Wednesday, May 19, 2010jose mylan
അഘോരം 5അടുക്കളയിൽ പലവേലകളിൽ മുഴുകി ജാനകിയുണ്ടെങ്കിലും, സാധാരണ ദിവസങ്ങളിലേതുപോലെ കുക്ക്‌ ചെയ്യാൻ അവളെ അനുവദിക്കാതെ എല്ലാം സ്വന്തം കൈകൊണ്ട്‌ ഉണ്ടാക്കണം എന്ന നിർബന്ധബുദ്ധിയോടെ ശാന്തമ്മ സാരി ഇടുപ്പിൽ തിരുകി പടയ്ക്ക്​‍്‌ തുനിഞ്ഞിറങ്ങിയിരിക്കുന്നു! കുളിച്ച്‌ ഈറനോടെ പൂജാമുറിയിൽ കയറി, ജപധ്യാനങ്ങൾക്കു ശേഷം പുറത്തിറങ്ങുമ്പോൾ പതിവുപോലെ നിർദ്ദേശങ്ങളും ശാസനങ്ങളും കേൾക്കാത്തതിനാൽ, അമ്മയുടെ ഭരണപരിധിയിൽ അതിക്രമിച്ചു കയറിയേക്കാമെന്ന്‌ കരുതി. വെളിച്ചെണ്ണയിൽ പപ്പടം കാച്ചുന്നതിന്റെ സുഗന്ധം അടുക്കളയിലും, പരിസരത്തും പടർന്നിരുന്നു. അറിയാമല്ലോ ശാന്തമ്മ അടുക്കളയിൽ കയറിയതിന്റെ രഹസ്യം.! ഹര്യേട്ടൻ വരുവല്ലേ ഇന്ന്‌.

തന്റെ അമേരിക്കയിലെ പ്രകടനം ടി.വി.യിൽ കണ്ടപ്പോൾ പെർഫോമൻസ്‌ ഉഗ്രനായിരുന്നെന്ന്‌ ഹര്യേട്ടൻ ഉടൻ വിളിച്ചറിയിച്ചിരുന്നു. തന്റെ ഏറ്റവും വലിയ ഫാനും വിമർശകനും ഏട്ടൻ തന്നെ. അതുകൊണ്ടുതന്നെ ഏട്ടന്റെ അഭിപ്രായത്തിന്‌ എന്നും വില കൽപിച്ചിരുന്നു .

ഡൽഹിയിൽ എൽ.എൽ.എം ചെയ്തുകൊണ്ടിരിക്ക്വാണല്ലോ ഏട്ടൻ. നാട്ടിൽ വച്ചൊന്നും ഒരിക്കലും ഒരുസ്നേഹവും പ്രകടിപ്പിച്ചിട്ടില്ല അങ്ങേർ. അച്ഛന്റെയും അമ്മയുടെയും ചിറകിനടിയിൽ നിന്നും വിട്ടകന്നപ്പോൾ മുതൽ സ്വതന്ത്രചിന്താഗതി വീണ്ടുകിട്ടിയെന്നു തോന്നി. അകന്നു നിന്നപ്പോഴാണ്‌ തന്നോട്‌ ഒത്തിരി സ്നേഹമുണ്ടെന്ന്‌ പോലും മനസ്സിലാകുന്നത്‌.അല്ലെങ്കിലും അകന്നു കഴിയുമ്പോഴാണല്ലോ സ്നേഹത്തിനു തീഷ്ണത കൂടുന്നത്‌. ഏട്ടൻ വരുന്നുവേന്ന്‌ വിളിച്ചറിയിച്ചപ്പോൾ മുതൽ ഉദ്വേഗത്തോടെ ദിനരാത്രങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നല്ലോ താനും. പുറത്ത്‌ കൂടുതൽ ബന്ധങ്ങളും സുഹൃത്തുക്കളും ഇല്ലാതിരുന്ന തന്റെ ഏറ്റവും വലിയ ഹീറോയും, കൂട്ടുകാരനും ഏട്ടൻതന്നെയായിരുന്നല്ലോ. കക്ഷിക്ക്‌ ഒരു ബറ്റാലിയൻ സുഹൃത്തുക്കളും പരിചയക്കാരുമുണ്ട്‌. ഒന്നോ രണ്ടോ ആരാധകരല്ല, ഒരു ഫാൻസ്‌ അസ്സോസിയേഷൻ തന്നെ വേണമെന്ന പക്ഷക്കാരനാണ്‌ ചങ്ങാതി. അച്ഛൻ കോടതിയിൽ പൊയ്ക്കഴിഞ്ഞിരിക്കുന്നു. തമ്പുരാന്റെ കേസിന്റെ വിധിവരാറായി എന്നതുകൊണ്ട്‌ ഇന്ന്​‍്‌ പോകാതിരിക്കാനാവില്ല എന്ന്‌ അച്ഛൻ അമ്മയോട്‌ പറയുന്നത്‌ കേട്ടു.

പാത്രത്തിൽ നിന്ന്‌ ഒരു പപ്പടമെടുത്ത്‌ പൊട്ടിച്ചു തിന്നുകൊണ്ട്‌ അരികിലെ സ്റ്റൂളിലിരുന്നു.

"എത്ര നേരമായി കാത്തിരിക്കുന്നു. ന്തേ അമ്മേ ഏട്ടൻ എത്താത്തെ" വിളിച്ചപ്പോൾമൊബെയിൽ സ്വിച്ച്‌ ഓഫ്‌ ചെയ്തിരിക്കുന്നു".

"റയിൽവേസ്റ്റേഷനിൽ നിന്നും ഇത്തറ്റം വരെ എത്തണ്ടേ കുട്ടാ". അമ്മ പറഞ്ഞു തീരുന്നതിനു മുൻപ്‌ കാളിംഗ്‌ ബെൽ മുഴങ്ങി.

"നിനക്ക്‌ പിന്നേം പൊക്കം വച്ചോ ശ്രീക്കുട്ടീ". കണ്ടവഴി ഹര്യേട്ടന്റെ ചോദ്യമതായിരുന്നു. ഇവൾക്കു പറ്റിയ ചെക്കനെ എവിടെപ്പോയിത്തപ്പും എന്റമ്മച്ചീ.." അമ്മയെ കെട്ടിപ്പിടിച്ച്‌ ഒരുമ്മ നൽകി ഹര്യേട്ടൻ.

പരിഭവം നടിച്ചുനിന്ന തന്നെ ചേർത്തുപിടിച്ച്‌ പുറത്തേക്കു നടന്നുകൊണ്ട്‌ ഏട്ടൻ പറഞ്ഞു.

"നമുക്ക്‌ ഒരു ഗസ്റ്റ്‌ കൂടിയുണ്ടെടീ".

ആകാംക്ഷാപൂർവ്വം പുറത്തേക്കു നോക്കിയപ്പോഴുണ്ട്‌ അയാൾ കടന്നുവരുന്നു. നല്ല കിളരമുണ്ട്‌. അമ്മയെ കണ്ടവഴി അയാൾ കാലിൽ തൊട്ടുവന്ദിച്ചു. ഉത്തരേന്ത്യൻ ആചാരം. ഒന്നു പകച്ചു നിന്ന തന്നെ നോക്കി പുഞ്ചിരിച്ചു.

"ഇത്‌ പ്രതാപ്ജി. എന്റെ സീനിയറായി പഠിച്ച ആളാ. ഞാൻ പറഞ്ഞിട്ടില്ലേ......" തിരിച്ചറിവിൽ അമ്മയുടെ മുഖം വിടർന്നു.

"ഉവ്വുവ്വ്‌.... അന്ന്‌ ഹരിയെ റാഗിംഗിൽ നിന്നും രക്ഷിച്ച......." പ്രതാപ്‌ പുഞ്ചിരിച്ചു. അമ്മ തുടർന്നു. "വല്യ കാര്യമായി മോനേ പഠിത്തം നിർത്തി ഇവൻ തിരിച്ചു പൊർവ്വാന്നു വരെ പറഞ്ഞതാ... കുട്ടീടെ ഹെൽപ്പില്ലായിരുന്നെങ്കിൽ" ചിരിച്ചുപോയി.തുടർച്ചയെന്നവണ്ണം അമ്മ ചോദിച്ചു

"എന്താടീ ചിരിക്കണെ" എന്റമ്മേ ഇദ്ദേഹം ഹിന്ദിക്കാരനാ. അതും രാജസ്ഥാനി. അമ്മ മലയാളത്തിൽ പറഞ്ഞാൽ എങ്ങിനെ മനസ്സിലാകാനാ."

"എനിക്ക്‌ മലയാളം അത്യാവശ്യം അറിയാം ശ്രീദേവീ..." അത്ഭുതപ്പെട്ടുപോയി. തനിക്കാണബദ്ധം പറ്റിയത്‌. നാക്കുകടിച്ചുനിന്നുപോയ തന്നെ സമാധാനിപ്പിക്കാൻ പ്രതാപ്‌ തുടർന്നു"ഹരി പറഞ്ഞിട്ടില്ലേ എന്റെ അമ്മ നിലമ്പൂരെയാ. ലക്ഷ്മീപുരം പാലസിലെ അംബികത്തമ്പുരാട്ടി. ഗ്രാൻപാ, ബ്രിഗേഡിയർ ഗോദവർമ്മരാജാ. അമ്മ ഡൽഹിയിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാ അച്ഛൻ അമ്മയെ കണ്ടതും വിവാഹം കഴിച്ചതും. ഇപ്പോ മനസ്സിലായോ മലയാളം പഠിച്ചതെങ്ങിനെയാണെന്ന്‌ " പ്രതാപ്‌ ചിരിച്ചു.

"ഈ ഹര്യേട്ടൻ അതൊന്നും പറഞ്ഞിട്ടില്ലാട്ടോ.." താൻ ജാള്യതയകറ്റാൻ പറഞ്ഞു.

"കഥകള്‌ പിന്നീട്‌ പറയാം. കുട്ട്യോള്‌ പോയി കുളിച്ച്‌ വാ. ഭക്ഷണം കഴിക്കേ ണ്ടേ". അമ്മ നിർദ്ദേശം നൽകി.

"ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്‌ ". പ്രതാപിനെയും കൂട്ടി ബാഗുമായി ഹര്യേട്ടൻ അപ്സ്റ്റെയറിലെ തന്റെ മുറിയിലേക്കു പോയി.

ഭക്ഷണം കഴിഞ്ഞ്‌ ഒന്നു റസ്റ്റു ചെയ്തേക്കാമെന്നു കരുതി മുകളിലേക്കു നടന്നു. പ്രതാപ്‌ കട്ടിലിലേക്കു വീണതും കൂർക്കം വലിച്ചുതുടങ്ങി. ടെറസ്സിൽ ഒളിച്ചു നിന്ന്‌ ഒരു സിഗരറ്റു കത്തിച്ചു കഴിഞ്ഞപ്പോഴാണ്‌ ശ്രീക്കുട്ടിയുടെ വിളി കേട്ടത്‌.

"ഹര്യേട്ടാ ദേ രാഹുകേതുക്കൾ കാണാൻ വന്നു നിൽക്കണൂ....." സിഗരറ്റ്‌ കളഞ്ഞ്‌ താഴേയ്ക്കു ചെന്നു.

"ആരാ കൊച്ചെക്കനും വേലായുധനുമാണോ" സ്റ്റെപ്പ്‌ ഇറങ്ങുന്നതിനിടയിൽ ചോദിച്ചു.

"അല്ലാതെ ഈ ഭൂമി മലയാളത്തിന്‌ ആരാ രാഹുകേതുക്കള ​‍്‌" അവൾ ചിരിച്ചുകൊണ്ട്‌ പോയി.

അടുക്കള വശത്ത്‌ വിടർന്ന ചിരിയോടെ നിൽക്കുന്നുണ്ട്‌ രണ്ടും. കൊച്ചുക്ലാസ്സിൽ ഒന്നിച്ച പഠിച്ചിട്ടുള്ളതാണ്‌ കൊച്ചെക്കൻ. തണ്ടാൽ മാധവന്റെ മകൻ. സാബു എസ്‌.മാധവൻ എന്നൊക്കെയാണ്‌ പേര്‌. പക്ഷേ അവന്റെ അമ്മ വിളിക്കുന്ന പേരാണ്‌ ഇപ്പോ എല്ലാവരും വിളിക്കുന്നത്‌. വേലു എന്ന വേലായുധൻ എട്ടുപത്തു വയസ്സിനു മൂത്തത്താണെങ്കിലും സുഹൃത്തുതന്നെയായിരുന്നു. അത്യാവശ്യം മോഷണവും തരികിടയുമായി നടക്കുന്നവനാണെങ്കിലും ഈ തറവാട്ടിലെ വിസ്വസ്തനാണ്‌ അവനും. അച്ഛനോട്‌ ആദരവുണ്ടെങ്കിലും തറുതലപറയാൻ മടിക്കാറില്ല പുള്ളി. പക്ഷേ അമ്മ എന്തെങ്കിലും ആവശ്യപ്പെട്ടാൽ അതു സാധിച്ചുകൊടുക്കാൻ മത്സരമാണ്‌ രണ്ടുപേരും. അമ്മയുടെ മുഖത്തുനോക്കി ഇല്ല എന്നൊരു വാക്ക്‌ പറയാൻ ആവില്ല രണ്ടു പേർക്കും. വേലുവിന്റെ അമ്മ മരിച്ചശേഷം കുഞ്ഞിലേ മുതൽ വന്നു കൂടിയതാണവൻ. കൊച്ചെക്കനും വേലുവും"കുഞ്ഞമ്മേ"എന്നാണമ്മയെ വിളിക്കുക. രണ്ടിനേം കണ്ടപ്പോൾ സന്തോഷമായി.

"കൊച്ചെക്കാ.... ആറുമാസംകൊണ്ട്‌ നീ അങ്ങ്‌ വളർന്നു പോയല്ലോടാ..."കൊച്ചെക്കൻ നിന്നു ചിരിച്ചു. വേലു വിശദീകരിച്ചു.

"അതേയ്‌.... വാറ്റിയേന്‌ പോലീസ്‌ പിടിച്ചിടിച്ചതാ...ഇവന്റെ മേലു മുഴുവൻ നീരാ ഹരിക്കുട്ടാ" വേലു പറഞ്ഞു.പരസ്പരം പണിയാൻ കിട്ടുന്ന ഒരവസരവും രണ്ടും പാഴാക്കാറില്ല.

"ങാഹാ പെമ്പിള്ളേരെ വാറ്റും തുടങ്ങിയോ. ആ സ്വഭാവം നിനക്കില്ലായിരുന്നല്ലോടാവേ"അയ്യയ്യേ...അതാമ്പിള്ളേർക്ക്‌ പറഞ്ഞിട്ടുള്ളതല്ലേ....ഇത്‌ ചാരായം വാറ്റിയേന്‌" മീശേ..... കഥകളെല്ലാം ഞാനും വിളമ്പുവേ......വേണ്ട....." കൊച്ചെക്കന്റെ താക്കീത്‌.

തുടങ്ങിയല്ലോ വഴക്ക്‌.... ഒരു മാറ്റവുമില്ല രണ്ടിനും..... ഈ വഴക്കും വക്കാണവുമുണ്ടെങ്കിലും എല്ലാക്കാര്യങ്ങളിലും അവർക്ക്‌ യോജിപ്പാണു താനും. പ്രാക്ടിക്കൽ ജോക്ക്സിനും മടിക്കില്ല രണ്ടും. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ വെള്ളമടിച്ചിരിക്കുമ്പോൾ പാരക്കഥകൾ അവരുടെ വായിൽ നിന്നു തന്നെ വീണതോർമ്മ വന്നു.

ശംഖൂരിപ്പുഴയോരത്തിരുന്ന്‌ രണ്ടും കൂടെ ആരോ കൊടുത്ത ഒരു ഫുൾ അടിച്ചു തീർത്തു. തിരിച്ചു പോന്നത്‌ നാലക്കാട്ടുകാരുടെ തെങ്ങിൻ തോപ്പിലൂടെയാണ്‌. മാനത്തു നോക്കിനടന്ന കള്ളൻ വേലു ഒരു വല്യചിരിയോടെ വിളഞ്ഞതേങ്ങയുള്ള ഒരു തെങ്ങിൽ അവന്റെ തലയിൽകെട്ടിയിരുന്ന പഴന്തോർത്ത്‌ എടുത്തു കെട്ടി അടയാളമിട്ടു വയ്ക്കുന്നതു കൊച്ചെക്കൻ കണ്ടു. രാത്രി മോഷ്ടിക്കാൻ കയറാനുള്ള സൗകര്യത്തിനാണ്‌. കാര്യം മനസ്സിലായ കൊച്ചെക്കൻ തിരിച്ചുവന്ന്‌ അടുത്തുനിന്ന, തലപോയ ഒരു തെങ്ങിൻ തൈയിലേക്ക്‌ തോർത്ത്‌ മാറ്റിക്കെട്ടി. പാവം വേലു രാത്രി അടയാളം തപ്പി വന്ന്‌ കയറിയത്‌ മണ്ടപോയ തെങ്ങിൽ ! താഴെ വീണെങ്കിലും മണലായിരുന്നതുകൊണ്ട്‌ കൈയും കാലും ഒടിയാതെ രക്ഷപെട്ടു. കൊച്ചെക്കനെ എടുത്തിട്ട്‌ നാലു പൂശു പൂശിയെങ്കിലും കലിതീരാതെ അവനിട്ടൊരു പണി മനസിൽ കുറിച്ചുവച്ചു.

വേനലായാൽ വീട്ടുമുറ്റത്തെ കിണറിൽ വെള്ളത്തിനൽപം ക്ഷാമമാണ്‌. അപ്പോൾ പറമ്പിലെ പഴയ കിണർ തേകിയിട്ട്‌ അതിൽ നിന്നാണ്‌ മോട്ടോർ ഉപയോഗിച്ച്‌ വെള്ളം എടുക്കുന്നത്‌. അമ്മ പറഞ്ഞതനുസരിച്ച്‌ രണ്ടും കൂടെ ഏണിയും തോട്ടിയും കയറുമായി കിണർ തേകാൻ രാവിലെ തന്നെ പറമ്പിലേക്കു പോയി.

കിണർ തേകാൻ പോയ കക്ഷികളെ ഉച്ചയൂണിനു കാണാതെ അന്വേഷിച്ചു ചെന്നു അമ്മ. കിണറിന്റെ പരിസരത്താരെയും കണ്ടില്ലെങ്കിലും തൊട്ടിയും കയറും മുളയേണിയും കരയ്ക്കിരിപ്പുണ്ടായിരുന്നു. തേകിക്കഴിഞ്ഞ്‌ അവന്മാർ എന്തെങ്കിലും ആവശ്യത്തിന്‌ മാറിയതായിരിക്കും എന്നു ധരിച്ച്‌ അമ്മ തിരിച്ചു നടന്നു. അതിനിടയിലാണു കിണറ്റിൽ നിന്ന്‌ അസാധാരണമായ എന്തോ ഒരു ശബ്ദം കേട്ടത്‌.

സംശയപൂർവ്വം ചെന്നു നോക്കിയ അമ്മ കണ്ടത്‌ നനഞ്ഞ മാക്കാൻ തവളയെപ്പോലെ കിണറ്റിൽ കുത്തിയിരിക്കുന്ന കൊച്ചെക്കനെയാണ്‌. തേക്കുകഴിഞ്ഞ്‌ തൊട്ടിയും കയറും മാറ്റിയിട്ട്‌ ഏണിവച്ചു കൊടുക്കാതെ വേലു സ്ഥലം വിട്ടുവത്രേ ! ആരെയൊക്കെയോ വിളിച്ചു വരുത്തി അമ്മ രക്ഷാപ്രവർത്തനങ്ങൾ നിർവഹിച്ചു. വൈകുന്നേരം വേലു ഒന്നുമറിയാത്ത ഭാവത്തിൽ എത്തി. പൊതിരെ കൊടുത്തു അമ്മ. പൊട്ടച്ചിരീം ചിരിച്ചുകൊണ്ട്‌ അമ്മയുടെ തല്ലും പിച്ചും മുഴുവൻ നിന്നു കൊണ്ടു വേലു. സംഭവങ്ങൾ ഓർത്തപ്പോൾ പൊട്ടിച്ചിരിച്ചുപോയി.

"എന്താ ഹരിക്കുട്ടാ ഓർത്തോർത്ത്‌ ചിരിക്കണെ" ഒന്നൂല്ലാ....ഓരോ കാര്യങ്ങള്‌ ഓർത്തപ്പം.......ങാ നിങ്ങൾക്കൊരു സാധനം കൊണ്ടുവന്നിട്ടുണ്ട്‌. ചുമപ്പൻ....

പരസ്പരം നോക്കിയിട്ട്‌ അവർ സന്തോഷ ഭാവത്തിൽ ചിരിച്ചു.

"ന്നാ സാധനം എടുക്ക്‌ ഹരിക്കുട്ടാ..... രാവിലെ മുതൽ പച്ചയാ" വേലായുധൻ നാക്കുകൊണ്ട്‌ ചുണ്ടു നനച്ചു. കൊച്ചെക്കനും ഒരു പ്രതീക്ഷയോടെ നോക്കി നിൽപുണ്ട്‌. പക്ഷേ ഇപ്പോ സാധനം എടുക്കുന്നതു കണ്ടാൽ അമ്മ അറിയും. ചെവിതല കേൾപ്പിക്കില്ല. എന്തായാലും റിസ്ക്‌ വേണ്ട.

"വൈകുന്നേരം പുഴക്കരെ നിന്റെ ഏറുമാടത്തിൽ വന്നേക്കാം. ങാ എന്റെ ഒരു കൂട്ടുകാരൻ കൂടിയുണ്ടാകും. നല്ല നാടനും, എന്തെങ്കിലും തൊടാനും കരുതി വച്ചേക്കണേ" ഏറ്റു ഹരിക്കുട്ടാ. മരുന്നിട്ട്‌ കാച്ചിയത്‌ ഞാൻ എടുത്തു വച്ചിട്ടുണ്ട്‌. അഞ്ചാറുകുപ്പി. ഹരിക്കുട്ടൻ വർവ്വാന്നറിഞ്ഞ്‌ ഉണ്ടാക്കിയതാ" ഒരു കുല കരിക്ക്‌ ഞാൻ സ്പോൺസർ ചെയ്തിരിക്കുന്നു". നെഞ്ചത്തു തട്ടി വേലു ഏറ്റു. ചിരിച്ചുപോയി, ആരുടെ ആയിരിക്കുമോ ഈശ്വരാ.. ചിലപ്പോൾ ഇവിടുത്തെ പറമ്പിൽ നിന്നു തന്നെ ആകാനം മതി. അവൻ തുടർന്നു."നേരത്തെ എത്തിയേക്കണേ..."

തലകുലുക്കി. അവർ സന്തോഷത്തോടെ പോകുന്നതുകണ്ട്‌ ഒന്നുറങ്ങാൻ കയറി.

എഴുന്നേറ്റപ്പോൾ അഞ്ചഞ്ചരയായി . പ്രതാപുമായി ചായകുടിക്കാനിരുന്നപ്പോഴാണ്‌ അച്ഛന്റെ ഫോൺ വന്നിരുന്നെന്ന്‌ അമ്മ പറഞ്ഞത്‌. അമ്മയും ശ്രീക്കുട്ടിയും വല്യസന്തോഷത്തിലാണെന്നു കണ്ടുപിടിച്ചു.

"എന്താമ്മച്ചീ ഒരു സന്തോഷം"ചോദിക്കാതിരിക്കാനായില്ല. പ്രതാപ്‌ കൗതുകപൂർവ്വം അമ്മയെ ശ്രദ്ധിച്ചു.

?അച്ഛൻ ഇന്നു വരില്ലത്രേ ! പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടത്രെ! രവിമാമ്മന്റെ വീട്ടിലായിരിക്കും രാത്രി തങ്ങുക എന്നും പറഞ്ഞു?.

"കൊള്ളാം. മൂവായിരത്തിൽ ചില്ലാനം കിലോമീറ്റർ ദൂരെ നിന്നാ ഞാൻ വന്നേക്കണത്‌. വന്നിട്ട്‌ അച്ഛനെ ഒന്നു കാണാൻ കൂടി പറ്റില്യാന്നു പറഞ്ഞാ....എന്താ അമ്മേ ഇത്ര വലിയ സംഭവം" ഒരു നിരാശ ശബ്ദത്തിലുണ്ടായിരുന്നോ" ശ്രീക്കുട്ടിയുടെ ചിരികേട്ട്‌ ദേഷ്യം വന്നു. അമ്മ വിശദീകരിച്ചു.

"അച്ഛൻ വല്ലാത്ത സന്തോഷത്തിലാ ഹരിക്കുട്ടാ... കോട്ടാരവും, കോട്ടയുമുൾപ്പെട്ട വസ്തുവകകളിൽ കാലങ്ങളായി നടന്നിരുന്ന വ്യവഹാരത്തിന്‌ വിധിയായി. എല്ലാം ശംഖൂരി രാജസ്ഥാനത്തേക്കു ചേർന്നതാണെന്ന്‌ കോടതി വിധിച്ചു". കേട്ടപ്പോൾ സന്തോഷിക്കാതിരിക്കാനായില്ല. അച്ഛന്റെ വളരെ സീനിയറും കൊലകൊമ്പനുമായ പത്മനാഭയ്യർ വക്കീലിനെയാണ്‌ അച്ഛൻ കൊമ്പുകുത്തിച്ചിരിക്കുന്നത്‌.

"ഗ്രേറ്റ്‌..... എത്രകാലമായി തുടങ്ങിയിട്ട്‌!... ചെറുപ്പത്തിലെ മുതൽ കേൾക്കുന്ന കേസാ"

"അടുത്തരാജാവായ ശക്തൻ തമ്പുരാനാ എല്ലാത്തിനും അവകാശി എന്ന്‌ കോടതി അസന്ദിഗ്ദമായി വിധിച്ചു എന്നാണച്ഛൻ പറഞ്ഞത്‌. റിസീവർ ഭരണത്തിലാണല്ലോ കൊട്ടാരവും കോട്ടയും വസ്തുവകകളുമെല്ലാം. അതുവെക്കേറ്റ്‌ ചെയ്യിക്കാനുള്ള ഏർപ്പാടിനാണത്രെ അച്ഛൻ താമസിക്കുന്നത്‌" എന്തൊക്കെയായാലും അച്ഛന്റെയും അമ്മയുടെയും സന്തോഷം തനിക്കും ഒരു ആനന്ദലഹരി നൽകുന്നതറിഞ്ഞു. അച്ഛനെ ഇപ്പോൾത്തന്നെ വിളിക്കണം. അഭിനന്ദനമറിയിക്കണം. തീരുമാനിച്ചു.

തോക്കും ഹെഡ്ലൈറ്റുമൊക്കെയിട്ട്‌ പ്രതാപുമായി ഇറങ്ങുമ്പോഴാണ്‌ ശ്രീക്കുട്ടിയുടെ കമന്റ്‌ വന്നത്‌.

"നാണല്ലല്ലോ ഹര്യേട്ടാ.... ഹണ്ടിങ്ങിനാണെന്നും പറഞ്ഞ്‌ എന്നും ഇറങ്ങും തോക്കുമായിട്ട്‌. ഇത്രേം കാലം പോയിട്ട്‌ ഒരണ്ണാനെ എങ്കിലും വെടിവച്ച ചരിത്രമില്ല. എന്തിനാ ഈ പാവത്തിനെ നടത്തി കഷ്ടപ്പെടുത്തുന്നേ" അമ്മയും പ്രതാപും ചിരിച്ചു. സത്യത്തിൽ ഇവൾക്കറിയില്ലല്ലോ തോക്കുമായി ഹണ്ടിംഗ്‌ എന്നു പറഞ്ഞിറങ്ങി സാധാരണ പോകുന്നത്‌ കൊച്ചെക്കന്റെ ഏറുമാടത്തിലിരുന്ന്‌ ആരുമറിയാതെ രണ്ടെണ്ണം അടിക്കാനാണെന്ന്‌. വിഡ്ഢിച്ചിരി ചിരിച്ചു. ഇറങ്ങുമ്പോൾ അമ്മ വീണ്ടും ഓർമ്മിപ്പിച്ചു എന്നത്തേയും പോലെ.

"നീ കാട്ടിലേക്കൊന്നും കേറണ്ട.... ശംഖൂരിക്കോട്ടേടെ അടുത്തു പോലും പോയേക്കല്ലേ....അധികം താമസിക്കാതെ വന്നേക്കണം കേട്ടോ...."

"ഇല്ലമ്മേ. കൊച്ചെക്കനേം വേലുവിനേം കൂട്ടിയേ ഞങ്ങള്‌ പോകൂ..." ഒരു തുറുപ്പു ചീട്ടിട്ടു. അവരെ തന്നേക്കാൾ വിശ്വാസമാണമ്മയ്ക്ക്‌. അമ്മയുടെ സ്വന്തം കിങ്കരന്മാരാണല്ലോ അവർ.

"അതു നന്നായി...." അമ്മയ്ക്കാശ്വാസമായി.

ഇരുൾ പരന്നു തുടങ്ങുന്നതിനു മുൻപുതന്നെ ഗ്രാമം ശൂന്യമാണെന്നു കണ്ടപ്പോൾ വിസ്മയം തോന്നി. ചായക്കടക്കാരൻ സെയ്തലവിയും കടമൂടാനെന്നവണ്ണം, പുറത്തു തൂക്കിയിരുന്ന വാഴക്കുലകൾ അകത്തേയ്ക്കെടുക്കുന്നതു കണ്ടു. ആൾ തന്നെ കണ്ടില്ല. സംസാരിക്കാൻ നിന്നാൽ സമയം പോകുമെന്നതിനാൽ കക്ഷി കാണാതെ വേഗം നടന്നു. പുഴക്കരയിലേക്കുള്ള ഇടവഴി കയറുമ്പോൾ വന പശ്ചാത്തലത്തിൽ നിന്നും കൊള്ളിക്കുറവന്റെ കൂവൽ കേട്ടു. ചുറ്റും നോക്കിയാസ്വദിച്ചു നടക്കുന്ന പ്രതാപിൽ കാലങ്ങൾക്കുശേഷം ഉത്സാഹം നാമ്പെടുക്കുന്നതുകണ്ട്‌ ഗോ​‍ൂഢമായി സന്തോഷിച്ചു. ഇങ്ങേരുടെ മൂഡ്‌ മാറാനുള്ള ഏറ്റവും നല്ല വഴിയാണിത്‌ എന്നറിയാം. ആൾവറിലെ സരിസ്കാ ടൈഗർ റിസോർട്ടിൽ വേട്ടയ്ക്കു പ്രതാപ്‌ കൊണ്ടുപോയപ്പോൾ അങ്ങേരുടെ ഹണ്ടിംഗിനോടും, കാടിനോടുമുള്ള അഭിനിവേശം മനസ്സിലാക്കിയിട്ടുള്ളതാണല്ലോ.

സരിസ്ക ടൈഗർ റിസോർട്ട്‌ ഗവൺമന്റ്‌ റിസ്സർവ്വ്വ്വ്‌ ഫോറസ്റ്റാണ്‌. രാജസ്ഥാൻ മുതൽ അങ്ങ്‌ ഡെറാഡൂണും ഋഷികേശും വരെ നീണ്ടു കിടക്കുന്ന ആയിരക്കണക്കിന്‌ ചതുരശ്ര കിലോമീറ്റർ വനഭൂമി. പിടി വീണാൽ പോയതു തന്നെ. പക്ഷേ രാജസ്ഥാനിലെ രാജാക്കന്മാർക്ക്‌ ഇന്നും ഒരു ഹരമാണ്‌ വേട്ട. ആൾവാർ രാജവംശത്തിന്റെ രാജകുമാരന്റെ അഭിരുചിയും വിഭിന്നമായിരുന്നില്ല. ഈ റിസ്‌ക്കുകളെല്ലാമെടുത്തു കൊണ്ടുതന്നെ ഒരു ഹിരണിനെ വെടിവച്ചു കടത്തിക്കാണിച്ചു പ്രതാപ്‌. അന്നു രാത്രി അദ്ദേഹത്തിൽ കണ്ട അതേ ഉത്സാഹം പ്രതാപിന്റെ മുഖത്തു കണ്ടപ്പോൾ അങ്ങേരുടെ മൂഡോഫ്‌ അകറ്റാനുള്ള മറുമരുന്ന്‌ കണ്ടെത്തി.

കൊച്ചെക്കന്റെ കസ്റ്റമേഴ്സ്‌ പതുക്കെ പോകാനുള്ള തിരക്കിലായിരുന്നു, സൂര്യൻ മറഞ്ഞ്‌ അന്ധകാരം നിഴലിട്ടു തുടങ്ങിയിരിക്കുന്നതേയുള്ളു. ശംഖൂരിപ്പുഴയുടെ തീരത്ത്‌ നദിയിലേക്കു നീണ്ടുനിൽക്കുന്ന പരന്നപാറക്കെട്ടും, അതിനിടയിൽ വളർന്ന മരവും അത്തരമൊരു ഏറുമാടത്തിനു യോജ്യമാണെന്നു കണ്ടെത്തി, അതുണ്ടാക്കിയ കൊച്ചെക്കനെ പ്രശംസിച്ചേ മതിയാകൂ. വനപശ്ചാത്തലം ഇരുൾ നിറഞ്ഞ്‌ ശംഖൂരിപ്പുഴയിൽ പ്രതിഫലിക്കുന്നതു കണ്ടു.

"വാഹ്‌ ......... ബ്യൂട്ടി ഫുൾ.....ലാ ജവാബ്‌ ലൊക്കേഷൻ ഹൈയാർ.... സിമ്പ്ലി ബ്രത്ത്‌ ടേക്കിംഗ" അങ്ങേരുടെ പ്രശംസ കേട്ടപ്പോൾ സന്തോഷമായി. വിടർന്ന കണ്ണുകളോടെ അങ്ങേർ ചുറ്റും നോക്കി അസ്വദിക്കുന്നതു കണ്ടു. ഓടിവന്ന വേലു ഹെഡ്‌ ലൈറ്റും ഷോൾഡർ ബാഗുമെല്ലാം വാങ്ങി ഏറുമാടത്തിൽ പിടിച്ചു കയറി, തങ്ങളെ ആനയിച്ചിരുത്തുമ്പോൾ അവസാനത്തെ കസ്റ്റമറെയും ബലമായി പറഞ്ഞയക്കുകയായിരുന്നു കൊച്ചെക്കൻ.

മുകളിൽ കയറിയിരുന്നതു വഴി ഷോൾഡർ ബാഗിൽനിന്നു റം ബോട്ടിലെടുത്ത്‌ വേലുവിന്റെ കൈയിൽ കൊടുത്തു. അതിലൊരുമ്മ കൊടുത്ത വേലുവിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ഒരിക്കൽ ഇവന്മാർക്ക്‌ സ്കോച്ച്‌ വിസ്കി കൊടുത്ത്‌ മണ്ടനായതോർമ്മ വന്നു. പാവങ്ങൾ ജീവിതത്തിൽ കഴിക്കാത്ത സാധനമാണല്ലോ എന്നോർത്താണ്‌ തനിക്കു കിട്ടിയ ഒരു ജോണീവാക്കർ ഇവർക്കു കൊണ്ടുവന്ന്‌ കൊടുത്തത്‌. സന്തോഷത്തോടെയാണ്‌ കക്ഷികൾ പൊട്ടിച്ചൊഴിച്ചടിച്ചതു. ഒറ്റവലിക്ക്‌ ഒന്നൊന്നര പേഗുവീതം അകത്താക്കിയിട്ട്‌ അവർ തന്നെനോക്കി ഒരു ആക്കിച്ചിരി ചിരിക്കുന്നതുകണ്ടു. ഇത്തിരി എരിവും പുളിയുമില്ലാത്ത, എലിക്കാട്ടത്തിന്റെ ടേസ്റ്റുള്ള ഈ സാധനം വെറും വേസ്റ്റാണെന്ന്‌ ലിക്കർ എക്സ്പേർട്ട്സ്‌ ആയ കൊച്ചെക്കനും വേലുവും കൂടെ പ്രഖ്യാപിച്ചു കളഞ്ഞു!. എന്തായാലും കക്ഷികളുടെ ടേസ്റ്റ്‌ മനസ്സിലായി. കേരളത്തിന്റെ ബോർഡറിനുള്ളിൽ ജോണിവാക്കർ കമ്പനിക്ക്‌ ഫാക്ടറി തുറക്കാൻ വല്ല പദ്ധതിയുണ്ടെങ്കിൽ അവരെ വിലക്കണമെന്ന്‌ തീരുമാനിച്ചു. ആ എപ്പിസോഡിനു ശേഷം അത്തരമൊരു സാഹസത്തിനു മുതിർന്നിട്ടില്ല. അടിച്ചാലുടൻ ഫിറ്റാകുന്ന ഇടിവെട്ട്‌ റമ്മേ അവർക്കുവേണ്ടി കരുതാറുള്ളൂ.

റോയൽ സ്റ്റൈലിലായിരുന്നു അവരുടെ പാർട്ടി. ചെത്തിവൃത്തിയാക്കി ഒരു ചാൺ നീളത്തിൽ മുറിച്ച മുളക്കുമ്പം അവർ എടുത്തുവച്ചു. പച്ചപ്പു മാറിയിട്ടില്ല. ഏറുമാടത്തിന്റെ ഇറയിൽ തൂക്കിയിരുന്ന സാധനമെടുത്തൊഴിച്ച്‌, മുഖം ചെത്തിമിനുക്കി വച്ചിരുന്ന കരിയ്ക്കെടുത്ത്‌ ഒറ്റച്ചെത്തിന്‌ തുളയിട്ട്‌ കരിക്കുവെള്ളം മുളക്കുമ്പത്തിലെ വാറ്റിലൊഴിച്ചു തന്നു .കുടിക്കാൻ മുളക്കുമ്പമുയർത്തുമ്പോൾ കൊച്ചെക്കൻ വിലക്കി.

"നില്ല്‌ നില്ല്‌ ....." ഒരു സാധനം കൂടിയുണ്ട്‌ " ഒരു പഴയകുപ്പിയിൽ നിന്നും ഈരണ്ടു ടീസ്പൂൺ ചെറുതേനൊഴിച്ച്‌ ഈറ്റക്കമ്പുകൊണ്ട്‌ ഇളക്കിത്തന്നു കൊച്ചെക്കൻ. എല്ലാം ആഹ്ലാദത്തോടെ കണ്ടിരുന്ന പ്രതാപിന്‌ കുടിക്കാൻ വേലു അനുമതി നൽകി .

"ഇനി അടിച്ചാട്ടെ സാറെ" അതൊന്നു മണത്ത്‌ സംശയത്തിന്റെ ചിരിയോടെ പ്രതാപ്‌ തന്നെ നോക്കി.

"അടിച്ചോ.....യേ ഖാദിഗ്രാമോദ്യോഗ്‌ വാലാഹൈ...... പിയോ. രാജാക്കന്മാർക്കു മാത്രം വിധിച്ച ഡ്രിംഗാ...."

അടിക്കുമ്പോൾ ഒരു കണ്ണടഞ്ഞു പോകുന്നു. എന്തൊക്കെയോ ആയുർവ്വേദ മരുന്നുകളുടെ രുചിയോ ഗന്ധമോ.... വ്യക്തമായി നിർവ്വചിക്കാനാകുന്നില്ല. പ്രതാപ്‌ ഒറ്റയടിക്ക്‌ രുചിയോടെ കുടിച്ചിട്ട്‌ മുളക്കുമ്പം താഴെവച്ച്‌ അഭിപ്രായമറിയിച്ചു.

"ബെറ്റർ ദാൻ സ്കോച്ച്‌ " ?ഇവനാ....... ഈ കൊച്ചെക്കനാ ഇതിന്റെ രാജശിൽപി...."വാഴയിലയിൽ നാടൻ കോഴി സ്റ്റയിലായിട്ട്‌ വറുത്തരച്ച്‌ പിറളനാക്കി വച്ചതു വിളമ്പുന്നതിനിടയിൽ കക്ഷി അംഗീകാരം പുഞ്ചിരിയോടെ ഏറ്റുവാങ്ങി. കോഴിയുടെ ഹൃദ്യമായ മസാലപുരണ്ട ഗന്ധം പരന്നു. രണ്ടു സ്പൂണുകളും കരുതിയിരുന്ന കൊച്ചെക്കൻ.

"അല്ല. നിങ്ങളുടെ സാധനം എന്ത്യേ കഴിക്കുന്നില്ലേ". "അതു കഴിക്കാനെന്തു താമസം വേണം ഹരിക്കുട്ടാ". കാലിന്റെ ഇടുക്കിൽ തിരുകിവച്ചിരുന്ന റം ബോട്ടിൽ പൊക്കിക്കാണിച്ചു വേലു. " ഇച്ചിരി നേരം ഇവളെയൊന്നു കെട്ടിപ്പിടിച്ചിരിക്കട്ടെ" പ്രതാപ്‌ പൊട്ടിച്ചിരിച്ചു.

"ഒരു സാധനം കൂടിയുണ്ട്‌". കൊച്ചെക്കൻ വാഴയിലയിൽ പൊതിഞ്ഞ ഒരു പൊതി നിവർത്തി. തനിക്കു പ്രിയപ്പെട്ട ഉണക്കിറച്ചി മുളകരച്ച്‌ വറുത്തു വച്ചിരിക്കുന്നു.കാട്ടുപോത്താണ്‌.

"ഹരിക്കുട്ടനു ഇത്‌ വല്യ ഇഷ്ടാന്നറിയാം" "എവിടന്നു കിട്ടി"

"കുഞ്ഞോനാച്ചൻ ചേട്ടൻ ഈറ്റക്കൂപ്പിൽ നിന്നു കൊണ്ടു വന്നതാ" ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറിയിലേക്ക്‌ ഈററ സപ്ലൈചെയ്യുന്ന ഗീവർഗീസുചേട്ടന്റെ പ്രധാന കങ്കാണിയാണ്‌ കുഞ്ഞോനാച്ചൻ.

"കഴിഞ്ഞമാസം ഒരഞ്ചു കിലോ കിട്ടിയിരുന്നത്‌ ഉണങ്ങിവച്ചതാ. ഹരിക്കുട്ടന്‌ വല്യ ഇഷ്ടാന്നറിയാം. ആസ്വദിച്ചു കഴിക്കുന്ന പ്രതാപിന്റെ മുഖത്ത്‌ പണ്ടത്തെ പ്രതാപിന്റെ ഛായ പടരുന്നതു കണ്ടു. അങ്ങേർക്ക്‌ ഒരെണ്ണം കൂടി പകർന്നു കൊടുത്തശേഷം റമ്മിന്റെ കഴുത്തിൽ പിടിച്ചൂ കൊച്ചെക്കൻ.

വെള്ളം ഒഴിച്ചെന്നു വരുത്തി അവന്മാർ രണ്ടും അടിക്കുന്നത്‌ ഒരു രസത്തോടെ നോക്കിയിരുന്നു. വാഴയിലപ്പൊതിയിൽ നിന്ന്‌ രണ്ടും കൈയിട്ട്‌ വാരിത്തിന്നുന്നത്‌ കണ്ട്‌ പ്രതാപ്‌ ആസ്വദിച്ചു ചിരിച്ചു. പഴം കഥകൾ പൊടിപ്പും തൊങ്ങലും വച്ച്‌ വേലു പറഞ്ഞുതുടങ്ങി . അതിൽ താൽപര്യമില്ലാതെ ദൂരേയ്ക്കു നോക്കിയിരുന്ന പ്രതാപ്‌ പെട്ടെന്നു ചോദിച്ചു.

"അക്കാണുന്നതെന്താ"....... ദൂരെ മലമുകളിലേക്ക്‌ വിരൽ നീണ്ടിരുന്നു.

"അതാണ്‌, ദി ഗ്രേറ്റ്‌ ഫോർട്ട്‌ ഓഫ്‌ ശംഖൂരി " "ലുക്ക്സ്‌ ജസ്റ്റ്‌ ലൈക്ക്‌ ഔർ ഫോർട്ട്‌ ഇൻ ആൾവാർ നോ" "യാ എക്സാക്ട്ലി" ഇവിടെ പോകരുതെന്നല്ലേ അമ്മ വിലക്കിയത്‌ ?

"പക്ഷേ പോകും". വാറ്റിന്റെ ലഹരിയിൽ വിലക്കുകൾ മറന്നു.

"ശ്രീക്കുട്ടിയുടെ കളിയാക്കൽ പ്രതാപ്ജി കേട്ടതല്ലേ.... അവിടെ ഇഷ്ടം പോലെ മൃഗങ്ങളുണ്ട്‌. ഇന്ന്‌ ഒരെണ്ണത്തിനെയെങ്കിലും തട്ടിയിട്ടേ ഞാനുള്ളൂ...."കൊച്ചെക്കനും വേലുവും സ്റ്റിഫ്‌ ആകുന്നതു കണ്ടു.

"അരുത്‌ ഹരിക്കുട്ടാ..... അതുമാത്രം വേണ്ട...... ഇവിടെ നടക്കുന്ന സംഭവങ്ങൾ വല്ലതും അറിയാമോ.... ഈയൊരു മാസത്തിൽ രണ്ടെണ്ണമാ കാണാതായത്‌. വെടിക്കാരൻ തോമ....... പിന്നെ പ്ലാന്റർ ബേബിച്ചൻ" "എങ്ങിനെ" അക്കഥ അറിഞ്ഞിരുന്നില്ലല്ലോ.

"ശംഖൂരിപ്പിശാച്ച്‌......അത്‌ പഴയത്തിനേക്കാളും ഉഷാറായിക്കഴിഞ്ഞു?.

"ഇപ്പം ഇരുട്ടിയാൽ ഗ്രാമത്തിൽ ഒരു മനുഷ്യജീവിയും കാണില്ല. എല്ലാം കൂരപറ്റും. അത്ര പേടിച്ചാ ജനം കഴിയുന്നേ...? വേലു കൂടെക്കൂടി. അവരുടെ മുഖങ്ങളിലെ ഭാവം പാനീസു വിളക്കിന്റെ വെട്ടത്തിൽ വ്യക്തമായിക്കാണാം. ഭീതി.....ശംഖൂരിപ്പേടി! സംഭാഷണത്തിന്റെ വ്യതിചലനവും നിഴൽ വിഴ്ത്തിയ ഭീതിയുടെ സ്പർശവുമെല്ലാം പ്രതാപ്‌ ഒരു കൗതുകത്തോടെ നോക്കിയിരുന്നു.

ഇങ്ങോട്ട്‌ പോരുമ്പോൾ ഗ്രാമം വിജനമായിക്കഴിഞ്ഞിരുന്നെന്ന്‌ ഓർമ്മിച്ചു. ഓഹോ അപ്പോ ആ ശംഖൂരിപ്പേടി വീണ്ടും ഉയിർത്തെഴുന്നേറ്റ്‌ ജനപദത്തെ ഗ്രസിച്ചിരിക്കുന്നു. പക്ഷേ അതൊന്നും തനിക്ക്‌ പ്രശ്നമല്ല. ഒരെണ്ണം കൂടി അടിച്ചിട്ട്‌ പ്രഖ്യാപിച്ചു.

"ആരു വന്നാലും വന്നില്ലേലും ഞാൻ പോകും. ഇന്ന്‌ എന്തിനെയെങ്കിലും വെടിവച്ചിട്ടു തന്നെ കാര്യം" തന്റെ പ്രകൃതം അറിയാമെങ്കിലും എങ്ങിനെയെങ്കിലും പരിപാടി ഒഴിവാക്കാൻ അവർ ഒരു ശ്രമം നടത്തി നോക്കി. അവസാനം അവർ വഴങ്ങും എന്നു തനിക്കറിയാമല്ലോ. ഏറുമാടത്തിനു താഴെയിറങ്ങി ഒരു സിഗരറ്റ്‌ കത്തിക്കുമ്പോഴേയ്ക്കും കള്ളും ടച്ചിംഗ്സും ഷോൾഡർ ബാഗിലാക്കി എളിയിൽ കഠാര തിരുകി കൊച്ചെക്കനും, വാക്കത്തിയും ടോർച്ചുമെടുത്ത്‌ വേലുവും തയ്യാറായി. പ്രതാപ്‌ വല്ലാത്ത ത്രില്ലിലായിരുന്നു. കാടിന്റെ ലഹരി.

ഇടവഴിയിലൂടെ നടക്കുമ്പോൾ ശ്രദ്ധിച്ചു നടക്കണമെന്ന്‌ പ്രതാപിനോട്‌ പറഞ്ഞു. ഇഷ്ടം പോലെയാണ്‌ പാമ്പുകൾ. പ്രതാപ്‌ പുഞ്ചിരിയോടെ തലകുലുക്കി, വനഭൂമിയും പട്ടയഭൂമിക്കുമിടയിൽ ജണ്ടയിട്ട്‌ തിരിച്ചിരിക്കുന്നു. ചെറിയൊരു മുൾവേലിയുമുണ്ട്‌. അതെടുത്തു ചാടാൻ ബുദ്ധിമുട്ടുണ്ടായില്ല. കാട്ടിൽ കയറിയതോടെ അവർ നിശ്ശബ്ദരായി. വേലുവിന്റെയും കൊച്ചെക്കന്റെയും മുഖങ്ങൾ ഭീതികൊണ്ട്‌ വിളറിയിരിക്കുന്നത്‌ ഹെഡ്ലൈറ്റിന്റെ വെട്ടത്തിൽ കണ്ടു.

ശംഖൂരിപ്പേടി ഒരു തരംഗം പോലെ തന്നിലും പടരുകയാണോ? അറിയാതെ നട്ടെല്ലിലൂടെ അരിച്ചു കയറുന്നത്‌ ഭീതിയാണോ. അടുത്ത നിമിഷം! ഹെഡ്‌ ലൈറ്റിന്റെ വെളിച്ചം പതിഞ്ഞത്‌ ജ്വലിക്കുന്ന ആ രണ്ടു കണ്ണുകളിലാണ്‌. ഒരാക്രന്ദനം ഉയർന്നു.

ചാടിയെഴുന്നേറ്റ രൂപത്തെ പൊന്തക്കിടയിൽ വ്യക്തമായി കണ്ടപ്പോൾ ഭയന്നതിന്‌ തന്നെ സ്വയം ശാസിച്ചു.തന്റെ സ്റ്റാറിന്റെ ലക്ക്‌. താഴ്‌ വാരങ്ങളിൽ സാധാരണ കാണാറില്ലായിരുന്നെങ്കിലും കാട്ടാടിന്റെ രൂപം ഹെഡ്ലൈറ്റിൽക്കുളിച്ച്‌ പൊന്തയ്ക്കിടയിൽ ബ്ലിങ്കി നിൽക്കുന്നതു കണ്ടപ്പോൾ ആനന്ദം കൊണ്ട്‌ തുടിച്ചു. തോക്കുയർത്തിയതേതു നിമിഷമാണെന്നോ, വെടിവച്ചതു എപ്പോഴാണെന്നോ ഓർമ്മയില്ല. ഉരു താഴെ വീണു പിടഞ്ഞു. വെടിയൊച്ച, നിശ്ശബ്ദമായിരുന്ന കാട്ടിലും മലമടക്കുകളിലും പ്രതിദ്ധ്വനിച്ചു. വിജയ ലഹരിയോടെ പ്രതാപിനെ നോക്കി പുഞ്ചിരിച്ചു.വീണു കിടക്കുന്ന ഉരുവിനരുകിലേക്ക്‌ കത്തിയൂരിക്കൊണ്ട്‌ വേലുവും കൊച്ചെക്കനും പാഞ്ഞു.

?ജീവിതത്തിൽ ആദ്യമായി അങ്ങിനെ ഒരുരുവിനെ തട്ടി. തോക്കുതാഴ്ത്തിക്കൊണ്ട്‌ കൃതാർത്ഥതയോടെ പറഞ്ഞു. ഇനി ശ്രീക്കുട്ടിയുടെ മുമ്പിൽ ചളിപ്പില്ലാതെ ചെല്ലാം?. പ്രതാപിന്റെ റിയാക്ഷൻ എന്താണെന്ന്‌ ഇരുട്ടിൽ കാണാൻ പറ്റിയില്ല. ഉരുവിന്റെ അടുത്തേക്കു നടന്ന തന്നെ അങ്ങേർ അനുഗമിച്ചു .

"ഇതു കാട്ടാടല്ല നാട്ടാടാ" ഉരുവിനെ മറിച്ചിട്ടുകൊണ്ട്‌ കൊച്ചക്കനും വേലുവും പൊട്ടിച്ചിരിച്ചു.

"ഇന്നലെ കുഞ്ഞോനാച്ചൻചേട്ടന്റെ ഒരാടിനെ കാണാതായെന്ന്‌ അന്നപ്പെമ്പിള പറയുന്നതു കേട്ടു. അതായിരിക്കും സാധനം". വേലു പ്രഖ്യാപിച്ചു" ഞാനൊരു പാവം കള്ളനായതുകൊണ്ട്‌ എന്റെ തലേലിരുന്നേനെ കുറ്റം".

ഇപ്പോൾ പൊട്ടിച്ചിരിച്ചതു പ്രതാപാണ്‌. നിർത്താതെയുള്ള തലതല്ലിയുള്ള ചിരി. ജാള്യതയോടെ നിൽക്കുമ്പോഴും കാലങ്ങളായി ചിരിച്ചുകാണാത്ത പ്രതാപിന്റെ ഇത്തരത്തിലൊരു ചിരി വീണ്ടും കണ്ടതിന്റെ സന്തോഷമായിരുന്നു മുന്നിട്ടു നിന്നത്‌. അതിനിടെ മനസിൽ കൂട്ടലും കിഴിക്കലും നടന്നുകൊണ്ടിരുന്നു. നിയമ വിദ്യാർത്ഥിയുടെ കുരുട്ടു ബുദ്ധി നിമിഷത്തിനകമാണ്‌ പ്രവർത്തിച്ചതു.

"വെടികൊണ്ടത്‌ നാട്ടാടിനല്ല....കാട്ടാടിന്‌........മനസ്സിലായോ" ഒന്നും മനസ്സിലാകാത്തപോലെ വാപൊളിച്ചു നിന്നു വേലുവും കൊച്ചെക്കനും.

"തൊലിയുരിഞ്ഞ്‌ ഇറച്ചി മാത്രം കൊണ്ടോയാൽ മതി. ഇതെങ്ങാനും നാട്ടാടാണെന്ന്‌ വീട്ടിലറിഞ്ഞാൽ രണ്ടിനേം കാച്ചിക്കളയും . മനസ്സിലായോടാവേ... ങാ തൊടങ്ങിക്കോ" അതുശരി അപ്പം അതാ കളി അല്ലേ" ങും ങും.... എന്റെ വായീന്ന്‌ കമാന്ന്‌ ഒരക്ഷരം വിഴില്ല. പോരെ."ചിരിച്ചുകൊണ്ട്‌ രണ്ടും കത്തി മിനുക്കിത്തുടങ്ങി. വല്ലാത്ത അമളിയാണു പറ്റിയത്‌. പക്ഷേ വീണതു വിദ്യയാക്കിയേ മതിയാകൂ. ശ്രീക്കുട്ടീടെ മുന്നിൽ ഒന്നു പിടിച്ചു നിൽക്കാൻ ഒരുവഴി വീണു കിട്ടിയതാണ്‌.

ചന്ദ്രക്കലയെ പൊതിഞ്ഞിരുന്ന മേഘം ഒഴിഞ്ഞുമാറി നല്ലനിലാവു പരന്നു. ഷോൾഡർ ബാഗുമെടുത്ത്‌ അടുത്തുകണ്ട പാറമേലിരുന്നു. അവർ ആടിനെ ശരിപ്പെടുത്തുന്നതുകണ്ടുകൊണ്ട്‌ കുപ്പിയും ഗ്ലാസ്സും ടച്ചിംഗ്സും എടുത്തു നിരത്തി. ഒരെണ്ണം പ്രതാപിന്‌ ഒഴിച്ചു നീട്ടി. ഒരെണ്ണം ഒഴിച്ച്‌ താനും അടിച്ചു. കൈനീട്ടിക്കൊണ്ടുവന്ന വേലുവിന്റെ കയ്യിലേക്ക്‌ അവരുടെ കുപ്പി ഇട്ടുകൊടുത്തു. ആട്ടിറച്ചി വാർന്നെടുക്കുന്നതിനിടയിൽ അവന്മാർ അതു കാലിയാക്കി. പോക്കറ്റിൽ നിന്നും ഒരു സിഗരറ്റെടുത്ത്‌ കത്തിച്ച്‌ പുകയൂതി വിട്ടപ്പോൾ സാഹസികമായ ദിവസത്തിന്‌ ഒരു പൂർണ്ണത കൈവന്നതു പോലെ തോന്നി.

Chapter-6

തമ്പുരാൻ കേസിൽ ജയിച്ചു എന്നറിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു ആഹ്ലാദമായിരുന്നു. ഒപ്പം ഒരു നഷ്ടബോധവും. അന്നു കാണാനാവാതെ പിരിഞ്ഞപ്പോൾ മുതൽ മറക്കാൻ ശ്രമിക്കയായിരുന്നു. മനസിൽ ഒരു പൊട്ടമോഹം കൊണ്ടുനടന്ന്‌ നോവുന്നതിനേക്കാളും, മുളയിലേ തന്നെ ആ മോഹം നുള്ളിക്കളയാനായല്ലോ എന്നാശ്വസിച്ചു. എന്നിരുന്നാലും ഒരുമോഹഭംഗംപോലെ, ഒരു ഇറസിസ്റ്റബിൾ ഫോഴ്സ്‌ പോലെ ആമുഖം ഇടയ്ക്ക്‌ ഹോണ്ട്‌ ചെയ്യാറുണ്ട്‌. എങ്കിലും ഒരു വിധം സമാധാനത്തോടെ ഇരിക്കുമ്പോഴാണ്‌ തമ്പുരാൻ ഉടൻതന്നെ നാട്ടിൽ തിരിച്ചെത്തുമെന്ന്‌ അമ്മ പറഞ്ഞു കേട്ടത്‌. പണിപ്പെട്ടൊതുക്കിയ മോഹങ്ങൾ വീണ്ടും കുതികൊണ്ടു തുടങ്ങി. വല്ലാത്ത ഒരു ഹർഷോന്മാദം. ഒന്നും ചെയ്യാനാവാതെ വീട്ടിനുള്ളിലും തൊടിയിലും ചുറ്റി നടന്നു. എപ്പോഴാണ്‌ അദ്ദേഹം വരുന്നതെന്ന്‌ അച്ഛൻ പറഞ്ഞില്ല.

നേരമിത്രയായിട്ടും ഹര്യേട്ടനും പ്രതാപും ഉണർന്നിട്ടില്ല. എപ്പഴാണോ വന്നു കിടന്നത്‌. ഇന്നലെ തന്റെ കമന്റ്‌ കേട്ട്‌ വാശികയറിയിട്ടാണത്രേ ഏട്ടൻ വേട്ടയ്ക്ക്‌ വനത്തിന്റെ ഉള്ളിലേക്ക്‌ കടന്നത്‌. ഭാഗ്യത്തിന്‌ ഒത്തിരി അലയുന്നതിനുമുൻപ്‌ ഒരു കാട്ടാടിനെ കിട്ടി. ഇല്ലെങ്കിൽ ശംഖൂരിക്കോട്ടയുടെ അടുത്തു വരെപ്പോയാലും വേണ്ടില്ല ഒന്നിനെ വെടിവച്ചേ അടങ്ങൂ എന്നായിരുന്നു ഏട്ടൻ പറഞ്ഞതെന്ന്‌ കൊച്ചെക്കൻ സ്വകാര്യമായി തന്നോട്‌ പറഞ്ഞു. എന്തായാലും ഇനി ചേട്ടനെ പ്രകോപിപ്പിക്കില്ല എന്നു തീരുമാനിച്ചു. ആശാന്മാർ രണ്ടും എത്തിയിട്ടുണ്ട്‌. ഉച്ചഭക്ഷണത്തിനുവേണ്ടി കൊച്ചെക്കനും വേലുവും കൂടി ഇറച്ചി നുറുക്കി റഡിയാക്കുന്നുണ്ട്‌. ഡ്രസ്സ്‌ ചെയ്തുകൊണ്ടുവന്ന്‌ ഫ്രീസറിൽ കയറ്റിയിട്ടാണ്‌ ഇന്നലെ രാത്രി അവർ പോയത്‌.

വന്നു കയറിയ വഴി കുളിച്ച്‌ ഫ്രഷ്‌ ആകാൻ അച്ഛൻ മുറിയിലേക്ക്‌ കയറി. പുറത്തുവന്നിട്ടാണ്‌ പ്രതാപിനെയും ഹരിയേട്ടനെയും കണ്ടത്‌. അത്രക്ഷീണമുണ്ടായിരുന്നിരിക്കും. രാത്രിയും വല്യകാര്യമായി ഉറങ്ങിയ ലക്ഷണമില്ല. പ്രതാപിനെ കണ്ടവഴി സ്നേഹപൂർവ്വം കൈ നീട്ടി. പ്രതാപ്‌ കൈപിടിച്ചു കുലുക്കിയപ്പോൾ സന്തോഷത്തോടെ അച്ഛൻ ചോദിക്കുന്നതു കേട്ടു.

"വെൽക്കം ........... വെൽക്കം പ്രതാപ്ജി.......... സോയൂ ആർ ദ റിനൗണ്ഡ്​‍്‌ പ്രിൻസ്‌ ഓഫ്‌ ആൽവർ നോ" പുഞ്ചിരി പുരണ്ട അച്ഛന്റെ സ്വാഗതം കേട്ട്‌ പ്രതാപ്‌ പുഞ്ചിരിച്ചു. ആഡ്യത്വം രാജകീയമായ ആ പുഞ്ചിരിയിൽ അടങ്ങിയിരുന്നു. അവരുടെ സംഭാഷണം ശ്രദ്ധിക്കുമ്പോഴും ആ രണ്ടു രാജകുമാരന്മാരെയും താരതമ്യം ചെയ്യുകയായിരുന്നു. രാജകുമാരന്മാർക്ക്‌ ക്ഷാമമില്ലാത്ത പോലെയാണ്‌ സ്ഥിതി. ഒരാളെ പരിചയപ്പെട്ടിട്ട്‌ ഏറെയായില്ല. ഇതാ വേറൊരു രാജകുമാരൻ. ഒരു എം.എൽ.എ യെയോ. എം.പിയെയോ നാട്ടിൽ കണികാണാൻ കിട്ടാറില്ല. ഡൽഹിയിലെ വഴികളിലൂടെ നടക്കുമ്പോൾ ദേഹത്തു വന്നുമുട്ടുന്ന രണ്ടുപേരിൽ ഒരാൾ മെംബർ ഓഫ്‌ ലെജിസ്ലേറ്റീവ്‌ അസംബ്ലിയോ, അല്ലെങ്കിൽ എം.പിയോ, കുറഞ്ഞപക്ഷം ഏതെങ്കിലും കോർപ്പറേഷൻ ചെയർമാനോ ആയിരിക്കുമെന്നാണ്‌ ഏട്ടന്റെ അഭിപ്രായം.

പ്രതാപിന്‌ തമ്പുരാന്റെ അത്രയും കിളരമുണ്ട്‌. ഏകദേശം അതേ സ്ട്രക്ചർ. പക്ഷേ തമ്പുരാന്റെ മുഖത്തുകാണുന്ന ആ സാത്വികഭാവത്തിൽ നിന്നും വിഭിന്നമായി, സദാ ഒരു വീരരസം വഴിയുന്ന വിഷാദഭാവമാണ്‌ പ്രതാപിന്റെ മുഖത്ത്‌. അയത്ന ലളിതമാണ്‌ തമ്പുരാന്റെ ചലനങ്ങളും ഭാവങ്ങളും. മറിച്ച്‌ പ്രതാപിന്റേത്‌ എടുത്തുപിടിച്ച വല്ലാത്തൊരു പ്രൗഢിയും. ഗൗരവഭരിതമായ ഒരു രാജഗരിമ. പക്ഷേ ഒന്നുരണ്ടു വട്ടം തന്റെ നേരെ പാറിവന്ന അദ്ദേഹത്തിന്റെ നോട്ടങ്ങളിൽ കരുണാമയമായ ഒരു സാഹോദര്യഭാവം നിഴലിച്ചതു വായിച്ചെടുത്തു. അത്തരമൊരു ഭാവം അങ്ങോട്ടും വളരുന്നുവേന്ന്‌ വിസ്മയത്തോടെ അറിയുന്നു.

ആൽവാറിനേപ്പറ്റിയും പിന്നീട്‌ ലക്ഷ്മീപുരം പാലസിനെപ്പറ്റിയുമെല്ലാം അച്ഛൻ വിശദമായി ചോദിച്ചറിഞ്ഞു. എല്ലാറ്റിനും കാര്യമാത്ര പ്രസക്തമായിരുന്നു,അദ്ദേഹത്തിന്റെ ഉത്തരം. ചോദ്യോത്തര പംക്തി ഏറെ നീണ്ടു നിന്നു. അതു കഴിഞ്ഞപ്പോഴേയ്ക്കും ഉച്ചഭക്ഷണത്തിനു സമയമായി.

ഭക്ഷണം വിളമ്പിക്കൊണ്ടിരുന്നപ്പോൾ തുടങ്ങി ഹര്യേട്ടന്റെ വീരവാദം. തലേന്നു വേട്ടയ്ക്കുപോയ കാര്യം മീറ്റ്‌ വിളമ്പുമ്പോൾ ചോദിച്ചു പോയ കുറ്റത്തിന്‌ മകൻ ഇത്രമാത്രം വധിച്ചു കളയുമെന്ന്‌ അച്ഛനും കരുതിക്കാണില്ല. അച്ഛന്റെ മുഖത്ത്‌ ഒരു ഹാസ്യരസം തിളങ്ങിനിൽക്കുന്നതു കണ്ടു പിടിച്ചു.

"അവനങ്ങനെ വായുവിൽ എടുത്തുചാടി ഉയർന്നു നിൽക്കുമ്പോ കൊടുത്തു ഒരൊറ്റഷോട്ട്‌....... ദേ കിടക്കുന്നു......അച്ഛാ.....അമ്മച്ചി ഇനി എപ്പോ വേണന്നു പറഞ്ഞാലും ഹരി റെഡി. കാട്ടാടോ കാട്ടുപോത്തോ.......... കടുവയോ ഇനിയേറ്റു. ഒന്നു പറഞ്ഞാൽ മാത്രം മതി...... ചോരേടെ അറപ്പു തീർന്നേ........"

വിളമ്പിക്കൊണ്ടു നിന്ന അമ്മ സഹതാപാർദ്രമായ ഒരു മുഖത്തോടെ ഏട്ടനെയും അച്ഛനെയും മാറിമാറി നോക്കി. അച്ഛന്റെ കമന്റെന്തെങ്കിലും ഉടനെ വരുമെന്ന്‌ പ്രതീക്ഷിച്ചുകാണും. ഒന്നും കേൾക്കാതെയായപ്പോൾ ഒരു ദീർഘ നിശ്വാസത്തോടെ അമ്മ അകത്തേക്കുപോയി. രുചികരമായി ഉണ്ടാക്കിയ വിഭവത്തിലായിരുന്നു അച്ഛന്റെ ശ്രദ്ധ മുഴുവനും.തലേന്നു പുറത്തു നിന്നുള്ള ഭക്ഷണം കഴിച്ചതിനാൽ അമ്മയുടെ കൈകൊണ്ട്‌ പാചകം ചെയ്ത സാധനങ്ങൾ ആർത്തിയോടെ കഴിക്കുകയാണച്ഛൻ.

ഹര്യേട്ടന്റെ വാചകമടി മുഴുവൻ ഒരു പുഞ്ചിരിയോടെ ഇരുന്ന്‌ സഹിക്കുകയായിരുന്നു പ്രതാപ്‌. എന്തൊക്കെയാണെങ്കിലും പുള്ളി ഒരു നല്ല ശ്രോതാവാണെന്ന്‌ മനസ്സിലായി.

"അച്ഛാ.....അച്ഛനെന്നെങ്കിലും ഹണ്ടിംഗിനു പോയിട്ടുണ്ടോ" "പിന്നെ എത്ര പ്രാവശ്യം" "എന്നിട്ട്‌ ഞാൻ കണ്ടിട്ടില്ലല്ലോ ഇതേവരെ...... അന്നിട്ട്‌ എന്തെങ്കിലും കിട്ടിയിട്ടുണ്ടോ" ഹര്യേട്ടൻ കൗതുകപൂർവ്വം ചോദിച്ചു.

"ഇഷ്ടം പോലെ........."

"എന്നിട്ടച്ഛൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലല്ലോ.....?

പാത്രം കാലിയാക്കിക്കൊണ്ട്‌ കൈകഴുകാനെന്നവണ്ണം അച്ഛൻ എഴുന്നേറ്റു. "എടാ ഹരിക്കുട്ടാ.... ഈ വേട്ടക്കാരെല്ലാം ശുദ്ധവെടിയന്മാരാ.......... പകുതി പള്ളിക്കു കൊടുക്കണം. നീ ആദ്യമായി ഒരു സാധനത്തെ വെടിവച്ചപ്പോ ഇത്രേം കഥകളാണെങ്കിൽ ദൈവത്തെയോർത്ത്‌ ഇനി നീ വേട്ടയ്ക്കു പോകല്ലേ".

"ഈ അച്ഛന്റെ ഒരു തമാശ............" പൊട്ടിച്ചിരിച്ചുപോയ പ്രതാപേട്ടനെയും തന്നെയും വിടാൻ ഭാവമില്ലാത്തപോലെ ഹര്യേട്ടൻ അച്ഛന്റെ കമന്റ്‌ സുഖായിട്ട്‌ ഏറ്റുവാങ്ങി. പുറത്തെ കാളിംഗ്‌ ബെൽ ശബ്ദിക്കുന്നു. എഴുന്നേറ്റ്‌ കൈകഴുകി പൂമുഖത്തേക്ക്‌ നടന്നു. ഹരിയേട്ടൻ കഥകൾ കൊണ്ട്‌ പ്രതാപിനെ കൊല്ലുകയായിരുന്നു.

തിരിച്ചുവന്ന ശ്രീക്കുട്ടിയുടെ ഭാവഹാവാദികളിൽ ഒരു വ്യത്യാസം വീക്ഷിച്ച്‌ പ്രതാപ്‌ വിസ്മയം കൊണ്ടു. എളിക്കു കൈകുത്തി ഹരിയുടെ വാചകമടി ഒരു വട്ടം കൂടി വീക്ഷിച്ചിട്ട്‌ അകത്തേയ്ക്ക്‌ തലയ്ക്കു കൈവച്ച്‌ അവൾ നടന്നു. തന്റെ കുഞ്ഞിപ്പെങ്ങൾ പൂനത്തിന്റെ അതേ രീതിയാണിവൾക്ക്‌. ശ്രീക്കുട്ടിയേക്കാൾ കുറുമ്പും കുസൃതിയും കൂടുതലുണ്ടായിരുന്നെങ്കിലും സ്നേഹത്തിന്റെ അടിസ്ഥാനപ്രകടനവും, ചിലചലനങ്ങളും ഒരേപോലെയാണ്‌. ദൈവമേ ഇങ്ങിനി വരാത്ത അവളെത്തന്നെയല്ലേ ഈ ആത്മസ്നേഹിതന്റെ സഹോദരിയിലും കാണുന്നത്‌. പുതുതായ ഒരുന്മേഷം ഉണരുന്നതറിഞ്ഞു. ഒരേയൊരു വ്യത്യാസമേ അവളുമായുള്ളൂ. പൂനം ഒരു എക്സ്ട്രോവേർട്ട്‌ ആയിരുന്നു. ഇക്കുട്ടി ആണെങ്കിൽ തനി ഇൻട്രോവേർട്ട്‌. ഇടയ്ക്കിടെ മറഭേദിച്ച പുറത്തുവരാറുണ്ടെങ്കിലും അന്തർമുഖിയാണീക്കുട്ടി. ആർക്കും വാത്സല്യം തോന്നിപ്പോകുന്ന പ്രകൃതം.

ശ്രീക്കുട്ടി പുറത്തേക്ക്‌ വീണ്ടും പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഹരികഥ വിഘ്നമില്ലാതെ നടന്നുകൊണ്ടേയിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷിയാണ്‌ താനെന്ന പരിഗണനപോലും ഹരി തരുന്നില്ലല്ലോ. ഈശ്വരാ ഇവൻ നല്ല ഒരു വക്കീലാകും ഉറപ്പ്‌. ഗീബൽസിന്റെ ശിഷ്യനാണിവൻ. ഒരു നുണ പലവട്ടം ആവർത്തിച്ചാൽ സത്യമായി മാറുമെന്ന്‌ പഠിപ്പിച്ച ഹിറ്റ്ലറുടെ ശിഷ്യനാണല്ലോ ഗീബൽസ്‌.

തിരിച്ചു വന്നിട്ട്‌ , ഒരു കുസൃതി നോട്ടത്തോടെയിരുന്ന, ശ്രീക്കുട്ടിയോട്‌ അവന്റെ ചോദ്യം കേട്ടു.

"ശ്രീക്കുട്ടീ നിനക്ക്‌ കാട്ടാടാണോ അതോ കേഴയാണോ കൂടുതലിഷ്ടം?"

"ഓനാച്ചന്റെ ആടാണേ വേണ്ട ഭയങ്കര എക്സ്പെൻസീവ്‌ ആണ്‌...." അവൾ പോരിനു തയ്യാറെടുത്തപോലെ നിന്നു.

"നീ എന്തു നോൺസേൻസാ ഈ പറയുന്നേ?"

"ഇപ്പം ബെല്ലടിച്ചതു ഓനാച്ചനാ. അറിയില്ലേ.... അന്നപ്പെമ്പിളേടെ കെട്ട്യോൻ. പുള്ളീടെ ആടിനെ കൊന്നതിന്‌ ആയിരം രൂപ നഷ്ടപരിഹാരം ചോദിച്ചാവന്നെ. കൊടുത്തില്ലേൽ മോഷണത്തിന്‌ കേസു കൊടുക്കൂന്ന്‌. അഞ്ഞൂറുരൂപ കൊടുത്ത്‌ ഒരു വിധം ഞാൻ ഒതുക്കി

ഹരിയുടെ ഇരിപ്പുകണ്ട്‌ സഹതാപം തോന്നിപ്പോയെങ്കിലും ചിരിക്കാതിരിക്കാനായില്ല. പെങ്ങന്മാർ അല്ലെങ്കിലും ടോർപ്പിഡോകളാണല്ലോ. അവൾ നിർത്താനുള്ള ഭാവത്തിലല്ല.

"തീർന്നിട്ടില്ല. എനിക്ക്‌ ആയിരം രൂപ തന്നില്ലേ ഇപ്പം ഞാൻ അച്ഛന്റെയും അമ്മയുടെയും അടുത്ത്‌ പറഞ്ഞു കൊടുക്കും". ശബ്ദം താഴ്ത്തിയാണ്‌ അവൾ ബ്ലാക്ക്‌ മെയിൽ ചെയ്യാൻ തുടങ്ങിയത്‌. പൂനത്തിന്റെ അതേ സ്വഭാവം.

ചിരിക്കിടയിൽ ഹരി അപ്രത്യക്ഷണായതെപ്പോഴെന്നറിയില്ല. ശ്രീക്കുട്ടിയോടൊപ്പം ചിരിച്ച്‌ വശം കെട്ടു. "എന്ത്യേകുട്ട്യോളേ?എന്നു ചോദിച്ച്‌ അമ്മ വന്നെങ്കിലും അവൾ ഒറ്റുകൊടുത്തില്ല. ദൈവമേ.... ഇവൾ പൂനം തന്നെയാണല്ലോ. ചിരിക്കാൻ മറന്ന തന്നെ ഇവിടെയെത്തിയപ്പോൾ ചിരിയുടെ ആഘോഷങ്ങളിൽ എല്ലാവരും പങ്കുചേർക്കുകയാണല്ലോ...

ഇരുൾക്കാവുകളിലെ ഗുഹാന്തരങ്ങളിലെ പൂജാമുറിയിൽ ദീപം തെളിഞ്ഞു.അദൃശ്യനായ ഉപാസകന്റെ ആകാരം ത്രിമാന രൂപമാർന്ന്‌, ജ്വലിച്ച യജ്ഞവേദിയുടെ മുന്നിൽ, ഉയർന്ന ധൂപ സ്പർശം കൊണ്ട്‌ രൂപരേഖയാർന്നു.

പകരപ്പെട്ട ഘൃതത്തിൽ യജ്ഞാഗ്നി ആളിക്കത്തി. അതിൻമീതെ രൂപത്തിന്റെ ഹസ്തങ്ങൾ നീട്ടപ്പെട്ട പോലെ, ധൂമം കൊണ്ടതിരിട്ട പോലെ അവ്യക്തത്തയോടെ വ്യക്തമായി. ഏതോ മന്ത്രധ്വനികൾ പൂജാമുറിയിൽ അലയടിച്ചു. ഉച്ചാരണത്തിന്റെ ആരോഹണാവരോഹണങ്ങൾക്കൊടുവിൽ കബ്ജികാ മന്ത്രമെന്നു വ്യക്തമാക്കുന്ന ബീജാക്ഷരങ്ങൾ ഉയർന്നു. മന്ത്രപൂർത്തിയായെന്നു ധ്വനിപ്പിച്ച്‌ ആ രൂപം കരങ്ങളിൽ മാന്ത്രിക സംജ്ഞകൾ സന്ധാനം ചെയ്തു. ഇല്ല ഒന്നും സംഭവിച്ചില്ല. ഉപാസകൻ പ്രതീ​‍്ക്ഷിച്ച മൂർത്തീ സാന്നിദ്ധ്യം ലബ്ധമാകാതെ വന്നപ്പോൾ നിരാശയുടെ ഒരു തേങ്ങൽ കലർന്ന സീൽക്കാരത്തോടെ രൂപം പിൻചാരിയിരുന്നു.

ചിന്താഭാവത്തോടെ എഴുന്നേറ്റ്‌ മുറിയിൽ രണ്ടു ചാൺ നടന്ന രൂപം വീണ്ടും യജ്ഞകുണ്ഠത്തിനു മുൻപിലിരുന്നു. ഘൃതം പകരപ്പെട്ട യജ്ഞകുണ്ഠം പ്രോജ്വലിച്ചു.

പത്മാസനമിട്ട്‌ ദേവീമുദ്ര ചമച്ച രൂപം നിമിഷങ്ങളോളം നിശ്ശബ്ദമായിരുന്നു. പ്രാണായാമത്തിന്റെ ചേലിൽ ശ്വാസ വിന്യാസം നടത്തിയ ദീർഘസമയത്തിനുശേഷം മന്ത്രാക്ഷരങ്ങൾ വീണ്ടുമുയർന്നു.പ്രത്യംഗരീ മന്ത്രം പൂജാമുറിയിൽ അലയടിച്ചു.

?ഓം ഹ്രീം ക്ഷറൗം കൃഷ്ണ വാസസി നൃസിംഹവദനേ നമഹാ വദനേ നമഹാ ഭൈരവീ പരകർമ്മ വിധ്വംസിനീപര മന്ത്രഛേദിനീപര കർമ്മ മന്ത്രൗഷധയന്ത്രാൻ സംഹര സംഹര സർവ്വ ദ്രുത ദമനി സർവ്വവിഘ്നാൻ ഛിന്ദ ഛിന്ദ സർവ്വ ഭൂതാൻ ഭിന്ദ ഭിന്ദ സർവ്വ ഗ്രഹാൻ ബന്ധ ബന്ധ സർവ്വ വ്യാധീൻ നികൃന്തയ നികൃന്തയ നികൃന്തയ സർവ്വ പ്രാണീൻ ഭീഷയ ഭീഷയ സർവ്വ മുഷ്ടാൻ ഭക്ഷയ ഭക്ഷയ സർവ്വ വജ്രാൻ സ്ഫോടയ സ്ഫോടയ സർവ്വ മന്ത്രാണ്യാകർഷയാകർഷയാ കർഷയാ കർഷയ സർവ്വ യന്ത്രാണ്യാ കർഷയാ കർഷയ സർവ്വ ശക്തീരാകർഷയാ കർഷയ ജ്വാല ജിഹ്വേ കരാള ദംഷ്ട്രേ പ്രത്യംഗിരേ

ക്ഷ്‌റൗം നമസ്തുഭ്യം ഭഗവതി ഹന ഹന ദഹ ദഹ പച പച മഥ മഥ രക്ഷ രക്ഷ ഹുംഫൾ സ്വാഹാ "..

ഒരു നിമിഷത്തെ മൗനമനനത്തിനു ശേഷം അയാൾ തുടർന്നു.

"യാം കൽപയന്തീനൊരായ: ക്രൂരാക്രത്യാം വധൂമിവ താം ബ്രാഹ്മണാവ തീർണ്ണദ്‌ മ: പ്രത്യക്കർത്താര മൃച്ഛതു....".

നിമിഷങ്ങളോളം പ്രതീക്ഷയോടെ കാത്തിരുന്ന ഉപാസകന്റെ മുമ്പിൽ മന്ത്ര മൂർത്തികളേതും പ്രത്യക്ഷമായില്ല. നിരാശയുടെ കലിപുരണ്ട അലർച്ച പൂജാമുറിയിലും അനുബന്ധമായ ഗുഹാന്തരങ്ങളിലും ഭയാനകമായ ഒരു ഹുങ്കാരത്തോടെ മുഴങ്ങി.

ഗഹന കൂപത്തിൽ മയങ്ങിക്കിടന്ന ശംഖശിരാവ്‌ വിളി കേട്ടുണർന്നു. ഭയാനകമായ സീൽക്കാരത്തോടെ അതു ഫണങ്ങൾ വിന്യസിച്ചു!

"തീയാളും തിരുമിഴിയുള്ളോൻ തിരുവുള്ളം കവർന്ന പെണ്ണേ.

നീയീയുള്ളോനിലും തിരുമിഴി തുറക്കാതിരുന്നീടുകിൽ

നീയർക്കൻ പുലരും വരെപ്പതിതൻ മാറത്തുകേറിക്കിട

ന്നയ്യയ്യേ തെറി കാട്ടിടും കഥ വെളിച്ചത്തു വിളിച്ചോതിടും ഞാൻ."

ആൽത്തറ ക്ലബ്ബിനു ഹരമായി . നമ്പൂരിശ്ശന്റെ വെണ്മണി കേട്ട്‌ പൊട്ടിച്ചിരിക്കുന്ന വാര്യരും, കുലുങ്ങിച്ചിരിക്കുന്ന രാരിശ്ശൻ നായരും വൈദ്യരുമെല്ലാം കുറേ ദിവസങ്ങൾക്കുശേഷം ഒന്നുഷാറാവുകയാണ്‌. വെടിക്കാരൻ തോമയുടെ തിരോധാനം ചമച്ച മൂകതയിൽ നിന്നും കുടഞ്ഞുണർന്നപ്പോൾ ക്ലബ്ബ്‌ സജീവമായി.

"ന്നാലും ദേവ്യേ ഭീഷണിപ്പെടുത്തീലോ വിദ്വാൻ" "ഡോ....... ഭാരതീയ സംസ്കൃതിയിൽ രതിശ്ലീലമാണ്‌. തെറ്റല്ലാന്ന്‌ അർതഥം. ഗീതാഗോവിന്ദ കർത്താവിനെ അകമഴിഞ്ഞനുഗ്രഹിച്ചില്ലേ കൃഷ്ണഭഗവാൻ. രാസക്രീഡാ വർണ്ണനയല്ലേ ദിനവും ഭഗവാൻ കേൾക്കുന്ന അഷ്ടപടി... അത്രേ ല്ലല്ലോ വെണ്മണി മഹന്റെ പരാക്രമം?.

"അയ്യയ്യോ.... അതിന്റെ പത്തിലൊന്നില്യ.... സത്യാട്ടോ...? വൈദ്യർ സമ്മതിച്ചു. നമ്പൂരിശ്ശൻ തുടർന്നു.

"ഉരസി മുരാരേരുപഹിതഹാരേ കനഇവതരളവലാകേ

തടിദിവ പീതേ രതി വിപരീതേ രാജസി സുകൃതവിപാകേ.... കേട്ടിട്ടില്ലേ? രാധേടെ വിപരീത രതി വർണ്ണന ഈ വെണ്മണി ശീലിനേക്കാൾത്തിരി കട്ട്യാണേയ്‌. ന്നാലും ആ വാങ്ങ്മയ ചിത്രണ്ടല്ലോ... എന്താ ഒരു മിഴിവ്‌...." നമ്പൂരിശ്ശൻ പുകലവായിൽ തിരുകിയിട്ട്‌ സ്വയമാസ്വദിച്ചു ചിരിച്ചു, പതിവുപോലെ ഓടിക്കിതച്ചെത്തി കൈയ്മളശ്ശൻ. മുഖമങ്ങ്‌ താമരപ്പൂപോലെ വിടർന്നിരുന്നു.

"വർവ്വാ..... വർവ്വാ.... കയ്മളിന്നു വല്ല്യ സന്തോഷത്തിലാണല്ലോ?.

"ആണെന്റെ തിരുമേനീ...... കേട്ടുകഴിയുമ്പോ നിങ്ങളും സന്തോഷിക്കും". ഒരു സസ്പെൻസിന്റെ നിമിഷം കഴിഞ്ഞ്‌ കയ്മൾ തുടർന്നു.

"കേസു തീർപ്പായി. കോട്ടേം കൊട്ടാരോം, വസ്തുവഹകളുമെല്ലാം തമ്പുരാണ്‌ നൽകാൻ വിധിയായി. റിസീവറെ കയ്യോടെ ഒഴിപ്പിച്ചിട്ടല്ലേ വിരുതൻ വക്കീല്‌ തിരിച്ചു വന്നേ".

"എന്റെ കാളികാവിലമ്മേ............"എല്ലാ കണ്ഠങ്ങളിൽ നിന്നും നന്ദി ദേവീപാദങ്ങളിലേക്കുതിർന്നു. രാജസ്ഥാനത്തോടുള്ള കൂറും വിധേയത്വവും, സത്യം ജയിക്കണമെന്നുള്ള താൽപര്യവും ആ നന്ദി പ്രമേയത്തിൽ ദ്യോതിച്ചിരുന്നു.

"തീർന്നില്ല. തമ്പുരാൻ തിരിച്ചു വർവ്വാത്രേ... ശ്ശിക്കാലം ഇവിടുണ്ടാകും. പഴയ ശേവുകക്കാരെയെല്ലാം വിളിച്ച്‌ കൊട്ടാരം ശുചിയാക്കാനും മറ്റും ഏൽപ്പിക്കാൻ വക്കീലദ്യം എന്നെയാ ചുമതലപ്പെടുത്തിയിരിക്കുന്നേ".

ആൽത്തറ ക്ലബ്ബിന്‌ ആഘോഷമായി, പ്ലാന്റേഴ്സ്‌ ക്ലബ്ബുപോലെ വെള്ളമടിച്ചാഘോഷിക്കാൻ പാങ്ങില്ലാത്തതിനാലും താൽപര്യമില്ലാത്തതിനാലും ഒന്നു മുറുക്കി ആഘോഷിക്കാൻ തീരുമാനിച്ച്‌ വൈദ്യര്‌ തന്റെ മുറുക്കാൻ പൊതിയഴിച്ചു വച്ചു. എല്ലാവരും സുഭിക്ഷമായി ഒന്നു മുറുക്കാൻ കോപ്പുകൂട്ടി. ചർച്ചകൾ നീണ്ടു.

"അങ്ങനെ കോലത്തിരി നനഞ്ഞ തിരിയായി. അപ്പടക്കം ഇനി പൊട്ടൂല്ലാ". സംഘത്തിന്റെ ആഘോഷം ഒരുന്മാദത്തിലെത്തിയിരുന്നു.

"അഗ്നിഹോത്രികള്‌ പ്രവചിച്ചിരുന്നതാ ഇത്‌. അറിയ്‌വോ..... കേസിന്റെ വിധി പ്രവചനം പോലെ തന്നെ സംഭവിച്ചു". വൈദ്യരുടെ ശബ്ദത്തിൽ ഒരു ഗ്ലാനി പടർന്നത്‌ കണ്ട്‌ സംഘം ശ്രദ്ധിച്ചു. വൈദ്യർ തുടർന്നു.

"പക്ഷേങ്കില്‌ അഹിതമായതു പലതും ഇനി നടക്കാൻ സാദ്ധ്യതയുണ്ടത്രേ! ന്നാലും അന്ത്യത്തില്‌ എല്ലാം ശുഭാവൂന്നാ അഗ്നിഹോത്രികളുടെ പ്രശ്നവിചാരം" ചർച്ചകൾ തുടർന്നു. നാളുകളേറെയായി ക്ലബ്ബ്‌ ഇത്രയും സജീവമായിട്ട്‌. എല്ലാവരും പിരിയുമ്പോൾ പതിവിനു വിപരീതമായി ഏറെ വൈകിയിരുന്നു.

തമ്പുരാൻ വളരെ സന്തോഷവാനാണെന്ന്‌ ആ ശബ്ദം കേട്ടപ്പോൾത്തന്നെ മനസ്സിലായി. അദ്ദേഹം വന്നെത്തുന്നതിനു മുൻപ്‌ കൊട്ടാരം അത്യാവശ്യം താമസയോഗ്യമാക്കാൻ ഏർപ്പാടുചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. നല്ല തിരക്കിന്റെ സമയമാണെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കാനാവില്ലല്ലോ. ഒരു പത്തുലക്ഷം രൂപയും ബജറ്റിട്ട്‌ എഞ്ചിനീയർ ശരത്ത്‌ ചെയ്യാമെന്നേറ്റു. മൊത്തം നവീകരണത്തിന്‌ ഭീമമായ തുക വേണ്ടിവരും. അതെല്ലാം തമ്പുരാൻ വന്നശേഷം മതിയല്ലോ. പണിക്കാർ ഉഷാറോടെ വേലകൾ തുടങ്ങിക്കഴിഞ്ഞു.

കൊട്ടാരം റിസീവർ ഭരണത്തിലായിരുന്നപ്പോൾ അടച്ചുപൂട്ടിക്കിടക്കുമ്പോഴും കൈമൾ നിത്യേന അവിടെയെത്തുന്നതു കണ്ടിട്ടുണ്ട്‌. ഒരു ദീർഘ നിശ്വാസത്തോടെ ചുറ്റും നടന്നിട്ട്‌ തിരിച്ചു പോകും. ഒരാചാരം പോലെ വർഷമിത്രയായിട്ടും അയാൾ അതനുഷ്ഠിക്കുന്നു. അയാൾക്കെന്തെങ്കിലും കാര്യമായ സഹായം തമ്പുരാനെക്കൊണ്ട്‌ ചെയ്യിക്കണം. വിവാഹ പ്രായമെത്തിയ രണ്ടുപെൺകുട്ടികളാണയാൾക്ക്‌. ശശീന്ദ്രവർമ്മത്തമ്പുരാൻ വന്നുപോകുമ്പോൾ കൈമളെ വിളിപ്പിച്ച്‌ കാര്യമായെന്തെങ്കിലും കൊടുത്തിട്ടേ പോകാറുണ്ടായിരുന്നുള്ളു എന്നു കേട്ടിട്ടുണ്ട്‌. എന്തായാലും ആള്‌ ഒരു പുതുജീവൻ വച്ചമാതിരി ഓടിനടന്ന്‌ ഉത്തരവാദിത്വത്തോടെ കൊട്ടാരം ശുചീകരണ യജ്ഞത്തിന്‌ നേതൃത്വസ്ഥാനം വഹിക്കുന്നതുകണ്ട്‌ സന്തോഷമായി.

കോട്ടയുടെ കാര്യത്തിലാണ്‌ അനിശ്ചിതത്വം. അതു പുതുക്കാൻ ഒത്തിരി പണം മുടക്കേണ്ടി വരും. ശംഖൂരിവാണ തമ്പുരാക്കന്മാരുടെ പ്രതാപത്തിന്റെ മകുടമായ അക്കോട്ട നശിച്ചു കാണാൻ ഒരിക്കലും തമ്പുരാൻ സമ്മതിക്കില്ല എന്നറിയാം. കോടീശ്വരനായ തമ്പുരാണ്‌ അതൊരു പ്രശ്നമല്ല താനും. അദ്ദേഹം വന്നെത്തിയതിനുശേഷം പതുക്കെ ഇക്കാര്യം അവതരിപ്പിക്കണമെന്ന്‌ മനസ്സിൽ കുറിച്ചിട്ടു. ശംഖൂരിക്കോട്ടയിലെ നിർവ്വചനാതീതമായ സംഭവങ്ങൾ പെട്ടെന്ന്‌ മനസ്സിൽ ഒരു കരിനിഴൽ പരത്തി. രാജഗുരുവും പുരോഹിതനുമായ അഗ്നിഹോത്രികൾ ഒരഭയസ്ഥാനമായി പൊടുന്നനവേ മനസ്സിലുണർന്നു. അതിദിവ്യനായ അദ്ദേഹം എല്ലാറ്റിനും മറുമരുന്ന്‌ കാണാതിരിക്കില്ല. ഈ എൺപത്തഞ്ചാം വയസ്സിലും ഒരമ്പതിന്റെ രൂപവും ചൊറുചൊറുക്കുള്ള അദ്ദേഹത്തിന്റെ രൂപം ഓർമ്മവന്നു. യൗഗികമായ അഖണ്ഡബ്രഹ്മചര്യത്തിന്റെ സംഭാവനയാണ്‌ ആ യൗവനം. അതെ. തമ്പുരാൻ വന്നെത്തുന്നതിന്‌ മുൻപുതന്നെ അദ്ദേഹത്തെ ഒരുവട്ടം കാണണം. കാര്യങ്ങൾ വിശകലനം ചെയ്തു വയ്ക്കണം. പ്ലാന്റേഴ്സ്‌ ക്ലബ്ബിലെ അംഗങ്ങളെല്ലാം വല്ലാത്ത ത്രില്ലിലാണ്‌. തമ്പുരാൻ കുറേ നാളത്തേക്ക്‌ ശംഖൂരിയിൽ കാണുമെന്നും അദ്ദേഹം ക്ലബ്ബിൽ മെമ്പറാകാൻ സമ്മതിച്ചു എന്നുമുള്ള വാർത്തകൾ അവരെ ആവേശഭരിതരാക്കിയിരിക്കുന്നു. അല്ലെങ്കിലും ഈ ചുറ്റുവട്ടത്തുള്ള പ്ലാന്റേഷന്റെ പകുതിയെങ്കിലും അദ്ദേഹത്തിന്റേതു മാത്രമാണല്ലോ.

അന്നത്തെ സംഭവത്തിനുശേഷം ക്ലബ്ബംഗങ്ങളെല്ലാം ഗ്ലൂമിയായിരുന്നു. പിന്നെ മെല്ലെ സംഭവങ്ങൾ പതുക്കെ വിസ്മൃതിയിലേക്കു കടന്നു പൊയ്ക്കഴിഞ്ഞപ്പോൾ ചര്യകൾ പഴയ പടിയായിട്ടുണ്ട്‌. മൂന്നാലു ദിവസമായി ക്ലബ്ബിൽ പോയിട്ട്‌. ഇന്നു പോണമെന്ന്‌ തീരുമാനിച്ചു.

വെള്ളിയും ചൊവ്വയുമൊന്നും നോക്കിയില്ല. അച്ഛൻ ക്ലബ്ബിലേക്കു പോയിക്കഴിഞ്ഞതുകാരണം അനുവാദം ചോദിക്കേണ്ടി വന്നില്ല. തോക്കും ഹെഡ്ലൈറ്റുമെടുത്ത്‌ പ്രതാപുമായിട്ടിറങ്ങി, ഇന്നത്തെ ലക്ഷ്യം ശംഖൂരിക്കോട്ടയാണ്‌. അവിടം കേന്ദ്രീകരിച്ച്‌ നാട്ടിൽപ്പരന്ന പല ഭീകരകഥകളും അഭ്യൂഹങ്ങളും കേട്ട്‌ ആകാംക്ഷ അടക്കാനാകുന്നില്ല. അതിന്റെ പൊരുളറിയാനുളള ആഗ്രഹം അടക്കീട്ടും അടങ്ങുന്നില്ല. പ്രതാപ്ജിയോട്‌ ചർച്ചചെയ്തപ്പോൾ പുള്ളിയും പച്ചക്കൊടികാണിച്ചു. നേരെ ചെന്ന്‌ കൊച്ചെക്കനെയും വേലുവിനെയും പൊക്കണം. അവരോട്‌ വിവരം പറയുമ്പോൾ എതിർക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ല. പക്ഷേ എത്ര എതിർത്താലും തന്റെ സുഹൃത്തുക്കൾക്ക്‌ വരാതിരിക്കാനാവില്ലല്ലോ.

ചെന്നു കയറിയപ്പോൾ കൊച്ചെക്കനും വേലുവും ഹാജരുണ്ട്‌. കൊച്ചെക്കന്റെ സ്ഥിരം കസ്റ്റമേഴ്സ്‌ രണ്ടുമൂന്നുപേർ വാറ്റടിച്ചുകൊണ്ടിരിക്കുന്നു. കണ്ടതുവഴി വിടർന്ന ഒരു ചിരിയോടെ വേലു ഏറുമാടത്തിലേക്ക്‌ ആനയിച്ചിരുത്തി. അവിടെ തടിച്ച്‌ കൂറ്റനായ ഒരു കക്ഷി ഇരിക്കുന്നുണ്ട്‌. സബഹുമാനം അയാളെഴുന്നേറ്റിരുന്നു. അയാളെ സംശയപൂർവ്വം നോക്കിയപ്പോൾ വേലു വിശദീകരിച്ചു.

"എന്റെയൊരു കൂട്ടുകാരനാ, പ്രവിത്താനംകാരൻ.പേര്‌ ചാണ്ടി".

"എന്തു ചെയ്യുന്നു?"

"കള്ളനാ" വേലുവിന്റെ മറുപടി ഒരു സ്റ്റേറ്റ്‌മന്റ്‌ ആയിരുന്നു ഡിസ്ട്രിക്ട്‌ കളക്ടർ ആണെന്നു പറയുന്ന ലാഘവത്തോടെ.

"ഒരു കുത്തുകേസും കഴിഞ്ഞ്‌ മുങ്ങിയതാ... ". ചാണ്ടി വിധേയ ഭാവത്തിൽ ചിരിച്ചു.

"വെരി ഗുഡ്‌." ചിരിക്കാതിരിക്കാനായില്ല. പ്രതാപിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടരുന്നതു കണ്ടു. കൊച്ചെക്കൻ സൂക്ഷിച്ചുവച്ചിരുന്ന സ്പേഷ്യൽ വാറ്റെടുത്ത്‌ വേലു സെർവ്വ്‌ ചെയ്തു. പ്രതാപ്‌ മലമുകളിലേക്ക്‌ നോക്കിയിരുപ്പാണ്‌. ശംഖൂരിക്കോട്ടയുടെ ഔട്ട്ലൈൻ സിൽഹട്ട്‌ ചെയ്തു നിൽക്കുന്നു. ഭീകരതയുടെ പരിവേഷം നൽകുന്നതുപോലെ ഒരു മഴക്കാർ ചന്ദ്രക്കലയെ മറയ്ക്കുന്നു. ആ നോട്ടത്തിനു മറുപടിയെന്നപോലെ ഏകാകിയായ ഒരു രാപ്പുള്ള്‌ കോട്ടയുടെ പശ്ചാത്തലത്തിൽ നിന്ന്‌ വിഷാദം പുരണ്ടപോലെ കൂവുന്നു. കസ്റ്റമേഴ്സിനെ പിരിച്ചയച്ച കൊച്ചെക്കൻ സന്തോഷത്തോടെ കയറിവന്നു.

"തയ്യാറായിക്കോ... ഇന്ന്‌ ശംഖൂരിക്കോട്ടയിലേക്കാ.." കാലിയായ മുളക്കുമ്പം നീട്ടിക്കൊണ്ട്‌ പറഞ്ഞു. ഇടിവെട്ടു കിട്ടിയപോലെ വേലുവും കൊച്ചെക്കനും നിശ്ശബ്ദരായി തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

"കേട്ടില്ലേടാവേ.... നമ്മൾ ഇന്ന്‌ ശംഖൂരിക്കോട്ടയിലേക്ക്‌ പോകുന്നു" ഒന്നുകൂടി തറപ്പിച്ച്‌ പറഞ്ഞു. ശബ്ദം വീണ്ടെടുത്ത കൊച്ചെക്കൻ വിലക്കി.

"എന്റെ ഹരിക്കുട്ടാ.... എത്രപ്രാവശ്യം പറയണം. അതുമാത്രംവേണ്ട. അന്നും ഞാൻ വിലക്കീതല്ലേ...ഇന്നാണേ വെള്ളിയാഴ്ചയാ, പ്രേത പിശാചുകൾക്ക്‌ ശക്തിയേറുന്ന ദിവസം. ഞാൻ സമ്മതിക്കൂല്ലാ" "അന്ന്‌ കാട്ടിൽ കേറീട്ട്‌ എന്തെങ്കിലും സംഭവിച്ചോ? നിങ്ങൾക്ക്‌ വരാൻ പറ്റൂല്ലേ വേണ്ട ഞങ്ങൾ പോകും അത്രതന്നെ. കാട്ടിലെ വഴികൾ നിങ്ങൾക്ക്‌ നിശ്ശണ്ടല്ലോ എന്നു കരുതിയാ നിന്നെയൊക്കെ വിളിച്ചേ.... പറ്റൂല്ലേ വേണ്ട" ശബ്ദത്തിൽ മനപൂർവ്വം ഗൗരവം കലർത്തി.

"അതല്ല ഹരിക്കുട്ടാ? വേലു ഇടപെട്ടു "ശംഖൂരിപ്പിശാചിനെപ്പറ്റി ഇത്രയായിട്ടും മനസ്സിലായില്ലേ?"

"പിശാച്ച്‌... മണ്ണാങ്കട്ട തനിക്ക്‌ പറ്റൂങ്കിൽ വാടാവേ..." ദേഷ്യപ്പെടുന്ന കണ്ടപ്പോൾ കൊച്ചെക്കൻ ശാന്തനായി പറഞ്ഞു.

"ശംഖൂരിച്ചെകുത്താൻ സത്യമാ ഹരിക്കുട്ടാ.... നാട്ടില്‌ നടന്ന പുകിലു വല്ലതും അറിഞ്ഞോ? ഇവിടെ നിന്നും പട്ടയടിച്ചിട്ട്‌ വെല്ലുവിളിച്ചിട്ട്‌ പോയതാ വെടിക്കാരൻ തോമ. തിരിച്ചുവന്നിട്ടില്ല. അങ്ങിനെ എത്രയെത്ര സംഭവങ്ങളുണ്ട്‌

"പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ ആരും കണ്ടിട്ടില്ലല്ലോ ഒന്നും" "ദേ ഈ വേലു ദൃക്സാക്ഷിയാ...."നിശ്ശബ്ദനായിരുന്ന വേലുവിനെച്ചൂണ്ടി കൊച്ചെക്കൻ പറഞ്ഞു. അമ്പരപ്പോടെ വേലുവിനെ നോക്കി.

"സത്യമാ ഹരിക്കുട്ടാ". അവന്റെ ശബ്ദത്തിന്റെ ഗൗരവം അവൻ പറഞ്ഞതിന്റെ സത്യത്തെ സാധൂകരിച്ചു. അവൻ തുടർന്നു. "അതിനെക്കണ്ട്‌ പേടിച്ച്‌ പനിപിടിച്ചിട്ട്‌ ഒരാഴ്ചയാ കിടന്നെ.. ദേ ഈ വണ്ണം. ചെതുമ്പലിന്‌ വല്യചിരട്ടേടെ അത്രേം വലിപ്പം. നീളം എത്രയുണ്ടെന്ന്‌ ഈശ്വരനുമാത്രം അറിയാം. ഒരു വിധത്തിലാ കോട്ടേടെ മോളീന്ന്‌ ചാടി രക്ഷപ്പെട്ടത്‌. കാലൊടിയാതിരുന്നത്‌ ഭാഗ്യം! വേലു ഒരു വിറയലോടെ പറഞ്ഞു നിർത്തി.

അവന്റെ മുഖം സ്റ്റഡിചെയ്തു. സംഭവവിവരണത്തിൽ പാകപ്പിഴയേതുമില്ലെങ്കിലും അസത്യത്തിന്റെ ഒരു പഴുതുണ്ടല്ലോ. ശംഖൂരിപ്പേടിയുള്ള നാട്ടുകാരനായ വേലു കോട്ടയിൽ പോയെന്ന്‌ വിശ്വസിക്കാനാവുന്നില്ല. എടുത്ത്‌ ചോദിച്ചു.

"താനെന്തിനാ കോട്ടേപ്പോയെ? ഇവിടത്തുകാരാരും അങ്ങോട്ട്‌ എത്തിനോക്കാൻ ധൈര്യപ്പെടാറില്ലല്ലോ?.

"ഇവനെ ആഭരണ മോഷണത്തിന്‌ പോലീസ്‌ അന്വേഷിച്ചു നടക്ക്വല്ലായിരുന്നോ? കൊച്ചെക്കൻ വേലുവിനെ പൈന്തുണച്ചു. ജാള്യതയോടെ വേലു തലകുനിച്ചു. ചാണ്ടി ഒരു ബഹുമാനത്തോടെ നോക്കുന്നതുകണ്ട്‌ വേലു പെട്ടെന്നു പറഞ്ഞു.

"അല്ലെടാ ചാണ്ടീ ഞാനല്ല അതെടുത്തത്‌. അവരുടെ സ്വന്തം ആളു തന്നെയാ. മരുമകൻ. കേസു തെളിയുന്നതുവരെ എനിക്ക്‌ കിടക്കപ്പൊറുതിയില്ലായിരുന്നെന്നുമാത്രം. അതാ ഞാൻ മുങ്ങിനടന്നത്‌ ".

"താൻ പൂസ്സായിരുന്നോ?" സംശയപൂർവ്വം ചോദിച്ചു.

"അതെ ഹരിക്കുട്ടാ. പക്ഷേ സകല പൂസ്സും അതിനെ കണ്ടപ്പോൾ ഇറങ്ങി" വേലു ദീർഘനിശ്വാസമുതിർത്തു.

"എന്തു പറഞ്ഞാലും പോയേ തീരൂ.. അവിടെ നടക്കുന്നതെന്തെന്നറിയാതെ പിമ്പോട്ടില്ല" എഴുന്നേറ്റു. കൂടെ പ്രതാപും. "നിങ്ങൾക്ക്‌ സൗകര്യമുണ്ടെങ്കിൽ പോരെ"

പ്രവിത്താനം കാരൻ ചാണ്ടി തയ്യാറായി ആദ്യം എഴുന്നേറ്റു.

താഴെയിറങ്ങിയപ്പോൾ വേലുവും കൊച്ചെക്കനും മടിയോടെയാണെങ്കിലും പൈന്തുടർന്നു.തങ്ങളെ തനിയെ വിടാൻ അവരുടെ മനസ്സാക്ഷി സമ്മതിക്കില്ലല്ലോ. ഇമോഷണൽ ബ്ലാക്ക്‌ മെയിലിംഗാണെങ്കിലും സംഗതിക്ക്‌ തീരുമാനമായി.

ഇടയ്ക്ക്‌ ചെറു മൃഗങ്ങളുടെ അനക്കങ്ങൾ കേട്ടു. കൊച്ചെക്കൻ പ്രേരിപ്പിച്ചെങ്കിലും വെടിവയ്ക്കാൻ തുനിഞ്ഞില്ല. ഇന്നത്തെ ലക്ഷ്യം വേറെയാണ്‌. നേരെ കോട്ടയുടെ അടുത്തെത്തുക. കോട്ടയ്ക്കകത്ത്‌ ഒരു നോട്ടം കിട്ടണം അതാണ്‌ പ്രധാനം. ചെറുപ്പത്തിലേ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും വിലക്കുകൾ മൂലം കാണാൻ സാധിച്ചിട്ടില്ല. കോട്ടയുടെ പര്യവേക്ഷണങ്ങൾ കഴിഞ്ഞ്‌ വല്ലതും കിട്ടിയെങ്കിൽ തട്ടിയേക്കാം അത്രേയുള്ളൂ.

കുത്തനെയുള്ള കയറ്റമായിരുന്നതിനാൽ മടുത്തുപോയി. ഒരു വിധത്തിലാണ്‌ നിന്നും, ഇരുന്നും കിടന്നുമെല്ലാം വലിഞ്ഞുകയറി നിരപ്പിലെത്തിയത്‌. പ്രധാന വഴി എട്ടുകിലോമീറ്ററോളമുള്ള മൺ പാതയാണ്‌. വളഞ്ഞ വഴിയാണെങ്കിലും ഇത്രയും മടുക്കില്ലായിരുന്നു. കുറുക്കുവഴി എപ്പോഴും ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കുമെന്ന ആപ്തവാക്യം ഓർമ്മ വന്നു. അടുത്തുകണ്ട ഒരു പാറയിൽ കയറിയിരുന്ന്‌ കിതപ്പകറ്റി. കൊച്ചെക്കൻ കരുതിയിരുന്ന സാധനം തൊണ്ടയിലൂടെ എരിഞ്ഞിറങ്ങിയപ്പോൾ വീണ്ടും ഉഷാറായി. നിബിഢവനത്തിൽ നിന്നും അൽപം കൂടി നടന്നപ്പോൾ പുറത്തിറങ്ങാനായി. മുൻപിൽ അധികം അകലെയല്ലാതെ ഇരുളിൽക്കുളിച്ചു നിൽക്കുന്ന വിശ്രുതമായ കോട്ടയുടെ ഔട്ട്‌ ലൈൻ കണ്ടു.ഭീമാകാരമായ ആ കൺസ്ട്രക്ഷന്റെ ഗാംഭീര്യം കണ്ട്‌ അൽപം ഭീതി തോന്നിയെങ്കിലും ആവേശമാണു മുന്നിട്ടുനിന്നിരുന്നത്‌. പ്രതാപിന്റെ മുഖത്ത്‌ ഭാവവ്യതിയാനമൊന്നും കണ്ടില്ലെങ്കിലും കൊച്ചെക്കന്റെയും വേലുവിന്റെയും മുഖത്ത്‌ വ്യക്തമായ ഭീതിയും പരിഭ്രമവും വായിച്ചെടുക്കാനായി.

പെട്ടെന്ന്‌ അമ്പരപ്പിച്ചുകൊണ്ട്‌ കുറ്റിക്കാടിളക്കി എന്തോ മുൻപിലേക്ക്‌ പാഞ്ഞു. പിറകേ പായുന്നതിന്‌ മുൻപിൽ നിന്നത്‌ ചാണ്ടിയാണ്‌. തെളിച്ച ഹെഡ്ലൈററിന്റെ പ്രകാശത്തിൽക്കുളിച്ച്‌ ചലിക്കാനാവാത്ത വണ്ണം അതു നിന്നു. ഒരു മുയൽ. വേട്ടമൃഗത്തെ കണ്ട ആവേശത്തിൽ മുൻ തീരുമാനം മറന്നു. നിശ്ചലമായി നിന്ന അതിനെ ഷൂട്ടു ചെയ്യാൻ ബുദ്ധിമുട്ടേണ്ടിവന്നില്ല. വീണിട്ട്‌ ഒന്നു പിടഞ്ഞു കൂടിയില്ല. കൊച്ചെക്കനും വേലുവും ഓടിച്ചെന്ന്‌ മുയലിനെ എടുത്തു. അവരുടെ പരിഭ്രമം വേട്ടമൃഗത്തെക്കണ്ടപ്പോൾ മാറിയെന്നു തോന്നി. പ്രതാപിന്റെ മുഖത്തൊരു പുഞ്ചിരികണ്ടു. ശ്രീക്കുട്ടിയുടെ കമന്റിന്റെയും കഴിഞ്ഞ പ്രാവശ്യത്തെ മിസ്‌വേഞ്ച്വറിനേയും പറ്റി ഓർമ്മ വന്നിട്ടാകണം.

ഞെട്ടിപ്പിച്ചുകൊണ്ട്‌ കോട്ടയുടെ അരികിൽ നിന്നും ഭീതിഭമായ ഒരു നിലവിളികേട്ടു. ഭയന്നു വിറച്ച മുഖങ്ങൾ അങ്ങോട്ട്‌ തിരിഞ്ഞു.നിമിഷാർദ്ധത്തിൽ അതു നിലച്ചു. പെട്ടെന്ന്‌ കൊച്ചെക്കനാണ്‌ ചോദിച്ചതു..... "ചാണ്ടി .... ചാണ്ടി എവിടെ?"

"ഈശ്വരാ ....ശംഖൂരിച്ചെകുത്താൻ.... ചാണ്ടിപോയി....." വേലുവിന്റെ ഹിസ്റ്റീരിക്ക്‌ ആയ ശബ്ദം ഉയർന്നു.

ഇതികർത്തവ്യതാ മൂഢനായി പകച്ചുനിന്ന തന്റെ കൈയിൽ നിന്നും തോക്കുപിടിച്ചു വാങ്ങി ഉളിചാണ്ടുന്നതുപോലെ പ്രതാപ്‌ കോട്ടയുടെ അരികിലേക്കോടി. പൈന്തുടർന്ന തങ്ങൾക്ക്‌ എത്താനാവുന്നതിനു മുൻപ്‌ കോട്ടയിലേക്കു ചാഞ്ഞു കിടന്ന ഉണങ്ങിയ ആൽവൃക്ഷത്തിലൂടെ പ്രതാപ്‌ പിടിച്ചു കയറുന്നതു കണ്ടു. കൂടെയുള്ള കൊച്ചെക്കനെയും വേലുവിനെയും വിലക്കിയിട്ട്‌ താനും മരത്തിലേക്കു പിടിച്ചു കയറാൻ തുടങ്ങി. കോട്ടയിലെ ഇരുളിൽ നിന്നുയരുന്ന തിരിച്ചറിയാനാവാത്ത ശബ്ദ ലക്ഷ്യത്തിലേക്ക്‌ പ്രതാപ്‌ നിറയൊഴിച്ചു. എന്തോ ഭയങ്കരമായ ഇരപ്പ്‌ കേട്ടു. നിമിഷാർദ്ധത്തിൽ കോട്ടയ്ക്കുള്ളിൽ നിന്നും രാക്ഷസാകാരമായ എന്തോ ഉയർന്നുവന്നു. തെളിഞ്ഞ ഹെഡ്ലൈറ്റിൽ തിളങ്ങുന്ന നീലനിറമാർന്ന ഭയാനകവും രാക്ഷസാകാരവുമായ ഒരു സർപ്പ ശീർഷം. ഇലകളില്ലാതെ നിന്ന ശിഖരങ്ങൾക്കിടയിലൂടെ ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ ആ രൂപം സംഭീഷണമായി ഒരു നിമിഷം നിന്നു. ഇരുവശങ്ങളിലേക്കുമായി വിടർന്ന ഭയാനകമായ ഫണത്തിൽ നിന്നും ഹൃദയം നിലയ്ക്കുന്ന ഒരു ഫൂൽക്കാര ശബ്ദം കേട്ടു. നീലധൂമം പോലെ എന്തോ അന്തരീക്ഷത്തിലേക്ക്‌ വമിച്ചു!

പ്രതാപ്‌ തന്റെയൊപ്പം താഴെയെത്തിയതെപ്പോഴാണ്‌? ഓടാൻ ആരോടും പറയേണ്ടിവന്നില്ല. സുരക്ഷിതമെന്നു കരുത്തിയ ദൂരത്തെത്തിയപ്പോൾ തിരിഞ്ഞുനോക്കി. വായുവിൽ ഒരു കരിമ്പനപോലെ ഉയർന്നുനിന്ന രൂപം താഴേയ്ക്കുവളഞ്ഞ്‌ കോട്ടയിലെ ഇരുളിലേക്കൂളിയിടുകയായിരുന്നു. അകത്തു നിന്നും വൃക്ഷത്തലപ്പുകളും ഉണക്കക്കമ്പുകളും ഞെരിയുന്ന ശബ്ദം അവ്യക്തമായി കേട്ടു. അതു പൈന്തുടരാൻ ശ്രമിക്കുകയാണോ ഈശ്വരാ.... വീണ്ടും ഓട്ടത്തിനു വേഗതകൂട്ടി. ലക്ഷ്യമില്ലാതെയുള്ള ഓട്ടം. ഉരുണ്ടും പിറണ്ടും വീണും നിബിഢമായ വനത്തിനുള്ളിലേക്കു കയറി, നേരത്തേ ഇരുന്ന്‌ ക്ഷീണം അകറ്റിയ പാറയുടെ അരികിലെത്തിയപ്പോഴാണ്‌ ജീവൻ വീണ്ടു കിട്ടി എന്നു വിശ്വസിക്കാനായത്‌.

"ഒരു മിനിറ്റ്‌ ഇരിക്കാം". കിതച്ചുകൊണ്ട്‌ പറഞ്ഞത്‌ എല്ലാവരും അംഗീകരിച്ചു. അവരും കിതയ്ക്കുന്നുണ്ടായിരുന്നു.

"സത്യമല്ലേ ഹരിക്കുട്ടാ.... സത്യമല്ലേ ഞാൻ പറഞ്ഞത". കരച്ചിലിന്റെ ശബ്ദത്തിലായിരുന്നു വേലുവിന്റെ പരിദേവനം. പ്രതാപ്‌ ഡബിൾബാരൽ ഗൺ ഒടിച്ചിട്ട്‌ കൈനീട്ടി.

"ആ ക്യാറ്റ്‌റിഡ്ജ്‌ ബോക്സ്‌ തന്നേ ഹരീ.." ബോക്സെടുത്ത്‌ നീട്ടി. അതിൽ നിന്നും രണ്ട്‌ ക്യാറ്റ്‌റിഡ്ജ്‌ എടുത്ത്‌ ലോഡു ചെയ്തു പ്രതാപ്‌.

"അപ്പോൾ തോക്കിൽ ഒരെണ്ണമേ ഉണ്ടായിരുന്നുള്ളൂവേന്ന്‌ ഞാൻ മറന്നുപോയി. ഒരെണ്ണം മുയലിനു വേണ്ടി ചിലവാക്കിയല്ലോ?. പ്രതാപ്‌ എഴുന്നേറ്റു.

"നിങ്ങൾ ഇവിടെനിന്നും അനങ്ങരുത്‌. ഞാൻ ഒരു വട്ടം കൂടി ശ്രമിക്കാൻ പോവുകയാ...." പ്രതാപ്‌ അർദ്ധോക്തിയിൽ നിർത്തി.

"ചാണ്ടിപോയി... നോക്കണ്ട സാറെ.... പ്ലീസ്‌...ഇനി പോകരുത്‌ " കൊച്ചെക്കൻ പ്രതാപിന്റെ കയ്യിൽ കയറിപിടിച്ചു.

"അരുതു സാറേ... ഇനി ഒരുവട്ടം കൂടി.... വേണ്ട പോകരുത്‌ " വേലുവും കൂടെക്കൂടി. "ഒന്നു പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്ക്‌ ഹരിക്കുട്ടാ". രോദനം പോലെയായിരുന്നു വേലുവിന്റെ ശബ്ദം.

"ശരിയാ പ്രതാപ്ജി... ഇനി ശ്രമിക്കുന്നത്‌ പാഴ്‌വേലയാ. ഭയാനകമായ ആ സത്യം നമ്മൾ അറിഞ്ഞു കഴിഞ്ഞല്ലോ..ശംഖൂരിച്ചെകുത്താൻ സത്യമാണ്‌... അതു ജീവിച്ചിരിക്കുന്നു". തോക്ക്‌ പ്രതാപിന്റെ കയ്യിൽ നിന്നും പിടിച്ചുവാങ്ങി."തോക്കല്ല ബോംബുകൊണ്ടുപോലും അതിനെ ഒന്നും ചെയ്യാനാവില്ല".

പ്രതാപ്‌ ഒന്നു തേങ്ങിനിന്നു. പിന്നെ തീരുമാനമെടുത്തപോലെ റിലാക്സായി. ആ മുഖം ശ്രദ്ധിച്ചു. എന്തു ജന്മമാണിത്‌....ഭീതിയല്ല, പ്രതീക്ഷിക്കാത്തതുകണ്ട പടനായകന്റെ മുഖത്തെ ചിന്താവൈക്ലബ്യമായിരുന്നു ആ മുഖത്ത.​‍്‌ ആദരവുതോന്നിപ്പോയി. അത്ഭുതമില്ല. യുദ്ധങ്ങൾ നയിച്ച വീരന്മാരായ രാജവംശികളുടെ അതേ രക്തമായിരുന്നല്ലോ ആ സിരകളിൽ ഓടിയിരുന്നത്‌.

ചാണ്ടി... പാവം ചാണ്ടി... അയാൾക്കുവേണ്ടി ഇനി ഒന്നും ചെയ്യാനില്ല, ആ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയല്ലാതെ. മലയിറങ്ങി ഗ്രാമത്തിലെത്തിയപ്പോഴും കൊച്ചെക്കന്റെയും വേലുവിന്റെയും മുഖത്തെ വിളർച്ച വിട്ടുമാറിയിരുന്നില്ല.

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.