Saturday, July 17, 2010


സരോജിനി

ഒ.എൻ.വിയുടെ 10 ഗാനങ്ങൾ, 10 കവിതകൾ

നമ്മുടെ പ്രിയപ്പെട്ട കവി ഒ.എൻ.വിയുടെ വാക്കുകൾ വിശുദ്ധമാണ്‌. മനുഷ്യമഹത്വത്തെയാണ്‌ അദ്ദേഹം എപ്പോഴും
പിന്തുടർന്നിട്ടുള്ളത്‌. തന്റെ മുമ്പിലുള്ള പുൽക്കൊടിയോടുപോലും സംവാദത്തിനു ഈ കവി തയ്യാറാകുന്നു. വസന്തങ്ങളെ അക്ഷരങ്ങളിലൂടെ സാക്ഷാത്കരിച്ച ഒ.എൻ.വിയുടെ ഗാനങ്ങളെയും കവിതകളെയും പറ്റി ഇതുവരെയും പബ്ലിക്കായി ഒന്നും പറയാത്ത ഒരാളുണ്ട്‌. അദ്ദേഹത്തിന്റെ സഹധർമ്മിണി സരോജിനി ടീച്ചറാണിത്‌. ആ വനിതാരത്നം ഇതാദ്യമായി, എഴുത്ത്‌ ഓൺലൈനിനുവേണ്ടി ഒ.എൻ.വിയുടെ പ്രിയപ്പെട്ട 10 ഗാനങ്ങളും പത്തു കവിതകളും തിരഞ്ഞെടുക്കുകയാണിവിടെ. സരോജിനി ടീച്ചറോട്‌ ഞങ്ങൾക്കുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല. സ്നേഹനിധിയായ
അവരുടെ വാക്കുകളെ ഞങ്ങൾ പാവനമായ ലക്ഷ്യങ്ങളെപ്പോലെയാണ്‌ കാണുന്നത്‌. ഒരു നോട്ടം കൊണ്ടും വാക്കുകൊണ്ടും ഏത്‌ വസ്തുവിനും വിശുദ്ധി പകരാൻ കഴിയുന്ന സരോജിനി ടീച്ചറുടെ വാക്കുകൾ ഇങ്ങനെ:
" ഒ.എൻ.വിയുടെ ഗാനങ്ങളിലും കവിതകളിലും ഞാൻ കാണുന്ന പ്രധാന സവിശേഷത കുലീനതയാണ്‌ വാക്കുകളുടെ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കും. ചീത്ത വാക്കുകൾ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയിൽ ഉന്നതമായ വാക്കുകളാണ്‌ ഒ.എൻ.വിയുടേതെന്ന്‌ ഞാൻ വിശ്വസിക്കുന്നു."

1. മാണിക്യവീണ:- (കാട്ടുപൂക്കൾ - സംഗീതം, ദേവരാജൻ)
2. പൊൽത്തിങ്കൾകല (കുമാരസംഭവം - ദേവരാജൻ)
3. എന്റെ മൺവീണയിൽ കൂടണയാൻ (നേരം പുലരുമ്പോൾ - ജോൺസൺ)
4. ഒരു വട്ടംകൂടി - (ചില്ല്‌- എം.ബി.ശ്രീനിവാസൻ)
5. മഞ്ഞൾ പ്രസാദവും (നഖക്ഷതങ്ങൾ, രവി ബോംബെ)
6. സന്ധ്യേ, (മദനോത്സവം, സലിൽ ചൗധരി ]
7. ആത്മാവിൽ മുട്ടിവിളിച്ചതുപോലെ (ആരണ്യകം- രഘുനാഥ്സേട്ട്‌)
8. ശ്രീലതികകൾ (സുഖമോ ദേവീ, രവീന്ദ്രൻ)
9. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ (നീയെത്ര ധന്യ, ദേവരാജൻ)
10. മഞ്ജുതരശ്രീലതികാ ഗൃഹത്തിൽ (മിഴികൾ സാക്ഷി, ദക്ഷിണാമൂർത്തി)
11. ആദിയുഷസ്സന്ധ്യ (പഴശ്ശിരാജ, ഇഇയരാജ)

10 കവിതകൾ

1. ചോറൂണ്‌
ജീവിതത്തിൽ മറക്കാനാവാത്ത ഒരു സുന്ദരമുഹൂർത്തം പകർത്തുന്നതോടൊപ്പം എന്റെ ഗ്രാമത്തിന്റെ ഭംഗികളിലേക്കും അവിടത്തെ സൗഹൃദാന്തരീക്ഷത്തിലേക്കും സർവ്വോപരി പഴയ ഓർമ്മകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന കവിത.
2. നന്ദി
ജീവിതം തന്നതിനും തരാത്തതിനും ഒരുതരം നിസ്സംഗതയോടെ നന്ദിപറയുന്നു എന്നതാണീ കവിതയുടെ സവിശേഷത.
3. ശ്രാവണസംഗീതം
ഓണത്തിന്റെ ഗൃഹാതുരത്വമാർന്ന ഓർമ്മകളും കുടുംബത്തിന്റെ സംഗീതവും സമന്വയിപ്പിച്ച ഒരു കവിത. നമ്മൾ ചവിട്ടിത്താഴ്ത്തിയ ഒരു സൗഭാഗ്യകാലത്തിന്റെ നഷ്ടസ്മൃതികളും ഒപ്പംതന്നെ മനസ്സിലെന്നും പൂത്തുലയുന്ന ഗ്രാമീണഭംഗികളും ഇതിൽ ഇഴകോർക്കുന്നു.
4. ആകാശവുമെന്റെ മനസ്സും
ഈ കവിത എനിയ്ക്കേറെ ഇഷ്ടം. വായിക്കുമ്പോൾ മനസ്സുനിറയുന്ന അനുഭൂതി. കവി പാടുംപോലെത്തന്നെ "എങ്ങനെയതു നിങ്ങൾക്കായെൻ വാക്കുകൾ പകരുന്നു?"
5. സൂര്യഗീതം
"ഭൂമിയ്ക്കൊരു ചരമഗീതം" എന്ന ഏറെ പ്രശസ്തമായ കവിത എനിക്കും ഇഷ്ടം തന്നെ. എന്നാൽ പ്രസാദാത്മകമായ 'സൂര്യഗീത'ത്തിനോട്‌ ഇത്തിരി കൂടുതലിഷ്ടം. ഭൂമിയിലെ സമസ്തജീവജാലങ്ങളേയും 'ഉന്മത്തനൃത്തം' ചെയ്യിക്കുന്ന സൂര്യനുള്ള ഭക്ത്യാദരപൂർവ്വമായ തോറ്റംപാട്ടാണിത്‌.
6. ശാർങ്ഗകപ്പക്ഷികൾ
പുരാണപ്രസിദ്ധമായ ഒരു ഉപാഖ്യാനത്തിലൂടെ ആധുനികമനുഷ്യന്റെ ജീവിതാവസ്ഥ വ്യാഖ്യാനിക്കുന്ന വികാരതീവ്രമായ കവിത.
7. അപാരാഹ്നം
ഭൂമിയുടെ, മനുഷ്യന്റെ സർവ്വനാശം ഭീതിയോടെ കിനാവു കാണുന്ന കവി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ക്രമാനുഗതമായ സാംസ്കാരിക തകർച്ചയുടെ നോവനുഭവിപ്പിക്കുന്ന ഈ കവിത അങ്ങനെ പ്രിയംകരമായിത്തീരുന്നു.
8. പകലറുതിയിൽ
പണ്ട്‌ ഓർമ്മയിൽ പൂവിട്ടിരുന്ന ശോഭകൾ, നന്മകൾ, നാദങ്ങൾ, ഗന്ധങ്ങൾ എല്ലാം പകലറുതിയിൽ മങ്ങിത്തുടങ്ങി, മാഞ്ഞുതുടങ്ങി. പുതിയ തലമുറയ്ക്ക്‌ അന്യമായ ആ സൗഭഗങ്ങളുടെ ഓർമ്മകൾ, വൃദ്ധസദനത്തിലെ സ്നേഹപരിത്യക്തരുടെ ദൈന്യം തുടങ്ങി തികച്ചും വിഷാദാത്മകമായ സായാഹ്നചിന്തകളാണീ പ്രിയപ്പെട്ട വരികളിൽ.
9. നാം പുരാതനർ
ഈ ഭൂമിയിൽ നമ്മൾ പ്രവാസികളാണെന്ന ആദ്ധ്യാത്മിക ചിന്തയിലെത്തിച്ചേർന്നിരിക്കുന്നു കവി. എന്നിട്ടും പരസ്പര പ്രണയത്തിന്‌ മങ്ങലേൽപിക്കുന്നില്ല. അതിന്റെ സുന്ദരനിമിഷങ്ങൾ കവിതയെ വികാരോഷ്മളമാകുന്നു.
10. ദിനാന്തം
ഒരു ജീവിതത്തിന്റെ മുഴുവൻ അനുഭവങ്ങളും സ്വപ്നങ്ങളും ദുഃഖങ്ങളും ആറ്റിക്കുറുക്കിയ കവിത.

Monday, July 5, 2010

p a anish


ശരിയ്ക്കുമൊരു ഭ്രാന്തി
യെന്നേ പറയൂ

ക്ലാസ്സെടുക്കുമ്പോള്‍
ജനലിന്റെ
മരയഴികള്‍ക്കപ്പുറത്തു നിന്ന്
കൈനീട്ടി വിളിയ്ക്കും പോലെ
പൊടിപിടിച്ച
കണ്ണുകളില്‍ നിന്ന്
വിശക്കുന്നുവെന്നൊരു
വിളി വരുമ്പോലെ

കൈയ്യിലിരുന്നൊരു
ചില്ലറത്തുട്ട്
അവര്‍ക്കുനേരെ നീട്ടി
ക്കൊണ്ടുറക്കെപ്പറഞ്ഞു
പോ...പോ...
കുട്ടികളുമുറക്കെച്ചിരിച്ചു പറഞ്ഞു

പെട്ടെന്നൊരു
കുഞ്ഞുകൈയ്യെന്റെ
വിരലില്‍ത്തൊട്ടു

"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.."

നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍
ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍
ദൈവത്തിനും
വേണ്ടാത്തൊരു വാക്കെന്റെ
ചുണ്ടില്‍നിന്നുമടര്‍ന്നു വീണു.

Sunday, July 4, 2010



sreedevi nair
പുകയുന്നു നെരിപ്പോടു നെഞ്ചിനു‍ള്ളിൽ
പുകമറ നിറയുന്നു മനസ്സിനുള്ളിൽ
പുലരിയെ കാക്കുന്ന തമസ്സുപോലെ
കൺതുറക്കാനായ്‌ ശ്രമിച്ചിടുന്നു

കരയുവാനാകാത്ത കണ്ണിണകൾ
കണ്ണടച്ചിരിക്കുന്നു നിറമിഴിയായ്‌
കൺതുറന്നാൽ വീണുടയും
കണ്ണീർത്തുള്ളിയെന്നാത്മാവു പോൽ

കാഴ്‌ചയിലെന്നും നിഴലുകളായ്‌
കണ്ണീരിലൂടെ ഞാനറിവു
അകലുന്ന ബന്ധങ്ങൾ നൊമ്പരങ്ങൾ
അറിയാത്ത മോഹത്തിൻ കാമനകൾ
നാടോടി ഗാനം

കാട്ടുപൊത്തിലെ കല്ലുവെട്ടാങ്കുഴി
കാണാതെ കാൽ ചവിട്ടി നിന്നു
കാട്ടുമൈനയെ കൂട്ടിലടച്ചവൻ
കാട്ടുചെമ്പക തൈച്ചുവട്ടിൽ

കാടാറു മാസവും നാടാറുമാസവും
കൽക്കണ്ടത്തേങ്കനി പാത്തുവെച്ചു
പാടിത്തളർന്നവൻ ആടിത്തിമിർത്തവൻ
പഞ്ഞമാസവും നോമ്പു നോറ്റു
നാടാറുമാസം കഴിഞ്ഞിട്ടുചെന്നപ്പം
കരിക്കാടിക്കഞ്ഞി പകർന്നുവച്ചു
ആറ്റിക്കുടിച്ചവൻ ഊതിക്കുടിച്ചവൻ
കർക്കിടകത്തിലും നോമ്പു നോറ്റു
കണിക്കൊന്ന നട്ടവൻ കാട്ടിലെത്തേവരെ
കന്നിമലഞ്ചോട്ടിൽ കാത്തിരുന്നു
കാട്ടിലെത്തട്ടിലെത്തളിരില വെറ്റില
നാലുങ്കൂട്ടിമുറുക്കിത്തുപ്പി

വാസനപ്പാക്കു ചവച്ചവൻ പിന്നിട്ട്‌
വാസന്തിപ്പൂമാല കോർത്തെടുത്തു
കാത്തിരിക്കുന്ന കന്നിപ്പെണ്ണിന്‌
മുക്കുറ്റിമൂക്കുത്തി തീർത്തെടുത്തു
ഒട്ടല്ല നിന്നതും ചെല്ലം നിറച്ചതും
കാണിക്കയാക്കി കാളിമൂപ്പൻ
കണക്കു കുറിച്ചവൻ കാലം നോക്കി
കാട്ടിലെ പെണ്ണിനിന്നു കല്ല്യാണം




മറ്റു വായനകൾ
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.