Saturday, February 26, 2011


girishvarma balussery

കണ്ണുകള്‍ എപ്പോഴും
തുറന്നു വെയ്ക്കാനാണാഗ്രഹം .
ഇമയനങ്ങാതെ .
കരടുകള്‍ തീര്‍ക്കുന്ന
ഓരോ ദുരന്തങ്ങള്‍ക്കും
ഇന്ന് ദൂരങ്ങളില്‍പ്പോലും
തീര്‍പ്പ് കല്‍പ്പിക്കാനാവുന്നില്ല.

നിന്റെ മിഴികളില്‍ ഞാന്‍ കണ്ടതും
പാഴ് മരങ്ങളുടെ നിഴല്‍ .
നഷ്ടപ്പെട്ട വനാന്തര്‍ഭാഗത്തെ
പൊളിഞ്ഞ കാവല്‍മാടവും ,
പുല്ക്കുടിലും, മാന്‍പേടയും..

സൌഹൃദത്തിന്റെ കണ്ണിലൂടെ
നിന്നെ നോക്കുമ്പോഴെല്ലാം
കുളമ്പടിച്ച് കുതറുന്ന
ഒരു കുതിരയെ കാണാം .
കടിഞ്ഞാണില്ലെങ്കിലും
കെട്ടിയിടപ്പെട്ട
കുതിപ്പിന്റെ പ്രസരിപ്പറിയാം..

കണ്ണുകള്‍ ഏറെ പറയുമത്രേ .
വാക്കിന്റെ സഞ്ചാര പഥങ്ങളില്‍
വരി തെറ്റാതെ
ഓരോ രാത്രിയിലും
അവയെന്നോട് സംസാരിക്കാറുണ്ട്.

സ്നേഹത്തിന്റെ തിളക്കം ,
ചതിയുടെ മാറാട്ടം ,
ഇണക്കങ്ങളുടെ വേഗതയും ,
പിണക്കങ്ങളുടെ രൌദ്രതയും വരെ
തീര്‍പ്പ് കല്‍പ്പിക്കുമിടം.

കണ്ണടഞ്ഞ സ്നേഹ രാഹിത്യത്തിന്റെ
തെരുവ് സ്പോടനങ്ങളിലും
തുറന്ന കണ്ണുമായ് അനേകര്‍..

കൃഷ്ണമണിയുടെ
ആലംബമില്ലാത്ത തേങ്ങല്‍
ഇന്നെന്നെ തളര്‍ത്തുന്നു.
കറുപ്പിന്റെ ശൂന്യതയില്‍
വന്യമായ ഒരു നിലവിളി...

കാഴ്ച മടുത്ത
എന്റെ ലോകത്തിലേക്ക്
ഉള്‍ക്കാഴ്ചയുടെ തിട്ടൂരമായ്
ഒരാള്‍ കൂടി ഇനി വരാനുണ്ട്..

എന്നെ കുടഞ്ഞു വീഴ്ത്തുന്ന ,
കണ്ണേറ് തട്ടിച്ചു തളര്‍ത്തുന്ന
ആത്മാക്കള്‍ക്ക് നേരെ
പിടയുന്ന സത്യമായ്
നീ തുറിച്ചു നോക്കുക....

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.