Sunday, January 6, 2013

ശ്രീപാർവ്വതി


ഉമ ഏഴടി നീളമുള്ള ഈറന്‍ വാഴയിലയില്‍ നീണ്ടു നിവര്‍ന്നങ്ങനെ കിടന്നു.  തന്‍റെ കാല്‍ക്കലും തലയ്ക്കലുമായി ഇരിക്കുന്ന പരിചിത മുഖങ്ങളെ കണ്ട് ഉമക്കുട്ടിയമ്മയ്ക്ക് ശ്വാസം മുട്ടി. പൂമുഖത്ത് തന്‍റെ പ്രിയപ്പെട്ട നീലാംബരി രാഗത്തില്‍ രാമനെ വായിക്കുന്നതാരാണ്. 
കുട്ടേട്ടനെവിടെ...
കുട്ടേട്ടനെ കുറിച്ചോര്‍ത്തപ്പോള്‍ ഉമയ്ക്ക് വീണ്ടും ശ്വാസം മുട്ടി. ഒറ്റയ്ക്കാക്കി ഭ്രാന്തിന്‍റെ കയ്യ് പിടിച്ച് ഞാനൊരു പോക്കങ്ങു പോകും എന്ന് പലതവണ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ഭ്രാന്തിനും വിട്ടു കൊടുക്കാതെ പൊതിഞ്ഞു പിടിച്ചത് ഇങ്ങനെ ഒറ്റയ്ക്കാക്കി പോകാനായിരുന്നെന്നു തോന്നുന്നു...
"ന്‍റെ കുട്ടേട്ടനെ കത്തോള്‍ണേ കൃഷ്ണാ!!!"
ഉമ മുകളിലേയ്ക്കു നോക്കി നിലവിളിച്ചു.
അല്ല ഇനീപ്പോള്‍ അങ്ങനെയൊക്കെ ഉണ്ടോ, ശരീരത്തിന്‍റെ ആര്‍ത്തി ഒടുങ്ങിത്തീര്‍ന്നത് എപ്പോഴോ അറിഞ്ഞു കഴിഞ്ഞിരുന്നു.
ഒരു വിതുമ്പല്‍ കേട്ടാണ്, ഉമ വീണ്ടും കണ്ണു തുറന്നത്, മുന്നില്‍ നിന്ന് കല്ലടിക്കോടന്‍ കരയുന്നു. 
"ഇവിടെ അമ്പലങ്ങളോ പള്ളികളോ അല്ല വീണ്ടും പണിതു കൂട്ടേണ്ടത് നല്ല ഡോക്ടര്‍മാരുള്ള ഭ്രാന്താശുപത്രികളാണ്"
കല്ലടിക്കോടന്‍ എന്ന ധിഷണാശാലിയായ എഴുത്തുകാരന്‍ മുഖപ്രസംഗത്തിലെഴുതുന്നു. അനേകവര്‍ഷങ്ങള്‍ എഴുത്തിന്‍റെ നാള്‍വഴികളില്‍ കയ്യൊപ്പ് പതിപ്പിക്കുമ്പോള്‍ കല്ലടിക്കൊടന്‍റെ സൌഹൃദം ആ കയ്യൊപ്പിലെ അക്ഷരങ്ങളായിരുന്നു. ഉമ ആര്‍ദ്രയായിപ്പോയി, വിട്ടു പോകേണ്ടത് ആരൊക്കെയാണെന്ന് തിട്ടപ്പെടിത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.

ഉമയുടെ കണ്ണുകള്‍ മുറിയുടെ വശത്തെ കണ്ണാടിക്കൂട്ടില്‍ ചാഞ്ഞിരിക്കുന്ന ഡയറിയിലേയ്ക്ക് നീണ്ടു. അക്ഷരങ്ങളുടെ പെരുമഴക്കാലം. ഉമ എസ് നായര്‍ എന്ന പഴയ കൌമാരക്കാരി പെണ്‍കുട്ടി ആ ഡയറിയുടെ ചട്ടയ്ക്കുള്ളില്‍ മൌനത്തോടെ ഇരിക്കുന്നു. ഒരുപാട് കഥകള്‍ പറയാന്‍ ആഗ്രഹിച്ച പക്ഷേ പലപ്പോഴും കഥകളെ പാതിവഴിയില്‍ നിര്‍ത്തിയ ഉമ എസ് നായര്‍ .ഹൃദയത്തില്‍ ഏറ്റു വാങ്ങിയ പോറല്‍ പോലെ ഡയറിത്താളുകളിലെ വിനീതയുടേയും ,ഹര്‍ഷന്‍റേയും ആത്മവിലാപം.
 മനസ്സുകൊണ്ട് കുട്ടിത്തം നഷ്ടമായിട്ടില്ലാത്ത ഒരു യുവതിയുടെ മോഹങ്ങള്‍ ,തൊട്ടടുത്തിരിക്കുന്ന ഇളം നീല നിറമുള്ള പുറം ചട്ടയില്‍ .ഏകാന്തതയുടെ നീര്‍ക്കെട്ട് മനസ്സിനെ വിങ്ങലിലാഴ്ത്തിയപ്പോള്‍ ആത്മാവിനെ രണ്ടാക്കി മറുപാതിയ്ക്ക് കത്തുകളയച്ച് ഒറ്റപ്പെടലിനെ തോല്‍പ്പിച്ചു.
മുഖമില്ലാത്ത ഒരു മറുപാതി...
ഒടുവില്‍ എപ്പോഴോ ജീവിതം അക്ഷരങ്ങളല്ലെന്ന തിരിച്ചറിവില്‍ എന്നെന്നേയ്ക്കുമായി മൂടിവയ്ക്കപ്പെട്ട തന്‍റെ ഡയറികള്‍ ... 
കുട്ടേട്ടന്‍ ആ ഡയറികള്‍ ഒന്നും ഇതുവരെ വായിച്ചിട്ടില്ലെന്നു തോന്നുന്നു,   അക്ഷരവഴികളില്‍ ദീപം തെളിച്ചു കൊണ്ട് വഴികാട്ടിയായി ഒപ്പം നില്‍ക്കാനുള്ള ധൈര്യം കാട്ടിയല്ലോ അതു തന്നെ അപാര കാരുണ്യം.
അല്ലെങ്കിലും കുട്ടേട്ടനു ദൈവത്തിന്‍റെ മുഖച്ഛായയുണ്ട്. ചിലപ്പോള്‍ തോന്നും സാക്ഷാല്‍ ശ്രീകൃഷ്ണന്‍ , നീണ്ട കണ്ണുകളും വിടര്‍ന്ന നാസികയും , ചിലപ്പോള്‍ തോന്നും അപാര കാരുണ്യവുമായി തന്‍റെ മുന്നില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നത് ഈശോ ആണെന്ന്. ആ സമയത്ത് കുട്ടേട്ടന്‍റെ കണ്ണുകളില്‍ കാരുണ്യത്തിന്‍റെ അപാരമായ കടല്‍ ഓളം വെട്ടുന്നുണ്ടാകും.
അല്ല എവിടെ കുട്ടേട്ടന്‍ ... 
ഉമ വീണ്ടും മുറിയിലങ്ങിങ്ങ് പരതി. വെള്ളമെങ്കിലും കുടിച്ചിട്ടുണ്ടാകുമോ... ആരെങ്കിലും ആശ്വസിപ്പിക്കുന്നുണ്ടാകുമോ...
ഉമയ്ക്ക് അപ്പോള്‍ തന്നെ കുട്ടേട്ടനെ കാണുവാനും അതീവ സ്നേഹത്തോടെ തന്നിലേയ്ക്ക് ചേര്‍ത്തമര്‍ത്താനും തോന്നി.

ഒരു നനുത്ത തൂവല്‍ പോലെ എന്തോ ഒന്ന് അരികിലൂടെ പറന്നു പോയതു പോലെ തോന്നിയപ്പോഴാണ്, തൊട്ടരികില്‍ വന്ന് നിശബ്ദമായി തന്നെ ഉറ്റുനോക്കി നില്‍ക്കുന്ന മൂര്‍ത്തിയെ ഉമ കണ്ടത്. വയസ്സനായിരിക്കുന്നു. മുടിയൊക്കെ നരച്ചു വെളുത്ത് ,പക്ഷേ കണ്ണുകളിലെ ആഴം  അവിടെത്തന്നെയുണ്ട്. കുട്ടേട്ടനെവിടെ... ഉമയ്ക്ക് അയാളെ ഉടനെ കാണണമെന്ന് തോന്നി. മൂര്‍ത്തി വന്നിരിക്കുന്നു കുട്ടേട്ടാ, ഇഷ്ടമാവ്വൊ ആവോ.. അറിയില്ല. അതൊരു സമരമായിരുന്നു. ഉമക്കുട്ടിയുടെ സമരം. നിശബ്ദനായി മൂര്‍ത്തി നില്‍ക്കുമ്പോള്‍ പാതിവഴിയില്‍ താന്‍ നിര്‍ത്തിയ അക്ഷരങ്ങളെ കുറിച്ച് ഉമ ഓര്‍ത്തു.
മൂര്‍ത്തി ആരാണ്, ഉമയ്ക്ക്...
കുട്ടേട്ടന്, പോലും മനസ്സിലാക്കാനാകാത്ത ഒരു ഇഴ എവിടെയോ വലിഞ്ഞു മുറുകുന്നു. ഡയറിത്താളുകളില്‍ എഴുതി നിറച്ച പ്രണയക്കുറിപ്പുകളെ ആഴമുള്ളതാക്കി മാറ്റിയത്  ആ വലിഞ്ഞു മുറുകുന്ന ഇഴ തന്നെ. മൂര്‍ത്തി ഒരു കണ്ണാടിയായിരുന്നു, ഉമയ്ക്ക്. ഒരേ സ്വഭാവമുള്ള , ഭ്രാന്തുള്ള, കള്ളത്തരങ്ങളുള്ള ഒരു കണ്ണാടി. അത് പ്രണയമായിരുന്നോ... അല്ല... അങ്ങനെ വിളിക്കുമ്പോള്‍ അത് ഇഴകള്‍ മാത്രമായി മുറുകി പോകുന്നു. പരസ്പരം കണ്ണാടി പോലെ തിരിച്ചറിഞ്ഞ ആത്മസൌഹൃദം അങ്ങനെ വിളിക്കട്ടെ മൂര്‍ത്തിയെ...
പക്ഷേ കുട്ടേട്ടന്‍ ... എത്രയോ ജന്‍മങ്ങളില്‍ ഒന്നിച്ചുണ്ടായിരുന്നിട്ടും മൂര്‍ത്തിയോടുള്ള അടുപ്പത്തെ കുട്ടേട്ടന്‍ എന്നും ഭയന്നു. കരള്‍ പറിച്ചെടുത്ത പോലെ സ്വയം വേദനിച്ചു, പലപ്പോഴും ഉരുകി തീര്‍ന്നു. ഒക്കെയറിഞ്ഞിട്ടും ആ നോവ് സ്വയമേറ്റു വാങ്ങി മൌനമായി നില്‍ക്കാനേ തനിക്ക് കഴിഞ്ഞുള്ളൂ എന്ന് ഉമ വേദനയോടെ എന്നേ തിരിച്ചറിഞ്ഞിരുന്നു. മനസ്സു പല നേരങ്ങളില്‍ പിടി വിട്ടു പോകുമ്പോള്‍ കുട്ടേട്ടനെടുത്തു തന്നിരുന്ന ക്രീം നിറത്തിലുള്ള ഗുളികകളെ ഒന്നിച്ചെടുത്തു വിഴുങ്ങി ഓര്‍മ്മകളെ അവസാനിപ്പിച്ച് കണ്ണാടിയെ തല്ലിത്തകര്‍ത്താലോ എന്ന് പലവട്ടം ഓര്‍ത്തു പോയി, പക്ഷേ തന്‍റെ മൌനത്തെ വായിക്കാന്‍ കഴിവുണ്ടായിരുന്ന കുട്ടേട്ടന്‍ തന്നെ അതീവ തീവ്രതയോടെ ആ സമയം തിരികെ ജീവിതത്തിലേയ്ക്കു വിളിക്കും. ഇത്രയും തന്നെ വായിക്കാന്‍ കഴിവുണ്ടായിട്ടും എന്തേ കുട്ടേട്ടാ ഇങ്ങനെ ഭയക്കുന്നു, മൂര്‍ത്തിയോടെന്നല്ല ഈശ്വരനോടു പോലും  ഉമയ്ക്ക് ബാദ്ധ്യതകളില്ല. ഇത്രയേറെ ആഴത്തില്‍ തന്നെ മനസ്സിലാക്കിയ കുട്ടേട്ടന്‍  ഇതുവരെ മനസ്സിലാക്കിയിട്ടുണ്ടോ ആവോ ജന്‍മാന്തരങ്ങളുടെ ഇഴയടുപ്പവുമായി കുട്ടേട്ടന്‍ നീറുമ്പോള്‍ ഉമയും നീറുന്നുണ്ടെന്ന്, കുട്ടേട്ടന്‍ പിടയുമ്പോള്‍ തന്‍റെ ഹൃദയവും ശക്തിയായി മിടിയ്ക്കുന്നുണ്ടെന്ന്...
കുട്ടേട്ടനെവിടെ...
ഉമയുടെ കണ്ണുകള്‍ വീണ്ടും പരതി നടന്നു.
മുന്നിലും പിന്നിലും പരിചിത മുഖങ്ങള്‍ ഏറെയുണ്ട്. മൂര്‍ത്തിയെന്ന കണ്ണാടി അവിടെ തന്നെ ദുര്‍ബലനായി മിഴികളടച്ച് നില്‍ക്കുന്നു. 
കുട്ടേട്ടാ... അവള്‍ ആവുന്നത്ര ശക്തിയില്‍ നീട്ടി വിളിച്ചു.
"ന്‍റെ ഉമക്കുട്ടീ... എന്നെ നിനക്കു കാണാന്‍ വയ്യെ..."
കുട്ടേട്ടന്‍റെ ഒച്ച തന്നെയാണല്ലോ, അപ്പോള്‍ തന്നെ കുട്ടേട്ടനു കേള്‍ക്കാമല്ലോ, ഉമ സന്തോഷത്തോടെ ഓര്‍ത്തു. തൊട്ടടുത്ത് ഉമയോട് ചേര്‍ന്നു കിടന്ന് കുട്ടേട്ടനും കാണുന്നൂണ്ടായിരുന്നു, അല്ല അറിയുന്നുണ്ടായിരുന്നു സ്വന്തം ഉമക്കുട്ടിയെ.
എപ്പോഴും കുട്ടിയാകുവാന്‍ മോഹിച്ച, പൊട്ടത്തരങ്ങള്‍ വിളിച്ചു പറയുന്ന, അന്‍പതു വയസ്സോളം ആയിട്ടും എന്തിനും ഏതിനും ഉറക്കെ ചിരിയ്ക്കുന്ന ഉമയുടെ അടുത്തു തന്നെ ഒരു നിര്‍വൃതിയില്‍ മുഴുകി കുട്ടേട്ടന്‍ കിടന്നിരുന്നു. അകലെ നിന്ന് വരുന്ന ദിവ്യ വെളിച്ചത്തിലേയ്ക്ക് ആണ്ടിറങ്ങി പോകാന്‍ ഒരു കൂട്ടിനായി കുട്ടേട്ടന്‍ ഉമയുടെ കയ് പിടിച്ചപ്പോഴാണ്, അവള്‍ അറിഞ്ഞത് എന്നെത്തേയും പോലെ കുട്ടേട്ടനുമൊന്നിച്ചാണു യാത്രയെന്ന്. അല്ലെങ്കിലും ഒറ്റയ്ക്കു പോകാന്‍ മടിച്ചിരുന്നു. ഇനിയിപ്പോള്‍ ആത്മാവിനു മോക്ഷം കിട്ടാന്‍ ബലിയിടണമെന്നില്ല, അല്ലെങ്കിലും മക്കളില്ലാത്ത കുട്ടേട്ടനും ഉമയ്ക്കും ബലിയീടലില്‍ വിശ്വാസം നഷ്റ്റപ്പെട്ടിട്ട് എത്രയോ ആയി.
കുട്ടേട്ടന്‍റെ കയ്യില്‍ മുറുകെ പിടിച്ച് വെളിച്ചത്തിനു നേരേ നോക്കി ഉയര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഉമയുടെ മുഖം ചുവന്നു തുടുത്തിരുന്നു. ഇപ്പോള്‍ തന്നെ തങ്ങള്‍ മുഖമില്ലാത്തവരാകുമെന്നും അരൂപിയായി ഒന്നായി ചേര്‍ന്ന് ആ പ്രകാശത്തില്‍ ലയിക്കുമെന്നും ഉമയ്ക്ക് തോന്നി. ആ തോന്നലില്‍ അവള്‍ പേരു പോലും നഷ്റ്റപ്പെട്ടവളായി കുട്ടേട്ടനോട് ചേര്‍ന്നു നിന്നു...
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.