Thursday, July 21, 2011


എം.കെ.ഹരികുമാർ




"ഡിജിറ്റൽ, ഇന്റർനെറ്റ്‌ വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്‌"  -


 ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ്‌ പലവഴിക്ക്‌ വന്ന്‌ ചേർന്നതാണ്‌. ഒരിടത്ത്‌ നേരത്തെ എത്തണം, നേരത്തെ അറിയണം എന്നീ വിചാരങ്ങളാണല്ലോ സ്പീഡിൽ നമ്മെ കൊണ്ടെത്തിക്കുന്നത്‌. വെറും മത്സരബുദ്ധിയോടുകൂടി മാത്രം സ്പീഡിനെ ആശ്രയിക്കുന്നവരും കണ്ടേക്കാം. അത്‌ കേവലസ്പീഡാണ്‌. ഒരാവശ്യവുമില്ലെങ്കിലും വേഗത്തിൽ പോകുന്നവരുണ്ട്‌. വേഗം അവർക്ക്‌ മറ്റൊരു പ്രമേയമാണ്‌. വേഗത്തിൽ അവർ ജീവിക്കുന്നു. വേഗതയിലൂടെ അവർ സ്വയം ആവിഷ്കരിക്കുകയാണ്‌. പലതരം വേഗങ്ങളുണ്ട്‌. ഓട്ടോമൊബെയിൽ, സ്പോർട്ട്സ്‌ രംഗങ്ങളിലുള്ള വേഗത ഇതിന്റെ ഭാഗമാണ്‌. ഉപകരണമോ സ്വന്തം ശരീരം തന്നെയോ ഉപയോഗിച്ച്‌ നാം വേഗതയെ അറിയുന്നു. എന്നാൽ ഇതിനെല്ലാം അപ്പുറത്തേക്ക്‌ ജീവിതവേഗം മാറിപ്പോയിരിക്കുകയാണ്‌. ഇന്നത്തെ വേഗം നിലനിൽപനോ മറ്റുള്ളവർക്ക്‌ ഒപ്പമെത്താനോ ആണ്‌. ഈ ഒപ്പമെത്തൽ മാനസികപ്രശ്നമാണ്‌. മാനസികമായ ദുരിതവും ഉന്മാദവുമാണ്‌, ഒരേസമയം.
 ഈ വേഗത്തെ ഇന്ന്‌ പലവഴിക്ക്‌ സംസ്കാരവൽക്കരിച്ചാണ്‌ നമ്മൾ ജീവിക്കുന്നത്‌ എന്നത്‌ യാഥാർത്ഥ്യമാണ്‌. വേഗം ഇന്ന്‌ സാംസ്കാരിക രൂപകമാണ്‌. അതിന്റെ പല കൈവഴികൾ, ആവിഷ്കാര ഉപാധികൾ ഇന്നുണ്ട്‌. ഗോ‍ാഗിളൈസേഷൻ (Googlization) 'ലൈവ്‌' ഷോ, അചരിത്രവൽക്കരണം, വലിച്ചെറിയൽ, നൈമിഷികത, എന്നീ സാംസ്കാരിക കേന്ദ്രങ്ങളിലൂടെയാണ്‌ വേഗം എന്ന ഉപഭോഗവസ്തു ഇന്ന്‌ ചെലവാക്കപ്പെടുന്നത്‌. വേഗത ഉപഭോഗവസ്തുവാകുന്നതിനു, സാങ്കേതികമാധ്യമ രംഗങ്ങളിലെ നൂതനത്വമാണ്‌ വഴിയൊരുക്കുന്നത്‌. പലതരം ഉപകരണങ്ങൾ പ്രവഹിക്കുകയാണ്‌. എല്ലാ ഉപകരണങ്ങളുടെയും നിർമ്മാണവും പ്രവർത്തനരീതിയും സൗന്ദര്യവും ഏകോപിപ്പിക്കുന്നതും ലക്ഷ്യമാക്കുന്നതും ഈ വേഗതയെ മുന്നിൽ കണ്ടാണ്‌. എല്ലാ ഉപകരണങ്ങളും വേഗതയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്നു. വാഷിംഗ്‌ മേഷിൻ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌, ഐയൺബോക്സ്‌, ഓട്ടോമൊബെയിൽ, മൊബെയിൽഫോൺ,  മെഡിക്കൽ ഉപകരണങ്ങൾ, ക്യാമറ, തുടങ്ങിയവയ്ക്കെല്ലാം വേഗത ഘടകമാണ്‌. വേഗത പലപ്പോഴും ആകർഷകമായ മുദ്രാവാക്യമായി രൂപപ്പെടുന്നുണ്ട്‌. വേഗതയില്ലെങ്കിൽ ക്യാമറ, ഓട്ടോമൊബെയിൽ വ്യവസായം തന്നെയില്ല. വേഗതയെ ഇന്ന്‌ വൻശക്തിയാക്കുന്നത്‌, തീർച്ചയായും സാങ്കേതികശാസ്ത്രമാണ്‌. അതിനനുസരിച്ച്‌ മനുഷ്യന്‌ ഓടാതിരിക്കാനാവില്ല. കാലത്തിന്റെ വേഗത വർത്തമാനകാലത്തിലാണ്‌ കത്തിപ്പടരുന്നത്‌. ചിലപ്പോൾ ഒരു കാലമേയുള്ളു; അത്‌ വർത്തമാനകാല നിമിഷമാണ്‌.
ഗൂഗിളൈസേഷൻ
 സെർച്ച്‌ എഞ്ചിനായ (Search Engine)ഗോ‍ാഗിൾ (Google)ഇന്ന്‌ മൂല്യത്തെയും വസ്തുവിനെയും ലെവൽചെയ്ത്‌ ഒരുപോലെയാക്കിക്കൊണ്ട്‌ പുതിയ സംസ്കാര വ്യതിയാനം (Cultural Shift)സാധ്യമാക്കിയിരിക്കുന്നു. ആവശ്യമുള്ളതും ആവശ്യമില്ലാത്തതും എന്ന വിഭജനം നമുക്കുണ്ടാകാം. എന്നാൽ ഗോ‍ാഗിളിനതില്ല. ഇത്‌ മൂല്യങ്ങളെപ്പറ്റി നിലനിന്ന സകല മുൻഗണനാക്രമങ്ങളെയും തെറ്റിച്ചിരിക്കയാണ്‌. ഗൂഗിളിന്‌  സാംസ്കാരികമായ ഉച്ചനീചത്വമോ ശ്രേണിയോ ഇല്ല. സെർച്ച്‌ എഞ്ചിൻ എന്ന നിലയിൽ അതിന്റെ ജോലി, നാം എന്ത്‌ ആവശ്യപ്പെടുന്നുവോ അത്‌ കൊണ്ടുവന്ന്‌ തരുക എന്നതാണ്‌. ഷേക്സ്പിയറെയും ബിൻലാദനെയും അത്‌ ഒരുപോലെയാണ്‌ കാണുന്നത്‌. മൂല്യങ്ങളുടെ പൈന്തുടർച്ചയോ ചരിത്രമോ ഇവിടെയില്ല. എല്ലാത്തിനും ഒരേ പ്രാധാന്യം. നാടുവാഴിത്ത കാലഘട്ടത്തിലാണെങ്കിൽ, ഇഷ്ടമില്ലാത്തതെല്ലാം കുഴിച്ചുമൂടുകയായിരിക്കും ചെയ്യുക. ചരിത്രത്തെ അത്‌ ഇഷ്ടമുള്ള രീതിയിലാവും ചിത്രീകരിക്കുക. ഗൂഗിൾവൽക്കരണത്തിലൂടെ ആർക്കും എന്തും യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകുന്നു. വസ്തുക്കൾ അറിവുകളായാണ്‌, ഇവിടെ നിലനിൽക്കുന്നത്‌. അത്‌ ജനാധിപത്യപരമായ സ്വാതന്ത്ര്യമാണ്‌. ഏത്‌ വസ്തുവിനെപ്പറ്റിയുള്ള അറിവും എല്ലാവർക്കുമുള്ളതാണ്‌. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ, എല്ലായിടത്തും ഒരേസമയം, (ഏത്‌ സമയത്തും) പ്രാപ്യമാകുന്നു. പുസ്തകങ്ങൾക്ക്‌ സാധിക്കാത്ത വിപ്ലവമാണിത്‌. ഗൂഗിൾ  പേജുകൾ ലോകത്ത്‌ എല്ലായിടത്തും ഒരേപോലെ പ്രത്യക്ഷപ്പെടുന്നു.

ഭരണാധികാരികൾക്കോ ഏകാധിപതികൾക്കോ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്നുമല്ലെന്ന സമീപനമാണിത്‌. നാളത്തെ ലോകത്തിന്റെ വ്യക്തിവാദപരമായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യപരമായ നിലനിൽപ്പിന്റെയും സാർവ്വലൗകികമായ വീക്ഷണത്തിന്റെയും സൂചനകൾ ഗൂഗിളൈസേഷൻ  നൽകുന്നു. വിവരങ്ങളിലേക്ക്‌ നിങ്ങൾക്ക്‌ എത്രവേഗത്തിൽ എത്താൻ കഴിയുമെന്ന്‌ നിശ്ചയിക്കുന്നത്‌ ഗൂഗിളാണ്‌. മാത്രമല്ല, ഒന്നിനെയും കൂടെക്കൊണ്ടുനടക്കുകയോ ഓർമ്മകൾകൊണ്ട്‌ ഭാരം ചുമക്കുകയോ ചെയ്യേണ്ട സാഹചര്യവുമില്ല. ആവശ്യമുള്ളപ്പോൾ ഒരാൾക്ക്‌ സാംസ്കാരിക ജീവിയാകാം, അയാളുടെ ഇഷ്ടംപോലെ. അതും പ്രാദേശികമായല്ല, ലോകനിലവാരത്തിലും വീക്ഷണത്തിലും.  ഇന്നത്തെ സംസ്കാരത്തിന്റെ പൊതുസ്വഭാവങ്ങളെല്ലാം ഗൂഗിളൈസേഷ്നിലുണ്ട്. ഒരു വസ്തുവിനും അമിത പ്രാധാന്യമില്ല. എല്ലാം മറന്നാലും ഓർമ്മിക്കാം. ഓർമ്മകൾ നിർവ്യക്തീകരിക്കപ്പെട്ടവയാണ്‌. വ്യക്തികൾക്കാവശ്യമുള്ള സാംസ്കാരിക വസ്തുക്കളാണ്‌ ഓർമ്മകൾ. ഓർമ്മകൾ, ചിലപ്പോൾ വൈകാരികം പോലുമല്ല. അത്‌ വസ്തുക്കളുടെയിടയിലെ ഒന്നുമാത്രമാണ്‌. ഏത്‌ വസ്തുവിനും പ്രതിനിധാനമാകാം, സ്വയം പ്രതിനിധീകരിക്കാം; മറ്റൊന്നാകാനും അവസരമുണ്ട്‌. ഗൂഗിൾ  ഇത്‌ മൂന്നും സാക്ഷാത്കരിക്കുന്നു. പൂവിനോ കാക്കയ്ക്കോ ടോൾസ്റ്റോയ്ക്കോ മറ്റൊന്നിന്റെ പ്രതീകം എന്ന നിലയിൽ ഗോ‍ാഗിളിലൂടെ അന്വേഷിക്കപ്പെടാനുള്ള സാഹചര്യം എപ്പോഴുമുണ്ട്‌. ടോൾസ്റ്റോയിയെ സെർച്ച്‌ ചെയ്യുന്നത്‌ ടോൾസ്റ്റോയിക്ക്‌ വേണ്ടിയല്ല, ആ കാലത്തെപ്പറ്റിയും സഹപ്രവർത്തകരെപ്പറ്റിയും അറിയാനാകാം. ടോൾസ്റ്റോയിയെപ്പറ്റി കൂടുതൽ അറിയാനും സെർച്ച്‌ ചെയ്യാം. ടോൾസ്റ്റോയിലൂടെ, കൃത്രികളിലെ പ്രധാനപ്പെട്ട അറിവുകളും അദ്ദേഹത്തെപ്പറ്റി മറ്റുള്ളവർ പറഞ്ഞിട്ടുള്ള കാര്യങ്ങളും മനസ്സിലാക്കിക്കൊണ്ട്‌, അദ്ദേഹത്തിനു ശേഷമുണ്ടായ കാലത്തെ അറിയാനുമാകാം. ടോൾസ്റ്റോയിയെപ്പറ്റിയുള്ള വ്യാഖ്യാനങ്ങൾ ചിലപ്പോൾ അദ്ദേഹത്തെതന്നെ മറ്റൊന്നായി അവതരിപ്പിക്കുന്നു. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനനുസരിച്ചാണ്‌ ഗുഗിളൈസേഷൻ അനുഭവിക്കുന്നത്‌. തുടർച്ചയായി നോക്കേണ്ടതോ തീർക്കേണ്ടതോ ഒന്നുമില്ല. നാം ഇടയ്ക്ക്‌ വച്ച്‌ ബസ്സിൽ കയറുന്ന ആളാണെന്ന്‌ സങ്കൽപിക്കുക, ഇടയ്ക്ക്‌ വച്ച്‌ ഇറങ്ങിപ്പോകുകയും ചെയ്യാമല്ലോ. ഏതെങ്കിലും സ്റ്റോപ്പിൽ നിന്ന്‌ കയറി മറ്റേതെങ്കിലും സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രികനെപ്പോലെയാണ്‌ നാം ഗൂഗിളൈസേഷനിൽ  പങ്കാളിയാകുന്നത്‌. ഇത്‌ നവാദ്വൈതത്തിന്റെ നിർമ്മാണമാണ്‌.
 സെർച്ച്‌ എഞ്ചിന്റെ ബോക്സിൽ ഏതെങ്കിലും വാക്ക്‌ ടൈപ്പ്‌ ചെയ്യുന്നതോടെ, നാം ഗോ‍ാഗിൾവൽക്കരണത്തിനു വിധേയരാവുന്നു. അതുപോലെ, ഏത്‌ വസ്തുവിന്റെ ചിത്രമോ, വിവരണമോ ഗൂഗിൾ  പേജുകളായിവരുന്നതോടെ അവ ഗോ‍ാഗിൾവൽക്കരണത്തിനു വിധേയമാകുന്നു.
ലൈവ്‌
 ഇതിനുമുമ്പൊരിക്കലുമുണ്ടാകാത്ത സാംസ്കാരിക പ്രവണതയാണ്‌ ലൈവ്‌ ഷോകൾ. സംഭവങ്ങളും, വ്യക്തികളും 'ലൈവാ'കുന്നത്‌ ഈ കാലത്തിന്റെ അനേകം പ്രത്യേകതകളുടെ പൊതുചിഹ്നമാണ്‌. കാണുന്നതിലാണ്‌ ആളുകളുടെ വിശ്വാസം. കേൾവിയുടെ മാത്രം കാലം കഴിഞ്ഞു. കാണുമ്പോൾ പുതിയ അറിവുകൾ കിട്ടുന്നു. ഒരാൾ പാടുപാടുന്നത്‌ കാണുന്നത്‌, വെറുതെ കേൾക്കുന്നതിനേക്കാൾ വിജ്ഞാനപ്രദമാണ്‌. എന്നാൽ അത്‌ തത്സമയം കാണുകയാണെങ്കിലോ അറിവ്‌ കൂടുന്നു. ടെലിവിഷൻ ഷോകളിൽ 'ലൈവ്‌' പരിപാടിക്കുള്ള മാർക്കറ്റ്‌ ഒന്നിനും കിട്ടുകയില്ല. ഏത്‌ താരനിശയാണെങ്കിലും, അത്‌ ലൈവായി കാണിക്കാൻ കഴിഞ്ഞാൽ വൻഹിറ്റായിരിക്കും. ലൈവാകുന്നത്‌ സാങ്കേതികവും ശാസ്ത്രീയവും കലാപരവുമായ വിജയമായിരിക്കും. എന്താണ്‌ ഈ ലൈവ്‌? അത്‌ ഒരേസമയം ചരിത്രവും ജീവിതവും ഓർമ്മയുമാണ്‌. ലൈവായി വരുന്ന വ്യക്തിക്ക്‌ ജീവിതമുണ്ട്‌. അയാൾ നമ്മോടൊപ്പം ജീവിക്കുകയാണ്‌. ലൈവ്‌ പ്രോഗ്രാം എന്ന സാംസ്കാരിക പ്രവർത്തനത്തിന്‌ ഒപ്പം നിന്ന്‌ നാം സാക്ഷിയാകുകയാണ്‌. അത്‌ നമ്മുടെ ലൈവ്പ്രോഗ്രാമാണ്‌. നമ്മുടെകുടെയല്ല; നമ്മുടെ മാത്രമാണ്‌.

 ലൈവാകുന്നില്ലെങ്കിൽ ജീവിക്കുന്നില്ല എന്ന അർത്ഥത്തിൽ, സംഭവങ്ങളായാലും വ്യക്തിയായാലും വിസ്മൃതമാവുകയാണിന്ന്‌. ലൈവ്‌ എന്നതിന്‌, ഒരാൾ ജീവിക്കുന്നതിന്റെ വിലയാണുള്ളത്‌. ആ നിമിഷം കഴിഞ്ഞാൽ അയാൾ ഇന്നലെത്തെ വസ്തുവായിക്കഴിഞ്ഞു. അനുനിമിഷം പുതുതാകുന്ന, വീണ്ടുംജനിക്കുന്ന ലോകത്ത്‌ ഒരാൾക്ക്‌ ഓരോ നിമിഷവും ജീവിക്കുന്നവരെ മാത്രമേ മറ്റുള്ളവർ കാണുന്നുള്ളൂ. ഉപഭോക്തൃലോകത്തിന്റെ മത്സരവും പുതിയ ഉൽപന്നങ്ങളുടെ വരവും എന്തിനെയും ഉൽപന്നാധിഷ്ഠിതമായി കാണാൻ പരിശീലിപ്പിക്കുന്നു. മറ്റുള്ളവരുടെ പക്കലുള്ള വസ്തുക്കളാണ്‌ ഒരാളെ ലൈവാക്കാൻ പ്രേരിപ്പിക്കുന്നത്‌. പുതിയ ആകർഷക ഉൽപന്നങ്ങൾ സ്വന്തമാക്കുന്നതോടെ പുതിയതരത്തിൽ ലൈവാകും. കുറേക്കൂടി അപ്ഡേറ്റാകും. ഈ ബ്രാൻഡിംഗ്‌ ഇന്ന്‌ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പടർന്നിരിക്കുന്നു. വാർത്തപോലും ഇന്ന്‌ ഷോപ്പിംഗായി മാറുകയാണ്‌. ടിവിചാനലുകൾ ഷോപ്പിംഗിലെന്നപോലെ ഉപയോഗിക്കാം. അപ്പോൾ ലൈവ്ഷോ എത്രയും താൽപര്യത്തോടെ ആളുകൾ കാണും. കാരണം ഷോപ്പിംഗ്‌ രംഗത്ത്‌ 'ലൈവി'നു വിലയേറുന്നു.
 രാഷ്ട്രീയ പ്രവർത്തനത്തിലും ഈ ഷോപ്പിംഗും ലൈവ്‌ അനുഭവവും ഉണ്ടെന്ന്‌ കാണാം. ഒരു രാഷ്ട്രീയ പ്രവർത്തകൻ പ്രകടനത്തിൽ പങ്കെടുക്കുന്നതോ പത്രസമ്മേളനം നടത്തുന്നതോ ആയ സംഭവം ലൈവായി കാണിക്കുമ്പോൾ, അതിന്‌ വിനോദമൂല്യവുമുണ്ട്‌. അതിൽ താൽപര്യമില്ലാത്തവരും അത്‌ കാണും. കാരണം അത്‌ ലൈവായി കാണിക്കുന്നതുകൊണ്ടാണ്‌. ആ പ്രശ്നത്തിന്റെ ഉള്ളടക്കം വാർന്നുപോകുകയും 'ലൈവ്‌' എന്ന വർത്തമാനമുഹൂർത്തം ഉയർന്നു നിൽക്കുകയും ചെയ്യും. ലൈവ്‌ പ്രകടനങ്ങൾക്കുള്ള 'ഗാരന്റി' ഒന്നിനുമില്ല. അങ്ങനെ രാഷ്ട്രീയ പ്രവർത്തകൻ ജീവിക്കുന്നു എന്ന പ്രതിച്ഛായ നേടുകയാണ്‌. അയാളെ, മറ്റുഷോകൾക്കിടയിൽ നിന്ന്‌ പ്രത്യേകപ്രാധാന്യമുള്ളതെന്ന നിലയിൽ തിരഞ്ഞെടുക്കാൻ ഇത്‌ സഹായിക്കുന്നു. ലൈവ്‌ സത്യാഗ്രഹങ്ങൾ, പ്രകടനങ്ങൾ, പത്രസമ്മേളനങ്ങൾ ആഴത്തിൽ ജീവിക്കുന്നു. എന്നാൽ സംഭവം നടന്നു, മണിക്കൂറുകൾക്ക്‌ ശേഷം കാണിക്കുന്ന വാർത്തകൾ തന്നെ വിശ്വാസയോഗ്യമല്ലാതാവുന്ന കാലമാണിത്‌. വാർത്തകളിൽ കൃത്രിമം കാണിക്കാനും എഡിറ്റുചെയ്യാനും അവസരം ലഭിക്കുന്നതോടെ അതിന്റെ ജീവൻ പോകുന്നു. മണിക്കൂറുകൾ കഴിഞ്ഞ ദൃശ്യങ്ങൾ കാണിക്കുമ്പോൾ, അതിനു ശേഷമുണ്ടായ പലതിന്റെയും പിറകിലേക്ക്‌ അവ തള്ളപ്പെടുകയാണ്‌. ഇന്നത്തെ പ്രേക്ഷകരുടെ മനഃശ്ശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്‌ ഉൽപന്നനിർമ്മാതാക്കളും കോർപ്പറേറ്റു സ്ഥാപനങ്ങളുമാണ്‌. ഈ സ്ഥാപനങ്ങൾക്കെല്ലാം വേണ്ടത്‌ പുതിയ കാലാവസ്ഥയും വർത്തമാനകാലവുമാണ്‌. അതുകൊണ്ടാണ്‌ ലൈവ്‌ ടെലികാസ്റ്റിംഗ്‌ ഇന്ന്‌ പ്രധാനപ്പെട്ട സാംസ്കാരിക ഉൽപന്നമായി മാറുന്നത്‌. എപ്പോഴും ലൈവായി മാറുന്നയാൾക്കായിരിക്കും രാഷ്ട്രീയത്തിലായാലും സിനിമയിലായാലും വിപണി ലഭിക്കുക. കാരണം ആളുകൾ ഇന്നലെത്തെ കാര്യങ്ങളെല്ലാം മറക്കുകയാണ്‌. ഓർമ്മ ഭാരമായതിനാൽ, അവർ അന്നന്നത്തെ സംഭവങ്ങളിലാണ്‌ വിശ്വസിക്കുന്നത്‌. ഓർക്കാനെന്തെങ്കിലുമുണ്ടാകണമെങ്കിൽ, ഇന്ന്‌ എന്തെങ്കിലും വേണം. ഇന്നലേകളിലേക്ക്‌ തള്ളിമാറ്റിയതിനെ ഓർക്കാനായി പിന്നോട്ട്‌ പോകാൻ പറ്റാത്തവിധം ആളുകൾ പുതിയ അഭിരുചികളുടെയും വസ്തുക്കളുടെയും തടവറയിലാണ്‌. ഇന്നത്തേതാണ്‌ ഓർമ്മയായി പരിണമിക്കുന്നത്‌. മറവി എന്ന്‌ പറയുന്നത്‌, ഇന്ന്‌ കണ്ട്‌ മറക്കുന്നതാണ്‌. ഓർമ്മകളെതന്നെ തുടച്ചുമാറ്റുന്നതാണ്‌ പുതിയ ഓർമ്മകൾ, വാസ്തവത്തിൽ അതു തന്നെയാണ്‌ മറവി. ഇത്‌ നിരന്തരമായ പ്രവാഹത്തെ ഓർമ്മിപ്പിക്കുന്നു.
അചരിത്രവൽക്കരണം
 അചരിത്രവൽക്കരണം എന്ന പദം ഞാൻ പുതുതായി ഉപയോഗിക്കുന്നതാണ്‌. ചരിത്രത്തിലേക്ക്‌ ഒന്നിനെയും പോകാൻ അനുവദിക്കാതെ വർത്തമാനകാലം കൊണ്ടുതന്നെ ഉപയോഗിച്ചു തീർത്ത്‌ വിസ്മൃതമാക്കികളയുന്ന പ്രക്രിയയെ ഞാൻ അചരിത്രവൽക്കരണം എന്ന്‌ വിളിക്കുന്നു.
 ഇന്ന്‌ എത്രയോ സാംസ്കാരിക പ്രവർത്തകരും തൊഴിലാളികളും പ്രതിഭയുടെ ദാദാക്കളും ജീവിക്കുന്നു. അവരെയൊന്നും ആരും ഓർക്കുന്നില്ല. പ്രതിഭ എന്ന വാക്കു തന്നെ കാലഹരണപ്പെട്ടു. പ്രത്യേക സിദ്ധിയോ അറിവോ ആരുടെ പക്കലുമില്ല. എല്ലാവരും കൈത്തൊഴിൽ വിദഗ്ദ്ധന്മാരാണ്‌. പട്ടാളക്കാർക്ക്‌ പകരം യുദ്ധസാങ്കേതിക വിദഗ്ദ്ധർ പ്രത്യക്ഷപ്പെട്ടതുപോലെ കലാകാരന്മാർക്ക്‌ പകരം ഡിസൈനേഴ്സും സ്ക്രിപ്റ്റ്‌ രചയിതാക്കളുമാണിന്നുള്ളത്‌. നോവലോ, കഥയോ കവിതയോ എന്തുമാകട്ടെ, അതെല്ലാം ഇന്ന്‌ സ്ക്രിപ്റ്റാണ്‌. മറ്റൊന്നിനുള്ള അസംസ്കൃതവസ്തുമാത്രം.
 സാംസ്കാരിക സംഘാടനം, അറിവു തൊഴിലാളിയുടെ ഉപജീവനം, ഉള്ളടക്കം ദാദാക്കളുടെ പ്രകടനം എന്നിവയെല്ലാം ഇന്ന്‌ അചരിത്രമാകുകയാണ്‌. അവയൊന്നും ചരിത്രത്തിലില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ മാധ്യമങ്ങൾ ഇവരെയൊന്നും വിലവയ്ക്കില്ല. കാരണം അവർ 'ലൈവ'ല്ല. ലൈവല്ലാത്തവരെ മാധ്യമങ്ങൾ വിസ്മൃതിയിലേക്ക്‌ തള്ളിവിടും. ഇക്കൂട്ടർ മരിക്കുമ്പോൾ മാത്രം മാധ്യമങ്ങൾ, അവർ ജീവിച്ചിരുന്നു എന്ന്‌ മാലോകരെ അറിയിക്കും. അസുഖം വരുകയോ, തൊഴിലില്ലാതാവുകയോ ചെയ്താൽ, ഒരു കലാകാരനെന്ന നിലയിൽ ഒരാളുടെ ഏറ്റവും വലിയ ദുരന്തമായിരിക്കും അത്‌. പിന്നെയാരും തിരിഞ്ഞുനോക്കില്ല. സേവനങ്ങളെ നിർദ്ദയം മറന്നുകളയുന്ന ലോകമാണിതെന്ന്‌ അപ്പോൾ മനസ്സിലാകും. സേവനങ്ങളെ വിലകൊടുത്ത്‌ ഉപയോഗിച്ച്‌ വലിച്ചെറിയുന്നതിനപ്പുറത്ത്‌ മറ്റൊരു നന്ദിയും എവിടെയുമില്ല. മാധ്യമങ്ങളാകട്ടെ, വിസ്മൃതമാക്കലിന്റെ ഔദ്യോഗിക പ്രചാരകരാണ്‌. ജീവിച്ചിരിക്കുമ്പോൾ അചരിത്രമാക്കിയാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. മരണം പിന്നെയൊരു രണ്ടാം ജന്മമാണ്‌. ശവസംസ്കാരവും അനുസ്മരണവുമാണ്‌ പിന്നെ ജീവിച്ചിരുന്നതിനു തെളിവായി മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത്‌. അതോടെ അചരിത്രവൽക്കരണം പൂർത്തിയാവുകയാണ്‌.

 അറിവുകൾ അനുനിമിഷം പെരുകുന്ന ലോകത്ത്‌, എല്ലാറ്റിനെയും ഓർക്കുക എന്നത്‌ മൂല്യമല്ലാതായി, ഓർത്താൽ തന്നെ അത്‌ നിന്ദയാകാനും സാധ്യതയുണ്ട്‌. നല്ല രീതിയിലുള്ളതോ, ചീത്തരീതിയിലുള്ളതോ ആയ ഓർമ്മകളെല്ലാം മാധ്യമങ്ങൾ അവരുടെ വിവിധ ഉൽപന്നങ്ങൾക്കിടയിൽ ഷോപ്പിംഗിനായി വയ്ക്കുകയാണല്ലോ. അത്‌ തിരഞ്ഞെടുക്കുന്ന ഏതൊരാളും അതിൽ വിനോദവും പ്രതീക്ഷിക്കുന്നു. അന്യന്റെ വീട്ടിലെ കലഹങ്ങൾ, ലൈംഗിക അപവാദങ്ങൾ, സദാചരപ്രശ്നങ്ങൾ, എല്ലാം ഇന്ന്‌ ലൈവ്ഷോ ആകുന്നത്‌ ഇതിനു തെളിവാണ്‌. ലൈവായി വന്നുപോയിക്കഴിഞ്ഞാൽ അതും അചരിത്രമാകുകയാണ്‌.
 ലൈവ്‌ എന്ന സങ്കൽപം തന്നെ 'ഓപ്പറേഷൻ ജറോനിമോ'യോടെ മാറി. പാകിസ്ഥാനിൽ രാത്രി ഒരു മണിക്ക്‌ അമേരിക്കയുടെ കമാൻഡോകൾ ഹെലിക്കോപ്റ്ററിലെത്തി ബിൻലാദന്റെ വസതി ആക്രമിച്ച്‌ അയാളെ വധിക്കുന്ന രംഗം പ്രസിഡന്റ്‌ ഒബാമയും സഹപ്രവർത്തകരും അമേരിക്കയിൽ തത്സമയം വീഡിയോയിൽ കണ്ടു എന്നുള്ളത്‌ യുദ്ധത്തെ സാങ്കേതികവിദ്യയും കാഴ്ചയുടെ വിഭവവുമാക്കുന്നു. ആക്രമണം ഒരേ സമയം ടെക്നോളജിയും വീഡിയോയുമാണ്‌. ഇതിനുമുമ്പ്‌ ഒരിക്കലുമുണ്ടാകാത്ത അനുഭവമായി, കമാൻഡോ ഓപ്പറേഷൻ മാറി. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, സമയബന്ധിതമായ ഷോയാണ്‌ ആക്രമണം. വീഡിയോയിലെ ദൃശ്യങ്ങൾ ഏതുവിധമാണെന്ന്‌ നോക്കിയാണ്‌ അത്‌ പരസ്യപ്പെടുത്തണോ എന്ന്‌ തീരുമാനിക്കുന്നത്‌. വീഡിയോയിലെ മനുഷ്യദൃശ്യാത്മകതയുടെ തോതനുസരിച്ചാണ്‌ അത്‌ ചരിത്രമാകുന്നത്‌. അല്ലാത്തപക്ഷം, അത്‌ തത്സമയ വീഡിയോ ആയി ഒടുങ്ങുകയാണ്‌. ബിൻലാദൻ വധത്തിന്റെ വീഡിയോ പരസ്യപ്പെടുത്തേണ്ട എന്നാണ്‌ അമേരിക്കയുടെ തീരുമാനം. ഓപ്പറേഷന്റെ രഹസ്യാത്മകത നഷ്ടപ്പെടുമെന്നതുപോലെ, ലാദന്റെ ശരീരം വെടിവച്ച്‌ വികൃതമാക്കി എന്നതും ഇതിനുകാരണമാണ്‌.
 യുദ്ധം ലൈവ്‌ ദൃശ്യമാകുന്നതോടെ, അതിന്റെ നിയമങ്ങളും മാറുകയാണ്‌. അത്‌ ജയിക്കാൻ വേണ്ടിയുള്ള എതിരിടലാകുന്നു. അതിനു വേഗതയേറുന്നു. അത്‌ വളരെ രഹസ്യാത്മകവും സാങ്കേതികവുമാകുന്നു. ഈ പ്രത്യേകതകളെല്ലാം ഒന്നിന്റെ ലൈവാകാനുള്ള യോഗ്യതകളുമാണ്‌. ഈ ലൈവ്‌ അവതരണമാണ്‌ ആധുനിക കാലത്തെ മനുഷ്യാനുഭവത്തിന്റെ മുൻഗണനയും അർത്ഥവും തീരുമാനിക്കുന്നത്‌. യുദ്ധത്തിനും വിനോദമൂല്യമുണ്ടാകുന്നു.

 മറ്റുള്ളവരുടെ ജീവിതത്തിലെ വഴക്കുകളും തകർച്ചകളും അവരെക്കൊണ്ട്‌ തന്നെ പറയിച്ച്‌ കൂടുതലാളുകൾക്ക്‌ വിനോദത്തിനുള്ള ഉപാധിയാക്കുന്ന പരിപാടികൾ നമ്മുടെ ചാനലുകളിൽ കാണാം. വൈവാഹികബന്ധത്തിന്റെ തകർച്ചകളും കോടതിവിചാരണയ്ക്ക്‌ സമാനമായ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ഇന്ന്‌ ലൈവ്‌ എന്നപോലെ കാണിക്കുന്നുണ്ട്‌. ഇതിന്റെ കുറേക്കൂടി വിപുലീകൃതമായ വിവരണമാണ്‌ കമാൻഡോ ഓപ്പറേഷനുകളുടെ 'ലൈവി'ൽ നിന്ന്‌ പ്രതീക്ഷിക്കാവുന്നത്‌. കമാൻഡോ ഓപ്പറേഷന്റെ ലൈവ്‌ ചിത്രീകരണത്തിന്റെ ഏതെങ്കിലും കുറേഭാഗങ്ങൾ പിന്നീട്‌ കാണിക്കുമ്പോഴും അന്യരുടെ ദുരിതം വിനോദമായിത്തീരുന്ന വിചിത്രസംഭവം ഉണ്ടാകുന്നു.
നൈമിഷികത
 അഗാധമായ ചരിത്രജ്ഞാനമോ, റഫറൻസുകളോ ഇന്ന്‌ മാധ്യമങ്ങളുടെയോ കലയുടെയോ വിനോദത്തിന്റെയോ പ്രമേയത്തിൽ കടന്നുവരുന്നേയില്ല. വിദഗ്ദ്ധന്മാരുടെ ചർച്ചകൾക്കുപോലും ഇടമില്ലാതായി. ഇന്നിൽ ജീവിക്കുന്നതിനു തടസ്സമാകുന്നമട്ടിലുള്ള ഭാരിച്ച ഓർമ്മകൾക്ക്‌ സ്ഥലമനുവദിക്കാത്ത വിധം, പേടിപ്പെടുത്തുന്ന നൈമിഷികാഭിമുഖ്യമാണ്‌ വളരുന്നത്‌. ഇന്നത്തെ ഷോകൾ ഇന്നത്തേക്ക്‌ മാത്രമാണ്‌. അത്‌ പിന്നെ ആരും അന്വേഷിക്കുന്നില്ല. രണ്ടാമത്‌ പ്രദർശനത്തിനു സാധ്യമല്ലാത്തവിധം ആഖ്യാനങ്ങൾ സ്ഥൂലമാവുകയോ, തീർത്തും നൈമിഷികം എന്നനിലയിൽ വാർത്താ പ്രാധാന്യം നേടുകയോ ചെയ്യുന്നതാണ്‌ ഇതിനു കാരണം. അഞ്ഞൂറ്‌ എപ്പിസോഡുകളായി പടരുന്ന സീരിയലിനു പുനഃസംപ്രേഷണ സാധ്യതയില്ല. കാരണം പുതിയ പരമ്പരകൾ വന്നുകൊണ്ടിരിക്കുമ്പോൾ, അഞ്ഞൂറ്‌ എപ്പിസോഡുകൾ വീണ്ടു കാണിക്കുക എന്ന ഭാരിച്ച ബാധ്യത ആരുമേറ്റെടുക്കില്ല. ഒരിക്കൽ അവതരിപ്പിച്ചു പോകുന്ന കലോൽപന്നങ്ങൾ, ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പിന്നീട്‌ എടുത്തുപൊക്കാനാവാത്തവിധം ഭാരമേറിയതാകുന്നത്‌, ഈ കാലത്തിന്റെ നൈമിഷികത എന്ന തത്ത്വചിന്തയുടെ ഭാഗമാണ്‌. അതായത്‌ ഒരിക്കൽ നിർമ്മിക്കുന്ന കലയുടെയോ വിനോദത്തിന്റെയോ ഉപാധികൾ പിന്നീട്‌ തിരിച്ചുവരുന്നില്ല. അത്‌ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നു. ഈ വലിച്ചെറിയൽ ഓരോ നിമിഷത്തിലും ഉണ്ടാകുന്നു.


 ലൈവ്‌ ഷോകൾക്കും തിരിച്ചുവരവില്ല. ഒരു ഫുട്ബോൾ മത്സരം, ഗുസ്തിമത്സരം, ഡാൻസ്പ്രോഗ്രാം, രാഷ്ട്രീയ പാർട്ടികളുടെ ലയനസമ്മേളനം, താരങ്ങളുടെ വിവാഹം എന്നിവ ലൈവായി കാണിക്കുന്നതോടെ അത്‌ അചരിത്രമാകുകയാണ്‌. അത്‌ ഓർമ്മയുടെ ഇരുട്ടുമുറിയിലേക്ക്‌ വലിച്ചെറിയുകയാണ്‌. അതിന്‌ പുനഃസംപ്രേഷണമില്ല. ഒരിക്കൽ മാത്രം അതിനു ലൈവാകാൻ കഴിയും. അത്‌ അതിന്റെ ഓർമ്മയും ജീവിതവും ചരിത്രവുമാണ്‌. ജീവിച്ചിരിക്കെ തന്നെ അത്‌ ഓർമ്മയാണ്‌. മറവിക്കെതിരെ ആ നിമിഷത്തിൽ മാത്രം അതിനു നിലനിൽക്കാം. ഇതാണ്‌ ലൈവിന്റെ തത്ത്വചിന്ത. അസ്തിത്വം നിമിഷത്തിലെ ഓർമ്മയാണ്‌. തത്സമയം ജീവിക്കാനായാൽ, പിന്നെ നിത്യവിസ്മൃതിയാണ്‌ കാത്തിരിക്കുന്നത്‌. ഉപയോഗിച്ച്‌ വലിച്ചെറിയുന്ന ഉപഭോക്തൃ വസ്തുക്കളുടെ വർണ്ണാഭമായ കൂട്ടുകൾപോലെയാണ്‌ മാധ്യമവാർത്തകളും ലൈവ്ഷോകളും കലാ ഉൽപന്നങ്ങളും. അങ്ങനെ സാംസ്കാരികത നിത്യമായ ഒഴിഞ്ഞുപോക്കും നിത്യമായ വരവുമായിത്തീരുകയാണ്‌. ഒന്നിൽ നിന്ന്‌ മറ്റൊന്നിലേക്ക്‌   ഈ നിമിഷംതോറുമുള്ള മാറ്റം നവാദ്വൈതമാണ്‌.

 ഒരിടത്ത്‌ നിരവധി ലൈവ്ഷോകളും ദീർഘിച്ച ആഖ്യാനങ്ങളും വരുന്നു. തൊട്ടടുത്ത നിമിഷം അവ അപ്രത്യക്ഷമാകുന്നു. ഈ പ്രക്രിയയിൽ, മനുഷ്യൻ ലൈവാകാനുള്ള ബദ്ധപ്പാടിലാണ്‌. അവന്റെ ഓട്ടം മുഴുവൻ അതിനാണ്‌. സംസ്കാരത്തിന്റെ ലൈവ്‌ അനുഭവം എന്താണെന്ന്‌ കണ്ടെത്തുന്നതിനൊപ്പം  അവനും ലൈവാകുന്നു.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.