Monday, May 30, 2011


prabhath books
trivandrum
2011 , may
rs 80/

Wednesday, May 18, 2011






 സുകുമാർ അഴിക്കോട്‌

ഒരു പുതിയ സാഹിത്യദാർശനികൻ രംഗത്ത്‌ എത്തിയിരിക്കുന്നു എന്നു നമ്മെ അറിയിക്കുന്ന ദുർലഭഗൗരവമായ ഒരു കൃതിയാണ്‌ ശ്രീ.എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' . ചെറിയ പുസ്തകമാണ്‌. ഇതിലടങ്ങിയ കാഴ്ചകളെക്കുറിച്ച്‌  പ്രാമാണികമായി എഴുതാൻ കഴിവുള്ള മൂന്നു പേരുടെ അഭിപ്രായങ്ങൾ ആദ്യത്തെ നാൽപതോളം പുറങ്ങളിൽ കാണാം. ബാക്കി എൺപതോളം പുറങ്ങളിലാണ്‌  മാനിഫെസ്റ്റോ കൊടുത്തിരിക്കുന്നത്‌.
 പുസ്തകമേ ചെറുതായിട്ടുള്ളൂ. ഗ്രന്ഥകാരന്റെ ലക്ഷ്യവും ചിന്തയും ഒന്നും ചെറുതല്ല ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട്‌  കുറച്ച്‌ മാസം കഴിഞ്ഞെങ്കിലും ആ കാലയളവിനുള്ളിൽ മറ്റു സാഹിത്യകൃതികൾക്ക്‌ ലഭിച്ചുകാണാറുള്ള പഠനമോ വിമർശനമോ ഇതിന്‌ കിട്ടിയില്ല എന്നാണ്‌ എന്റെ അറിവ്‌. സാധാരണ പുസ്തക അഭിപ്രായക്കാർ ഇത്‌ മാറ്റി വെക്കുന്നുവെങ്കിൽ അത്‌ മനസിലാക്കാവുന്നതേയുള്ളു.
 ചിന്ത വികസിക്കുന്നത്‌ അതിന്റെ പൂർവ്വദശകളെ അനന്തരദശകൾ നിരസിക്കുന്നതിലൂടെയാണ്‌ എന്ന ആശയത്തിലാണ്‌ ഹരികുമാറിന്റെ ചിന്തകൾ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌. പ്രപഞ്ചത്തിന്റെ ചലനാത്മകത കാരണം ചിന്തയിലും സാഹിത്യത്തിലുമുള്ള പൂർവ്വനിരാസം സ്വാഭാവികവും അനിവാര്യവുമാണ്‌. നിരാസം എന്ന്‌ പറഞ്ഞതുകൊണ്ട്‌ ഹരികുമാർ ഏതോ ഒരു നവനിഷേധത്തിന്റെ വക്താവാണെന്ന്‌ ധരിക്കരുത്‌. പ്രപഞ്ചഘടന നിരാസത്തെ നിർമ്മാണത്തിൽ എത്തിക്കുന്നു. 
 യാഥാർത്ഥ്യത്തെ അന്വേഷിച്ചുകൊണ്ടുള്ള ഈ നിരന്തര പ്രയാണത്തിന്റെ ഏകാത്മകതയെ അദ്ദേഹം നവാദ്വൈതം എന്ന്‌ വിളിച്ചിരിക്കുന്നു.
 തത്വചിന്തയിൽ സംജ്ഞകളെ തീരെ വർജ്ജിക്കുക എളുപ്പമല്ല. വേദാന്തത്തിൽ തന്നെ ജഡം, മായ  തുടങ്ങിയ സംജ്ഞാവലിയിൽ കുടുങ്ങി  അദ്വൈതത്തിന്റെ മുഖം കണ്ടെത്താൻ പല ആചാര്യമാർക്കും  സാധിക്കാതെ പോയ കാര്യം മറക്കരുത്‌. അദ്വൈതചിന്തയെ ആരും ഒരു കുറ്റിയിലും കെട്ടിനിർത്തിയിട്ടില്ല. ആചാര്യശങ്കരൻ, സത്യസാക്ഷാൽകാരം അനുഭവത്തിൽ അവസാനിക്കുമ്പോഴേ യാഥാർത്ഥ്യമാകുകയുള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌. ഇഹലോകജീവിതത്തിൽ അത്‌ സാധിക്കുകയില്ലെന്ന്‌ ഭാഷ്യങ്ങളിൽ കാണാം. സംജ്ഞകളിൽ കുരുങ്ങി സർവ്വതും ഇല്ലാത്തതാണെന്നുവരെ പറഞ്ഞു നടക്കുന്ന  അദ്വൈതവേദാന്തികൾ നാട്ടിൽ നിറഞ്ഞു.
ഈ വിപത്ത്‌ അറിയാത്ത ആളല്ല ശ്രീ ഹരികുമാർ. ഇന്ത്യയുടെ ആത്മീയത ബ്രാഹ്മണ പൗരോഹത്യമല്ലെന്നും ഓരോരുത്തരും പരമസത്യം അന്വേഷിക്കുന്ന രീതിയാണ്‌ അതെന്നും അദ്ദേഹം എഴുതുന്നത്‌ ശ്രദ്ധിക്കുക. നമ്മുടെ  ബോധത്തിൽ ഈ ആത്മീയധാതു സമ്പത്ത്‌  ഉണ്ടെന്നുളള ഗ്രന്ഥകാരന്റെ നിരീക്ഷണം, നാനാവിധ സിദ്ധാന്തികളുടെ കലാപ ഭൂമിയായ  നമ്മുടെ ആധുനിക സാഹിത്യകാരന്മാരുടെ മനസ്സിൽ ഉടനെത്തേണ്ട വലിയൊരു നിഗമനമാണ്‌.
 ഇന്ത്യയെ സത്യപൂർണ്ണതയിൽ കാണാൻ ശങ്കരഭാഷ്യങ്ങളോ ഭഗവത്‌ ഗീതയോ അല്ല പഠിക്കേണ്ടത്‌  ; ഉപനിഷത്തുകളിലെ ആർഷചിന്തകളാണ്‌. ഹരികുമാർ മിക്കവാറും സ്വന്തം മനനവിചാരങ്ങളിലൂടെ എത്തിച്ചേർന്ന സത്യത്തിന്റെ, ഉപനിഷത്തിന്റെ നിമിഷമാണിത്‌. സുപ്രസിദ്ധമായ  'നേതിവാദം ഏത്‌ ചിന്തയെയും 'ഇതല്ല' എന്ന നിരാസത്തിലൂടെ മറ്റൊന്നാവാൻ നമ്മെ പ്രചോദിപ്പിക്കുന്നു. സത്യമെന്താണെങ്കിലും സത്യത്തിന്റെ സത്യം എന്ന മട്ടിൽ കൂടുതൽ അന്വേഷണത്തിലൂടെ  പ്രാപിക്കേണ്ടതാണെന്ന്‌ ഉപദേശിച്ചതു ഞാനിവിടെ അനുസ്മരിച്ചുകൊളളട്ടെ.
 ആധുനികരായ എഴുത്തുകാർ മനനമില്ലാത്ത മനസ്സുകളുടെ ആവിഷ്ക്കാരോപാധിയായി വാക്കിനെ പ്രകോപിപ്പിക്കുമ്പോൾ ഭാഷ മൃതപ്രായമാകുന്നു എന്ന കാഴ്ചയും ശ്രദ്ധേയമാണ്‌. എഴുത്ത്‌  ഇന്ന്‌ മറ്റൊന്നിലൂടെ മാറ്റൊലിയായി മന്ദീഭവിച്ചിരിക്കുന്നു. അവിടെ നിന്ന്‌ പ്രത്യാനയിക്കപ്പെടണമെങ്കിൽ നിരാസത്തിലൂടെയുള്ള നിർമ്മിതിയുടെ മാർഗ്ഗം  സാഹിത്യകാരന്മാർ അനുസരിക്കണം എന്ന്‌ ഗ്രന്ഥകാരൻ വ്യക്തമാക്കിയിരിക്കുന്നു. പഴയ സാഹിത്യകാരന്മാർ സാഹിത്യത്തിന്റെ ജീവൻ ഭാവരമണീയമാണെന്ന്‌ പറഞ്ഞ ഉടനെ,  ആ രമണീയത ഓരോ നിമിഷത്തിലും പുതുമ ഉൾക്കൊള്ളുന്നതാണ്‌ എന്ന്‌ വിശദീകരിച്ചിട്ടുണ്ട്‌. അതിനാൽ ഹരികുമാറിന്റെ ചിന്താഗതി വേണ്ടതുപോലെ പ്രചാരം നേടുകയാണെങ്കിൽ, കേരളത്തിലെങ്കിലും വലിയ എതിർപ്പുകളില്ലാതെ സ്വീകരിക്കപ്പെടുമെന്നാണ്‌ എന്റെ പ്രതീക്ഷ.
 സാഹിത്യവിമർശകൻ എന്ന നിലയ്ക്ക്‌ കൈകൊള്ളാവുന്ന ഏറ്റവും അവികലമായ ഒരു ചിന്താഗതിയിൽ പരസഹായമെന്യേ എത്തിച്ചേർന്ന ഹരികുമാറിനെ എഴുത്തുകാരെങ്കിലും അഭിനന്ദിക്കേണ്ടതാണ്‌.  വിമർശനമെന്നത്‌ നിരാസ സിദ്ധാന്തങ്ങളുടെ സമവായനയാണ്‌. വിവേകപൂർവ്വമായി സത്യത്തെ തള്ളുകയും പ്രാപ്യമായി നിലനിർത്തുകയും അങ്ങനെ ചിന്താപുരോഗതിയുടെ ഡയലക്റ്റിക്സ്​ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന  ഒരു മാനസികപ്രക്രിയയാണ്‌ അത്‌. ഗീതയിലെ  സിദ്ധാന്തങ്ങളേക്കാൾ   ഞാൻ വിലമതിക്കുന്നത്,  ഒടുവിൽ പാർത്ഥനോട്‌ കൃഷ്ണൻ, ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ട്‌ വിമർശിച്ച്‌ മനസ്സിലാക്കിയതിനുശേഷം ഇതുപോലെ ചെയ്യുക എന്ന്‌ ഉപദേശിക്കുന്ന ഭാഗമാണ്‌.
 ഗീതയിലെ ഒരു അനുശാസനവും  ആശയരഹസ്യത്തിൽ ഇരിക്കില്ല.  ഈ ദർശനത്തിൽ നിരാസം എന്നുമുണ്ട്‌.  ഇന്നത്തെ സാഹിത്യപ്രവർത്തകർക്ക്‌ ഈ കാഴ്ചപ്പാട്‌ സ്വന്തം ശൈലിയിൽ ചൂണ്ടികാണിച്ചുകൊടുത്ത ഹരികുമാർ വലിയൊരു സേവനമാണ്‌ ആശയരംഗത്ത്‌ ചെയ്തിരിക്കുന്നത്‌.
 നാം ദൈവമാകയാൽ പ്രാർത്ഥന അനാവശ്യമാണെന്നാണ്‌ അദ്വൈതികളുടെ അഭിപ്രായം. താൻ നിരീശ്വരനാണെന്ന്‌ ശങ്കരൻ പറഞ്ഞു. .  ഈ ബോധപ്രാപ്തി മനുഷ്യരെ അഹങ്കാരികളാക്കില്ല. കാരണം എഴുത്തച്ഛൻ പാടിയതുപോലെ, അഖിലം ഞാനാണെന്ന ഭാവത്തിൽ എത്തുന്നവന്‌  ഞാനെന്ന ഭാവം ഉണ്ടാവില്ല.
 ഒരു സ്വതന്ത്രചിന്താശാലി സാഹിത്യലോകത്തിൽ പ്രത്യക്ഷപ്പെടുന്നത്‌ വല്ലപ്പോഴും ആയിരിക്കും. ഇക്കാലത്ത്‌ ആംഗലവിദ്യാഭ്യാസം അഭ്യസ്തവിദ്യരുടെ ധിഷണാമണ്ഡലത്തെ ഓരോ ചെറു കോളനിയായി  രൂപപ്പെടുത്തിവിട്ടിരിക്കുകയാണ്‌. ആന്തരമായ ഈ പരോക്ഷ പാരതന്ത്ര്യത്തിന്റെ യുഗത്തിൽ   ടാഗോർ 'ഗീതാജ്ഞലി' യിൽ പാടിയതുപോലെ ജ്ഞാനസ്വതന്ത്രമായ  മനസ്സോടും ശിരസ്സോടും കൂടിയ ഒരു യുവലേഖനെ കണ്ടുമുട്ടാൻ ഇടയായതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്‌.
 ശ്രീ ഹരികുമാർ മലയാളസാഹിത്യത്തിൽ പ്രവേശിച്ച ആ കാലത്തു തന്നെ ഒരു ചിന്താപ്രതിഭയുടെ അങ്കുരങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ ഞാൻ കണ്ട്‌ അഭിനന്ദിച്ചിരുന്നു.  ആത്മായനങ്ങളുടെ ഖസാക്ക്‌, മനുഷ്യാബരാന്തങ്ങൾ എന്നീ ഗ്രന്ഥങ്ങളുടെ  ശീർഷകങ്ങൾ ചില വായനക്കാരെ അൽപം അകറ്റുന്നതിന്‌ ഇടയാക്കിയിരുന്നെങ്കിലും അവയ്ക്കെല്ലാമപ്പുറത്ത്‌ നിന്ന്‌ ഒരു പുതിയ ചക്രവാളത്തിലേയ്ക്ക്‌ നോട്ടം എത്തിക്കുന്ന ഉത്സുകനായ ഒരു യുവാവിനെ ഞാൻ കണ്ടിരുന്നു. എന്റെ ആ ദൂരക്കാഴ്ച ഇന്ന്‌ ഫലം അണിഞ്ഞുകാണുമ്പോൾ ഞാൻ ചരിതാർത്ഥനായിരിക്കുന്നു.

ഈ ഗ്രന്ഥത്തിലെ വ്യത്യസ്തമായ ഒരു ഭാഗം 'വാക്യങ്ങൾ' എന്ന സാരസൂക്തങ്ങളാണ്‌. മിക്ക വാക്യങ്ങളും സുഭാഷിതങ്ങൾ എന്ന വർഗ്ഗത്തിൽപ്പെടുത്തത്തക്കവണ്ണം  ചിന്തയുടെ പ്രകാശവും ബുദ്ധിയുടെ സൂക്ഷ്മതയും പ്രകടിപ്പിക്കുന്നവയാണ്‌.
 എങ്കിലും ഏകവാക്യങ്ങൾ അർത്ഥപൂർണ്ണിമയിലെത്താൻ  പ്രയാസമാണ്‌.  വാക്യത്തിന്റെ അർത്ഥം പൂർണ്ണമായി തീരുന്നത്‌, അന്യവാക്യങ്ങളുടെ സാഹചര്യം, സൃഷ്ടിക്കുന്ന പശ്ചാതലത്തിലാണ്‌.തത്ത്വമസി എന്നത്‌ ഒറ്റ മഹാവാക്യമാണെന്ന പ്രസിദ്ധിയുണ്ടായിട്ടും ശ്വേതകേതുവിന്റെ കഥയിൽ ആ വാക്യം വരുമ്പോഴാണ്‌ അതിന്റെ അർത്ഥം തെളിഞ്ഞുവരിക.
 നവാദ്വൈതത്തിന്റെ സുന്ദരമായ ഒരു ദൃഷ്ടാന്തമായിട്ടുണ്ട്‌  'ജലാത്മകത'. വെള്ളം എന്നും ഒരു ഒഴുക്കായിരിക്കുന്നതുപോലെ ചിന്ത എന്നും ഒരു നിത്യധാരയാണ്‌ എന്ന്‌ ചുരുക്കം. വെള്ളത്തെപ്പറ്റിയുള്ള പരമസത്യം അത്‌ സ്വയം നിരപ്പ്‌ കണ്ടെത്തുന്നു (water finds its level}എന്നതാണല്ലോ. വെള്ളം ഒഴുകുന്നത്‌ അതിന്റെ നിരപ്പ്​
കണ്ടെത്താനാണ്‌. നവചിന്തകൾക്ക്‌ നൂതനത്വം കൽപിക്കുന്നതിൽ യുക്തിഭംഗമുണ്ട്‌.
നവചിന്താപ്രവണത നൂതനമാണെങ്കിൽ  നവത്വം എന്തിനാണ്‌ ? നിരന്തരമായി നടക്കുന്നത്‌ ? പരിവർത്തനം നിരന്തരമാണെന്ന്‌  പറയുമ്പോൾ ആ പരിവർത്തനനിയമത്തിന്‌ എവിടെവച്ചെങ്കിലും ഒരു മാറ്റം ഉണ്ടാകണമല്ലോ.പരിവർത്തനം പരിവർത്തനവിധേയമാകുമ്പോൾ കേവലത -അഥവാ - വെള്ളത്തിന്റെ നിരപ്പ്‌ അനുഭവപ്പെടുന്നു.  ആ അനുഭവം മനുഷ്യന്‌ പ്രാപ്യമല്ലായിരിക്കാം. പക്ഷേ മാറ്റത്തിന്റെ പരമമായ പ്രേരണ ഇതാണ്‌.
 ശ്രീ ഹരികുമാർ ഈ വശം കണ്ടിട്ടുണ്ട്‌ എന്ന്‌ സമ്മതിക്കുന്നു. പക്ഷേ ചിന്താപരമായ നിശ്ചേഷ്ടത ഒരു ദേശീയ സംസ്ക്കാരമാക്കി ഉയർത്തിയവരുടെ മുമ്പിൽ അനസ്യൂതമായ നിരാസവാദം അതിന്റെ ഫലം ഉളവാക്കാതിരിക്കില്ല.
 ലോകത്തിലെ മഹാന്മാരുടെ ചിന്തകങ്ങളെല്ലാം ചേർന്ന്‌ ഒരു മഹാചിന്തയെ അവതരിപ്പിക്കുന്നു എന്ന ഒരു ഏകവാക്യം ഞാൻ കുറിക്കട്ടെ. ഈ ഗ്രന്ഥനിരൂപണത്തിൽ ഞാൻ പറയാൻ ഉദ്ദേശിച്ച ആശയം ഇതാണ്‌ : - ആചാര്യന്മാർ അദ്വൈതം  എന്ന ഈ പുസ്തകത്തിൽ നവാദ്വൈതം എന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലും, അവയുടെ വ്യത്യാസം  കൂടുതലും വായനാഭേദത്തിന്റേതാണ്‌. നമുക്ക്‌ ചിന്തകളുടെ  സമവായന ആണ്‌ ആവശ്യം ; വ്യത്യസ്തതയല്ല. വ്യത്യസ്തത, വേദത്തിൽ പ്രസ്താവിച്ചതുപോലെ വാക്കുകളുടെ വ്യത്യാസമാണ്‌ - സത്യം ഒന്ന്‌,  വിദ്വാന്മാർ പലതരത്തിൽ പറയുന്നു എന്ന പ്രശസ്ത സൂക്തം ശ്രദ്ധിക്കുക. തന്റെ വ്യത്യസ്ത വചനത്തിലൂടെ സത്യത്തിന്റെ  ഏകത്വം കണ്ടെത്താനുള്ള  ശ്രീ ഹരികുമാറിന്റെ അസാധാരണമായ അന്വേഷണസാഹസമായ ഈ ഗ്രന്ഥം അർത്ഥവത്തായ വിമർശനങ്ങൾക്കൊണ്ട്‌ ആദരിക്കപ്പെടട്ടെ എന്ന്‌ ആശംസിച്ചുകൊള്ളുന്നു.
 ഈ ഗ്രന്ഥം ഒരാശയനിവേദനമാണ്‌. ഇതിന്‌ മാനിഫെസ്റ്റോ എന്ന പൊതു പ്രസ്താവന സ്വഭാവമുള്ള പേര്‌ എത്രത്തോളം ഇണങ്ങും ?.

എന്റെ മാനിഫെസ്റ്റോ
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്‌
തൃശൂർ, വില : 85 രൂപ

Tuesday, May 17, 2011






എം. കെ. ഹരികുമാർ
എന്റെ മനിഫെസ്റ്റോ- അവലോകനം

Saturday, May 7, 2011

Friday, May 6, 2011



ദേശമംഗലം രാമകൃഷ്ണൻ





 "...പോയതിൽനിന്നിനിയെന്നോ വിരിയു-
ന്നായതിലേയ്ക്കു കുതിക്കുകയാണി
ന്നായത്തവിശ്വാസത്തോടു ഞങ്ങടെ
ഭാസുരചിന്താസങ്കൽപങ്ങൾ..." (വൈലോപ്പിള്ളി)

 പുതിയ പൊടിപ്പുകൾ, വിടർച്ചകൾ. അവയിലേയ്ക്കുള്ള ഓരോ കുതിപ്പും എത്തിച്ചേരുന്നത്‌ പുതിയ ലോകങ്ങളിലാണ്‌. ദൃഢീഭവിച്ച അവസ്ഥയിൽനിന്ന്‌, മൗലികവാദത്തിൽ നിന്ന്‌, നിരന്തരസ്വാതന്ത്ര്യവും നൂതനവുമായ ലോകത്തിലേയ്ക്കുള്ള അന്വേഷണയാത്രയാണത്‌. ഇങ്ങനെ സ്വയം പരിവർത്തനത്തിനു വിധേയമായില്ലെങ്കിൽ നവമായ അനുഭവം അസാധ്യമാകും. വസ്തുവിന്റെ, വ്യക്തിയുടെ, മൗലികവാദം ഉപേക്ഷിച്ച്‌ നടത്തുന്ന ആത്മീയാന്വേഷണമാണിത്‌. ഇതിനെയാണ്‌ ശ്രീ.എം.കെ.ഹരികുമാർ നവാദ്വൈതം എന്നു വിളിക്കുന്നത്‌. ആന്തരീകമാറ്റത്തിനു ശ്രമിക്കുന്തോറും സ്വയം നിരസിക്കപ്പെടുന്ന അവസ്ഥ കൈവരും. സ്വത്വനിരാസത്തിലൂടെ മാത്രമേ ഏതു യാഥാർത്ഥ്യവുമായും സഹവസിക്കാനും ലയിക്കാനും കഴിയൂ. ഇവിടെ മൗലികവാദനിരാസത്തിന്റെ പര്യായമായിട്ടാണ്‌ അദ്ദേഹം സ്വത്വനിരാസത്തെ പ്രതിഷ്ഠിക്കുന്നത്‌. അദ്വൈതവും നവാദ്വൈതവും തമ്മിൽ അടുപ്പവും അകലവുമുണ്ട്‌. ആദ്യത്തേതിന്റെ പൂരണമാണ്‌ രണ്ടാമത്തേതുകൊണ്ട്‌ സാധിക്കേണ്ടത്‌. അദ്വൈതത്തിൽ ഒരു ഭൂതസത്തയുണ്ട്‌. അതിൽനിന്നു ജനിച്ച വർത്തമാനഭാവികളാണ്‌ നവാദ്വൈതത്തിന്റെ അന്വേഷണമേഖല. വിരിഞ്ഞതിൽ നിന്നും വിരിയാനിരിക്കുന്നതിലേയ്ക്കുള്ള ത്വരയാണത്‌. "ഇന്നലെ വിരിഞ്ഞ പൂവിൽ ഇന്ന്‌ പുതിയൊരു പൂവിനെ കാണാൻ കഴിയുന്നില്ലെങ്കിൽ അവിടെ എഴുത്തിനു പ്രസക്തിയില്ല" (പുറം 42).
 "ഒന്നല്ലി നാമയി സഹോദരല്ലി പൂവേ
 ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം" (വീണപൂവ്‌: ആശാൻ)
 ഇതാണ്‌ അറിവിന്റെ അദ്വൈതം. "അദ്വൈതത്തിൽ വിഭിന്നങ്ങളായ വസ്തുക്കളും ആശയങ്ങളും ഇല്ലെന്നും എല്ലാം ബൃഹത്തായ ഒന്നിൽ നിക്ഷ്പിതമാണെന്നും പറയുന്നു. എന്നാൽ ഇതു മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌. അതായത്‌ നാം പിറവിയിൽതന്നെ അദ്വൈതത്തിന്റെ ഭാഗമാണ്‌. നാമത്‌ അറിയുകയേ വേണ്ടൂ. അതേസമയം നവാദ്വൈതത്തിൽ ഈ അറിവിനുവേണ്ടിയല്ല പോരാട്ടം... നാം ചിന്തിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്തതു കൊണ്ടുമാത്രം മൗലികവാദത്തിൽനിന്നു രക്ഷപ്പെടാനോക്കില്ല. സ്വയം നിരസിക്കണം. ഇതിന്‌ കർമ്മം വേണം. നാം മൗലികവാദപരമായ ആശയമാകാതിരിക്കുക എന്ന ശ്രമകരമായ ജോലിയാണത്‌. അതിൽ നിന്നു വികസിച്ചാണ്‌ നവാദ്വൈതിയാകുന്നത്‌." (പു.58). അദ്വൈതമെന്ന അറിവിനുവേണ്ടിയല്ല ഹരികുമാർ വീണപൂവിനെ ദർശിക്കുന്നത്‌. ആ പൂവിന്‌ അതിന്റേതായ അസ്തിത്വവും ആത്മീയതയുമുണ്ടെന്നും അത്‌ മറ്റൊന്നിനും ബദലായി നില കൊള്ളുന്നതല്ലെന്നുമാണ്‌ ഹരികുമാറിന്റെ കാഴ്ചപ്പാട്‌. ഭീഷണമായ ഒരു ലോകത്തിലെ പുഷ്പജന്മത്തിന്റെ ദർശനമാണത്‌. മൗലികവാദപരമായ ഭാവുകത്വത്തിന്റെയൊപ്പം നിൽക്കുന്ന നിരൂപകനല്ല അദ്ദേഹം.


 അദ്വൈതത്തിൽ പ്രതിഷ്ഠയുണ്ട്‌. ഓരോ വസ്തുവിന്റെയും അകത്തും പുറത്തും ഈ ബ്രഹ്മപ്രതിഷ്ഠയുണ്ട്‌. ഇതാണ്‌ മൗലികാവസ്ഥ. "നവാദ്വൈതത്തിൽ സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല. സ്വയമായി എന്താണോ, അതല്ലാതാകാനാണ്‌ ശ്രമിക്കുന്നത്‌'. (പുറം 76). നിരന്തര പ്രവൃത്തികളിലൂടെ മാറിക്കൊണ്ടിരിക്കണം. മാറ്റത്തിലൂടെ ലോകവുമായി കൂടിക്കലരണം. സ്വയംനിരസമുണ്ടെങ്കിലേ മാറ്റമുണ്ടാകൂ. ആ നിരാസപ്രക്രിയക്ക്‌ അന്ത്യമില്ല. ലോകസാത്മീകരണമാണ്‌ അതിന്റെ ലക്ഷ്യം. ഞാൻ ബ്രഹ്മമാണ്‌ എന്നുരുവിട്ടു നിലകൊണ്ടാൽ ജാഡ്യവും ജീർണ്ണതയുമാകും ഫലം. പലതായതെല്ലാം കൂടി ഒന്നാവുന്ന അദ്വൈതത്തിൽ ഈ ജീർണ്ണതയുണ്ടെന്നാകാം ഹരികുമാർ വിവക്ഷിക്കുന്നത്‌. 'ഏകോഹം ബാഹുസ്യാം' ആണ്‌ നവാദ്വൈതം എന്ന്‌ വിവക്ഷിക്കുന്നുണ്ടാവാം. വിവക്ഷിതമായ സാത്മീകരണത്തിന്‌ തടസ്സമായതെല്ലാം പരിവർജ്ജിക്കണം. ആ പരിത്യാഗം സാധ്യമല്ലായ്കയാൽ വിപ്ലവകാരിയും കലാകാരനുമെല്ലാം ജീർണ്ണതയിൽപ്പെട്ടു പോകുന്നു എന്നു ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നുണ്ടാവാം.
 മാറ്റം പ്രവാഹസദ്യശമാണ്‌. 'വെള്ളത്തിന്റെ ഒഴുക്കുപോലെ പുതുതാകുകയാണ്‌ ഓരോ നിമിഷവും (പുറം 76). ഒരിടത്തു തുടങ്ങി ഒരിടത്ത്‌ അവസാനിക്കാത്ത പ്രവാഹമാകണം അത്‌. ഒരു മതത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റെയും കെട്ടുപാടുകളില്ലാത്ത ആത്മീയതയുടെ ആവേഗമാണത്‌. 'നിർവ്യക്തീകരിക്കപ്പെട്ട ബദൽ ആത്മീയത.' എന്ന്‌ ഹരികുമാർ ഇതിനെ വിളിക്കുന്നു. ശരീരവും മനസ്സും, ഭൗതികതയും ആത്മീയതയും - ഈ ദ്വന്ദീകരണത്തിൽ അർത്ഥമില്ല. അവയുടെ സമന്വയത്തിലൂടെയാണ്‌ ജീവിതസംവേദനത്തിനുള്ള കരുത്തു നേടുന്നത്‌. എല്ലാവിധ ദർശനങ്ങളുടെയും സാഹിത്യങ്ങളുടേയും നൂതനമായ അർത്ഥസമന്വയങ്ങൾ സാധിക്കേണ്ടതുണ്ടെന്ന്‌ ഗ്രന്ഥകാരൻ രൂപകാത്മകമായി പ്രതിപാദിക്കുന്നു. "എല്ലാം ഒന്നാണ്‌ എന്നു പറയുന്നതിനെക്കാൾ, എല്ലാം പലതായിരിക്കെത്തന്നെ വിവിധ ആത്മീയതകളെ ഉൾക്കൊള്ളുന്നു എന്നതിനാണ്‌ നവാദ്വൈതം ഊന്നൽ നൽകുന്നത്‌. എന്നാൽ അപ്പോഴും ജീവിതത്തിന്‌ അതിന്റെ അതീതത്തലങ്ങളോട്‌ വൈരുദ്ധ്യം കാണുന്നുമില്ല" (പുറം-94) ഇപ്പോൾ ഹരികുമാറിന്റെ ആശയലോകത്തിന്റെ മർമ്മം തെളിമയോടെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

ചില നോട്ടങ്ങൾ
 ഒന്ന്‌: അനുഭങ്ങൾ അറിവുകളായിത്തീരുകയല്ല, നാം താൽക്കാലികമായി നിർമ്മിച്ചെടുക്കുന്ന അറിവുകളാണ്‌ അനുഭവമായിത്തീരുന്നതെന്ന ഒരു വ്യാഖ്യാനത്തിലൂന്നിയാണ്‌ ഹരികുമാറിന്റെ 'ആലോചന' ചലിക്കുന്നത്‌. യാഥാർത്ഥ്യം ഏകതാനമല്ലാതായി. അത്‌ ബഹുസ്വരങ്ങളെ ഉൽപ്പാദിപ്പിക്കുന്നു. വ്യക്തിത്വം എന്ന യാഥാർത്ഥ്യത്തിന്‌ അഥവാ സങ്കൽപത്തിന്‌ സാംഗത്യമില്ലാതായി. അതോടെ ഏകതാനമായ ഭാഷയും നഷ്ടപ്പെട്ടിരിക്കുന്നു. വിനിമയശേഷിയില്ലാത്ത 'വാക്കുകളുടെ മാംസപ്രദർശനം' നടക്കുകയാണ്‌. 'അതിവേഗം മുതലാളിത്തവൾക്കരിക്കുന്ന സമൂഹത്തിൽ ഭാഷയ്ക്കുമാത്രമായി അതിന്റെ ആന്തരികമായ ഹരിതസമൃദ്ധി നിലനിർത്താനാവില്ല" എന്ന തിരിച്ചറിവ്‌ പടരുകയാണ്‌. ഈവിധമായ നാശത്തിന്‌ എതിരെ സംസ്കൃതിയുടെ പുനർനിർമ്മാണം ആവശ്യമായിരിക്കുന്നു എന്നാണ്‌ ഹരികുമാർ ഉന്നയിക്കുന്നത്‌. സാഹിത്യത്തിൽ, പ്രത്യേകിച്ച്‌ കവിതയിൽ 'ഏതോ അർത്ഥം കുഴിച്ചിട്ടിരിക്കുന്നു' എന്ന ധാരണയ്ക്ക്‌ സാഗത്യമില്ലാതായിരിക്കുന്നു. സ്ഥാപനവൽക്കരണത്തിനെതിരെ അസ്തിത്വസ്വാതന്ത്ര്യത്തോടെ പോരാടണം. അപ്പോൾ സ്വയം നിരാസത്തിലൂടെ പുതിയ അർത്ഥങ്ങൾ അസ്തിത്വത്തിനും  സ്വാതന്ത്ര്യത്തിനും കണ്ടെത്താനാകും. ഓരോ ജീവിതപ്രക്രിയയിലും പാരായണ പ്രക്രിയയിലും ഈ മൗലികവാദനിരാസം (സ്വയംനിരാസം) ഉണ്ടാവണമെന്ന ഹരികുമാറിന്റെ കാഴ്ചപ്പാട്‌ സംഗതമാണ്‌. മൗലികവാദഭാവുകത്വം നമ്മെ എത്തിക്കുന്നത്‌ യാഥാസ്ഥിതികത്വത്തിലായിരിക്കും. ഇവിടെ ഭാവുകത്വത്തെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ നിലപാട്‌ നോക്കുക: പ്രത്യേക ചിന്തകളുള്ളവർക്കുമാത്രമായി എഴുതാനോക്കില്ല'. 'ഭാവുകത്വം ഭീഷണിയാണ്‌'- വിശേഷവൾകൃതമാണെന്നും അങ്ങനെ സ്വത്വം കൊഴിഞ്ഞ ഭാവുകത്വമാണ്‌ ഉള്ളതെന്നും വാദിക്കപ്പെടുന്നു. ആത്മാവ്‌ ഒഴിഞ്ഞുപോയ ശരീരങ്ങളാണ്‌ എല്ലാ ഭാവുകന്മാരുമെന്നാണെങ്കിൽ ഭാവുകത്വവും സാമാന്യവത്കൃതമാകും. ആനന്ദവർദ്ധനനും അഭിനവഗുപ്തനും ഭാവുകത്വത്തിന്‌ ഭീഷണിയാണ്‌ എന്നു കരുതുന്നുണ്ടെങ്കിൽ സംവേദനപ്രാപ്തിക്ക്‌ സംവരണം ഏർപ്പെടുത്തിയിട്ടു കാര്യമില്ലല്ലോ.


 രണ്ട്‌: 'ഭാവന മരിക്കുന്നില്ല' നേരത്തെ യാഥാർത്ഥ്യത്തിന്റെ ഏകതാനതയ്ക്കെതിരെ ബഹുസ്വരതയെ പ്രതിഷ്ഠിച്ചതുപോലെ, ഭാവനയുടെ ഏക രൂപത്തിനെതിരെ ഭാവനയുടെ വൈരുദ്ധ്യാത്മകമായ മിശ്രണം എന്ന സങ്കൽപനമാണ്‌ ഹരികുമാർ മുന്നോട്ടുവയ്ക്കുന്നത്‌. മുതലാളിത്തത്തിന്റെ വാണിജ്യവൽകൃതമായ ലോകത്ത്‌ 'മാനസികമായി പലതിനു വേണ്ടി ചിതറേണ്ടിവരുന്നത്‌' സാധാരണമായിരിക്കുന്നു. ഭാവനയിൽ കൂട്ടിക്കലർത്തലുകളും വൈരുദ്ധ്യങ്ങളുടെ വളഞ്ഞുപിടിക്കലും ആവശ്യമായിരിക്കുന്നു. ഭാവനാമിശ്രണത്തിലൂടെയാണ്‌ പുതിയ കാലത്തിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കേണ്ടിവരുന്നതെന്ന നിലപാട്‌ ഏറെക്കുറെ സംഗതമാണ്‌. ഉപയോഗശൂന്യമായ വിവിധതരം പാഴ്‌വസ്തുക്കളെ റീസൈക്കിളിലൂടെയോ പുനഃക്രമീകരണങ്ങളിലൂടെയോ പുതുവസ്തുക്കളാക്കിയെടുക്കുംപോലെ കലയുടെ ചവറുകളെ ഉപയോഗിച്ച്‌ പുതിയ കലകൾ ഉണ്ടാക്കാമെന്ന ഹരികുമാറിന്റെ ദൃഷ്ടാന്തപ്രക്രിയ രസാവഹമായിരിക്കുന്നു. ചുരുക്കത്തിൽ 'വസ്തുവിന്റെ വ്യവസായിക കമ്പോളമൂല്യം' കലയുടെ കമ്പോളമൂല്യമായി മാറിയിരിക്കുന്നു എന്ന കാഴ്ചയാണ്‌ ഹരികുമാർ അവതരിപ്പിക്കുന്നത്‌ (പുറം.50). സ്വയം തിരഞ്ഞെടുക്കുന്നതെന്തോ അതു തന്നെ അവനവന്റെ തത്ത്വവും പ്രയോഗവും-ശരിതന്നെ. 'എല്ലാതത്ത്വങ്ങളെയും പ്രയോഗങ്ങളെയും ഒരുവണ്ടിയിൽ പുറത്തേക്കു തള്ളാൻ' ഒരുമ്പെടുന്ന വഴിവാണിഭക്കാരന്റെ (പുറം.60). മിശ്രിതഭാവനയും വ്യാമിശ്രമായ യാഥാർത്ഥ്യവും ഒരുവേള എഴുത്തുകാരനും വാണിജ്യമുദ്രാവാക്യത്തോടെ അനുകരിക്കേണ്ടിവരും. വാണിജ്യവൽകൃതമായ, പ്രദർശനപരമായ, ഇന്നത്തെ മനുഷ്യപ്രകൃതിയുടെ വ്യാമിശ്രണക്കണ്ടുപിടുത്തങ്ങൾക്ക്‌ ഭീതിദവും കരുണാമയവുമായ ഫാന്റസികൾ സൃഷ്ടിക്കാൻ കഴിയും. ("വെട്ടുതുണികൾ ചേർത്തു തുന്നിയ, കണങ്കാലോളം വരുന്ന അങ്കിക്കുപ്പായമായിരുന്നു അത്‌. മുൻവശത്ത്‌ അരിവാളും ചുറ്റികയും ത്രിശൂലവുമുണ്ടായിരുന്നു. പിന്നിൽ, തുണിസഞ്ചിയിൽ നിന്ന്‌ വെട്ടിയെടുത്ത മയിലിന്റെയും ഗാന്ധിയുടെയും ചിത്രങ്ങളും"-ഖസാക്കിന്റെ ഇതിഹാസത്തിൽ അപ്പുക്കിളിക്ക്‌ മാധവൻനായർ തുന്നിക്കൊടുത്ത കുപ്പായത്തിലെ സൊ‍ാചക മിശ്രണം വായിച്ചെടുക്കാൻ എല്ലാവർക്കും ഒരേമട്ടിൽ സാധിക്കുമെന്ന്‌ തോന്നുന്നില്ല. അഭിവ്യഞ്ജക പ്രക്രിയ വിശേഷവൾകൃതഭാവുകത്വത്തിന്റെ കുത്തകയല്ല, അതു സർവ്വസാധാരണമാണ്‌ എന്ന്‌ പറയാമോ? - ശങ്കയുണ്ട്‌). 'ഖസാക്കിന്റെ ഇതിഹാസം' വൈരുദ്ധ്യാത്മകമായ ഘടകങ്ങളുടെ സൗന്ദര്യാത്മകമായ ഒരു എഞ്ചിനിയറിങ്ങാണെന്ന്‌ സമർത്ഥിക്കുന്നതിന്‌ ഹരികുമാറിന്റെ കലാപരമായ യുക്തികൾക്ക്‌ സാധിച്ചിരിക്കുന്നു.

 മൂന്ന്‌: സ്വയംനിരാസം, പരിവർത്തനം-ജീവിതത്തിനും കാവ്യജീവിതത്തിലും ആ രണ്ടു സങ്കൽപനങ്ങളും പ്രായോഗികമാക്കേണ്ടതുണ്ട്‌. പ്രായോഗികതയിലൂടെ മാത്രമേ അതിജീവിക്കാനാകൂ. നിശ്ചലതയെ നിരാകരിക്കുന്ന ജലപ്രവാഹമാണ്‌, ജലാത്മകതയാണ്‌, ഇവിടെ നിരൂപകന്റെ രൂപകം. സ്വയം നിരാകരണത്തിന്റെ കാതൽ വിശദമാക്കാൻ ഈ അന്യാപദേശരൂപകത്തിന്‌ കഴിയുന്നു. ജലം ഓർമ്മയിലൊന്നും സൂക്ഷിച്ചുവയ്ക്കുന്നില്ലെന്നും ഒഴുക്കിന്റെ സമസ്യകളും സ്വന്തം രൂപപരമായ സാധ്യതകളുമാണ്‌ അത്‌ സ്വപ്നം കാണുന്നതെന്നും ഹരികുമാർ ആരോപിക്കുന്നു. ഈ ആരോപം ഒരു 'വ്യാജനിർമ്മിതി' യാണെന്നു പറയാമെങ്കിലും അതിനും പൊരുൾ ഉണ്ടെന്നാണ്‌ ആഖ്യാനത്തിന്റെ അടരുകൾ പ്രതീതമാക്കുന്നത്‌. 'സ്വന്തം രൂപത്തെ എപ്പോൾ, എവിടെ വേണമെങ്കിലും നിരാകരിച്ച്‌, പുതിയതൊന്നായി മാറാമെന്നതാണ്‌ ജലാത്മകതയുടെ മന്ത്രം... 'ജലം സ്വന്തം നരകത്തെ ബാഹ്യവൽക്കരിക്കുന്നതിനായാണ്‌ തുളുമ്പുന്നത്‌'... 'വെള്ളത്തിന്റെ ഒരു നിമിഷം പലതാണ്‌. പലവെള്ളങ്ങളുണ്ട്‌ അതിൽ അവിടെ തന്നെ പല അസ്തിത്വങ്ങളുണ്ട്‌. പല നിരാസങ്ങളുണ്ട്‌' - പ്രതിഭാസിക ഭാവനകൊണ്ട്‌ ചമയ്ക്കുന്ന പ്രതീതി രൂപകങ്ങളെന്നോ ജലപ്രതീതികൾ കൊണ്ടുള്ള വെളിപ്പാടുകൾ എന്നോ വിളിയ്ക്കാവുന്ന ഈ ആഖ്യാന - വ്യാഖ്യാനത്തിൽ മനുഷ്യനെയാണ്‌, എഴുത്തുകാരനെയാണ്‌ അധ്യവസായം ചെയ്തിരിക്കുന്നത്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. നിരന്തരഗതിയുടെ പ്രത്യഭിജ്ഞയാണ്‌ ജലാത്മകത. ഭിന്നതകൾക്കപ്പുറത്തേക്കുള്ള പ്രവാഹം - അത്‌ എത്ര ജലാത്മകമായ ആത്മീയത എന്നു നവാദ്വൈത്വം.'ജലം ഒരു ചാവേറാണ്‌' എന്ന അരുൾ ('വാക്യങ്ങൾ': പുറം.109) ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്‌. അനിശ്ചിതമായ ഭാവിയിലേക്കുള്ള മനുഷ്യന്റെ - എഴുത്തുകാരന്റെ - സ്വയം തിരസ്കൃതമായ പോരാട്ടക്കുതിപ്പുകളുടെ സൊ‍ാചകമാണിത്‌. മൗലികവാദത്തിന്റെ നിരാസവും പരിവർത്തനത്തിന്റെ നൈരന്തര്യവും ധ്വനിപ്പിക്കുവാൻ അതിനു കഴിയുന്നു. ഹരികുമാർ എഴുതിയ ഈ ആഖ്യാന-വ്യാഖ്യാനത്തിന്റെ കേന്ദ്രീകൃത മോട്ടീഫ്‌ ജലബിംബമാണ്‌.
 ഹരിയുടെ ചിന്തകളും അവയുടെ വ്യന്യാസരീതിയും മൗലികമായിരിക്കുന്നു എന്നു പറഞ്ഞാൽ അത്‌ മൗലികവാദപരമാകുമോ എന്നു പേടിക്കുന്നു. വാക്കും ആത്മാവും ബദ്ധവൈരികളാകുന്ന ഈ വാണിജ്യവൽകൃതകാലത്തിൽ, തന്റെ കൃതിയെ മനസ്സൊഴിഞ്ഞുപോയ വാക്കുകളുടെ മാംസപ്രദർശനമാകാതെ നോക്കാൻ ഹരികുമാറിനു കഴിഞ്ഞിട്ടുണ്ട്‌.



എന്റെ മാനിഫെസ്റ്റോ:
എം.കെ.ഹരികുമാർ
പ്രസാ: ഗ്രീൻ ബുക്സ്‌, തൃശൂർ

Wednesday, May 4, 2011

courtesy:google
എഡിറ്റോറിയൽ:

പൂർണിമ:

പറന്ന് പരന്ന്:

love is an obsession


വേട്ട:

ഭ്രമം:

പരസ്യം:

ചരിത്രത്തിലെ ഉപമ:

ഇതുവഴി ഒരു പുഴ ഒഴുകിയിരുന്നു:

വഴിവെട്ടം:

രബീന്ദ്രം:

മലയളികൾ മൊത്തത്തിൽ അറിയുന്നതിന്‌:

വാക്ക്:

ആർദ്രവീണയ്ക്ക് വേണ്ടി എഴുതിയത്:

സംഭവത്തിന്റെ പൊരുളറിയുമ്പോൾ:

നവാദ്വൈതം- നിരാസവും നിർമ്മാണവും:

ചാട്ടം:

തേയ്ക്കൽ:

ലല്ലേശ്വരിയുടെ കവിത:

ഒരേയൊരു ലക്ഷ്യം നിയമസഭ:
കെ.ജി .ഉണ്ണികൃഷ്ണൻ

നിരൂപകന്റെ പ്രത്യഭിഞ്ജാദർശനം:
ദേശമംഗലം രാമകൃഷ്ണൻ

ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്:
ക്രിയേറ്റീവ് മൂവ്മെന്റ്
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.