Tuesday, February 1, 2011


mathew nellickunnu
വിശ്വാസികൾ ഭക്തിപൂർവ്വം കുർബാന കാണുന്നു.
കേരളത്തിലെ എല്ലാ ചിട്ടകളും-പള്ളിവികാരിയും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുംചേർന്ന്‌ അമേരിക്കയിലും അവതരിപ്പിച്ചിട്ടുണ്ട്‌. വിശുദ്ധസ്ഥലത്തേക്ക്‌ ചെരുപ്പുകളണിഞ്ഞ്‌ പ്രവേശിച്ചുകൂടാ. സ്ത്രീകൾമത്രം പളളിയുടെ ഇടതുഭാഗത്ത്‌ ആസനസ്ഥരാകുക. പുരുഷന്റെ ഇടതുഭാഗത്തെ വാരിയെല്ലാണല്ലോ സ്ത്രീയുടെ ഉൽപത്തിക്കുകാരണം. ആർക്കും ഉതപ്പുനൽകാതെ സ്ത്രീകൾ വസ്ത്രംധരിക്കുക, ശിരസ്സും ശരീരഭാഗങ്ങളും മറച്ച്‌ ദിവ്യബലിയിൽ സംബന്ധിക്കുക. ഇതെല്ലാം പരസ്യമായി എഴുതിവെച്ചിട്ടില്ലെങ്കിലും പള്ളിയങ്കണത്തിലെ അലംഘനീയ നിയമങ്ങളായിരുന്നു.
അന്നൊരു വിവാഹകൂദാശയുടെ ദിനമായിരുന്നു. മറ്റുപള്ളികളിലെ വിശ്വാസികളും ക്രിസ്ത്യാനികളല്ലാത്ത മലയാളികളും വിവാഹത്തിന്‌ വന്നെത്തിയിട്ടുണ്ട്‌. പലരും ചെരുപ്പിന്റെ വാറഴിക്കാനോ, ചെരുപ്പുകൾ പള്ളിയുടെ പുറത്തിടാനോ മെനക്കെട്ടില്ല. കൂട്ടത്തിൽ സാംസണും കല്യാണത്തിന്‌ വന്നിട്ടുണ്ട്‌. പള്ളിയിലെ ഒരു നേതാവ്‌ ചെരുപ്പുമായി ആളുകൾ അകത്തുകടക്കുന്നത്‌ കണ്ടെത്തി. അൾത്താരയിൽ കല്യാണം കെട്ടിക്കുന്നതിനുമുമ്പുള്ള നീണ്ടകുർബാനയ്ക്ക്‌ മറ്റ്‌ അച്ചന്മാരുമായി പള്ളിവികാരി പ്രവേശിച്ചു. നേതാവ്‌ അച്ചന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. പള്ളിവികാരി ജനക്കൂട്ടത്തെ അഭിസംബോധനചെയ്ത്‌ സംസാരിക്കുകയാണ്‌.
"ആരും വിശുദ്ധസ്ഥലത്ത്‌ ചെരുപ്പുധരിച്ച്‌ പ്രവേശിക്കരുത്‌. ആരെങ്കിലും ചെരുപ്പ്‌ ധരിച്ചിട്ടുണ്ടെങ്കിൽ പുറത്ത്‌ അഴിച്ചുവെയ്ക്കുക. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ നിൽക്കരുത്‌. സ്ത്രീകൾ പള്ളിയുടെ ഇടതുവശത്ത്‌ നിൽക്കുക. "
ഇതുകേട്ടപ്പോൾ സാംസണ്‌ ചിരിവന്നു.
"എന്താണ്‌ നിങ്ങൾ ചിരിക്കുന്നത്‌. അച്ചൻ പറഞ്ഞതുകേട്ടില്ലേ?
ചെരുപ്പഴിച്ച്‌ പുറത്തിടുക. അല്ലെങ്കിൽ പള്ളിക്ക്‌ പുറത്തുപോകുക"
തോമാച്ചൻ എന്ന ഒരു ഭക്തനാണ്‌ സാംസണോട്‌ ഇങ്ങനെയാവശ്യപ്പെട്ടത്‌.
"താങ്കൾ ആദ്യം പള്ളിക്കകത്ത്‌ നിൽക്കുന്നവരെ പുറത്തിറക്കി ചെരുപ്പഴിപ്പിക്കുക. പിന്നെ അച്ചന്മാരുടെ ചെരിപ്പുകൾ അഴിച്ചുമാറ്റാനാവശ്യപ്പെടുക. വേലിതന്നെ വിളവുതിന്നാൽ പറ്റുമോ. താൻ കൂടുതൽ നേതാവുകളിച്ചാൽ തന്റെ മുഖത്തിന്റെ ഷേയ്പ്പ്‌ ഞാൻ മാറ്റും. ഈ പള്ളിപ്പണിക്ക്‌ ഞാനും സംഭാവന നൽകിയതാണ്‌."
പള്ളിനേതാവ്‌ ആളുകൾ ശ്രദ്ധിക്കുന്നതിനുമുമ്പ്‌ തൽക്കാലം അവിടെനിന്നും വലിഞ്ഞു.
"എന്താണ്‌ നേതാവുമായി രാവിലെ ഒരു ഉടക്ക്‌?"
ചെറിയാച്ചൻ ന്യൂസുപിടിക്കാൻ സാംസണോട്‌ കാര്യമാരാഞ്ഞു.
"അവന്റെയൊക്കെ ഒരു പത്രാസുകണ്ടില്ലേ. പള്ളി പണിയുന്നതിനുമുമ്പ്‌ കുഞ്ഞാടുകളുടെ പിറകെനടന്ന്‌ പിരിക്കുക. കെട്ടിടം ഉയർന്നു കഴിഞ്ഞപ്പോൾ എങ്ങുമില്ലാത്ത ഗമ. എന്താണ്‌ ഇവനോക്കെ കരുതുന്നത്‌. ഒരു പള്ളി ഉയർത്തിക്കെട്ടിയാൽ എല്ലാം നേടയെന്നോ. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?"
സാംസൺ
"സാംസൺ, നിങ്ങൾ ശാന്തനാകൂ. നാട്ടിൽ നിന്നും ഒന്നുമില്ലാതെ ഇരതേടിവന്നവനോക്കെ ചില്ലറക്കാശിന്‌ വകയായപ്പോൾ ആരോടെങ്കിലും മെക്കിട്ടുകേറിയില്ലെങ്കിൽ ശ്രദ്ധിക്കപ്പെടുമോ."
ചെറിയാച്ചൻ സാംസണെ ആശ്വസിപ്പിച്ചു.
"ഇത്തരം ശ്രദ്ധക്ഷണിക്കൽ പദ്ധതികൊണ്ട്‌ മലയാളികൾ ഇവിടെ രക്ഷപ്പെടുമോ. എത്ര പള്ളികൾ ഇവിടെ മത്സരിച്ചുനിർമ്മിച്ചു. എല്ലാവർക്കും വാസ്തവത്തിൽ ഒരു പള്ളിയുടെ ആവശ്യമല്ലേയുള്ളു. വിവിധ സമയങ്ങൾ ചിട്ടപ്പെടുത്തി ഞായറാഴ്ച എത്ര കുർബ്ബാനകൾ ഒരു പള്ളിയിൽത്തന്നെ നടത്താനാകും. അനേകം ആരാധനാലയങ്ങൾ മത്സരിച്ച്‌ കെട്ടിപ്പെടുക്കുമ്പോൾ മനുഷ്യർതമ്മിൽ ബന്ധങ്ങൾ ചിതറുന്നു. പോക്കറ്റിലെ കാശ്‌ കല്ലിനും, കോൺക്രീറ്റിനും, ഇവിടുത്തെ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾക്കുമായി ചോർന്നുപോകുന്നു. ഇത്തരം ധൂർത്തടികളുടെ പിന്നിൽ ദീർഘവീക്ഷണമില്ലാത്ത സാമൂഹ്യനേതാക്കളുടെ കറുത്തകൈകൾ പ്രവർത്തിക്കുന്നു. അവർക്ക്‌ പള്ളിപ്പണിയിൽ കാശടിച്ചുമാറ്റാനും അവസരമൊരുങ്ങുന്നു. വൈദികർ സാമൂഹ്യനന്മയെ ലക്ഷ്യംവച്ചുവേണം വിശ്വാസികളെ നയിക്കുവാൻ"
സാംസൺ ക്ഷോഭിച്ചു.
"ഇത്‌ ക്രിസ്ത്യാനികളുടെ മാത്രം പ്രശ്നമല്ല. മറ്റു സമുദായക്കാരും ഇതുതന്നെയാണ്‌ ചെയ്യുന്നത്‌."
ചെറിയാച്ചൻ സാധാരണമട്ടിൽ പറഞ്ഞു.
"അതെ, എല്ലാവിഭാഗവും പണം എങ്ങനെ വിനിയോഗിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്‌. ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം പുത്തൻപണമാണ്‌. ദീർഘവീക്ഷണവും സംയമനവും പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." സാംസൺ പറഞ്ഞു.
"എന്താണ്‌ സാമൂഹ്യക്ഷേമത്തിനു ചെയ്യാനാവുക?"
ചെറിയാച്ചൻ ചോദിച്ചു.
"എത്രയോ നല്ലകാര്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യാനാകും. നോക്കൂ, ഇവിടെ കുടിയേറിപ്പാർത്ത യഹൂദരും, പോളിഷുകാരും ഇറ്റലിക്കാരും അവരുടെ സമൂഹനന്മയ്ക്കായി ഒത്തൊരുമിച്ചുപ്രവർത്തിച്ചു. അതുകൊണ്ട്‌ അവർ സമൂഹത്തിൽ പുരോഗമിച്ചു. രാഷ്ട്രീയതലത്തിൽ സ്വീധീനമുള്ള നേതാക്കന്മാരുണ്ടായി. സാമ്പത്തികമായി വലിയ നേട്ടങ്ങളും കൈവരിച്ചു. എല്ലാത്തിന്റെയും തുടക്കം പള്ളിയും കൂട്ടായ്മയുമായിരുന്നു. ഉദാഹരണത്തിന്‌ പള്ളിയിൽ ഒരു പുതിയ മെമ്പർക്ക്‌ വീടുവാങ്ങണം. പള്ളിഫണ്ടിൽനിന്നും പലിശയില്ലാതെ പണംകൊടുത്ത്‌ വീടുവാങ്ങുന്നു. എത്രയോ പണമാണ്‌ ബാങ്കുകൾ പലിശയായി വാങ്ങുന്നത്‌. മനുഷ്യന്റെ ജന്മാവകാശത്തിന്റെ ഒരു ഭാഗമാണല്ലോ സ്വന്തമായി ഒരുതുണ്ട്‌ ഭൂമിയും അവിടെ അവന്റെ സ്വപ്നമായ വീടും. കാറില്ലാതെ ഒരു വ്യക്തിക്കും തൊഴിൽചെയ്യുവാനോ സാമൂഹ്യവ്യവസ്ഥയെ ഉൾക്കൊള്ളാനോ സാധിക്കുമോ? ഈ രണ്ട്‌ ആവശ്യങ്ങൾക്കുമായി എത്രമാത്രം പണമാണ്‌ ഓരോ വ്യക്തിയും പലിശയായി മാസംതോറും ചെലവാക്കുന്നത്‌. ഈ പ്രശ്നത്തിന്‌ സമൂഹത്തിന്റെ മുഖമുദ്രയായ ആരാധനാലയങ്ങൾ മുൻകൈയെടുത്താൽ എത്രയോ കുടുംബങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാവും. നമ്മളിൽ ഏറെപ്പേരും മധ്യപ്രായം കഴിഞ്ഞവരാണ്‌. വാർദ്ധക്യത്തിന്റെ മുദ്രകൾ നമ്മിൽ പതിഞ്ഞുകഴിഞ്ഞു. ചുളിഞ്ഞതൊലിയും നരവീണ രോമങ്ങളും വിവിധ രോഗങ്ങളും നമ്മെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്‌. പണ്ടത്തെപ്പോലെ വരുമാനമാർഗ്ഗമില്ല. ആരോഗ്യം നഷ്ടമായി. വീടിന്റെയും കാറിന്റെയും വിലവർദ്ധന. നമ്മുടെ കുറഞ്ഞവരുമാനത്തിൽ എങ്ങനെ ഇവ നില നിർത്തും? സാംസൺ സ്വയംമറന്ന്‌ പറഞ്ഞുകൊണ്ടിരുന്നു.
"ഇതിനെന്താണ്‌ ഒരു രക്ഷാമാർഗ്ഗം?"
ചെറിയാച്ചൻ സ്വകാര്യമായി ചോദിച്ചു.
"സമൂഹം ഒറ്റക്കെട്ടായി നിൽക്കുക. അതിന്‌ വൈദികരും നേതൃത്വനിരയിലുള്ളവരും സഹകരിക്കുക. എല്ലാ സാധനങ്ങളും വിൽക്കുന്ന ഗ്രോസറിക്കടകൾ സഹകരണാടിസ്ഥാനത്തിൽ ആരംഭിക്കുക. ഒരു വീടിനാവശ്യമായ എല്ലാം അവിടെ കുറഞ്ഞവിലയ്ക്ക്‌ നൽകുവാൻ കഴിയും. അനേകംപേർക്ക്‌ തൊഴിൽനൽകുവാനും ഇത്തരം സ്ഥാപനങ്ങൾക്ക്‌ സാധിക്കും. 50 കഴിഞ്ഞവർക്കായി കുറെ സ്ഥലംവാങ്ങി അപ്പാർട്ട്‌മന്റുകൾ സ്ഥാപിക്കുക. അവിടെ കൂട്ടമായി സമ്മേളിക്കുവാനും വെടിപറയുവാനും ചീട്ടുകളിക്കുവാനും കമ്മ്യൂണിറ്റിഹാൾ ഉപകരിക്കും. വാടകയ്ക്കെടുക്കാതെ പാർട്ടികൾ നടത്താം. അവിടെ വ്യായാമത്തിനും മറ്റുല്ലാസങ്ങൾക്കും സൗകര്യമൊരുക്കുക. ഏതാനും വാനുകളുണ്ടെങ്കിൽ അവിടെ പോകുന്നതിനും സൗകര്യമായി. ഈ സംവിധാനംകൊണ്ട്‌ പ്രായമായവർക്ക്‌ വീടിന്റെയോ കാറിന്റെയോ ആവശ്യമില്ല. മാസംതോറും എത്രയോ പണമാണ്‌ വീടിനും കാറിനും നാം ചെലവാക്കുന്നത്‌."
സാംസൺ വികാരംകൊണ്ടു.
"സമൂഹത്തെ ഇത്തരംകാര്യങ്ങൾ പറഞ്ഞു ബോധവൾക്കരിക്കാൻ നാം കടപ്പെട്ടിരിക്കുന്നു."
ചെറിയാച്ചൻ അതുശരിവച്ചു.
കല്യാണത്തിന്റെ പ്രധാന ചടങ്ങുകളും ദിവ്യബലിയും കഴിഞ്ഞു. ഇനി വധുവരന്മാർ ബന്ധുക്കളുമായി ഫോട്ടോയെടുക്കുക എന്ന ചടങ്ങാണ്‌. അതിന്‌ ക്ഷണിക്കപ്പെട്ടവർ സംബന്ധിക്കണമെന്നില്ല.
ആളുകൾ പാർട്ടിനടക്കുന്ന ഹോട്ടലിലേക്ക്‌ യാത്രയായിത്തുടങ്ങി.
സാംസൺ കാറിനെ ലക്ഷ്യമാക്കി നടന്നു.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.