Monday, June 6, 2011


പഥികൻ
കലപില കിലുങ്ങുന്ന ഒരു ടെക്സ്റ്റയിത്സ് കവറും കുലുക്കി, ചറപറ സംസാരിച്ചു കൊണ്ടവന്‍ എന്നും രാവിലെ വീട്ടിനു മുന്നിലെത്തും. സ്ലേറ്റും പെന്‍സിലുകളും തമ്മില്‍ സംസാരിക്കുന്ന കലപില ശബ്ദത്തിന്റെ പശ്ചാത്തല സംഗീതത്തില്‍, കവറില്‍ നിന്നും ഇടക്കിടെ മഷിത്തണ്ടുകള്‍ വെളിയിലേക്കു എത്തിനോക്കി ചിരിച്ചു നൃത്തം വെക്കും. ആടിയും പാടിയും തോളില്‍ കയ്യിട്ടു സ്കൂളിലേക്കുള്ള യാത്ര പിന്നെ ഞങ്ങളൊരുമിച്ചാണു.

സദറുദ്ദീന്‍, അതായിരുന്നവന്റെ പേരു. എനിക്കവനോട് പ്രണയമായിരുന്നിരിക്കണം. ഏതു ബെഞ്ചില്‍ അവനിരുന്നാലും തൊട്ടടുത്തു ഞാനുണ്ടാവുമായിരുന്നു. കൂടെ ഹംഷാദും. പേപ്പറുകള്‍ കൊണ്ടും ഓലക്കാല്‍ കൊണ്ടും വിവിധ രൂപങ്ങള്‍ - വള്ളവും, ബോട്ടും, മയിലും, മീനും, പന്തും, കൊക്കുമൊക്കെ-ഉണ്ടാക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കുന്നതു സദറുദ്ദീനായിരുന്നു. വൈകുന്നേരങ്ങളില്‍, സ്കൂളിന്റെ വരാന്തയില്‍ നിന്നും ശിപായി ഓടിക്കും വരെ ഞങ്ങള്‍ വിവിധ രൂപങ്ങളുണ്ടാക്കി പേപ്പറുകളും ഓലയും കീറിയിട്ടുകൊണ്ടിരിക്കും.

വീട്ടില്‍ നിന്നു നോക്കിയാല്‍ സ്കൂള്‍ കാണാം. അതിനാല്‍ ശിപായി കൂട്ടമണിയടി തുടങ്ങുമ്പോള്‍ ഓടിയാല്‍, മണിയടി തീരും മുന്‍പ് ക്ലാസ്സിലെത്താം. അന്നേ വളഞ്ഞ വഴി ഇഷ്ടമല്ലാത്തതിനാല്‍, വീട്ടിനു നേരെയുള്ള അഴിയില്ലാത്ത ജനാലയാണ് ക്ലാസ്സിലേക്കുള്ള ഞങ്ങളുടെ സ്ഥിരം വഴി. ഇടക്കു ഒന്നു രണ്ട് വീടുകള്‍. അതിലൊന്നു ഹംഷാദിന്റെ വീട്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ രണ്ടു വിരലുകള്‍ വായില്‍ കടത്തി ചൂളമടിക്കും. അവന്‍ റെഡിയായാല്‍ മറുചൂളമടിയെത്തും.

ഞാന്‍ പഠിക്കാന്‍പോകുന്ന(?) എല്ലാ സ്കൂളുകളിലും എന്റെ ശത്രുക്കള്‍ നേരുത്തേ സ്ഥലം പിടിച്ചിട്ടുണ്ടാവും. എപ്പോഴും ക്ലാസ്സ് ഫസ്റ്റായി മാത്രം പഠിക്കുന്ന എന്റെ മുതിര്‍ന്ന മൂന്നെണ്ണം. അതിനാല്‍ പഠിത്തത്തിലെന്നല്ല, ബഞ്ചില്‍ പോലും പിറകിലേക്കു പോകാന്‍ പറ്റില്ലായിരുന്നു. അവസാന ക്ലാസ്സിലെത്തിയാലെ സ്വസ്ഥമായി ഒന്നു നെടുവീര്‍പ്പിടാന്‍ പോലും പറ്റു. അതായതു അപ്പോഴേ മുതിര്‍ന്നതില്‍ ഏറ്റവും ഇളയതുകൂടി സ്കൂളില്‍ നിന്നും പുറത്തായിട്ടുണ്ടാവു.

പരീക്ഷാകാലങ്ങളില്‍ എന്നും രാവിലെ ഹംഷാദും സദറും ഞാനും ഒന്നിച്ചിരുന്നു പഠിച്ചിട്ടാണു ക്ലാസ്സിലേക്കു കയറുക. പരീക്ഷ കഴിഞ്ഞു ഇറങ്ങിയാല്‍, ഇനിയും കീറിത്തീരാത്ത ബുക്കുണ്ടെങ്കില്‍ അതിന്റെ പേപ്പറുകള്‍ കീറി വിവിധ രൂപങ്ങളുണ്ടാക്കി പറത്തും. എന്തായാലും ചോദ്യപ്പേപ്പറുകള്‍ പറത്തിയിരിക്കും. അല്ലാതെ അതും കൊണ്ട് വീട്ടില്‍ ചെന്നാല്‍, ഏതെങ്കിലുമൊരു ഭദ്രകാളി ചോദ്യം ചോദിച്ചു ഞങ്ങളെ പറത്തും. ഒടുവില്‍ നമ്മുടെ സ്വസ്ഥതയും പറക്കും. വെറുതേയെന്തിനാ?

നാലാം ക്ലാസ്സിലെ അവസാന പരീക്ഷാദിനം. അടുത്ത വര്‍ഷം മുതല്‍ പുതിയ സ്കൂളിലേക്കാണ്. ക്ലാസ്സിലെ ഒട്ടുമിക്കവരും സമീപത്തു തന്നെയുള്ള പുതിയ സ്കൂളിലുണ്ടാവുമെന്നുറപ്പാണ്. വൈകുന്നേരം ഈ സ്കൂളങ്കണത്തിലാണ് സ്കൂളില്‍ പോയിട്ടില്ലാത്ത നാട്ടുകാരുടെ വരെ കളി. അതുകൊണ്ടുതന്നെ എന്തെങ്കിലുംനഷ്ടപ്പെടുമെന്ന വേദനയുമില്ല. രാഷ്ട്രീയവും തെരഞ്ഞെടുപ്പും സമരവുമൊക്കെയുള്ള വലിയസ്കൂളില്‍, വലിയവരോടൊപ്പം കൂടി വലിയവനാകുന്നെന്ന വലിയ സന്തോഷവുമുണ്ട്. അതുകൊണ്ടാവും, ക്ലോക്കിലെ സൂചിക്കിന്നു ഭയങ്കര സ്പീഡ്. പരീക്ഷക്കു പോകാന്‍ സമയമായി. ഇതുവരെ അവനെന്തേയെത്തിയില്ല?

അവസാന പരീക്ഷക്കു തയ്യാറെടുക്കുവല്ലേ? ഇത്തിരി താമസിക്കുക സ്വാഭാവികം. സ്വയം സമാധാനിച്ചു.

അവസാന പരീക്ഷക്കുള്ള എന്റെ തയ്യാറെടുപ്പുകളൊക്കെ രാത്രിതന്നെ കഴിഞ്ഞിരുന്നു. അടിച്ചു മാറ്റിയ, മൂത്തപെങ്ങളുടെ ഹീറോ പേനായില്‍ പറങ്കിപ്പഴത്തിന്റെ ചാറും നീലവും കൂട്ടിയ വെള്ളം ഞാന്‍ രാത്രിയിലേ നിറച്ചു വെച്ചു. അധികം വന്നതിനെ പഴയ മഷിക്കുപ്പിയില്‍ നിറച്ചും വെച്ചു. ഇനി പരീക്ഷ കഴിഞ്ഞിറങ്ങിയിട്ടു വേണം മഷി തെറുപ്പിക്കാന്‍. പറങ്കിപ്പഴത്തിന്റെ ചാറിട്ട നിറം കഴുകിക്കളയാന്‍ ഇത്തിരി പ്രയാസമാണ്. ഇതു പരമ്പരാഗതമായി കൈമാറിക്കിട്ടിയ ഒരാഘോഷത്തിന്റെ ബാക്കി പത്രം.

അവനെ കാത്തിരിക്കെ, ആരും കാണാതെ ബുക്കിലെ പേപ്പറൊന്നു പതിയെ വലിച്ചു കീറി, ഇന്നലെയവന്‍ പഠിപ്പിച്ച മയിലിനെ ഉണ്ടാക്കാന്‍ ശ്രമിച്ചു. പരീക്ഷയുടെ ടെന്‍ഷന്‍ കൊണ്ടാവും, എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. ബുക്കിനിടയില്‍ നിന്നും അവനിന്നലെയുണ്ടാക്കിയ മയിലിനെ എടുത്തു ഒന്നു കൂടി പരിശോധിച്ചു.

ഛേ....., എന്നിട്ടും അതുപോലൊന്നുണ്ടാക്കാന്‍ പറ്റുന്നില്ല. എന്തായാലും ഇന്നു അവനെക്കാണുമ്പോള്‍ ഒന്നു കൂടി നന്നായി പഠിക്കണം... മനസ്സിലുറപ്പിച്ചു.

ഹംഷാദിന്റെ ചൂളമടി ശബ്ദം..... അവന്‍ കാത്തു നിന്നു മുഷിഞ്ഞിട്ടുണ്ടാവും. ഞാന്‍ എണീറ്റു നിക്കറിന്റെ പോക്കറ്റില്‍ ഒന്നു കൂടിത്തപ്പി നോക്കി. മഷിക്കുപ്പി അവിടെത്തന്നെയുണ്ട്. ഉടുപ്പിന്റെ പോക്കറ്റിനു വലിപ്പം കുറവായതിനാല്‍ ഹീറോ പേന കുത്തി വെക്കുന്നതു ഏറ്റവും മുകളിലെ ബട്ടണ്‍ഹോളിലാണ്. അടപ്പുമാത്രം ഉടുപ്പില്‍ ബാക്കിയാക്കി പേന ചിലപ്പോള്‍ ചാടിപ്പോകും. അങ്ങനെ ചാടിപ്പോകാതിരിക്കാന്‍ ഒരു കയ്യാല്‍ അതു മുറുക്കിപ്പിടിച്ചും കൊണ്ട് റോഡില്‍വരെ ഓടിപ്പോയി സദറുദ്ദീന്‍ വരുന്നുണ്ടോയെന്നു നോക്കി.

ഇല്ല, അവനിനിയുമെത്തിയിട്ടില്ല....

തിരിഞ്ഞു നടക്കുമ്പോള്‍ ഹംഷാദ് സന്തോഷത്തോടെ ഓടിവന്നു പറഞ്ഞു.

അളിയാ, ഇന്നു പരീക്ഷയില്ലെന്നു പറയുന്നു, നിങ്ങള്‍ വരാത്തതു കൊണ്ട് ഞാനുമിതുവരെ സ്കൂളില്‍ പോയില്ല. സദറെന്തേ?

ഇല്ല, അവനെത്തിയിട്ടില്ല, ഇന്നവധിയാണെന്നു അവന്‍ നേരുത്തെയറിഞ്ഞിട്ടുണ്ടാവും. വാ, നമുക്കു സ്കൂളിലേക്കു പോകാം...... ഞാന്‍ പറഞ്ഞു.

സ്കൂളില്‍, എവിടെയോ പോകാന്‍ തയ്യാറായി വരിവരിയായി ക്ലാസ്സിലെ എല്ലാവരും നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാ മുഖങ്ങളിലും മ്ലാനത. ചിലരില്‍ കണ്ണീര്‍ ചാലുകള്‍. ചുറ്റിനും നോക്കി. സദറുദ്ദീന്‍, അവന്‍ മാത്രമില്ല. ‘സന്ധ്യക്കു വീട്ടിനു സമീപത്തെ മുളങ്കാടിനു സമീപത്തു വെച്ചായിരുന്നത്രേ... വലിയ അണലിയായിരുന്നു‘ ആരൊക്കെയോ അടക്കം പറയുന്നതു കേട്ടു.

എന്റെ ബുക്കില്‍ നിന്നും ഒരു പേപ്പര്‍ മയില്‍ പിടഞ്ഞു പിടഞ്ഞു താഴേക്കു വീണു.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.