thomas p kodian
ആശുപത്രികൾ എന്നെ മടുപ്പിക്കുന്നു.
ഒരു ചിരിയോ സൗമ്യതയോ എങ്ങുനിന്നുമില്ല. പണ്ടത്തെ കഥകളിലെ സൗമ്യവതികളായ നഴ്സുമാർ, വെള്ളരിപ്രാവുകളെന്നു കലാകാരൻമാർ വിളിച്ചിരുന്ന ആ കാരുണ്യവതികൾ പരിണാമത്തിന്റെ ഏതു ദശാസന്ധിയിലാണു മൺമറഞ്ഞു പോയത്?
ദൈവാവതാരങ്ങളെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഡോക്ടർമാരുടെ ആശ്വാസപ്രദായകങ്ങളായ ചിരിയുടെ വെൺപ്രാക്കളെ ഏതു നിഷാദനാണു ഹിംസിച്ചു കളഞ്ഞത്? പണം...പണം...പണം...
പൊടുന്നനവെ ചിന്തകളുടെ വാതിൽ തള്ളിയടച്ചുകൊണ്ട് കാഴ്ചകൾക്കു പുറത്ത് പൗലോസ് ചിരിച്ചു നിൽക്കുന്നു. അവന് കൃഷ്ണന്റെ വേഷമിട്ടാൽ ചമയങ്ങൾ അധികം വേണ്ട.
"എന്ത്യേടാ ഇവിടെ?" സ്നേഹം നൽകുന്ന സ്വാതന്ത്ര്യത്തോടെ അവൻ കൈ കവർന്നെടുത്തു. കലാലയത്തിലെ അഞ്ചു വർഷത്തെ തീവ്ര സൗഹൃദം ഞരമ്പുകളിലൂടിരമ്പിയെത്തി ഹൃദയങ്ങളിൽ നിറയുന്നു. അവന്റെ കണ്ണുകളിൽ അപരിമേയമായ സൗഹൃദത്തിന്റെ ആഴക്കടൽ ഇളകുന്നു. ഓർമ്മകളിൽ പ്രീഡിഗ്രി, ഡിഗ്രിക്ലാസ്സുകൾ. ക്ലാസുകളഞ്ഞ് പോയിക്കണ്ട നൂറുകണക്കിനുസിനിമകൾ.. സിൽക്കുസ്മിത..അനുരാധ.....
നായികയുടെ ഗുപ്തസൗന്ദര്യങ്ങളിലേക്ക്, അവരുടെ വസ്ത്രാഞ്ചലം അൽപമെങ്കിലുമൊന്നുയരുന്നതോ താഴുന്നതോ കാത്ത്, പുതിയ ഭൂഖണ്ഡങ്ങൾക്കായി പരതിയ പ്രാചീന സമുദ്രസഞ്ചാരിയുടെ കൗശലത്തോടെയും ചങ്കിടിപ്പോടെയും, സ്വന്തം ചോരയിലുരുകി തിയേറ്ററിന്റെ നാറുന്ന ആവതിപ്പുകളിൽ ആസക്തി പൂണ്ട കണ്ണുകളോടെ കാത്തിരുന്ന തിളയൗവ്വനനാളുകൾ...
മനസ്സിൽ ഒരു പാട്ടുണരുണരുന്നു. 'നീ മായും നിലാവോ എൻ ജീവന്റെ കൺനീരോ......'
'മദനോൽസവം' സിനിമയിൽ രോഗാതുരയായ പ്രണയിനോടുള്ള നിസ്സീമമായ പ്രണയത്തോടെ, ദുഃഖഭാരത്തോടെ കമൽഹാസൻ പാടുന്നു....
പിണക്കങ്ങളെല്ലാം കരഞ്ഞും പറഞ്ഞും തീർത്ത് പ്രിയതരമായിരുന്ന കലാലയയം വിട്ടിറങ്ങുമ്പോൾ വിതുമ്പിപ്പോയ മനസ്സിനൊന്നു തിരിഞ്ഞുനോക്കാതിരിക്കാനായില്ല. നിത്യവസന്തത്തിന്റെ ഒരു മാതൃരൂപം അതിന്റെ വാത്സല്യമൂറുന്ന നൂറുനൂറു ജാലകക്കണ്ണുകളിലൂടെ വിടയരുളുന്നു. പോവുക....
കൈയിലപ്പോൾ നഷ്ടവേദനകളുടെ ഹംസഗീതങ്ങൾ കുറിച്ചിട്ടഓട്ടോഗ്രാഫിൽ അവനെഴുതിയ കുറിപ്പുകൂടിയുണ്ടായിരുന്നു. 'നീ മായും നിലാവോ......'
ഒരു സ്വവർഗ്ഗാനുരാഗത്തിന്റെ ഒരു നേർത്ത നിഴൽ അതിലുണ്ടായിരുന്നുവോ എന്ന എന്റെ സംശയം മാറിയത് പിന്നീട് ചില സാഹചര്യങ്ങളിൽ എന്റെ ഇളയ പെങ്ങളെപ്പറ്റി അവൻ ആവർത്തിച്ചു ചോദിച്ചപ്പോഴാണ്. പക്ഷെ അന്നെനിക്കതിന്റെ പൊരുളൊട്ടു തിരിഞ്ഞതുമില്ല. ഒരുനാൾ പെങ്ങളുടെ കല്യാണം ക്ഷണിക്കാൻ ചെന്നപ്പോഴാണ്, അവന്റെ കണ്ണുകളിൽ ഒരു പ്രണയത്തിന്റെ ചാവുകടൽ തിരതല്ലിയാർക്കുന്നതും അതിൽ പ്രണയത്തിന്റെ നക്ഷത്രങ്ങൾ കരിഞ്ഞു വീഴുന്നതും ്യൂഞ്ഞാനറിയുന്നത്. ഒരു പരിവർത്തിത ക്രൈസ്തവന്റെ മനോജാള്യത അവളോടു തോന്നിയ ഇഷ്ടം എന്നെ അറിയിക്കുന്നതിൽ നിന്നും അവനെ വിലക്കിയിരുന്നുവോ? ~ഒരു അതിപുരാതന കത്തോലിക്കാ കുടുംബത്തോടു തോന്നിയ ഒരു ബഹുമാനം?
തൊഴിൽ തെണ്ടി നടന്നിരുന്ന ഒരുവന്റെ ഒരു ആത്മവിശ്വാസക്കുറവ്?
ഒരുപക്ഷേ അവന്റെ സ്നേഹം എന്നോടു തുറന്നു പറഞ്ഞിരുന്നെങ്കിൽ അവനു വേണ്ടി ഞാൻ എന്നാലാവുന്നതെല്ലാം ചെയ്യുമായിരുന്നിരിക്കാം. എനിക്കവനെ അത്രമേൽ ഇഷ്ടമായിരുന്നു. അവന് കൃഷ്ണന്റെ വേഷമിട്ടാൽ ചമയങ്ങയങ്ങളധികം വേണ്ടായിരുന്നു. ഒരു പ്രണയനിരാസത്തിന്റെ പളുങ്കുമധുപാത്രം ചിതറിവീണുകിടന്നിരുന്ന എന്റെ മനസ്സിന് അവനെ അറിയാനെളുപ്പമാണെന്നവനറിഞ്ഞിരുന്നിരിക്കില്ല.
പക്ഷേ, വിധി അതിന്റെ ഫലിതങ്ങളുമായി രാപകലുകളുടെ കളങ്ങളിൽ ആൾരൂപങ്ങൾകൊണ്ടു കളി
തുടർന്നപ്പോൾ, എന്റെ പെങ്ങളെ അവൾക്കായി നിശ്ചയിച്ചിരുന്നവന് കിട്ടി.
കല്യാണക്ഷണക്കത്തുകളിലൊന്ന് അവനും നൽകിയിരുന്നു. സന്തോഷം ഭാവിച്ചു കൊണ്ട് അവൻ കല്യാണത്തിനു വന്നിരുന്നു - അന്നു പണിയൊന്നുമില്ലാതിരുന്നിട്ടും അവൾക്കൊരു വിലയേറിയ സമ്മാനവും കൊണ്ട്....
പിന്നീടവൻ എന്റെ വീട്ടിൽ വന്നിട്ടില്ല. ഞാൻ അവന്റെ വീട്ടിലും പോയിട്ടില്ല. വീടുകൾ തമ്മിലുണ്ടയിരുന്ന മുപ്പതു കിലോമീറ്റർ ദൂരം അകലങ്ങൾക്കു വളമിട്ടു വളർന്നു. ഓരോരോ തിരക്കുകളിൽ ജീവിതം ഇരമ്പി നീങ്ങുന്ന നാളുകളിലൊന്നിൽ അവന്റെ വിവാഹക്ഷണക്കത്തു വന്നു. അവന്റെ മുപ്പത്തിമൂന്നാം വയസ്സിൽ.
വിവാഹത്തിന്റെയന്ന് തമ്മിൽ കണ്ടപ്പോൾ പണ്ടത്തെ അതേസൗഹൃദം. പുതിയ ജീവിതത്തിലേയ്ക്കു കടക്കുന്നതിന്റെ ആഹ്ലാദത്തിലവന്റെ മുഖം തുടുത്തിരുന്നു.
"എടാ എന്തോരം കാലായടാ കണ്ടിട്ട്? നീയിപ്പൊ എന്തെടുക്കുന്നു?". സ്വരം നനയുന്നു. സ്വരം മധുവാകുന്നു. സൗഹൃദത്തേനടരുകളിൽ നിന്നും മധുവൂറുന്നു. സ്വാർത്ഥലേശം പോലുമില്ലാതിരുന്ന അതീതകാലസൗഹദത്തേനറകളിൽ നിന്നും നഷ്ടസ്മൃതികളുടെ സ്വർണ്ണമധുശലഭങ്ങൾ മൃദുവായ് മൂളിയിളകുന്നു....
"ഞാനൊരു പാരലൽ കോളേജിലു മലയാളം വാധ്യാരായിട്ടു കൂടിയിരിക്കുന്നു. നീയോ?"
"എനിക്കു പോലീസിൽ കിട്ടി. ഇപ്പോൾ ട്രാഫിക്കിലാണ്."
"അപ്പൊ, ഇനി ഞാൻ സാറേന്നു വിളിക്കണോ?" ഫലിതത്തോടെയുള്ള ചോദ്യത്തിന്, പുറത്ത് സ്നേഹപൂർവ്വമായൊരു തല്ലായിരുന്നു മറുപടി. നാലു വർഷം മുമ്പായിരുന്നു ആ കൂടിക്കാഴ്ച.
ഇപ്പോൾ വീണ്ടും ഇതാ എന്റെ പ്രിയ സുഹൃത്ത് മുന്നിൽ നിന്നു ചിരിക്കുന്നു. സൗഹൃദപൂർവ്വം കൈ കവരുന്നു. കെട്ടിപ്പിടിക്കുന്നു. നിരയൊത്ത വെണ്മയുള്ള പല്ലുകൾ പ്രകാശിക്കുന്നു. കൃഷ്ണന്റെ വേഷമിട്ടാൽ ചമയങ്ങൾ വേണ്ടാത്തവൻ - പൗലോസ്...
ചിരിക്കുമ്പോൾ പരിസരങ്ങളെ ശോഭ കൊള്ളിക്കുന്ന അവന്റെ ചിരിയിൽ ഒരു ശിശുവുണ്ട്. ഈ ശിശുമുഖനെ ആരാണു പോലീസിലെടുത്തത്? കടുത്ത ട്രെയിനിങ്ങ് കഴിഞ്ഞിട്ടും അവന്റെ മുഖത്തിനു പഴയ നിഷ്കളങ്കത തന്നെ. ഒരു പോലീസുകാരനു വേണ്ട മിനിമം ഗൗരവം പോലുമില്ലാതെ ശാന്തരൂപനായി അവൻ. വലിയ മാറ്റങ്ങളൊന്നുമില്ല. അൽപം തടിച്ചിട്ടുണ്ടന്നു മാത്രം. പരിവർത്തിത ക്രൈസ്തവന്റെ സംവരണം അവനെ ഒരു പോലീസ്‌വേഷം കെട്ടിയാടിക്കുകയായിരിക്കണം.
"എന്ത്യേടാ?" അവൻ.
"ഒരു ചെറിയ പനി. നിനക്കോ?"
"ചന്തിയിലൊരു കുഞ്ഞു മുഴയുണ്ടായിരുന്നു. ഒരു വർഷത്തോളം കൊണ്ടുനടന്നു. പെണ്ണുമ്പിള്ളയ്ക്കൊരു പേടി. എനിക്കും തോന്നീരുന്നു. രണ്ടാഴ്ച മുമ്പ് ഇവിടെ വന്ന് കീറിക്കളഞ്ഞു. അത് ബയോപ്സിക്ക് അയച്ചിട്ട് റിസൽട്ടിന് ഇന്നു വരാനാണു പറഞ്ഞിരുന്നത്. റിസൽറ്റു വന്നു. ഒരു കൊഴപ്പവുമില്ല. സത്യം പറഞ്ഞാ ഇതുവരെ ഒരു ടെൻഷനായിരുന്നു." അവൻ വിടർന്നു ചിരിക്കുന്ന ഒരു പൂവായി. അതിൽനിന്നും ആശ്വാസത്തിന്റേയും സമാധാനത്തിന്റേയും പരാഗങ്ങളുതിരുന്നു. കൃഷ്ണന്റെ വേഷമിട്ടാൽ മേക്കപ്പു വേണ്ടാത്തവന്റെ ചിരി. പൗലോസിന്റെ ചിരി...പോലീസിന്റേയും...!
ആധുനിക മനുഷ്യൻ പറയാൻപോലും ഭയപ്പെടുന്ന ആ രോഗം - ബയോപ്സി, പോസിറ്റീവ്, നേഗറ്റീവ് തുടങ്ങി കേൾവിയിൽ നിരുപദ്രവികളെന്നു തോന്നുന്ന ചില പദങ്ങളിലൂടെ നമ്മെ ഉൽക്കണ്ഠകളുടെ വാൾത്തലപ്പുകളിലൂടെ നടത്തി ചിലപ്പോൾ ആശ്വാസത്തിന്റെ സ്വർഗ്ഗവും ചിലപ്പോൾ നിരാശയുടെ നരകവും തരുന്നു. ആശുപത്രികൾ നൽകുന്ന ഫലത്തിനനുസരിച്ച് ആ പദങ്ങൾ നമുക്കുള്ളിൽ ശാന്തരൂപികളും ഭീകരരൂപികളുമായ പദാർത്ഥങ്ങളായി അടയിരിക്കുന്നു. പ്രാവുകളും കഴുകന്മാരും വിരിയുന്നു.... അവ മനസ്സിന്റെ ആകാശങ്ങൾ കീഴടക്കുന്നു....
ഇപ്പോൾ പൗലോസിന്റെ മനസ്സിൽ അരിപ്പിറാവുകൾ വിരിയുന്ന നേരം. അവ കുറുകുന്ന നേരം. അവൻ സന്തോഷിക്കുന്നു. അവന്റെ കുടുംബം സന്തോഷിക്കുന്നു. അവനു സന്തോഷം നൽകിയ ദൈവത്തിനു സ്തുതി. ഡോക്ടർക്കു നന്ദി.
അടുത്തിരുന്ന് ഏറെ വിശേഷങ്ങൾ കൈമാറിയ കൂട്ടത്തിൽ, ഇപ്പോൾ ഹൈറേഞ്ചിൽ ലോക്കൽപ്പോലീസിലാണെന്നും അവന് രണ്ടാൺമക്കളും എനിക്ക് ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമാണെന്നും പരസ്പരം അറിഞ്ഞു.
ഒരു പെൺകുഞ്ഞിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവൻ സംഭാഷണമദ്ധ്യേ ഇപ്പോൾ വരാമെന്നു പറഞ്ഞ് പുറത്തുപോയി. മടങ്ങിവരുമ്പോൾ കൈയിൽ ഒരു നീണ്ട പൊതി.
"ഇതു നിന്റെ മിന്നുമോൾക്ക്..." അനിർവ്വചനീയമായ ഒരു വാത്സല്യം നിറയുന്ന കണ്ണുകളോടെ അവൻ.
ആത്മാവിലെവിടെയൊക്കെയോ ഒരുതരം ഉണർവ്വുകൾ. സ്വാർത്ഥലേശം പോലുമില്ലാതിരുന്ന ഒരു പൂർവ്വകാല സൗഹൃദത്തിന്റെ ഉണർവ്വുകളിൽ പുതിയ മൃദുലതകളുടെ ഇടങ്ങൾ അടയാളപ്പെടുത്തി അവൻ പുറത്തിറങ്ങി ബൈക്കിൽക്കയറിപ്പോയി.
വീണ്ടും ആശുപത്രിയും ഞാനും അവശേഷിച്ചു. അൽപം കഴിഞ്ഞപ്പോൾ നേഴ്സ് വിളിക്കുന്ന പേരുകളിലൊന്നായിത്തീർന്ന ഞാൻ ഡോക്ടറുടെ മുറിയിൽ വച്ച് ഗുളികകളിൽ കുറിക്കപ്പെട്ടു.
മുടിഞ്ഞ നിരകളിൽ നിരങ്ങി നീങ്ങുന്ന നരജന്മനേരത്തിലെ ഒരു പങ്ക് ആശുപത്രിക്ക്! ചീട്ടെടുക്കുന്നതിന്, ഡോക്ടറെക്കാണുന്നതിന്, രക്തം പരിശോധിക്കുന്നതിന്, മരുന്നു വാങ്ങുന്നതിന്.....
ഇതിനിടയിലേപ്പോഴോ കാഷ്വാലിറ്റിയിൽ പോലീസുകാരുൾപ്പെട്ട ഒരു മനുഷ്യത്തിരയേറ്റം. ആൾക്കൂട്ടങ്ങൾ ഹൃദയമിടിപ്പിനു വേഗമേറ്റുന്ന നിമിഷങ്ങൾ തരുന്നു. ഒരു ഭയം, ഒരു കൗതുകം. ആൾക്കൂട്ടങ്ങളും ചിലപ്പോൾ നമ്മുടെ ജീവിതത്തെ തകിടം മറിച്ചേക്കാം. ആൾക്കൂട്ടത്തിന്റെ ഇര - കാഴ്ചവസ്തു ഒരു വേള നമുക്കു പ്രിയപ്പെട്ട പലരുമാകാം. പലതുമാകാം...അതു കാണുമ്പോൾ താളംതെറ്റുന്ന കരൾത്തുടിപ്പിനെ അതിജീവിക്കാൻ മാർഗ്ഗമൊന്നേയുള്ളു. അതിനോടു ചേരുക! ഞാനും ആൾക്കൂട്ടത്തിലൊരാളായി...
ആൾക്കൂട്ടത്തിന്റെ സംഭാഷണക്കഷണങ്ങൾ ഉടഞ്ഞ മൺപാത്രക്കഷണങ്ങളെപ്പോലെ ചേർത്തുവച്ചു വായിച്ചപ്പോൾ പൊതുനിരത്തുകളിൽ വാഹനചക്രങ്ങൾ ബ്രഷുകളാവുന്നതും മനുഷ്യമൺപാത്രങ്ങളെ ഞെക്കിപ്പിഴിഞ്ഞെടുത്തുകിട്ടിയ ചുവപ്പുമഷികൊണ്ട് കറുത്ത റോഡിൽ കൊളാഷുകൾ വരയുന്നതുമായ ഒരു കഥകൂടി പൂർത്തിയായതായറിഞ്ഞു. മഷിക്കുവേണ്ടി അത് ഇന്നു പിഴിഞ്ഞെടുത്തത് ഒരു പോലീസുകാരന്റെ ചോരയായിരുന്നു...
പെട്ടെന്ന് പൗലോസിനെ ഓർമ്മവന്നു. ദൈവമേ, അവനാവരുത്തേ....
കാഴ്ചകൾക്കു മുന്നിൽ ചെറിയൊരാൾക്കൂട്ടം അത്യാഹിതവിഭാഗത്തിന്റെ വാതിൽ തുറക്കുന്നു. സ്ട്രെച്ചറിൽക്കിടത്തി~ഒരുശരീരം പുറത്തേക്കു കൊണ്ടുവരപ്പെട്ടു. വെള്ളത്തുണികൊണ്ടു മൂടിയ ശരീരത്തിനു പുറത്തേക്ക് ചോരപുരണ്ട ഒരു കൃഷ്ണപാദം. അത് അവന്റേതു തന്നെയായിരുന്നു. കൃഷ്ണന്റെ വേഷമിട്ടാൽ മേക്കപ്പു വേണ്ടാത്തവന്റെ. പൗലോസിന്റെ.....
അവനിൽ നിന്നും അവൻ ഇറങ്ങിപ്പോയി....
ശിവം നഷ്ടപ്പെട്ട അവന്റെ ഉടലിന് ഇനി പേരു വേറെയാണ്.
ഡി.ടി.പി ജോലി ചെയ്യുന്ന സുഹൃത്ത് അജി പറഞ്ഞതോർമ്മവരുന്നു. മരിച്ചവരുടെ പേരുകൾക്കുമുന്നിൽ 'ശ്രീ' എന്നു വയ്ക്കാറില്ല....
കുറച്ചുമുമ്പ് അവന്റെ മനസ്സിൽ വിരിഞ്ഞ ആശ്വാസത്തിന്റെ അരിപ്പിറാക്കളെവിടെ....അവന്റെ ശിശുസഹജമായചിരി...സംഭാഷണങ്ങൾ...
തളർച്ചയോടെ ദൂരെമാറി ഒരിടത്തിരിക്കുമ്പോൾ കൈയിലിരുന്ന പൊതിയ്ക്കു ഭാരം കൂടിവരികയാണ്. ഇത്തിരിമുമ്പ്, ഏകദേശം അരമണിക്കൂർമുമ്പ് അവൻ തന്ന പൊതി. ഏതോ ഒരു ഉൾപ്രേരണയാൽ അവന്
എന്റെ കുഞ്ഞിനോട് തോന്നിയ സ്നേഹപ്രകാശനം. അതെന്തായിരുന്നെന്നറിയുവാൻ ഒരു ഉൽക്കണ്ഠ! പൊതിയഴിക്കുമ്പോൾ കൈകൾ വിറകൊള്ളുന്നു. അഴിഞ്ഞ പൊതിക്കുള്ളിൽ, ഒരു സുന്ദരിപ്പാവ - മരിച്ചുകിടക്കുന്ന ഒരു മനോഹരകവിതപോലെ - കണ്ണടച്ചുകിടക്കുന്നു. അഴകുവഴിയുന്ന ഓമനവസ്ത്രം. ഷൂസുകൾ. സ്വർണ്ണത്തലമുടി. മരണത്തിലും അവൾ ചിരിച്ചു കിടക്കുകയാണ്. ഭയപ്പെടുത്തുന്ന മരണത്തിൽനിന്നും അവളെ ഉണർത്തുന്നതിനായി ഒന്നു നേരെനിർത്തിനോക്കി. അപ്പോൾ അവളിൽ ജീവൻ സന്നിവേശിക്കുവാൻ തുടങ്ങി. നിബിഡമായ പീലിക്കൺപോളകൾ സാവധാനം തുറന്നുവന്നു. നീലനക്ഷത്രക്കണ്ണുകൾ തിളങ്ങി. എന്തോ പറയുവാൻ വിതുമ്പുന്ന ചുണ്ടുമായി, എന്നാൽ മിണ്ടുവാനാവാതെ അവൾ എന്നെ നോക്കുന്നു.
നിന്നെ നോക്കി നോക്കിയിരിക്കെ നീയെന്നെ കരയിപ്പിക്കുന്നു.
നിന്നെ ഞാനെന്തുപറഞ്ഞ് എന്റെ മകൾക്കു കൊടുക്കും? നിന്നെ വാങ്ങിത്തന്ന് അരമണിക്കൂർ കഴിഞ്ഞു മരിച്ചുപോയ ഒരു അങ്കിൾ തന്നത്തെന്നോ?
ആശ്വാസത്തിനും മരണത്തിനും ഇടയിൽ അരമണിക്കൂർ ദൂരമേയുള്ളുവേന്നോ?
അതോ ദൂരമേയില്ലെന്നോ? ആശ്വാസവും മരണവും ഭയങ്കരതകളുടെപര്യായമാണെന്നോ?
അതെനിക്കു വയ്യ. അതിനാൽ നിന്നെ ഞാൻ മറക്കുകയാണ്. അതിക്രൂരമാംവിധം! പൊതി പഴയതുപോലെയാക്കി മറന്നുവച്ചുപോവുകയാണു ഞാൻ. പെരുവഴിയിൽ മനഃപൂർവ്വം ഉപേക്ഷിച്ച സ്വന്തം കുഞ്ഞ് ഒരു പിതാവിനു നൽകുന്ന വേദനയായി നീയെന്നിൽ ജീവിക്കുക. നിന്റെ കഥകളൊന്നുമറിയാത്ത ഏതെങ്കിലുമൊരു കുഞ്ഞിക്കൈയിൽ നീ നിന്റെ ജന്മസാഫല്യം നേടുക.
അടഞ്ഞ മോർച്ചറിക്കു പുറത്ത്, ഒരു പുസ്തകത്താളിലോ എന്റെ മനസ്സിലെവിടെയോ ഇരുന്ന് പാടുന്നതാരാണ്? ഒ.എൻ.വി.യോ, അതോ പൗലോസ്, നീയോ? അത് നിന്റേതാണെന്നോർക്കാനാണെനിക്കിഷ്ടം....'നീ മായും നിലാവോയെൻ ജീവന്റെ കൺനീരോ....'