Tuesday, February 1, 2011


k p sadananbdan

സ്വാതന്ത്ര്യം ഒട്ടേറെ സാമൂഹ്യപ്രതീക്ഷകൾ ഇന്ത്യാക്കാരിലുണർത്തിയിരുന്നു. ഈ സാമൂഹ്യപ്രതീക്ഷകളൊന്നും സ്വതന്ത്ര ഇന്ത്യയിൽ സാക്ഷാത്കരിക്കപ്പെട്ടില്ല. സാമൂഹ്യ അസമത്വങ്ങളും കുഴപ്പങ്ങളും നാൾക്കുനാൾ സങ്കീർണ്ണമായിവരികയാണ്‌. സ്വാതന്ത്ര്യസമരം സാമൂഹ്യനീതി സ്ഥാപിച്ചുകിട്ടാനുള്ള സമരംകൂടിയായിരുന്നു. പട്ടിണിയും അയിത്തവും ജാതിചിന്തയും സാമൂഹ്യാസമത്വങ്ങളും മറ്റേതുകാലത്തേക്കാളും ശക്തമായി ഇന്ത്യയിലിന്നുണ്ട്‌. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ഇതിനെതിരായുള്ള പ്രവർത്തനങ്ങളും ചിന്തകളും ഒരു മുഖ്യഭാഗമായി നിലനിന്നിരുന്നു. രാഷ്ട്രീയസ്വാതന്ത്ര്യം കിട്ടിയപ്പോൾ എന്തുകൊണ്ടോ മറ്റെല്ലാം വിസ്മരിക്കപ്പെട്ടു. ഈ അവസ്ഥ മാറ്റിയെടുക്കണമെന്ന്‌ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരുടെ എണ്ണവും ഇന്ന്‌ കുറഞ്ഞുവരികയാണെന്നുള്ളതിന്റെ എല്ലാ സൊ‍ാചനകളുമുണ്ട്‌.
നമ്മുടെ ഭരണാധികാരികളും ബുദ്ധിജീവികളും ഈ യാഥാർത്ഥ്യങ്ങൾ കണാതിരിക്കുകയാണ്‌. പദപ്രയോഗങ്ങൾകൊണ്ടുപോലും അവർ യാഥാർത്ഥ്യങ്ങൾ മൂടിവയ്ക്കുന്നു. പട്ടിണിയെ പട്ടിണിയെന്ന്‌ ഇപ്പോൾ നാം പറയാറില്ല. പകരം ദാരിദ്രരേഖയെന്നൊരു സാങ്കൽപികരേഖയുണ്ടാക്കി അതിന്റെ മേലും കീഴുമായി ജനങ്ങളെ വിഭജിച്ചുവച്ചിരിക്കുകയാണ്‌. അധഃസ്ഥിതരും തൊഴിലാളികളുമെന്നല്ല പറയുക, പാശ്ചത്യമട്ടിൽ ദുർബ്ബലവിഭാഗം എന്നാണ്‌." ഇങ്ങനെ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരൻ ഇന്നു പറയുമോ എന്ന്‌ അത്ഭുതം തോന്നാം. പറഞ്ഞത്‌ സി.അച്യുതമേനോൻ തന്നെ. യുവകലാസാഹിതിയുടെ മൂന്നാം സംസ്ഥാന സമ്മേളനം മാർച്ച്‌ ആറിന്‌ വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ടാണ്‌ അദ്ദേഹം ഈ പ്രസ്താവം നടത്തിയത്‌.
സ്വാതന്ത്ര്യസമരകാലത്തുണ്ടായിരുന്ന സാംസ്കാരികശുദ്ധീകരണ ശക്തികൾ വിദൂരമായ ഒരോർമ്മ മാത്രമായിത്തീർന്നിരിക്കുന്നു. അയിത്തവും ജാതിയും പോലുള്ള ക്രൂരതകൾ ഉത്തരേന്ത്യയുടെ മാത്രം ശാപമാണെന്ന ധാരണ പലർക്കുമുണ്ട്‌. ഇതു ശരിയല്ലെന്ന്‌ അച്യുതമേനോൻ പറഞ്ഞു. കേരളം പോലും ഈ ഹീനതകളിൽനിന്ന്‌ മുക്തമല്ല. അതേ രൂപത്തിലല്ലെങ്കിലും പലവിധത്തിൽ അവയെല്ലാം കേരളത്തിലും ശക്തമായി ഇന്ന്‌ വ്യാപിച്ചിരിക്കുകയാണ്‌. ഇന്ത്യയുടെ സംസ്കാരം എത്രമാത്രം അധഃപതിച്ചു എന്നതിന്‌ സമീപകാല സംഭവങ്ങൾ തെളിവാണ്‌. ബെൽച്ചിയും നാരായൺപൂരും അവയിൽ ചിലതുമാത്രം. ബലാൽസംഘങ്ങൾ പത്രങ്ങളുടെ തുടർക്കഥയായിരിക്കുന്നു. ഹരിജനങ്ങളുടെ ജീവന്‌ ഒരു തീച്ചൂട്ടിന്റെ വിലപോലുമില്ല. ഇതിനെ മറയ്ക്കുന്ന മറ്റൊരു മണിമന്ദിര സംസ്കാരവും ഇന്ത്യ വളർത്തിയെടുത്തിരിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളും കള്ളക്കടത്തും അഴിമതിയും നിറഞ്ഞ ഒരു സംസ്കാരമാണ്‌ മുകൾത്തട്ടിൽ. ഇന്ന്‌ ഇന്ത്യയിൽ കാണുന്ന അവസ്ഥ ഒരുപക്ഷേ, ദക്ഷിണാഫ്രിക്കയിൽ മാത്രമേ ഉണ്ടാവൂ എന്ന്‌ അച്യുതമേനോൻ അഭിപ്രായപ്പെട്ടു. അടിക്കടി ആവർത്തിക്കുന്ന ക്രൂരതകൾ കണ്ട്‌ നമ്മുടെ മനഃസാക്ഷി മരവിച്ചിരിക്കുകയാണോ? നമ്മുടെ ചിന്തകരും ബുദ്ധിജീവികളും ഈ അവസ്ഥയ്ക്കെതിരെ മൂകത പാലിക്കുകയാണ്‌. അനീതികൾക്കെതിരെ ക്ഷോഭിക്കുക എന്ന കാര്യം അവർ മറന്നുപോയ മട്ടാണ്‌.
ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന്‌ സമയമായെന്ന്‌ അച്യുതമേനോൻ ഓർമ്മിപ്പിച്ചു.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.