Tuesday, February 1, 2011


mathew nellickunnu

എന്തിനും ഏതിനും പ്ലസ്‌ വാങ്ങുന്ന സമ്പ്രദായം മലയാളി ഒരു ശീലമാക്കിയിരിക്കുന്നു. മുമ്പൊക്കെ ചിലവിഭാഗം ഉദ്യോഗസ്ഥരിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രവണത ഇന്ന്‌ എല്ലാ മനുഷ്യരിലും പടർന്നുകഴിഞ്ഞിരിക്കുന്നു.
സഹാനുഭൂതിയും പരസ്നേഹവും പണമായി മാറ്റാനുള്ള വ്യഗ്രതയാണിതിനു പിന്നിൽ. ഒരു മരണവീട്ടിലും അപകടസ്ഥലത്തും ആരും ചോദിക്കാതെതന്നെ ആൾസഹായമെത്തും. വിലപിടിപ്പുള്ള ചിലതെങ്കിലും ഇത്തരം സ്ഥലങ്ങളിൽ നിങ്ങൾക്കും നഷ്ടപ്പെട്ടേക്കാം. അല്ലെങ്കിൽ പണമായോ മദ്യമായോ ഒക്കെ പ്രതിഫലം നൽകേണ്ടത്‌ നിർബന്ധം.
ചെളിക്കുഴിയിൽ അപരിചിതരുടെ വാഹനം താഴ്‌ന്നാൽ തള്ളിക്കയറ്റി കൊടുക്കാൻ ആളു റെഡി. വാഹനത്തിന്റെ പകിട്ടും പദവിയും നോക്കിയുള്ള പ്രതിഫലം നൽകിയേ തീരു. ചതിക്കുഴികൾ തീർത്ത്‌ കാത്തിരിക്കുന്നവരും ഉണ്ടെന്ന്‌ അറിയാൻ കഴിഞ്ഞു.
സഹായമനസ്ഥിതി ആളുകളിൽ നിന്ന്‌ അകന്നുകഴിഞ്ഞു. അവന്‌ ദുരിതം വന്നെങ്കിൽ എനിക്കെന്ത്‌? അവനെ സഹായിച്ചാൽ എനിക്കൊരു നേട്ടവുമില്ലല്ലോ എന്ന്‌ ഉള്ളിലിരുപ്പ്‌.
സ്വന്തം സഹോദരന്‌ ഒരു നിയമനം നൽകണമെങ്കിലും യാതൊരു ഉളുപ്പിമില്ലാതെ-സംതിങ്ങ്‌-ചോദിച്ചുവാങ്ങുന്നവരുണ്ട്‌. വളരെ നിസാരം ഒരു ദിവസത്തെ ഏതെങ്കിലും ഒരു കാര്യം നിർവഹിച്ചു കൊടുക്കുന്നതിനും ഏതെങ്കിലും തരത്തിൽ പ്രതിഫലം വാങ്ങുന്നവരുമാണ്‌ നമുക്ക്‌ ചുറ്റിലും.
അനാവശ്യമായ തിക്കും തിരക്കും ജോലിഭാരവും അഭിനയിച്ച്‌ അതിൽ നിന്ന്‌ സമയലാഭവും ധനലാഭവും നിങ്ങൾക്കു നേടിത്തരുന്നു, ഞാൻ എന്ന ഭാവത്തിലാണ്‌ പ്രതിഫലം വാങ്ങാൻ സാഹചര്യമൊരുക്കുന്നത്‌.
ഗ്രാമമെന്നോ നഗരമെന്നോ വേർതിരിവില്ലാതെ, ഏതു തൊഴിൽ ചെയ്യുന്നവർ എന്നുപോലും വ്യത്യാസമില്ലാതെ ഇക്കാര്യത്തിൽ എല്ലാവരും മാവേലി നാടുപോലെ ഒരേ സ്വഭാവം പ്രകടിപ്പിച്ചുകാണുന്നു.
കാര്യം നടക്കണമെങ്കിൽ മാത്രമല്ല, കൃത്യമായ ഗുണനിലവാരത്തിൽ, കൃത്യസമയത്ത്‌ നടക്കണമെങ്കിലും ഇത്തരം പൊടിക്കൈകൾ അറിഞ്ഞിരുന്നേ പറ്റൂ. അർഹതയില്ലാത്തത്‌ അർഹമല്ലാത്ത കാലത്ത്‌ ലഭ്യമാക്കുന്നതിനു മാത്രമല്ല ഈ ചെപ്പടി വിദ്യ ഉപയോഗിക്കുന്നത്‌. യഥാവിധി അർഹത ഉണ്ടെങ്കിൽ പോലും പ്ലസ്‌ ഇല്ലാതെ ഒരു കാര്യവും നടക്കില്ല.
വന്ന്‌ വന്ന്‌ ഇരിക്കുന്നിടത്തു നിന്ന്‌ എഴുന്നേറ്റു നടക്കണമെങ്കിലും ആരെങ്കിലും -സംതിങ്ങ്‌-തന്നേ തീരു എന്നായിരിക്കുന്നു.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.