Saturday, February 26, 2011



brinda

മരിച്ചു പോകുന്ന നിമിഷത്തിലും
പ്രണയത്തെ കുറിച്ചു
മാത്ര മായിരിക്കും
ഞാന്‍
നിന്നോടുപറയുന്നത് .

കരിയിലകള്‍ക്കടിയിലെ
ഓര്‍മ്മകളുടെ ഈര്‍പ്പം പോലെ
സ്നേഹം .

നനവുകളില്‍ നിന്ന്
എന്നോ വിതച്ച വിത്തുകള്‍
ശക്തിയോടെ മുളച്ചുയരും .

ഒന്നിനും
അതിനെ ഇല്ലാതാക്കാനാകില്ല.

നിന്‍റെ സുഗന്ധം പുരണ്ട
വസ്ത്രങ്ങള്‍ .
പുറമേ കാണാനാകാത്ത
ആഴമേറിയ കാല്പാടുകള്‍ .
ഒരുമിച്ചു നടന്ന വഴികള്‍ .
ഉള്ളില്‍ കുറുകുന്ന വാക്കുകള്‍ ......

എല്ലാം

കരിയിലകള്‍ക്കടിയില്‍
ഒളിച്ചു വച്ച്
മീതെ മണ്ണിട്ട്‌ മായ്ച്ചാലും
ഒക്കെയും
ഓര്‍മിപ്പിച്ചു കൊണ്ട്
അവിടെയുണ്ടാകും
പൂത്തു നില്‍ക്കുന്ന
ഒരു
പ്രണയ മരം .
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

തീക്കുപ്പായം
,,,,,,,,,,,,,,,,,,,,,,,,
സമുദ്രത്തിനടിയില്‍
തീയുന്ടെന്നു
എന്നോടാദ്യം പറഞ്ഞത്
വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന
പെണ്‍കുട്ടിയായിരുന്നു .
ചുരുണ്ട മുടിക്കാലുകള്‍ കൊണ്ട്
അവള്‍ കടലിനടിയിലൂടെ
ഓടി നടന്നു .
തിമിംഗലങ്ങളെ ചവിട്ടി തെറിപ്പിച്ചു
സ്രാവുകളുടെ കൂര്‍ത്ത പല്ല് പിഴുതെടുത്തു.
ആമകളോട്
ജീവന്റെ സമവാക്യങ്ങളെ ക്കുറിച്ച്
തര്‍ക്കിച്ചു .
കണ്ടിട്ടും കാണാതെ പോയ
മീന്‍ പറ്റങ്ങളുടെ നേര്‍ക്കു
ചിപ്പികള്‍ വലിച്ചെറിഞ്ഞു .
നോട്ടം കൊണ്ട് മഞ്ഞുരുക്കി
വഴി മുടങ്ങി പ്പോയ കപ്പലുകള്‍ക്ക്
പാത പണിതു ,
കടല്‍ക്കുതിരപ്പുറമേറി
ഭൂഖണ്ഡങ്ങള്‍ കീഴടക്കി ,
ഒരു സമുദ്രത്തില്‍ നിന്ന്
മറ്റൊന്നിലേക്ക്പോകാന്‍
ജല തുരംഗങ്ങള്‍നിര്‍മിച്ചു ,
തീചൂടേറ്റു വെള്ളം വറ്റുകയും
സൂര്യ ചന്ദ്രന്മാര്‍
വെന്തു പോവുകയും ചെയ്തു ,
അപ്പോഴും അവള്‍
ചുരുണ്ട മുടിക്കാലുകള്‍
കത്രിക കൊണ്ട് വെട്ടിഒതുക്കി
പുതിയ കുപ്പായങ്ങള്‍ നിര്‍മിച്ചു ,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
രാക്ഷസന്‍
,,,,,,,,,,,,,,,,,,,
പഴുത്തു കിനിഞ്ഞു
ചന്ദനതാരകങ്ങള്‍ തൊട്ടു
മാമ്പഴങ്ങള്‍ .
കസവ് കച്ചയില്‍ പൊതിഞ്ഞ്
നമ്ര മുഖിയായി നീ .
തവിട്ടു ചുണ്ട്
നോവാതെ ചുവപ്പിച്ച്‌
ദാഹം ശമിക്കുവോളം
മധുവുണ്ട് ഞാന്‍ .
നീ എന്‍റെയരികില്‍ നിന്ന്
എങ്ങും പോകരുത് ,
പൊക്കിള്‍ ചുഴിയില്‍
ആദി താണ്ടവത്തിന്റെ
അഗ്നി താമര .
ഞാനിപ്പോള്‍
ഭൂഖണ്ഡങ്ങള്‍ തേടുന്ന
രാക്ഷസന്‍

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.