക് തോന്നി.
"ഡാക്ടർ പറഞ്ഞത് അധികം സംസാരിക്കരുതെന്നല്ലേ." അവിനാശൻ വല്ല ഗുലുമാലും ഒപ്പിക്കുമോ എന്നായി പത്മനാഭന്റെ ഭയം.
ഞാൻ അധികം സംസാരിക്കാറില്ലല്ലോ" ദുർഗ്ഗാവതി എപ്പോഴും അങ്ങനെയാണ് പറയാറുള്ളത്. "ഞാൻ അതിന് സമ്മതിക്കൂല്ല' ആ വിഷമം വേണ്ട അവിനാശൻ സമാധാനിപ്പിച്ച ദുർഗ്ഗാവതിയെ മുഷിപ്പിക്കയുമരുതല്ലോ. വക്കീൽ ഗൗരവത്തോടെ സ്ഥലം വിട്ടു.
പത്മനാഭൻ അകലത്തായപ്പോൾ അവൾ ചോദിച്ചു. "ഇന്ന് ഇവിടെ കണ്ടസ്ത്രീകളെത്തന്നെയാണോ രാത്രി കണ്ടത്. "
"രാത്രിയായത് കൊണ്ട് തിട്ടമായി പറയാൻ സാധ്യമല്ല ചേച്ചി. എന്തുദ്ദേശത്തിലാണ് ദുർഗ്ഗാവതി ചോദിച്ചതെന്ന് അവിനാശനു മനസ്സിലായില്ല.
"രണ്ടു പേരുണ്ടായിരുന്നെന്നല്ലേ നീ പറഞ്ഞത്"
" ഇന്നു കണ്ട വരായിരുന്നില്ല.
"അർദ്ധരാത്രിയിലാണ് കണ്ടത്. അല്ലേ? "അതെ, അത് കൊണ്ടാണ് തിരിച്ചറിയാൻ കഴിയാതിരുന്നത്.
"അപ്പോൾ ഇന്നു വന്നവരാകാൻ വഴിയില്ല.
അവിനാശന് ലോകത്തിന്റെ വക്രഗതി തീരെ പരിചയമില്ല. എന്നാലും ഒരു കാര്യം മനസ്സിലാക്കി. സ്വന്തം ഭർത്താവിനെതിരേ തെളിവ് ശേഖരിക്കയല്ലേ അവർ ചെയ്യുന്നതെന്ന് ഭർത്താവിനെ അവർ വിശ്വസിക്കുന്നില്ല.
ദുർഗ്ഗാവതി ഇങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിച്ചറിയുകയും അത് പത്മനാഭനെ കേൾപ്പിച്ച അദ്ദേഹത്തെ ദുഃഖിപ്പിക്കുകയും അതു വഴി സ്വയം ദുഃഖിക്കാനുള്ളവഴി തുറക്കുകയും ചെയ്തതും ഒരു തരം വിനോദമായിട്ടാണ്.
അദ്ദേഹത്തിന്റെ മുമ്പിൽ വച്ചു നീ പറഞ്ഞതു തെറ്റാണ് അല്ലേ?
"ആയിരിക്കും, അല്ലെങ്കിൽ അദ്ദേഹം അത് സമ്മതിച്ചേനെ"
അവരല്ല ഇന്ന് ഇവിടെ വന്നവരെന്നത് തീർച്ചയല്ലേ.,
"തീർച്ചയായും ഇവരല്ല"
ദുർഗ്ഗാവതി കണ്ണും പൂട്ടിക്കിടന്നു. അൽപനേരം കഴിഞ്ഞപ്പോൾ അവിനാശൻ പോകാൻ അനുവാദം ചോദിച്ചു. കണ്ണുതുറക്കാതെതന്നെ അവൾ സമ്മതംമൂളി. പത്മനാഭനെതിരായി കൂടുതൽ ഒന്നും അറിയാനവർക്കു സാധിച്ചില്ല. പോകുമ്പോൾ അവിനാശൻ ചിന്തിച്ചു വെറുതെയല്ല വക്കീൽ സുഖംതേടി പുറത്തു ചുറ്റിക്കറങ്ങുന്നത്.