ആകെ നനഞ്ഞു കുതിർന്ന ശേഷമാണ്
ഞാനറിഞ്ഞത്
അങ്ങിനെയൊരു മഴ പെയ്തിട്ടേയില്ലെന്ന്!
അതെന്റെ വെറും തോന്നൽ
മാത്രമായിരുന്നെന്ന്!!!
താളിലത്തുമ്പിലെ മഴത്തുള്ളി പോലെ
ഇറ്റുകണ്ണീർ മിഴിയിണയിൽ തങ്ങി...
ചാറ്റൽമഴയായാലും പേമാരിയായാലും
ജലബിന്ദുക്കൾ വീഴുന്നത്
ഉയരങ്ങളിൽ നിന്നും താഴേക്കു തന്നെയാണ്..
മഴയും ഞാനും തമ്മിലുള്ള സദൃശ്യവാക്യവും
അവിടെ തീരുന്നു.....
കണ്ണീർമഴകൾ തോരാതെ പെയ്യുന്നു....
ഞാൻ കാത്തിരുന്നതൊരു പൂമഴയെയാണ്..
ഒരിക്കലും പെയ്തു തോരാതിരുന്നെങ്കിൽ
എന്നാശിച്ചിട്ടും
ഒരിക്കലും പെയ്യാതിരുന്നൊരു തേന്മഴയെ............
2.അവനും അവളും
അവൾ പ്രണയിക്കുകയായിരുന്നു,
കണ്ണുകൾ ഇറുക്കിയടച്ച്..........
കാതുകൾ കൊട്ടിയടച്ച്.........
ഹൃദയം മാത്രം തുറന്നു വെച്ച്...............
സ്വയമലിഞ്ഞ്............................
അവനും പ്രണയിക്കുകയായിരുന്നു.................
കണ്ണുകൾ തുറന്നു വെച്ച്............
കാതുകൾ കൂർപ്പിച്ച്.........
ഹൃദയം മാത്രം മൂടി വെച്ച്................
ഒരു ഗൂഢസ്മിതം ചുണ്ടിലൊളിച്ച്...................
ഒടുവിൽ;
നഷ്ടങ്ങൾ മാത്രം കായ്ക്കുന്ന മരക്കൊമ്പിൽ,
നഷ്ടങ്ങൾ മാത്രം കായ്ക്കുന്ന മരക്കൊമ്പിൽ,
ഒരു മുഴം കയറിൽ,
നിറവയറോടെ
അവൾ കിടന്നാടിയപ്പോൾ
നൈമിഷിക നിർവൃതിയുടെ
സുഖാലസ്യങ്ങളിൽ
ലാഭം ഓർത്തെടുക്കുകയായിരുന്നു അവൻ.