janaki
പുന്നിയൂർക്കുളത്തെ ഉച്ചകൾ ഇങ്ങിനെയാണോ..!!!? നിശബ്ദതയുടെ ചുടുകട്ടകൾ അടുക്കി വച്ച സ്മാരകം പോലെ…..!!!ഏകാന്തതയുടെ വളകൂറുള്ള ഭാവനയുടെ വിളനിലമായ നാലപ്പാട്ടെ പ്രക്റുതിയെ ഞാൻ ആവുന്നത്ര കണ്ണുകൾ തുറന്നു വച്ചു നോക്കി.എന്റെ വിചാരങ്ങൾക്കു പുറകെ കാറിലെ തണുപ്പിൽ നിന്നും അമ്മിണിട്ടീച്ചറും..ബേബിടീച്ചറും..ശ്രീദേവിയും ഇറങ്ങി….ഓരോരുത്തർക്കും ഓരോ
ലോകം സമ്മാനിച്ചാണ് ആമിയുടെ ഓർമകൾ അവിടേയ്ക്കു വരവേറ്റത്..
കത്തുന്ന വെയിലിനെ പ്രണയനിശ്വാസങ്ങളാൽ ഊതിയാറ്റിയ ഒരാളുടെ കാൽപ്പാടുകൾ പതിഞ്ഞ നാലപ്പാട്ടെ തൊടിയിൽ നെഞ്ചിടിപ്പോടെ വിറഞ്ഞു പതിഞ്ഞു..
കണ്ണുകൾ പതുക്കെ പ്രതിഷേധിക്കാൻ തുടങ്ങി.
“ഇതല്ല…ഇതല്ല കാണുവാൻ വന്നത്….”
എന്താണു ഞാൻ പ്രതീക്ഷിച്ചിരുന്നത്…?പൂരം നടക്കതെ പോയ അമ്പലപ്പറമ്പു പോലെ ഭീമാകാരമായ ശൂന്യത എന്നിൽ നിറയാൻ തുടങ്ങി…..ഓ…ദൈവമേ..ഇവിടെ ഒന്നും ശേഷിക്കുന്നില്ല നാലപ്പാട്ടു തറവാടിന്റെ അടിത്തറ പോലും..
അടുക്കളപ്പുറത്തെ കലമ്പലിനും…രഹസ്യങ്ങൾക്കും…തൊടികളിലെ അർത്ഥ പൂർണ്ണമായ ചിലമ്പലുകൾക്കും ഇടയിലൂടെ പോപ്ലീൻ തുണിയുടെ പെറ്റിക്കോട്ടിൽ സദാ ജിജ്ഞാസുവായി നടന്നവൾ എവിടെ….? അവളുടെ സ്വപ്നങ്ങളും.,ഭാവനകളും തട്ടിയുണർന്ന ഓർമകല്ലുകൾ എവിടെ..? കുറച്ചു സമയമെടുത്താണെങ്കിലും ഗതാർത്ഥമായ പ്രതീക്ഷകളെ…ഉടഞ്ഞ കളിപ്പാട്ടം വാരിക്കൂട്ടിയെന്നപോലെ എന്റെ സങ്കട മുറിയിൽ പൂട്ടിവച്ചു….
ഇനി ഞാൻ കാണട്ടെ….ബാക്കിയായ കുറച്ചെങ്കിലും കാണാതിരിക്കില്ല….നാക്കിലയിൽ ശേഷിച്ച വറ്റുപോലെ…..
കൂടെ വന്നവരെ നോക്കി….ആരും തന്നെ പ്രസന്നരല്ലാത്തത്…അതൊരു ദുരന്ത ഭൂമിയാണെന്ന തോന്നൽ എന്നിലുണ്ടാക്കി….മുണ്ഡനം ചെയ്ത പറമ്പിൽ,സ്വകാര്യ വ്യക്തികളുടെ സ്വപ്നങ്ങൾ പാർപ്പിടങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്നു…ക്റുത്യമായ അകലത്തിൽ കുറച്ചു തെങ്ങുകളും കവുങ്ങുകളും പച്ചക്കൊടിയാട്ടികൊണ്ടിരുന്നു…പോരുമ്പോഴുണ്ടായിരുന്ന ആവേശമെല്ലം കെട്ട് മനസ്സു പൊട്ടിയ ബലൂൺതുണ്ടു പോലെ കുഴഞ്ഞു കിടന്നു…………വെറുതെ പരതി നടന്നപ്പോൾ പറമ്പിന്റെ തെക്കെ അതിരിലെ കുറച്ചു സ്ഥലം നിറയെ പച്ചയണിഞ്ഞു സങ്കോചത്തൊടെ നിലകൊള്ളുന്നതു കണ്ടു..! സാഹിത്യ അകാദമിക്കു കൊടുത്ത സ്ഥലമായിരുന്നു അത്….ആ സ്ഥലമത്രയും തണൽ വിരിച്ച് ഒരു കൂറ്റൻ ഇലഞ്ഞിയും..,അതിന്റെ ചുവട്ടിൽ പേരറിയാത്ത പുല്ലുകളുടെ ഇടയിൽ പകുതി മറഞ്ഞ പാമ്പിൻ കാവും….പച്ചപ്പായൽ പിടിച്ച അതിന്റെ തറയിൽ പണ്ടെന്നോ ആരോ വിതറിയ ചില്ലറ തുട്ടുകൾ കാലദണ്ഡനമേറ്റ് ഉറഞ്ഞു കിടക്കുന്നു.നടുക്ക് ഒരു തിരി കൊതിച്ച് ക്ലാവു പിടിച്ച കുഞ്ഞു നിലവിളക്കും
തൊട്ടാൽ വിരലിൽ പറ്റും എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് വിളക്കിന്റെ തിരിക്കുഴികളിൽ കരി ഉറഞ്ഞിരുന്നു..ഇരുളടഞ്ഞ ഗതകാല സ്മരണകളെ തെളിച്ചു കൊടുക്കാൻ ഞാൻ ഒരു തിരിയും തീത്തുണ്ടും കരുതണമായിരുന്നോ
എന്റെ പാദ ശബ്ദം കേട്ടിട്ടാവണം ഒരു ചെറു നാഗകുമാരൻ( അതോ കുമാരിയോ) വന്നെത്തി നോക്കി..പെട്ടെന്നു സഹജമായ ഭയപ്പാടിലേയ്ക്കു പതുങ്ങിയ എന്റെ കണ്ണുകളിലേയ്ക്കു തലയുയർത്തി നോട്ടം കൊണ്ട് അളന്നു…ആ നോട്ടത്തിൽ ഞാനൊരു അപരാധിയായി..,അടുത്ത നിമിഷം ധ്റുതിയിൽ ഏതോ സുരക്ഷിതമായ മറവിലേയ്ക്ക്അത് ഇഴഞ്ഞു പോയി….തികച്ചും മാന്യമായ ഒരു ഇഴഞ്ഞു പോക്ക്..”കണ്ടില്ലേ..ഞാനെത്ര നല്ലവനാണെന്നോ…മാധവിക്കുട്ടീടെ സ്വന്തം…..” എന്നു പറഞ്ഞോ ആ പോക്കിൽ….
എന്റെ മനസ്സു പ്രതിവചിച്ചു…കാലം നികത്തിയ ഓർമ്മകളുടെ പൊത്തിൽ നിങ്ങൾ അനാഥരായെന്നൊ നാഗത്താൻമാരേ….
ഞാൻ ബാഗിൽ നിന്നും കയ്യിൽ തടഞ്ഞ ചില്ലറകൾ എടുത്തു പിടിച്ച്…കാവിന്റെ തറയിൽ ഇരിപ്പുറപ്പിച്ച നാഗത്താൻമാരുടെ ശിരസ്സു വഴി ചൊരിഞ്ഞു….ചില്ലറ കിലുക്കം കേട്ട് ഉണരട്ടെ സർപ്പങ്ങൾ……സ്മരണകളുടെ നൂറും പാലും തേടട്ടെ…..നിരാശകളുടെ കളം മായ്ക്കട്ടെ…..മനസ്സിലെ.സഹതാപത്തിന്റെയും സ്നേഹത്തിന്റേയും…കുത്തൊഴുക്കിൽ എന്തിനെന്നറിയാതെ ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന ഒരു ഓറഞ്ച് എടുത്തു കാണിക്കയായി വച്ചു…..
ഇലഞ്ഞിയുടെ ദയയിൽ തണലേറ്റ് പുൽച്ചാടികൾ ദീർഘനിശ്വാസമിട്ട് വിശ്രമിച്ചു കൊണ്ടിരുന്നു..തറയിൽ ചിതറിയ കുഞ്ഞു നക്ഷത്രങ്ങൾ പോലെ ഇലഞ്ഞിപ്പൂക്കൾ…..ശ്രീദേവിയുടെ ചുരുണ്ട മുടിയിൽ വീണു തങ്ങിയ തങ്ങിയ പൂക്കൾ..രാത്രിയിലെ ആകാശത്തെ ഓർമ്മിപ്പിച്ചു….പുതിയ കവിതയെ ഗർഭം ധരിച്ച എല്ലാ ലക്ഷണവും ഉണ്ട് അവൾക്ക്….എനിക്കു ശ്രീദേവിയോടു കൂടുതൽ സ്നേഹം തോന്നി…
ഇലഞ്ഞി പെയ്തു കൊണ്ടിരുന്നു…..അതിന്റെ നേർത്ത സുഗന്ധത്തിൽ കാലം തെറ്റിയ ഒരു പ്രണയത്തിന്റെ മുള മനസ്സിൽ നിന്നും തളിരില നീട്ടിയെത്തി നോക്കി…
“നോക്കു….ഞാൻ മാധവിക്കുട്ടീടെ തൊടിയിൽ…,ഇലഞ്ഞിപ്പൂവിലും………
സുഗന്ധത്തിലും കുളിച്ച് അങ്ങയെ ഓർത്തു നിൽക്കുന്നു….”… എന്റെ പ്രണയം മൊബൈലിൽ ഒരു സന്ദേശമായി….അടുത്ത നിമിഷം തന്നെ ഞാൻ ചെയ്തതിലെ പരിഹാസ്യത എന്നെ നോക്കി പല്ലിളിച്ചു കാട്ടുന്നതു നോക്കി നിൽക്കുമ്പോൾ.., സ്നേഹത്തിന്റെ നേരിയ ഗന്ധം…….ഇലഞ്ഞിപ്പൂവിന്റെ ഗന്ധം എന്നെ ആശ്വസിപ്പിച്ചു നിന്നു………
ഒരു കവിതയെങ്കിലും ഇവിടെ നിന്നു പാടാതെ പോകുന്നതെങ്ങിനെ..എന്ന ചിന്തയിലാണോ അമ്മിണി ടീച്ചർ….ഒരുപാടു സംസാരിക്കുന്ന ആൾ പെട്ടെന്നു നിശബ്ദയായിരിക്കുന്നു..!
“ഒരു നാൾ സുഖം വരാനെത്രയേറെ…
മഹിയും കറ ങ്ങി തിരികയല്ലി..” തത്വങ്ങളുടെ മേമ്പൊടി തൂവി ബേബി ടീച്ചർ കവിതകൾ പാകപ്പെടുത്തുകയാണോ…?
സനേഹത്തിന്റെ ഗന്ധവും ശ്വസിച്ച്…കൂടെ വന്നവരുടെ ഭാവങ്ങൾക്കു അർഥവും കൊടുത്ത് നിൽക്കുമ്പോൾ..കൽക്കട്ടയിൽ നിന്നും ഇവിടേയ്ക്ക് സ്വപ്നങ്ങളുടേയും…ഭാവനകളുടേയും….പ്രണയത്തിന്റേയും ഘോഷയാത്ര നയിച്ചു വന്ന ആൾ എന്റെ സാരി തുമ്പിൽ പിടിച്ചു
എന്നെ നീർമാതളം കാണുന്ന കാര്യം ഒർമ്മിപ്പിക്കുകയായിരുന്നു… സ്നേഹം നിറച്ച കണ്ണുകളിൽ..നിഷ്കളങ്കതയുടെ നേർത്ത തിരശീലയിളകി…
“കാണണ്ടേ അവളെ…നെനക്ക്…വാ….”
എന്താണ് എന്റെ കൂടെ വന്നവരാരും ഇതൊന്നും അറിയാത്തത്…..കാവിന്റെ വടക്കു വശത്തായി ആൾക്കൂട്ടത്തിൽ തനിയെ എന്ന പോലെ.., വിഷാദം പൂണ്ട.. , ഒറ്റത്തടിയെന്നു തോന്നിപ്പിക്കുന്ന ഉയരമുള്ള ഒന്ന്….
ഞാൻ അതിന്റെ തായ്ത്തടിയിൽ തലോടി നോക്കി.. മാധവിക്കുട്ടിയിലേയ്ക്കു വേരിറങ്ങി…..ഓരോ വായനക്കാരിലേയ്ക്കും മുളകൾ നീട്ടിയ പ്രണയ തരു….!....എന്റെ ഇലകളെ ആരും തൊടരുത് എന്നു പറഞ്ഞ് ഉയരത്തിലേയ്ക്കു ചില്ലകൾ നീട്ടി അതങ്ങിനെ നിൽക്കുന്നു….ഇനിയൊരു പക്ഷെ പ്രണയം പെയ്തേക്കാവുന്ന മേഘങ്ങൾക്കിടയിൽ ആമിയെ തിരഞ്ഞ് എത്തി നോക്കുന്നതാവാം…… എന്തായാലും ….പാവം അതിപ്പോൾ ആരുമില്ലാത്ത ഒരുവളെ പോലെ…..
ഉണ്ണിമാങ്ങകൾ തൂങ്ങുന്ന ഒരു മൂവാണ്ടൻമാവിനപ്പുറം.., വശങ്ങളിടിഞ്ഞ കുളത്തിൽ വാൽമാക്രികളും പൂച്ചൂട്ടികളും ജന്മം നനഞ്ഞു പുളയ്ക്കുന്നു…..ഇറങ്ങി കാൽ നനച്ചു …..ചന്ദനമരങ്ങളുടെ ചൂടാറിയത് ഈ കുളത്തിലായിരിക്കാം….ഞാനൊന്നു സൂക്ഷിച്ചു നോക്കി….കല്യാണിക്കുട്ടി വായിലെ പായൽ ചുവയുള്ള വെള്ളം തുപ്പിക്കളഞ്ഞ് എന്നെ നോക്കുന്നുണ്ടോ…?
“നെനക്കും അവളെ പേടീണ്ടോ…….അവളു പാവം……എന്നെ പോലതന്നെ…..” തിരിച്ചു കയറുമ്പോൾ മാധവിക്കുട്ടി എന്നെ ആശ്വസിപ്പിക്കുന്നു…..
“ ആരും. .ആരും എന്നെ പോല്യാവരുതട്ടോ എഴുത്തുകാരികളേയ്……“
അനുഭവങ്ങളെ തൊട്ടുനിന്ന്..എന്നെ നോക്കി അത്രയും പറഞ്ഞതിലെ ആത്മാർത്ഥത വേദനയോടെ ഞാൻ അറിഞ്ഞു……കുളത്തിലേയ്ക്കു പ്രതിഛായ നോക്കുന്ന കൂട്ടുകാരെ കണ്ടു……
“ഞാൻ…എഴുത്തുകാരിയല്ല…അത് അവരൊക്കെയാണ്.“ പരുപരുത്ത ..,മൈലാഞ്ചിയിട്ട കൈത്തലം തലോടി പറഞ്ഞ് ഞാൻ ചിരിച്ചു….
“ഉ..ആരായാലും…. വല്ല്യ ധൈര്യം കാണിച്ചെഴ്തരുത്…..രഹസ്യങ്ങ ളേയ്..രഹസ്യങ്ങളായിട്ടന്നെ ഇരിക്കണം…”
ഒന്നു രണ്ടു നിമിഷം നിശബ്ദമായി ചിന്തിച്ച്..തുടർന്നു……
“എനിക്ക് പോയി രക്ഷപ്പെടാനും..പിന്നെ മരിക്കാനും ഒരു പൂനേണ്ടായി രുന്നു…ഇപ്പഴത്തെ ഈ പെങ്കുട്ട്യോളൊക്കെ എവിടേയ്ക്കാ പോയി രക്ഷപ്പെടുക…. ഈശ്വരാ…”
ഒരിക്കലും കിട്ടാനിടയില്ലാത്ത ഒരു മറുപടി ഞാൻ ശൂന്യതയിൽ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ…നീർമാതളത്തിന്റെ. വാടിവീണുറഞ്ഞ.. ഞരമ്പുകൾ മാത്രം തെളിഞ്ഞു നിൽക്കുന്ന ഒരിലയെടുത്ത് ആമി എന്റെ നേർക്കു നീട്ടി……
“ഇവൾ ഇവിടെ ജനിച്ച്…ഇവിടെ വാടി വീണ്…,ഇവിടത്തെ മണ്ണിലുറഞ്ഞ്…നാളെ ഇവിടെ ഇല്ലാതാകുകയാണ്… ല്ലേ…. ? എത്ര ഭാഗ്യവതി…. എന്നേക്കാൾ“
വാചാലതയ്ക്കു സ്ഥാനമില്ലാത്ത നിമിഷങ്ങൾ കഴിഞ്ഞ് ആമി എന്നെ ഒരിക്കൽ കൂടി നോക്കി….
“ആദ്യം നാടുപേക്ഷിച്ച.,പിന്നീടു ജീവനും ഉപേക്ഷിച്ച..എന്റെ ശരീരം ഏതു മണ്ണിലാണുറഞ്ഞത് .ആ മണ്ണിന് ഞാൻ ഒരു ജഡംമാത്രമായിരുന്നില്ലല്ലോ… തീർത്തും ഒരു അപരിചിത കൂടിയായിരുന്നു….. എനിക്കുറപ്പുണ്ട്..എന്റെ ശരീരത്തിലെ അവസാന നീരുറവകൾ,.പരിചിത വഴികളന്വേഷിച്ച്..പരിചിത ഗന്ധങ്ങളന്വേഷിച്ച് ..
അവസാനമായി…നീർമാതളത്തിന്റെ…വേരുകളെങ്കിലും പ്രതീക്ഷിച്ച്.,പ്രതീക്ഷിച്ച്.. ഒടുവിൽ അടങ്ങി..ഒടുങ്ങി വറ്റിയിട്ടുണ്ടാകാം.. ഏതിനേക്കാളും ദയനീയമായി..”
എനിക്കൊന്നു തൊടാൻ കഴിയുന്നതിനു മുന്നേ മാധവിക്കുട്ടി പാമ്പിൻ കാവിലേയ്ക്കു തിരിച്ചു ഒഴുകി പോയി…
കുളപ്പടവിൽ നിന്നും കൂടെ വന്നവർ വിളിക്കുന്നു….മടങ്ങണമല്ലോ…
പുന്നിയൂർക്കുളത്തെ ശ്വസിച്ച ഒരു ദിവസം.,ഇവിടെ തീരുകയാണ്. കാറിൽ കയറുമ്പോൾ ഒന്നു കൂടി നോക്കി…… ഞാൻ ചൊരിഞ്ഞ ചില്ലറകിലുക്കം കേട്ട് എത്തിയോ കാവിലെ വിഷാദ നാഗമൂകർ…ഓർമ്മകളിൽ ഇഴച്ചിൽ പാടുകൾ അവശേഷിപ്പിച്ച് അവർ തിരോധാനം ചെയ്തിരിക്കുന്നു.. എഴുത്തുപടങ്ങൾ ആസ്വാദ ക മനസ്സുകളിൽ പൊഴിച്ചു വച്ചിട്ട് മാധവിക്കുട്ടി മറഞ്ഞു കളഞ്ഞ പോലെ………
നീർമാതളം..ചില്ലകൾ താഴ്ത്തി എന്നെ ഒന്നെത്തിനോക്കിയോ……..?!!
----------------------------------------