o v usha
സച്ചരിതൻ തുളസിയുൾക്കണ്ണിനാൽ
പിച്ച വയ്ക്കുന്ന രാമനെക്കാൺകയാം.
വെമ്പിടും കുഞ്ഞുപാദങ്ങളങ്ങനെ
വൻപിൽ, ഉന്നിക്കുതിക്കുന്ന വേളയിൽ
എന്തുസംഗീതമേളമാണുണ്ണിതൻ
പൊൽത്തളകളുതിർക്കുന്നതിങ്ങനെ!
'ഠുമക്ക് ചലത്ത് രാംചന്ദൃ
ബാജത്ത് പൈഞ്ജനിയാ...'
മഞ്ജുഹാസം ചൊരിഞ്ഞു സല്ലീലമായ്
കുഞ്ഞുകണ്ഠമുതിർക്കും കളാരവം
തെറ്റിവീഴ്കെക്കരച്ചിലായ്; ഓടിവ-
ന്നെത്തിയമ്മയെടുക്കുന്നിതുണ്ണിയെ,
ഉമ്മവെയ്ക്കുന്നു: നൊന്തുവോ? മേനിയിൽ
എങ്ങുപറ്റി പൊടി, യെന്റെ കണ്മണി?
അപ്പൊഴുണ്ണി ചിരിക്കുന്നു പിന്നെയും
അപ്പോഴേ പിടി വിട്ടുപായുന്നിതേ....
പിന്നെയും ചിരിമേളം മധുരമായ്
പിന്നെയും കിലുങ്ങുന്നു പൊൽക്കാൽത്തള
'ഠുമക്ക് ചലത്ത് രാംചന്ദൃ
ബാജത്ത് പൈഞ്ജനിയാ...'
ഹേ തുളസി! കവേ നന്ദി പൂർവിക
നീയെനിക്കേകി കാഴ്ചതൻ കൗതുകം
വാക്കിനാൽ - കാണ്മു കുഞ്ഞുപാദങ്ങളെ
പ്പാട്ടിലാക്കുന്ന യാത്രാനിയമവും.
ഏതവസരം നീട്ടുന്നു ജീവിതം
വിട്ടുവിട്ടു പുറത്തേക്കു പോകുവാൻ?
ഘോരസംസാരകാന്താരവീഥിയിൽ
ആരുമില്ലാതലഞ്ഞറിഞ്ഞീടുവാൻ?
വിണ്ടുകീറിയ കാലുമായ് ദൂരങ്ങൾ
കണ്ടുതാണ്ടിജ്ജയം കൈക്കലാക്കുവാൻ?
വീഴുവോളം ഉയിരിന്റെ വേഗമീ-
ക്കൂടുവിട്ടകലുന്നളവോളവും
ഇത്രമാത്രം, അടിയൊന്നു പോലുമേ
തെറ്റിടാതേജ്ജയിക്കുന്നതെങ്ങനെ?
* തുളസിദാസ രാമായണത്തിൽ (ഹിന്ദി) അമ്മയുടെ കൺവെട്ടത്ത് പിച്ചവെയ്ക്കുന്ന കുരുന്നു രാമനെ അവതരിപ്പിക്കുന്ന ഒരു ഭാഗം. പണ്ഡിറ്റ് ഡി.വി.പലൂസ്കറുടെ ഹൃദയാവർജ്ജകമായ ആലാപനത്തിലൂടെ പരിചയപ്പെട്ടത്.