Thursday, September 22, 2011
Tuesday, September 6, 2011
ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ് പലവഴിക്ക് വന്ന് ചേർന്നതാണ്. ഒരിടത്ത് നേരത്തെ എത്തണം, നേരത്തെ അറിയണം എന്നീ വിചാരങ്ങളാണല്ലോ സ്പീഡിൽ നമ്മെ കൊണ്ടെത്തിക്കുന്നത്. വെറും മത്സരബുദ്ധിയോടുകൂടി മാത്രം സ്പീഡിനെ ആശ്രയിക്കുന്നവരും കണ്ടേക്കാം. അത് കേവലസ്പീഡാണ്. ഒരാവശ്യവുമില്ലെങ്കിലും വേഗത്തിൽ പോകുന്നവരുണ്ട്. വേഗം അവർക്ക് മറ്റൊരു പ്രമേയമാണ്. വേഗത്തിൽ അവർ ജീവിക്കുന്നു. വേഗതയിലൂടെ അവർ സ്വയം ആവിഷ്കരിക്കുകയാണ്. പലതരം വേഗങ്ങളുണ്ട്. ഓട്ടോമൊബെയിൽ, സ്പോർട്ട്സ് രംഗങ്ങളിലുള്ള വേഗത ഇതിന്റെ ഭാഗമാണ്. ഉപകരണമോ സ്വന്തം ശരീരം തന്നെയോ ഉപയോഗിച്ച് നാം വേഗതയെ അറിയുന്നു. എന്നാൽ ഇതിനെല്ലാം അപ്പുറത്തേക്ക് ജീവിതവേഗം മാറിപ്പോയിരിക്കുകയാണ്. ഇന്നത്തെ വേഗം നിലനിൽപനോ മറ്റുള്ളവർക്ക് ഒപ്പമെത്താനോ ആണ്. ഈ ഒപ്പമെത്തൽ മാനസികപ്രശ്നമാണ്. മാനസികമായ ദുരിതവും ഉന്മാദവുമാണ്, ഒരേസമയം.
ഈ വേഗത്തെ ഇന്ന് പലവഴിക്ക് സംസ്കാരവൽക്കരിച്ചാണ് നമ്മൾ ജീവിക്കുന്നത് എന്നത് യാഥാർത്ഥ്യമാണ്.
വേഗം ഇന്ന് സാംസ്കാരിക രൂപകമാണ്. അതിന്റെ പല കൈവഴികൾ, ആവിഷ്കാര ഉപാധികൾ ഇന്നുണ്ട്. ഗൂഗിളൈസേഷൻ (Googlization) 'ലൈവ്' ഷോ, അചരിത്രവൽക്കരണം, വലിച്ചെറിയൽ, നൈമിഷികത, എന്നീ സാംസ്കാരിക കേന്ദ്രങ്ങളിലൂടെയാണ് വേഗം എന്ന ഉപഭോഗവസ്തു ഇന്ന് ചെലവാക്കപ്പെടുന്നത്. വേഗത ഉപഭോഗവസ്തുവാകുന്നതിനു, സാങ്കേതികമാധ്യമ രംഗങ്ങളിലെ നൂതനത്വമാണ് വഴിയൊരുക്കുന്നത്. പലതരം ഉപകരണങ്ങൾ പ്രവഹിക്കുകയാണ്. എല്ലാ ഉപകരണങ്ങളുടെയും നിർമ്മാണവും പ്രവർത്തനരീതിയും സൗന്ദര്യവും ഏകോപിപ്പിക്കുന്നതും ലക്ഷ്യമാക്കുന്നതും ഈ വേഗതയെ മുന്നിൽ കണ്ടാണ്. എല്ലാ ഉപകരണങ്ങളും വേഗതയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. വാഷിംഗ് മേഷിൻ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ഐയൺബോക്സ്, ഓട്ടോമൊബെയിൽ, മൊബെയിൽഫോൺ, മെഡിക്കൽ ഉപകരണങ്ങൾ, ക്യാമറ, തുടങ്ങിയവയ്ക്കെല്ലാം വേഗത ഘടകമാണ്. വേഗത പലപ്പോഴും ആകർഷകമായ മുദ്രാവാക്യമായി രൂപപ്പെടുന്നുണ്ട്. വേഗതയില്ലെങ്കിൽ ക്യാമറ, ഓട്ടോമൊബെയിൽ വ്യവസായം തന്നെയില്ല. വേഗതയെ ഇന്ന് വൻശക്തിയാക്കുന്നത്, തീർച്ചയായും സാങ്കേതികശാസ്ത്രമാണ്. അതിനനുസരിച്ച് മനുഷ്യന് ഓടാതിരിക്കാനാവില്ല. കാലത്തിന്റെ വേഗത വർത്തമാനകാലത്തിലാണ് കത്തിപ്പടരുന്നത്. ചിലപ്പോൾ ഒരു കാലമേയുള്ളു; അത് വർത്തമാനകാല നിമിഷമാണ്.
ഗൂഗിളൈസേഷൻ
സെർച്ച് എഞ്ചിനായ (Search Engine)ഗോാഗിൾ (Google)ഇന്ന് മൂല്യത്തെയും വസ്തുവിനെയും ലെവൽചെയ്ത് ഒരുപോലെയാക്കിക്കൊണ്ട് പുതിയ സംസ്കാര വ്യതിയാനം (Cultural Shift)സാധ്യമാക്കിയിരിക്കുന്നു. ആവശ്യമുള്ളതും ആവശ്യമില്ലാത്തതും എന്ന വിഭജനം നമുക്കുണ്ടാകാം. എന്നാൽ ഗോാഗിളിനതില്ല. ഇത് മൂല്യങ്ങളെപ്പറ്റി നിലനിന്ന സകല മുൻഗണനാക്രമങ്ങളെയും തെറ്റിച്ചിരിക്കയാണ്. ഗൂഗിളിന് സാംസ്കാരികമായ ഉച്ചനീചത്വമോ ശ്രേണിയോ ഇല്ല. സെർച്ച് എഞ്ചിൻ എന്ന നിലയിൽ അതിന്റെ ജോലി, നാം എന്ത് ആവശ്യപ്പെടുന്നുവോ അത് കൊണ്ടുവന്ന് തരുക എന്നതാണ്. ഷേക്സ്പിയറെയും ബിൻലാദനെയും അത് ഒരുപോലെയാണ് കാണുന്നത്. മൂല്യങ്ങളുടെ പൈന്തുടർച്ചയോ ചരിത്രമോ ഇവിടെയില്ല. എല്ലാത്തിനും ഒരേ പ്രാധാന്യം. നാടുവാഴിത്ത കാലഘട്ടത്തിലാണെങ്കിൽ, ഇഷ്ടമില്ലാത്തതെല്ലാം കുഴിച്ചുമൂടുകയായിരിക്കും ചെയ്യുക. ചരിത്രത്തെ അത് ഇഷ്ടമുള്ള രീതിയിലാവും ചിത്രീകരിക്കുക. ഗൂഗിൾവൽക്കരണത്തിലൂടെ ആർക്കും എന്തും യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകുന്നു. വസ്തുക്കൾ അറിവുകളായാണ്, ഇവിടെ നിലനിൽക്കുന്നത്. അത് ജനാധിപത്യപരമായ സ്വാതന്ത്ര്യമാണ്. ഏത് വസ്തുവിനെപ്പറ്റിയുള്ള അറിവും എല്ലാവർക്കുമുള്ളതാണ്. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ, എല്ലായിടത്തും ഒരേസമയം, (ഏത് സമയത്തും) പ്രാപ്യമാകുന്നു. പുസ്തകങ്ങൾക്ക് സാധിക്കാത്ത വിപ്ലവമാണിത്. ഗൂഗിൾ പേജുകൾ ലോകത്ത് എല്ലായിടത്തും ഒരേപോലെ പ്രത്യക്ഷപ്പെടുന്നു.
ഭരണാധികാരികൾക്കോ ഏകാധിപതികൾക്കോ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്നുമല്ലെന്ന സമീപനമാണിത്. നാളത്തെ ലോകത്തിന്റെ വ്യക്തിവാദപരമായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യപരമായ നിലനിൽപ്പിന്റെയും സാർവ്വലൗകികമായ വീക്ഷണത്തിന്റെയും സൂചനകൾ ഗൂഗിളൈസേഷൻ നൽകുന്നു. വിവരങ്ങളിലേക്ക് നിങ്ങൾക്ക് എത്രവേഗത്തിൽ എത്താൻ കഴിയുമെന്ന് നിശ്ചയിക്കുന്നത് ഗൂഗിളാണ്. മാത്രമല്ല, ഒന്നിനെയും കൂടെക്കൊണ്ടുനടക്കുകയോ ഓർമ്മകൾകൊണ്ട് ഭാരം ചുമക്കുകയോ ചെയ്യേണ്ട സാഹചര്യവുമില്ല. ആവശ്യമുള്ളപ്പോൾ ഒരാൾക്ക് സാംസ്കാരിക ജീവിയാകാം, അയാളുടെ ഇഷ്ടംപോലെ. അതും പ്രാദേശികമായല്ല, ലോകനിലവാരത്തിലും വീക്ഷണത്തിലും. ഇന്നത്തെ സംസ്കാരത്തിന്റെ പൊതുസ്വഭാവങ്ങളെല്ലാം ഗൂഗിളൈസേഷ്നിലുണ്ട്. ഒരു വസ്തുവിനും അമിത പ്രാധാന്യമില്ല. എല്ലാം മറന്നാലും ഓർമ്മിക്കാം. ഓർമ്മകൾ നിർവ്യക്തീകരിക്കപ്പെട്ടവയാണ്. വ്യക്തികൾക്കാവശ്യമുള്ള സാംസ്കാരിക വസ്തുക്കളാണ് ഓർമ്മകൾ. ഓർമ്മകൾ, ചിലപ്പോൾ വൈകാരികം പോലുമല്ല. അത് വസ്തുക്കളുടെയിടയിലെ ഒന്നുമാത്രമാണ്. ഏത് വസ്തുവിനും പ്രതിനിധാനമാകാം, സ്വയം പ്രതിനിധീകരിക്കാം; മറ്റൊന്നാകാനും അവസരമുണ്ട്. ഗൂഗിൾ ഇത് മൂന്നും സാക്ഷാത്കരിക്കുന്നു. പൂവിനോ കാക്കയ്ക്കോ ടോൾസ്റ്റോയ്ക്കോ മറ്റൊന്നിന്റെ പ്രതീകം എന്ന നിലയിൽ ഗോാഗിളിലൂടെ അന്വേഷിക്കപ്പെടാനുള്ള സാഹചര്യം എപ്പോഴുമുണ്ട്. ടോൾസ്റ്റോയിയെ സെർച്ച് ചെയ്യുന്നത് ടോൾസ്റ്റോയിക്ക് വേണ്ടിയല്ല, ആ കാലത്തെപ്പറ്റിയും സഹപ്രവർത്തകരെപ്പറ്റിയും അറിയാനാകാം. ടോൾസ്റ്റോയിയെപ്പറ്റി കൂടുതൽ അറിയാനും സെർച്ച് ചെയ്യാം. ടോൾസ്റ്റോയിലൂടെ, കൃത്രികളിലെ പ്രധാനപ്പെട്ട അറിവുകളും അദ്ദേഹത്തെപ്പറ്റി മറ്റുള്ളവർ പറഞ്ഞിട്ടുള്ള കാര്യങ്ങളും മനസ്സിലാക്കിക്കൊണ്ട്, അദ്ദേഹത്തിനു ശേഷമുണ്ടായ കാലത്തെ അറിയാനുമാകാം. ടോൾസ്റ്റോയിയെപ്പറ്റിയുള്ള വ്യാഖ്യാനങ്ങൾ ചിലപ്പോൾ അദ്ദേഹത്തെതന്നെ മറ്റൊന്നായി അവതരിപ്പിക്കുന്നു. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനനുസരിച്ചാണ് ഗുഗിളൈസേഷൻ അനുഭവിക്കുന്നത്. തുടർച്ചയായി നോക്കേണ്ടതോ തീർക്കേണ്ടതോ ഒന്നുമില്ല. നാം ഇടയ്ക്ക് വച്ച് ബസ്സിൽ കയറുന്ന ആളാണെന്ന് സങ്കൽപിക്കുക, ഇടയ്ക്ക് വച്ച് ഇറങ്ങിപ്പോകുകയും ചെയ്യാമല്ലോ. ഏതെങ്കിലും സ്റ്റോപ്പിൽ നിന്ന് കയറി മറ്റേതെങ്കിലും സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രികനെപ്പോലെയാണ് നാം ഗൂഗിളൈസേഷനിൽ പങ്കാളിയാകുന്നത്. ഇത് നവാദ്വൈതത്തിന്റെ നിർമ്മാണമാണ്.
സെർച്ച് എഞ്ചിന്റെ ബോക്സിൽ ഏതെങ്കിലും വാക്ക് ടൈപ്പ് ചെയ്യുന്നതോടെ, നാം ഗോാഗിൾവൽക്കരണത്തിനു വിധേയരാവുന്നു. അതുപോലെ, ഏത് വസ്തുവിന്റെ ചിത്രമോ, വിവരണമോ ഗൂഗിൾ പേജുകളായിവരുന്നതോടെ അവ ഗോാഗിൾവൽക്കരണത്തിനു വിധേയമാകുന്നു.
ലൈവ്
ഇതിനുമുമ്പൊരിക്കലുമുണ്ടാകാത്ത സാംസ്കാരിക പ്രവണതയാണ് ലൈവ് ഷോകൾ. സംഭവങ്ങളും, വ്യക്തികളും 'ലൈവാ'കുന്നത് ഈ കാലത്തിന്റെ അനേകം പ്രത്യേകതകളുടെ പൊതുചിഹ്നമാണ്. കാണുന്നതിലാണ് ആളുകളുടെ വിശ്വാസം. കേൾവിയുടെ മാത്രം കാലം കഴിഞ്ഞു. കാണുമ്പോൾ പുതിയ അറിവുകൾ കിട്ടുന്നു. ഒരാൾ പാടുപാടുന്നത് കാണുന്നത്, വെറുതെ കേൾക്കുന്നതിനേക്കാൾ വിജ്ഞാനപ്രദമാണ്. എന്നാൽ അത് തത്സമയം കാണുകയാണെങ്കിലോ അറിവ് കൂടുന്നു. ടെലിവിഷൻ ഷോകളിൽ 'ലൈവ്' പരിപാടിക്കുള്ള മാർക്കറ്റ് ഒന്നിനും കിട്ടുകയില്ല. ഏത് താരനിശയാണെങ്കിലും, അത് ലൈവായി കാണിക്കാൻ കഴിഞ്ഞാൽ വൻഹിറ്റായിരിക്കും. ലൈവാകുന്നത് സാങ്കേതികവും ശാസ്ത്രീയവും കലാപരവുമായ വിജയമായിരിക്കും. എന്താണ് ഈ ലൈവ്? അത് ഒരേസമയം ചരിത്രവും ജീവിതവും ഓർമ്മയുമാണ്. ലൈവായി വരുന്ന വ്യക്തിക്ക് ജീവിതമുണ്ട്. അയാൾ നമ്മോടൊപ്പം ജീവിക്കുകയാണ്. ലൈവ് പ്രോഗ്രാം എന്ന സാംസ്കാരിക പ്രവർത്തനത്തിന് ഒപ്പം നിന്ന് നാം സാക്ഷിയാകുകയാണ്. അത് നമ്മുടെ ലൈവ്പ്രോഗ്രാമാണ്. നമ്മുടെകുടെയല്ല; നമ്മുടെ മാത്രമാണ്.
ലൈവാകുന്നില്ലെങ്കിൽ ജീവിക്കുന്നില്ല എന്ന അർത്ഥത്തിൽ, സംഭവങ്ങളായാലും വ്യക്തിയായാലും വിസ്മൃതമാവുകയാണിന്ന്. ലൈവ് എന്നതിന്, ഒരാൾ ജീവിക്കുന്നതിന്റെ വിലയാണുള്ളത്. ആ നിമിഷം കഴിഞ്ഞാൽ അയാൾ ഇന്നലെത്തെ വസ്തുവായിക്കഴിഞ്ഞു. അനുനിമിഷം പുതുതാകുന്ന, വീണ്ടുംജനിക്കുന്ന ലോകത്ത് ഒരാൾക്ക് ഓരോ നിമിഷവും ജീവിക്കുന്നവരെ മാത്രമേ മറ്റുള്ളവർ കാണുന്നുള്ളൂ. ഉപഭോക്തൃലോകത്തിന്റെ മത്സരവും പുതിയ ഉൽപന്നങ്ങളുടെ വരവും എന്തിനെയും ഉൽപന്നാധിഷ്ഠിതമായി കാണാൻ പരിശീലിപ്പിക്കുന്നു. മറ്റുള്ളവരുടെ പക്കലുള്ള വസ്തുക്കളാണ് ഒരാളെ ലൈവാക്കാൻ പ്രേരിപ്പിക്കുന്നത്. പുതിയ ആകർഷക ഉൽപന്നങ്ങൾ സ്വന്തമാക്കുന്നതോടെ പുതിയതരത്തിൽ ലൈവാകും. കുറേക്കൂടി അപ്ഡേറ്റാകും. ഈ ബ്രാൻഡിംഗ് ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പടർന്നിരിക്കുന്നു. വാർത്തപോലും ഇന്ന് ഷോപ്പിംഗായി മാറുകയാണ്. ടിവിചാനലുകൾ ഷോപ്പിംഗിലെന്നപോലെ ഉപയോഗിക്കാം. അപ്പോൾ ലൈവ്ഷോ എത്രയും താൽപര്യത്തോടെ ആളുകൾ കാണും. കാരണം ഷോപ്പിംഗ് രംഗത്ത് 'ലൈവി'നു വിലയേറുന്നു.
രാഷ്ട്രീയ പ്രവർത്തനത്തിലും ഈ ഷോപ്പിംഗും ലൈവ് അനുഭവവും ഉണ്ടെന്ന് കാണാം. ഒരു രാഷ്ട്രീയ പ്രവർത്തകൻ പ്രകടനത്തിൽ പങ്കെടുക്കുന്നതോ പത്രസമ്മേളനം നടത്തുന്നതോ ആയ സംഭവം ലൈവായി കാണിക്കുമ്പോൾ, അതിന് വിനോദമൂല്യവുമുണ്ട്. അതിൽ താൽപര്യമില്ലാത്തവരും അത് കാണും. കാരണം അത് ലൈവായി കാണിക്കുന്നതുകൊണ്ടാണ്. ആ പ്രശ്നത്തിന്റെ ഉള്ളടക്കം വാർന്നുപോകുകയും 'ലൈവ്' എന്ന വർത്തമാനമുഹൂർത്തം ഉയർന്നു നിൽക്കുകയും ചെയ്യും. ലൈവ് പ്രകടനങ്ങൾക്കുള്ള 'ഗാരന്റി' ഒന്നിനുമില്ല. അങ്ങനെ രാഷ്ട്രീയ പ്രവർത്തകൻ ജീവിക്കുന്നു എന്ന പ്രതിച്ഛായ നേടുകയാണ്. അയാളെ, മറ്റുഷോകൾക്കിടയിൽ നിന്ന് പ്രത്യേകപ്രാധാന്യമുള്ളതെന്ന നിലയിൽ തിരഞ്ഞെടുക്കാൻ ഇത് സഹായിക്കുന്നു. ലൈവ് സത്യാഗ്രഹങ്ങൾ, പ്രകടനങ്ങൾ, പത്രസമ്മേളനങ്ങൾ ആഴത്തിൽ ജീവിക്കുന്നു. എന്നാൽ സംഭവം നടന്നു, മണിക്കൂറുകൾക്ക് ശേഷം കാണിക്കുന്ന വാർത്തകൾ തന്നെ വിശ്വാസയോഗ്യമല്ലാതാവുന്ന കാലമാണിത്. വാർത്തകളിൽ കൃത്രിമം കാണിക്കാനും എഡിറ്റുചെയ്യാനും അവസരം ലഭിക്കുന്നതോടെ അതിന്റെ ജീവൻ പോകുന്നു. മണിക്കൂറുകൾ കഴിഞ്ഞ ദൃശ്യങ്ങൾ കാണിക്കുമ്പോൾ, അതിനു ശേഷമുണ്ടായ പലതിന്റെയും പിറകിലേക്ക് അവ തള്ളപ്പെടുകയാണ്. ഇന്നത്തെ പ്രേക്ഷകരുടെ മനഃശ്ശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത് ഉൽപന്നനിർമ്മാതാക്കളും കോർപ്പറേറ്റു സ്ഥാപനങ്ങളുമാണ്. ഈ സ്ഥാപനങ്ങൾക്കെല്ലാം വേണ്ടത് പുതിയ കാലാവസ്ഥയും വർത്തമാനകാലവുമാണ്. അതുകൊണ്ടാണ് ലൈവ് ടെലികാസ്റ്റിംഗ് ഇന്ന് പ്രധാനപ്പെട്ട സാംസ്കാരിക ഉൽപന്നമായി മാറുന്നത്. എപ്പോഴും ലൈവായി മാറുന്നയാൾക്കായിരിക്കും രാഷ്ട്രീയത്തിലായാലും സിനിമയിലായാലും വിപണി ലഭിക്കുക. കാരണം ആളുകൾ ഇന്നലെത്തെ കാര്യങ്ങളെല്ലാം മറക്കുകയാണ്. ഓർമ്മ ഭാരമായതിനാൽ, അവർ അന്നന്നത്തെ സംഭവങ്ങളിലാണ് വിശ്വസിക്കുന്നത്. ഓർക്കാനെന്തെങ്കിലുമുണ്ടാകണമെങ്
അചരിത്രവൽക്കരണം
അചരിത്രവൽക്കരണം എന്ന പദം ഞാൻ പുതുതായി ഉപയോഗിക്കുന്നതാണ്. ചരിത്രത്തിലേക്ക് ഒന്നിനെയും പോകാൻ അനുവദിക്കാതെ വർത്തമാനകാലം കൊണ്ടുതന്നെ ഉപയോഗിച്ചു തീർത്ത് വിസ്മൃതമാക്കികളയുന്ന പ്രക്രിയയെ ഞാൻ അചരിത്രവൽക്കരണം എന്ന് വിളിക്കുന്നു.
ഇന്ന് എത്രയോ സാംസ്കാരിക പ്രവർത്തകരും തൊഴിലാളികളും പ്രതിഭയുടെ ദാദാക്കളും ജീവിക്കുന്നു. അവരെയൊന്നും ആരും ഓർക്കുന്നില്ല. പ്രതിഭ എന്ന വാക്കു തന്നെ കാലഹരണപ്പെട്ടു. പ്രത്യേക സിദ്ധിയോ അറിവോ ആരുടെ പക്കലുമില്ല. എല്ലാവരും കൈത്തൊഴിൽ വിദഗ്ദ്ധന്മാരാണ്. പട്ടാളക്കാർക്ക് പകരം യുദ്ധസാങ്കേതിക വിദഗ്ദ്ധർ പ്രത്യക്ഷപ്പെട്ടതുപോലെ കലാകാരന്മാർക്ക് പകരം ഡിസൈനേഴ്സും സ്ക്രിപ്റ്റ് രചയിതാക്കളുമാണിന്നുള്ളത്. നോവലോ, കഥയോ കവിതയോ എന്തുമാകട്ടെ, അതെല്ലാം ഇന്ന് സ്ക്രിപ്റ്റാണ്. മറ്റൊന്നിനുള്ള അസംസ്കൃതവസ്തുമാത്രം.
സാംസ്കാരിക സംഘാടനം, അറിവു തൊഴിലാളിയുടെ ഉപജീവനം, ഉള്ളടക്കം ദാദാക്കളുടെ പ്രകടനം എന്നിവയെല്ലാം ഇന്ന് അചരിത്രമാകുകയാണ്. അവയൊന്നും ചരിത്രത്തിലില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ മാധ്യമങ്ങൾ ഇവരെയൊന്നും വിലവയ്ക്കില്ല. കാരണം അവർ 'ലൈവ'ല്ല. ലൈവല്ലാത്തവരെ മാധ്യമങ്ങൾ വിസ്മൃതിയിലേക്ക് തള്ളിവിടും. ഇക്കൂട്ടർ മരിക്കുമ്പോൾ മാത്രം മാധ്യമങ്ങൾ, അവർ ജീവിച്ചിരുന്നു എന്ന് മാലോകരെ അറിയിക്കും. അസുഖം വരുകയോ, തൊഴിലില്ലാതാവുകയോ ചെയ്താൽ, ഒരു കലാകാരനെന്ന നിലയിൽ ഒരാളുടെ ഏറ്റവും വലിയ ദുരന്തമായിരിക്കും അത്. പിന്നെയാരും തിരിഞ്ഞുനോക്കില്ല. സേവനങ്ങളെ നിർദ്ദയം മറന്നുകളയുന്ന ലോകമാണിതെന്ന് അപ്പോൾ മനസ്സിലാകും. സേവനങ്ങളെ വിലകൊടുത്ത് ഉപയോഗിച്ച് വലിച്ചെറിയുന്നതിനപ്പുറത്ത് മറ്റൊരു നന്ദിയും എവിടെയുമില്ല. മാധ്യമങ്ങളാകട്ടെ, വിസ്മൃതമാക്കലിന്റെ ഔദ്യോഗിക പ്രചാരകരാണ്. ജീവിച്ചിരിക്കുമ്പോൾ അചരിത്രമാക്കിയാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. മരണം പിന്നെയൊരു രണ്ടാം ജന്മമാണ്. ശവസംസ്കാരവും അനുസ്മരണവുമാണ് പിന്നെ ജീവിച്ചിരുന്നതിനു തെളിവായി മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത്. അതോടെ അചരിത്രവൽക്കരണം പൂർത്തിയാവുകയാണ്.
അറിവുകൾ അനുനിമിഷം പെരുകുന്ന ലോകത്ത്, എല്ലാറ്റിനെയും ഓർക്കുക എന്നത് മൂല്യമല്ലാതായി, ഓർത്താൽ തന്നെ അത് നിന്ദയാകാനും സാധ്യതയുണ്ട്. നല്ല രീതിയിലുള്ളതോ, ചീത്തരീതിയിലുള്ളതോ ആയ ഓർമ്മകളെല്ലാം മാധ്യമങ്ങൾ അവരുടെ വിവിധ ഉൽപന്നങ്ങൾക്കിടയിൽ ഷോപ്പിംഗിനായി വയ്ക്കുകയാണല്ലോ. അത് തിരഞ്ഞെടുക്കുന്ന ഏതൊരാളും അതിൽ വിനോദവും പ്രതീക്ഷിക്കുന്നു. അന്യന്റെ വീട്ടിലെ കലഹങ്ങൾ, ലൈംഗിക അപവാദങ്ങൾ, സദാചരപ്രശ്നങ്ങൾ, എല്ലാം ഇന്ന് ലൈവ്ഷോ ആകുന്നത് ഇതിനു തെളിവാണ്. ലൈവായി വന്നുപോയിക്കഴിഞ്ഞാൽ അതും അചരിത്രമാകുകയാണ്.
ലൈവ് എന്ന സങ്കൽപം തന്നെ 'ഓപ്പറേഷൻ ജറോനിമോ'യോടെ മാറി. പാകിസ്ഥാനിൽ രാത്രി ഒരു മണിക്ക് അമേരിക്കയുടെ കമാൻഡോകൾ ഹെലിക്കോപ്റ്ററിലെത്തി ബിൻലാദന്റെ വസതി ആക്രമിച്ച് അയാളെ വധിക്കുന്ന രംഗം പ്രസിഡന്റ് ഒബാമയും സഹപ്രവർത്തകരും അമേരിക്കയിൽ തത്സമയം വീഡിയോയിൽ കണ്ടു എന്നുള്ളത് യുദ്ധത്തെ സാങ്കേതികവിദ്യയും കാഴ്ചയുടെ വിഭവവുമാക്കുന്നു. ആക്രമണം ഒരേ സമയം ടെക്നോളജിയും വീഡിയോയുമാണ്. ഇതിനുമുമ്പ് ഒരിക്കലുമുണ്ടാകാത്ത അനുഭവമായി, കമാൻഡോ ഓപ്പറേഷൻ മാറി. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, സമയബന്ധിതമായ ഷോയാണ് ആക്രമണം. വീഡിയോയിലെ ദൃശ്യങ്ങൾ ഏതുവിധമാണെന്ന് നോക്കിയാണ് അത് പരസ്യപ്പെടുത്തണോ എന്ന് തീരുമാനിക്കുന്നത്. വീഡിയോയിലെ മനുഷ്യദൃശ്യാത്മകതയുടെ തോതനുസരിച്ചാണ് അത് ചരിത്രമാകുന്നത്. അല്ലാത്തപക്ഷം, അത് തത്സമയ വീഡിയോ ആയി ഒടുങ്ങുകയാണ്. ബിൻലാദൻ വധത്തിന്റെ വീഡിയോ പരസ്യപ്പെടുത്തേണ്ട എന്നാണ് അമേരിക്കയുടെ തീരുമാനം. ഓപ്പറേഷന്റെ രഹസ്യാത്മകത നഷ്ടപ്പെടുമെന്നതുപോലെ, ലാദന്റെ ശരീരം വെടിവച്ച് വികൃതമാക്കി എന്നതും ഇതിനുകാരണമാണ്.
യുദ്ധം ലൈവ് ദൃശ്യമാകുന്നതോടെ, അതിന്റെ നിയമങ്ങളും മാറുകയാണ്. അത് ജയിക്കാൻ വേണ്ടിയുള്ള എതിരിടലാകുന്നു. അതിനു വേഗതയേറുന്നു. അത് വളരെ രഹസ്യാത്മകവും സാങ്കേതികവുമാകുന്നു. ഈ പ്രത്യേകതകളെല്ലാം ഒന്നിന്റെ ലൈവാകാനുള്ള യോഗ്യതകളുമാണ്. ഈ ലൈവ് അവതരണമാണ് ആധുനിക കാലത്തെ മനുഷ്യാനുഭവത്തിന്റെ മുൻഗണനയും അർത്ഥവും തീരുമാനിക്കുന്നത്. യുദ്ധത്തിനും വിനോദമൂല്യമുണ്ടാകുന്നു.
മറ്റുള്ളവരുടെ ജീവിതത്തിലെ വഴക്കുകളും തകർച്ചകളും അവരെക്കൊണ്ട് തന്നെ പറയിച്ച് കൂടുതലാളുകൾക്ക് വിനോദത്തിനുള്ള ഉപാധിയാക്കുന്ന പരിപാടികൾ നമ്മുടെ ചാനലുകളിൽ കാണാം. വൈവാഹികബന്ധത്തിന്റെ തകർച്ചകളും കോടതിവിചാരണയ്ക്ക് സമാനമായ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ഇന്ന് ലൈവ് എന്നപോലെ കാണിക്കുന്നുണ്ട്. ഇതിന്റെ കുറേക്കൂടി വിപുലീകൃതമായ വിവരണമാണ് കമാൻഡോ ഓപ്പറേഷനുകളുടെ 'ലൈവി'ൽ നിന്ന് പ്രതീക്ഷിക്കാവുന്നത്. കമാൻഡോ ഓപ്പറേഷന്റെ ലൈവ് ചിത്രീകരണത്തിന്റെ ഏതെങ്കിലും കുറേഭാഗങ്ങൾ പിന്നീട് കാണിക്കുമ്പോഴും അന്യരുടെ ദുരിതം വിനോദമായിത്തീരുന്ന വിചിത്രസംഭവം ഉണ്ടാകുന്നു.
നൈമിഷികത
അഗാധമായ ചരിത്രജ്ഞാനമോ, റഫറൻസുകളോ ഇന്ന് മാധ്യമങ്ങളുടെയോ കലയുടെയോ വിനോദത്തിന്റെയോ പ്രമേയത്തിൽ കടന്നുവരുന്നേയില്ല. വിദഗ്ദ്ധന്മാരുടെ ചർച്ചകൾക്കുപോലും ഇടമില്ലാതായി. ഇന്നിൽ ജീവിക്കുന്നതിനു തടസ്സമാകുന്നമട്ടിലുള്ള ഭാരിച്ച ഓർമ്മകൾക്ക് സ്ഥലമനുവദിക്കാത്ത വിധം, പേടിപ്പെടുത്തുന്ന നൈമിഷികാഭിമുഖ്യമാണ് വളരുന്നത്. ഇന്നത്തെ ഷോകൾ ഇന്നത്തേക്ക് മാത്രമാണ്. അത് പിന്നെ ആരും അന്വേഷിക്കുന്നില്ല. രണ്ടാമത് പ്രദർശനത്തിനു സാധ്യമല്ലാത്തവിധം ആഖ്യാനങ്ങൾ സ്ഥൂലമാവുകയോ, തീർത്തും നൈമിഷികം എന്നനിലയിൽ വാർത്താ പ്രാധാന്യം നേടുകയോ ചെയ്യുന്നതാണ് ഇതിനു കാരണം. അഞ്ഞൂറ് എപ്പിസോഡുകളായി പടരുന്ന സീരിയലിനു പുനഃസംപ്രേഷണ സാധ്യതയില്ല. കാരണം പുതിയ പരമ്പരകൾ വന്നുകൊണ്ടിരിക്കുമ്പോൾ, അഞ്ഞൂറ് എപ്പിസോഡുകൾ വീണ്ടു കാണിക്കുക എന്ന ഭാരിച്ച ബാധ്യത ആരുമേറ്റെടുക്കില്ല. ഒരിക്കൽ അവതരിപ്പിച്ചു പോകുന്ന കലോൽപന്നങ്ങൾ, ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പിന്നീട് എടുത്തുപൊക്കാനാവാത്തവിധം ഭാരമേറിയതാകുന്നത്, ഈ കാലത്തിന്റെ നൈമിഷികത എന്ന തത്ത്വചിന്തയുടെ ഭാഗമാണ്. അതായത് ഒരിക്കൽ നിർമ്മിക്കുന്ന കലയുടെയോ വിനോദത്തിന്റെയോ ഉപാധികൾ പിന്നീട് തിരിച്ചുവരുന്നില്ല. അത് എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നു. ഈ വലിച്ചെറിയൽ ഓരോ നിമിഷത്തിലും ഉണ്ടാകുന്നു.
ലൈവ് ഷോകൾക്കും തിരിച്ചുവരവില്ല. ഒരു ഫുട്ബോൾ മത്സരം, ഗുസ്തിമത്സരം, ഡാൻസ്പ്രോഗ്രാം, രാഷ്ട്രീയ പാർട്ടികളുടെ ലയനസമ്മേളനം, താരങ്ങളുടെ വിവാഹം എന്നിവ ലൈവായി കാണിക്കുന്നതോടെ അത് അചരിത്രമാകുകയാണ്. അത് ഓർമ്മയുടെ ഇരുട്ടുമുറിയിലേക്ക് വലിച്ചെറിയുകയാണ്. അതിന് പുനഃസംപ്രേഷണമില്ല. ഒരിക്കൽ മാത്രം അതിനു ലൈവാകാൻ കഴിയും. അത് അതിന്റെ ഓർമ്മയും ജീവിതവും ചരിത്രവുമാണ്. ജീവിച്ചിരിക്കെ തന്നെ അത് ഓർമ്മയാണ്. മറവിക്കെതിരെ ആ നിമിഷത്തിൽ മാത്രം അതിനു നിലനിൽക്കാം. ഇതാണ് ലൈവിന്റെ തത്ത്വചിന്ത. അസ്തിത്വം നിമിഷത്തിലെ ഓർമ്മയാണ്. തത്സമയം ജീവിക്കാനായാൽ, പിന്നെ നിത്യവിസ്മൃതിയാണ് കാത്തിരിക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിയുന്ന ഉപഭോക്തൃ വസ്തുക്കളുടെ വർണ്ണാഭമായ കൂട്ടുകൾപോലെയാണ് മാധ്യമവാർത്തകളും ലൈവ്ഷോകളും കലാ ഉൽപന്നങ്ങളും. അങ്ങനെ സാംസ്കാരികത നിത്യമായ ഒഴിഞ്ഞുപോക്കും നിത്യമായ വരവുമായിത്തീരുകയാണ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഈ നിമിഷംതോറുമുള്ള മാറ്റം നവാദ്വൈതമാണ്.
ഒരിടത്ത് നിരവധി ലൈവ്ഷോകളും ദീർഘിച്ച ആഖ്യാനങ്ങളും വരുന്നു. തൊട്ടടുത്ത നിമിഷം അവ അപ്രത്യക്ഷമാകുന്നു. ഈ പ്രക്രിയയിൽ, മനുഷ്യൻ ലൈവാകാനുള്ള ബദ്ധപ്പാടിലാണ്. അവന്റെ ഓട്ടം മുഴുവൻ അതിനാണ്. സംസ്കാരത്തിന്റെ ലൈവ് അനുഭവം എന്താണെന്ന് കണ്ടെത്തുന്നതിനൊപ്പം അവനും ലൈവാകുന്നു.
വൈറ്റ്ലൈനിന്റെ പ്രിയമുള്ള വായനക്കാര്‍ ഇതു ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു.
-എം. കെ. ഹരികുമാര്‍
ശൈലേഷ് തൃക്കളത്തൂർ : എന്താണ് താങ്കൾ വിശദീകരിക്കുന്ന നിരാസവും നിർമ്മാണവും?
= എം.കെ.ഹരികുമാര്‍: ജീവിതം നമുക്ക് കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത് എപ്പോഴും നമുക്ക് ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോൽപിക്കുമെന്നറിഞ്ഞാലും നമ്മൾ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ, ഇടവേളകളുടെ നേരിയ അംശങ്ങളിൽ നമ്മളിലേക്ക് പ്രകാശമായി കടന്നുവരാം. എന്നാൽ അതവിടെ നിൽക്കില്ലല്ലോ. മനസ്സിന്റെ ചുമതലയോ സ്വഭാവമോ അല്ല, ഇങ്ങനെ വരുന്ന സിഗ്നലുകളെ പിടിച്ചെടുത്ത് വ്യാഖ്യാനിക്കുക എന്നത്. അത് സംഭവിക്കുന്നു എന്ന് മാത്രം.
ജീവിതം ഒന്നും കൊണ്ടുപോകാനുള്ളതല്ലെങ്കിൽ, പിന്നെ അവശേഷിക്കുന്നത്, അത് എവിടെയെങ്കിലും കളഞ്ഞിട്ടുപോകുക എന്നതാണ്. വെറുതെ കളയാനൊക്കില്ല.. അത് ഒന്നിലധികം വസ്തുക്കളെ മുൻനിര്‍ത്തി ഏതാണ് നല്ലത് എന്ന് നോക്കി തിരഞ്ഞെടുക്കുന്നുണ്ട്. ഒന്ന് എപ്പോഴും പ്രാമാണ്യത്തോടെ മുൻനിരയിൽ വരുന്നു. അപ്പോഴും അതിനേക്കാൾ നല്ലത് ഏതാണെന്ന ചിന്ത നാമ്പെടുത്തുകൊണ്ടിരിക്കും. മറ്റെല്ലാം വിസ്മൃതിയിലേക്കാണ് പോകുന്നത്. കാലമാണ് ഇതിനു സഹായിക്കുന്നത്. ഈ നിമിഷത്തിൽ ഒരു തിരഞ്ഞെടുപ്പുണ്ട്. അത് കഴിഞ്ഞാൽ കാലം അതിനെ വിസ്മൃതിയിൽ ലയിപ്പിക്കുന്നു. അപ്പോഴും ഒന്ന് അവശേഷിക്കുന്നു.
ഏതൊരു വസ്തുവിനും ഇങ്ങനെ മറ്റൊന്നാകാതിരിക്കാനാവില്ല. അചേതന വസ്തുക്കൾപോലും കാലത്തിലും മനുഷ്യചിന്തയിലും മറ്റൊന്നായി മാറുകയാണ്. കല്ല് ഓരോ നിമിഷത്തിലും പുതിയതാണ്. നാം എങ്ങനെ കാണുന്നുവോ അതിനനുസരിച്ച് മാറും. കല്ലിൽ എല്ലാ രൂപങ്ങളുമുണ്ട്. ഏത് വേണമോ, മറ്റെല്ലാം അതിൽ നിന്ന് നീക്കിയാൽ മതി.
ഒരു വസ്തുവിനും അതായിതന്നെ നിലനിൽക്കാൻ കഴിയില്ല. ആശയങ്ങളാണ് അങ്ങനെ നിൽക്കാൻ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, സ്വരം എന്ന വാക്കിൽ സ്വരം എന്ന ആശയമുണ്ട്. സ്വരം എന്ന ആശയം മറ്റൊന്നിനേയും അതിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. ആ ആശയം മൗലികവാദ സ്വഭാവമുള്ളതാണ്. ഇത് ജീർണതയാണ്. മറ്റൊന്നിനെയും ഉള്ളിലേക്ക് പ്രവേശിപ്പിക്കാത്ത ആശയതുറുങ്കുകൾ സംവാദത്തെയും സമന്വയത്തെയും വളർച്ചയെയും തളർത്തുന്നു. ഇതിനു ബദലായി, ഓരോ നിമിഷവും സ്വയം നിരസിച്ചുകൊണ്ട് മറ്റൊന്നാകുന്നതാണ് വളർച്ച. ജീവിതം ഈ വളർച്ചയാണ്. അല്ലെങ്കിൽ ആകണം. ജീവിതത്തിന്റെ സ്തംഭനാവസ്ഥയും ജീർണ്ണതയും ഭൂതകാലജ്വരങ്ങളും കഴുകി ശുദ്ധീകരിക്കാൻ ഇതാവശ്യമാണ്. വാക്കുകൾ, ആശയങ്ങൾ, സൗന്ദര്യശാസ്ത്രം, തുടങ്ങിയവയെല്ലാം സ്വയം നിരസിച്ച്, മറ്റൊന്നാകുമ്പോൾ അത് ജലാത്മകതയാകും. ഒഴുക്ക് എന്ന സ്വഭാവവും നവീകരണവും അതിൽ ഉണ്ടാകുന്നു.
ചോദ്യം: ഇന്നത്തെ ജീവിതവുമായി ഈ നിരാസവും നിർമ്മാണവും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്?
= എം.കെ.ഹരികുമാര്‍: ഇന്ന് ജീവിതത്തെ, അതിന്റെ തത്ത്വശാസ്ത്രം, ശൈലി, എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പാർട്ട്മെന്റായി കാണാനാവില്ല. ജനതകൾ അലഞ്ഞുതിരിയുന്നവരായി. ഏതെങ്കിലും ഒരാശയം മാത്രം മുറുകെ പിടിച്ചുകൊണ്ട് ജീവിതകാലമത്രയും നീങ്ങാനാവില്ല. എല്ലായ്പ്പോഴും ഒരു നിരാസവും നിർമ്മാണവും നമ്മെ കാത്തിരിക്കുന്നുണ്ട്. ആധുനിക ജീവിതം ദീര്‍ഘകാലത്തിലുള്ള പദ്ധതിയല്ലാതായി. നൈമിഷികത വലിയ തോതിൽ ജീവിതത്തെ ആഴമുള്ളതും സുന്ദരവുമാക്കുന്നു. ജീവിക്കുന്നത് ഒരു നിമിഷത്തേക്കായാലും മതി എന്ന ചിന്ത ഇപ്പോഴും പലരും ഗൗനിക്കുന്നു.
ചോദ്യം : ജീവിതത്തെ ആകെ കാണാൻ കഴിയുന്നില്ലെങ്കിൽ, ഉദ്ഗ്രഥനാത്മകമായ അനുഭവം എവിടെയാണ്?
= എം.കെ.ഹരികുമാര്‍: ജീവിതം എന്ന അമൂർത്ത തത്ത്വത്തേക്കാൾ, അതിന്റെ ഓരോ നിമിഷത്തിലുമുള്ള അതിജീവനത്തിനു പ്രാമുഖ്യം കൈവന്നു. ഓരോ വ്യവഹാരവും നോക്കൂ. വീട് എന്നത് ഇപ്പോൾ താമസിക്കാനുള്ള സ്ഥിരം സങ്കേതമല്ല. അത് സൗന്ദര്യബോധത്തിന്റെയും സമ്പാദ്യത്തിന്റെയും പ്രതിനിധാനമായി. ജീവിതത്തിൽ ഭൂരിഭാഗം സമയവും പലയിടങ്ങളിലായി അലയുന്നവർ, വീട് സ്വപ്നം എന്ന നിലയിലാണ് പണിയുന്നത്. അറുപത് വയസ്സിനോടടുപ്പിച്ച് വീട് വയ്ക്കുന്നവർ, അത് പൂർത്തിയാക്കിയശേഷം പിന്നെയും വീട് വിട്ട് പോകുന്നു. വീട് ചിഹ്നമായി അവശേഷിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് വീടില്ല. അവർ അലഞ്ഞുതിരിയുന്നവരാണ്. ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണുകളിൽ കഴിയും. വീട് വികാരമല്ല. സുന്ദരമായ വസ്തു എന്ന നിലയിലേക്കത് മാറിയിരിക്കുന്നു. ജീവിതത്തിന്റെ 80 ശതമാനവും വീട്ടിൽ കഴിയാത്തവർ ഇന്ന് വലിയൊരു സമൂഹമാണ്.
വീടിന്റെ ഒരു ഭാഗം അതിഥികൾക്ക് വാടകയ്ക്ക് കൊടുക്കുന്നവരും, റസ്റ്റോറന്റ് നടത്താനായി നീക്കിവയ്ക്കുന്നവരും ഉണ്ട്. അർജന്റീനയിൽ ശനി,ഞായർ ദിവസങ്ങളിൽ വീട് റസ്റ്റോറന്റായി ഉപയോഗിക്കുന്ന കുടുംബത്തെപ്പറ്റി വായിച്ചതോർക്കുന്നു. നമ്മുടെ കൊച്ചിയിൽ, നിത്യവും വീട് ഹോട്ടലാക്കി ബിസിനസ്സ് നടത്തുന്നവരുണ്ട്. ഇതെല്ലാം വ്യതിയാനങ്ങളാണ്. ഫ്യൂഡൽ കാലഘട്ടത്തിലെ സഞ്ചരിക്കാത്ത ജീവിതമല്ല ഇന്നത്തേത്. അന്നത്തെ വീടുകൾ, ദീർഘകാലം നിലനിൽക്കുന്ന തരത്തിൽ പണിതതും, വളരെക്കാലം കേടുകൂടാതെ അവശേഷിക്കുന്ന തരത്തിൽ പണിത ഫർണിച്ചറുകൾ ഉള്ളതുമാണ്. ദീർഘകാലം നിലനിൽക്കുന്നത് എന്നത് വലിയ ആശയമായിരുന്നു. കസേരകൾ, മേശകൾ, ജനാലക്കർട്ടനുകൾ, കട്ടിലുകൾ, സോഫകൾ എല്ലാം ദീർഘകാലത്തെ നോട്ടമിട്ടു നിർമ്മിച്ചതായിരുന്നു. ഇന്ന് ഈ കാഴ്ചപ്പാടില്ല. പെട്ടെന്ന് മാറാവുന്നതായിതീർന്നു, എല്ലാം. പുതിയ ഫാഷനനുസരിച്ച് മാറ്റാൻ കഴിയണം. ഫാഷൻ സ്വാതന്ത്ര്യം നൽകും. ജാതിപരമോ, ഗോത്രപരമോ ആയ മുദ്രകൾ ഇല്ലാത്ത ഉപകരണങ്ങൾ വന്നു. മാർക്കറ്റിൽ വസ്തുക്കളുടെ സൗന്ദര്യത്തിനും വിലയ്ക്കും ഉപയുക്തതയേക്കാൾ പ്രാധാന്യം കൈവന്നു. മാർക്കറ്റിലെ ഏറ്റവും സൗന്ദര്യമുള്ള, വിലയേറിയ വസ്തു സ്വന്തമാക്കുന്നവനാണ് സാംസ്കാരിക ശ്രദ്ധ കിട്ടുന്നത്. മാറുന്ന ശൈലികളിൽ ആളുകൾ വിശ്വസിക്കുന്നു. സ്ഥിരമായ ബ്രാൻഡുപോലും ഇല്ലാതായി. കൂടുതൽ പരസ്യം ചെയ്യപ്പെടുന്നത്, മേൽത്തരമെന്ന് അവകാശപ്പെടുന്നത് എല്ലാം സ്വന്തമാക്കിയാൽ മതി. അതിന്റെ പേരിൽ വരുന്ന പണനഷ്ടത്തെപ്പറ്റി വേവലാതിയില്ല. കൂടുതൽ കാലം കിട്ടുന്ന ഉപയുക്തത്തയ്ക്കല്ല പണം ചെലവഴിക്കുന്നത്. കുറച്ചു കാലത്തേക്കായാലും വേണ്ടില്ല, ആകർഷകമായ, ആളുകൾക്കിടയിൽ ശ്രദ്ധകിട്ടുന്ന ഉൽപന്നമായാൽ മതി. മൊബൈൽ ഫോൺ, കാർ എന്നിവയുടെയെല്ലാം വിൽപനയിലുള്ള മനഃശ്ശാസ്ത്രം ഇതാണ്. പണത്തേക്കാൾ വലിയ മൂല്യങ്ങളാണിവ. ഫ്ലാറ്റുകൾ, വില്ലകൾ തുടങ്ങിയവയാണ് ബ്രാൻഡിംഗിനുള്ള മറ്റ് മേഖലകൾ. ആശുപത്രികളും ചികിത്സാരീതികളും മറ്റു ചില മേഖലകളാണ്. ആശുപത്രികളിലും മറ്റും പുതിയ ഉപകരണങ്ങളാണ് പുതിയ രോഗികളെ സൃഷ്ടിക്കുന്നത്. ഉപകരണങ്ങൾ രോഗം ഉണ്ടോയെന്ന് ചെക്ക് ചെയ്യാനുള്ളവയാണ്. രോഗം ഉണ്ടോ എന്നറിയാനുള്ള ജിജ്ഞാസ പുതിയ രോഗമേഖലയാണ്. ധാരാളം പേർ ഈ രോഗം ബാധിച്ചവരായി എത്തുന്നു. ഇവർ രോഗമില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടി ഇപ്പോൾ ടെസ്റ്റുകൾക്ക് വിധേയരാവുന്നു. രോഗചികിത്സയേക്കാൾ ചെലവ് ടെസ്റ്റുകൾക്കാണ്. യഥാർത്ഥ രോഗികൾക്ക് ഇന്ന് ചികിത്സ നൽകാൻ ഇടമില്ല. പകരം ടെസ്റ്റുകൾ നടത്താൻ കഴിവുള്ളവർക്കേ ചികിത്സയുള്ളു. ഡോക്ടർമാർ ടെസ്റ്റുകൾ നടത്തി ഫലം പ്രഖ്യാപിക്കുന്ന പുതിയ ജ്യോത്സന്മാരായി അവതരിച്ചു കഴിഞ്ഞു.
പുതിയ ഉപകരണങ്ങൾ പുതിയ 'രോഗി'കളെ സൃഷ്ടിക്കുകയാണിന്ന്. എന്തും രോഗമാണ്. കുഴപ്പമാണ്, അല്ലെങ്കിൽ രോഗമാവും, കുഴപ്പമാകും എന്ന ചിന്ത പ്രബലമായിക്കഴിഞ്ഞു. 50 വയസ്സുവരെ നല്ലപോലെ ശ്വാസം പിടിച്ചവരൊക്കെ, ഇപ്പോൾ ശ്വാസം പിടിക്കേണ്ടതെങ്ങനെയെന്നറിയാതെ, ഇതുവരെ ശ്വാസം പിടിച്ചതു തെറ്റായിപ്പോയെന്ന ചമ്മലോടെ, ശ്വാസം പിടിക്കാനായി പുതിയ ഗുരുക്കന്മാരുടെയടുത്ത് പോകുന്ന കാലമാണിത്.
ചോദ്യം: ബ്രാൻഡുകളിൽ കടിച്ചുതൂങ്ങി ജീവിക്കുന്നത് നിരാസവും നിർമ്മാണവുമാണോ?
= നിരാസവും നിർമ്മാണവും സ്വഭാവ വിശേഷങ്ങളാണ്. അതിനു എല്ലായ്പ്പോഴും പോസിറ്റീവായ ലക്ഷ്യം മാത്രമേ ഉണ്ടാവൂ എന്നില്ല. പുതിയ കാലത്ത് മനുഷ്യൻ ജീവിതത്തിന്റെ വർത്തമാനകാലത്തെയാണ് ആഘോഷിക്കുന്നത്; ഭൂതകാലത്തെയല്ല എന്ന് പറയാനാണ് ഞാൻ ശ്രമിച്ചത്. ബ്രാൻഡുകൾക്ക് അടിപ്പെടുന്നവരും മൗലികവാദികളായി മാറാറുണ്ട്. ചിലർ, അവർ പിന്തുടരുന്ന ബ്രാൻഡ്, ഉപദേഷ്ടാവ്, സ്ഥാപനം മാത്രമാണ് ശരിയെന്ന് ശഠിക്കും. വായനയിലും ചിന്തയിലുമെല്ലാം ഇതുണ്ട്. മറ്റൊരാൾ എത്രവലിയ സത്യം പറഞ്ഞാലും അങ്ങോട്ട് തിരിഞ്ഞുനോക്കണമെന്നില്ല. മാധ്യമങ്ങളാണ് ഇതെല്ലാം ഡിസൈൻ ചെയ്യുന്നത്.
ചോദ്യം: കാണികളുടെ മനസ്സും ഒരു ഷോപ്പിംഗ്മാൾ ആണോ?
= ഷോപ്പിംഗ് മാൾ ഇന്ന് സാംസ്കാരിക ജീവിതത്തിന്റെ പുതിയ അനുഭവമായി അവതരിപ്പിക്കുന്നു. മേൽത്തരം ബ്രാൻഡുകളെല്ലാം ഒരു കുടക്കീഴിൽ നിരത്തിയിരിക്കുന്നത് കാണുന്നത്, വിനോദവും വിജ്ഞാനവുമാണ്. കൺസ്യൂമറിസം പുതിയ വിജ്ഞാനമേഖലയുമാണ്. ഫിസിക്സിലോ, മാത്തമാറ്റിക്സിലോ ഉന്നത ബിരുദമുള്ളവർ ഷോപ്പിംഗ് മാളുകളിലെ ബ്രാൻഡഡ് ലേഡീസ് ഷോറൂമുകളിൽ നിരക്ഷരരായിരിക്കും. പുതിയ പുതിയ ഉൽപന്നങ്ങൾ എന്തിനാണെന്ന്പോലും അവർക്കറിയില്ലായിരിക്കും. പെൺകുട്ടികളും ആൺകുട്ടികളും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ചെരുപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവയെപ്പറ്റി ധാരാളം വിവരങ്ങൾ ശേഖരിക്കാനുണ്ട്. ഇതെല്ലാം പുതിയ വിജ്ഞാനരംഗമാണ്. അതുകൊണ്ട് മാളുകൾ വിജ്ഞാനവേദിയുമാണ്. അവിടെ നൂറുകണക്കിന് പേർക്കിരുന്ന് ഭക്ഷണം കഴിക്കാവുന്ന 'ഫുഡ്കോർട്ടുകൾ' ഉണ്ട്. അലങ്കരിച്ച ആകർഷകമായ ആ ഫുഡ്കോർട്ടുകളിൽ സ്വസ്ഥമായിരുന്ന് എന്തെങ്കിലും വാങ്ങി കഴിക്കുന്നത് പുതിയ സാംസ്കാരികാനുഭവമാണ്. ഭക്ഷണത്തിന്റെ ലോകവും വിപുലമാണ്. പലതരം ഭക്ഷണം കമനീയമായി ഉണ്ടാക്കിവച്ചിട്ടുണ്ടാകും. പലതും ഓർഡർ കൊടുത്താലേ തയ്യാറാക്കൂ. ഓർഡർ കൊടുത്ത് ഉണ്ടാക്കികൊണ്ടുവരുന്നതുവരെ കാത്തിരിക്കുന്നത്, വീട്ടനുഭവം കൂടിയാണ്. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതും അതുവഴി സാമൂഹ്യജീവിതത്തിന്റെ ഭാഗമാകുന്നതും പുതിയ സാംസ്കാരിക പ്രവർത്തനമാണ്. ചിലപ്പോൾ അഞ്ചോ ആറോ പേർ വന്നേക്കാവുന്ന, സായാഹ്നങ്ങളിലെ കഥകളി അവതരണത്തിലോ, കവിയരങ്ങിലോ കിട്ടാത്ത സാംസ്കാരിക പങ്കാളിത്തം ഈ മാളുകളിലെ ഭക്ഷണ വേളയിലും കളികളിലും ലഭിക്കുന്നു, കഥകളിയവതരണത്തിലും കവിയരങ്ങിലും, വെറുതെ കാണിയായി ഇരിക്കാനേ പറ്റൂ. എന്നാൽ ആധുനിക ഫുഡ്കോർട്ടിലോ, മാളിലോ, അമ്യൂസ്‌മന്റ് പാർക്കിലോ ഉപഭോക്താവിന്, കലാസ്വാദകന്, കാണിക്ക് കുറേക്കൂടി പങ്കാളിത്തം ലഭിക്കുന്നു. അയാൾ മറ്റൊരാളുടെ കല ആസ്വദിക്കുന്ന 'കൺസ്യൂമർ' അല്ല ; അതിനെ ശരിക്കും അവനവന്റെ ഭാഗമാക്കി, സ്വാതന്ത്യം രുചിക്കുന്ന ഉപഭോക്താവായി മാറുകയാണ്.
ചോദ്യം: ഇതെല്ലാം താങ്കൾ പറഞ്ഞപോലെ 'തുണ്ടുകളുടെ ജീവിതമല്ലേ?
= അനുഭവങ്ങൾ തുണ്ടുകളാണ്. ബൃഹത്തായ അനുഭവങ്ങൾക്കായി മൂന്നോ നാലോ മണിക്കൂർ അടച്ചിട്ട മുറിയിലിരിക്കുന്ന കാലം കഴിഞ്ഞു. സിനിമയുടെ മരണം ഇങ്ങനെ സംഭവിക്കുന്നു. വൻ സിനിമകൾ കാണാൻ, മറ്റെല്ലാം മാറ്റിവച്ച് മണിക്കൂറുകൾ ചെലവഴിക്കാൻ ഇന്ന് പലർക്കും കഴിയാറില്ല. തിരക്കുള്ള ജീവിതത്തിൽ, മണിക്കൂറുകൾ വെറുതെ ഇരുന്ന് കൊടുക്കാനില്ല. ആ മണിക്കൂറുകളെ നമുക്ക് കൂടി പങ്കാളിത്തമുള്ള സാംസ്കാരിക ജീവിതമാക്കാനാണ് നാം ശ്രമിക്കുക. അതുകൊണ്ട് തുണ്ടുകൾ, അത് റിംഗ്ടോണുകളാകാം, പരസ്യങ്ങളാകാം, ടെലിവിഷൻ ഗാനങ്ങളാകാം, യു ട്യൂബുകളാകാം, എസ്.എം.എസ്സുകളാകാം... നമുക്കുകൂടി പങ്കാളിത്തമുള്ള സാംസ്കാരിക ഉൽപന്നങ്ങൾ കൂടിയാണ്.
ചോദ്യം: സംസ്കാരത്തിന്റെ നിർമ്മാതാവ് എന്ന നിലയിൽ ഇന്നത്തെ കലാകാരനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്?
= ഇന്നത്തെ കലാകാരൻ കലയുടെ സ്രഷ്ടാവല്ല. അയാൾക്കതിനു കഴിയില്ല. അയാൾ വസ്തുക്കൾ കൂട്ടിഘടിപ്പിക്കുന്ന (assemble)തിലൂടെയാണ് കലയുണ്ടാക്കുന്നത്. ഒന്നിനും ഒറ്റയ്ക്ക് കലയാകാൻ കഴിയില്ല. അത് എവിടെ, എങ്ങനെ സംയോജിക്കുന്നു എന്നതിനാണ് പ്രാധാന്യം. തേനീച്ചക്കൂടിന്റെ നിർമ്മാണത്തിൽ കലയുണ്ട്. പക്ഷേ, അത് കളയാണെന്ന് അവകാശപ്പെടാൻ തേനീച്ചകൾ ശ്രമിക്കുന്നില്ല. കാരണം, ആ നിർമ്മാണം അവയുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രകൃതിയിലെ വസ്തുക്കളിലെല്ലാം വിസ്മയിപ്പിക്കുന്ന തലമുണ്ട്. അത് നമ്മെ സങ്കൽപിക്കാൻ പ്രേരിപ്പിക്കുന്നു. മഴവില്ലിൽ, പുലരിയിൽ എല്ലാം കലയുണ്ട്. പാമ്പ് ഇഴയുന്നതിൽപ്പോലും കലയുണ്ട്. ഈ മൗലിക സ്വഭാവമുള്ള കലാവസ്തുക്കളെ മനുഷ്യൻ എവിടെ പ്രതിഷ്ഠിക്കുന്നു എന്നതിലാണ് കലയുടെ അർത്ഥം തേടേണ്ടത്. പലനിറങ്ങളെ പല അർത്ഥങ്ങൾക്കായി ഉപയോഗിക്കുന്നതുപോലെ, പല സംജ്ഞകളെ, ദൃശ്യങ്ങളെ ചേർത്ത് ഒരിടത്ത് കലയുണ്ടാക്കുന്നു. അതിനു ഒരിടം വേണം. അത് കടലാസാകാം, പ്രകൃതിയാകാം. പഴയ ഫോട്ടോഗ്രാഫുകൾ, പെയിന്റിംഗുകൾ എന്നിവ ഉപയോഗിച്ച് പോസ്റ്ററോ, ഗ്രാഫിക്സോ ഉണ്ടാക്കാം. ഓരോന്നിനും സ്വന്തമായുള്ള അർത്ഥം ഒരിടത്ത് ഒന്നിച്ച് അണിനിരക്കുന്നതോടെ മാറി മറ്റൊരു അർത്ഥമുണ്ടാകുന്നു. ഇതാണ് നിരാസവും നിർമ്മാണവും. പരമ്പരാഗതമായി വാക്കുകൾക്കുള്ള അർത്ഥത്തെ, വിചിത്രമായ സംയോജനങ്ങളിലൂടെ തകർത്ത് പുതിയ അർത്ഥം സൃഷ്ടിക്കാനായാൽ സാഹിത്യമുണ്ടാകും. ഇതിലൂടെ വാക്കുകളിലെ മൗലികമായ അർത്ഥത്തെ തന്നെ നവീകരിക്കാനാകും. എല്ലാ വസ്തുക്കളെയും ഇങ്ങനെ മൗലികതയിൽ നിരസിച്ച്, കലാകാരൻ പുനർനിർമ്മിക്കുമ്പോഴാണ് കലയുണ്ടാകുന്നത്.
ചോദ്യം: സാങ്കേതിക ഉപകരണങ്ങൾ ജീവിതത്തിൽ അമിത പ്രാധാന്യം നേടുമ്പോൾ കലയുടെ ആത്മീയത മരിക്കുകയല്ലേ?
= കലയുടെ അത്മീയത പുസ്തകങ്ങളിൽ നിന്ന് മാത്രം ജനിക്കുന്നതല്ല. ആളുകൾക്ക് പങ്കാളിത്തമുള്ള കലയാണ് ഇന്ന് അവർ തേടുന്നത്. മൂകരായി, വെറും കാഴ്ചക്കാരായി, ഇരകളായി കലാരചനകൾക്ക് മുമ്പിൽ നിൽക്കാൻ ഇന്ന് അധികം പേരും തയ്യാറാവുകയില്ല. മനുഷ്യന്റെ സകലപ്രവൃത്തികളിലേക്കും കലയുടെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കടന്നുചെന്നിരിക്കയാണ്. ഇത് ഇന്നത്തെ കലയുടെ ജനാധിപത്യമാണ്. മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക്കൽ സാമഗ്രികൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഭക്ഷ്യവിഭവങ്ങൾ (കേക്കുകൾ, കറികൾ) എന്നിവയിലെല്ലാം കലയുടെ ടച്ച് ഇന്ന് നിർബന്ധമാണ്. കലയുടെയല്ല, സംസ്കാരത്തിന്റെ സ്പർശമാണ് എവിടെയും. എന്താണ് ഈ സംസ്കാരം? ഇത് ഏതെങ്കിലും ദേശത്തിന്റെയോ, മതത്തിന്റെയോ ചിഹ്നങ്ങളോ, ശൈലികളോ, പൈതൃകമോ ഒന്നുമല്ല. സംസ്കാരത്തെ ഇനിമേൽ കള്ളികളിലാക്കാനും കഴിയില്ല. എല്ലാ ദേശങ്ങളും എല്ലാവരുടേതുമാണ്. മെഡിക്കൽ പരിശോധനകൾക്കുള്ള ഉപകരണങ്ങളുടെ നിർമ്മാണപരമായ ഭംഗി ആ വസ്തുക്കളെ പെട്ടെന്ന് സംസ്കാരവൽക്കരിക്കുന്നു. കമ്പ്യൂട്ടർ ടെംപ്ലേറ്റുകൾ എത്ര കലാപരമായാണ് തയ്യാറാക്കുന്നത്! ഏറ്റവും അതിശയിപ്പിക്കുന്നത്, മൊബെയിൽ ഫോണുകളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുമാണ്. ഇവയെല്ലാം ഉപയോഗപ്രദമായ സാമഗ്രികൾ എന്നപോലെ കലാവസ്തുക്കളുമാണ്. സാങ്കേതികമായ അറിവ്, കലയുടെ ഉപയോഗത്തെപ്പറ്റിയുള്ള ചിന്തയ്ക്കും വികാസം നൽകി. കല ഇന്ന് പ്രത്യേകസിദ്ധിയുള്ളവരുടെ മാത്രം വൈകാരിക പ്രശ്നമല്ല. അത് സന്തോഷിക്കാനും ആലോചിക്കാനും കഴിവുള്ള ആർക്കും കടന്നു ചെല്ലാവുന്ന മേഖലയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കല ഇന്ന് ആളുകളുടെ ഉപഭോക്തൃവസ്തുവാണ്. അവരത് പ്രത്യേകം ചതുരത്തിൽ ഒരുക്കി നിർത്തിയല്ല ഉൾക്കൊള്ളുന്നത്. കലയാണെന്ന് പറഞ്ഞ് ആസ്വദിക്കാനായി തയ്യാറെടുക്കുന്നതിനു മുമ്പുതന്നെ അത് സംസ്കാരമായി അവരുടെയുളളിൽ കടന്നുചെന്നിരിക്കും. ഡിവിഡി പ്ലേയറിലുള്ള പുതിയതരം സ്വിച്ച്ബട്ടനുകൾ രൂപകൽപന ചെയ്യുന്നതിൽ ഡിസൈനിംഗും കലയുമുണ്ട്. വസ്തുക്കളുടെ പുനക്രമീകരണം, വൈകാരികാനുഭൂതി, രൂപഭംഗി എന്നിവയെല്ലാം ഒരു ബട്ടനെ ഇന്ന് പ്രിയങ്കരമാക്കുന്നു. ഇതെല്ലാം ചേർന്നാണ് വസ്തുവിന്റെ ഉപയോഗം സമകാലീനമായ സംസ്കാരവൽക്കരണമായി മാറുന്നത്. കല വസ്തുവിലേക്ക് ചേർക്കുന്ന ഭംഗി ഉപഭോക്താവിനെ സംസ്കാരവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. കലയും വാണിജ്യവും ചേർന്നാണ് സംസ്കാരവൽക്കരണത്തിനു ശക്തിവർദ്ധിപ്പിക്കുന്നത്.
ചോദ്യം: വ്യാജയാഥാർത്ഥ്യങ്ങൾ നിർമ്മിക്കുന്ന ആധുനിക മാധ്യമങ്ങളെപ്പറ്റി താങ്കൾ എഴുതിയതോർക്കുന്നു. മാധ്യമങ്ങളുടെ വ്യാജയാഥാർത്ഥ്യങ്ങൾ ആളുകൾ വിശ്വസിക്കുമോ?
= ഇക്കാലത്ത് ആർക്കാണ് വിശ്വസിക്കാൻ താത്പര്യം? ഒരു വാണിജ്യ സിനിമയിലെ നായകൻ സകല പ്രതിസന്ധികളെയും തരണം ചെയ്ത്, അനേകം പേരെ വകവരുത്തി മുന്നേറുന്നത് ആളുകൾ തലകുലുക്കി സമ്മതിക്കുന്നു. എന്നാൽ അതിൽ വിശ്വസിക്കുന്നുണ്ടോ? വിശ്വാസം ഇന്നത്തെ സമൂഹത്തിൽ ധൂർത്താണ്. വിശ്വാസത്തിനു മുടക്ക് മുതൽ കൂടുതലുണ്ട്. ദൈവത്തിൽപ്പോലും ആളുകൾ വിശ്വസിക്കുന്നില്ല; വേണമെങ്കിൽ ദൈവം നമ്മളിൽ വിശ്വസിക്കട്ടെ എന്ന നിലപാടു കാണാം. ദൈവം എങ്ങനെ നമ്മളിൽ വിശ്വസിക്കും? ദൈവത്തിനു പ്രിയങ്കരമായേക്കാവുന്ന കാര്യങ്ങൾ യാന്ത്രികമായി ചെയ്യുക. സ്വയം പ്രദർശിപ്പിക്കുകയാണ് ഇന്നത്തെ ഭക്തൻ ചെയ്യുന്നത്. ദൈവം അവനിൽ വിശ്വസിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ മനോഭാവം മാധ്യമങ്ങളും പുലർത്തുന്നു.
മാധ്യമങ്ങൾ ഒരു പ്രശ്നത്തെപ്പറ്റി തന്നെ പലതരം വീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഒന്നും അവർ വിശ്വസിക്കുന്നില്ല. നമുക്ക് വേണമെങ്കിൽ വിശ്വസിക്കാം. ആ വ്യാഖ്യാനങ്ങളെ വിശ്വസിക്കാനാവശ്യമായ വഴി തെളിച്ചിട്ട ശേഷം അവർ പിന്മാറുന്നു. പിന്നീടത് നമ്മുടെ വിധിയായി മാറുന്നു. ഈ വിധിയുടെ ദുരിതം മനസ്സിലാക്കിയ പ്രേക്ഷകർ (വായനക്കാർ) വാർത്തകളെയും വിശകലനങ്ങളെയും വിശ്വസിക്കുകയല്ല ചെയ്യുന്നത്, സിനിമയിലെന്നപോലെ ആസ്വദിക്കുകയാണ്. അതുകൊണ്ട് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുത വേണ്ട, നാടകീയത മതി. മന്ത്രി കെ.എം.മാണി ഒരു പ്രശ്നത്തെപ്പറ്റി ഡൽഹിയിൽ നടത്തിയ പ്രസ്താവന വിവാദമായപ്പോൾ അദ്ദേഹം കൊച്ചിയിലെത്തി അത് നിഷേധിച്ച ശേഷം കൂടുതൽ വിശദീകരണം നൽകി. അതും പ്രശ്നമായപ്പോൾ തിരുവനന്തപുരത്ത് മുന്നാമതൊരു വ്യാഖ്യാനം കൂടി നൽകി. ഇങ്ങനെ ഒരേ സംഗതിതന്നെ വിഭിന്നമായ രീതിയിൽ, ഒരാൾ തന്നെ വ്യാഖ്യാനിക്കുമ്പോൾ അത് സിനിമാറ്റിക്കാവുന്നു, യാഥാർത്ഥ്യമല്ല. മൂന്ന് വ്യാഖ്യാനങ്ങളും കണ്ട് ആസ്വദിച്ചശേഷം പ്രേക്ഷകൻ തൃപ്തിയോടെ ഉറങ്ങാൻ പോകുന്നു. നേതാവ് കൂടുതൽ ലൈവാകാൻ ഇത് സഹായിക്കും. പണ്ടത്തെപ്പോലെ, നേതാവ് ഇന്ന് നേതൃസ്ഥാനത്ത് മാത്രമല്ല ഉള്ളത്, ലൈവാക്കുക എന്ന ചുമതല അദ്ദേഹത്തിനുണ്ട് . ലൈവാകാൻ പ്രതികരിച്ചുകൊണ്ടിരിക്കണം. ഈ പ്രതികരണങ്ങൾ (അത് പരസ്പരവിരുദ്ധമാണെങ്കിലും) നേതാവിനെ പുതിയ മാധ്യമങ്ങളിലൂടെ സംസ്കാരവൽക്കരിക്കുന്നു.
രാഷ്ട്രീയം ഇന്ന് ടെക്നോളജിയുടെ സഹായത്തോടെയാണ് സംസ്കാരമാകുന്നത്. ടെലിവിഷൻ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയ ആധുനിക സാങ്കേതിക സഹായമില്ലെങ്കിൽ ഇന്ന് രാഷ്ട്രീയം അനുഭവിക്കാനോക്കുമോ? നേതാക്കളെല്ലാം ഈ മാധ്യമങ്ങളിലൂടെയാണല്ലോ വരുന്നത്.
ചോദ്യം: എന്താണ് നവാദ്വൈതം? അത് ശ്രീശങ്കരന്റെ അദ്വൈതത്തിന്റെ നവീകരണമാണോ?
= നിമിഷത്തിലാണ് ജീവിതമെന്ന് പ്രസ്താവിച്ചല്ലോ. ഓരോ നിമിഷവും പുതുതായി ജനിക്കുകയാണ്, ഇന്നലെ കണ്ട പൂവല്ല ഇന്നത്തേത്. ഓരോ നിമിഷം കഴിയുന്തോറും കാലത്തിന്റെ വളർച്ചയുണ്ടാകുന്നു. ഒരു മുട്ട പൊട്ടുമ്പോഴും, ശലഭം പിറക്കുമ്പോഴും കാലം വികസിക്കുന്നു. പിന്നീട് ആ കാലത്തിനു പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാൻ കഴിയില്ല. നവാദ്വൈതത്തിലും ഈ വളർച്ചയുണ്ട്. നവാദ്വൈതത്തിലും കാലത്തിലൂടെയുള്ള സഞ്ചാരം പ്രധാനമാണ്. ഓരോ നിമിഷത്തിലും കാലം വളരുന്നതുപോലെ നമ്മളും വളരുകയാണ്. പുതുതാകാൻ വിധിക്കപ്പെട്ട നമുക്ക് പഴയ വഴികളിലൂടെ എത്തിച്ചേരാൻ ഒരിടമില്ല. ഇതാണ് ഏകാന്തത. വഴികളിൽ തനിച്ചാകുന്ന അവസ്ഥ. ജലത്തെപ്പോലെ പിന്നോട്ട് ഒഴുക്കില്ല. മുന്നോട്ടുള്ള ഒഴുക്ക് പ്രവചിക്കാനുമാകില്ല. അപ്രവചനീയമായ ഏകാന്തതയാണിത്.
ഏത് വസ്തുവിനും സ്വയം നിരസിക്കാനുള്ള അവകാശമുണ്ട്. മാനസികമായും സൗന്ദര്യാത്മകമായും ചിന്താപരമായും ഇതല്ല, ഇതല്ല എന്ന് പറയാനുള്ള സത്യസന്ധതയും ഉത്തരവാദിത്തവുമുണ്ട്. സ്വന്തം അവസ്ഥയിലേക്ക് വളരെ ജാഗ്രതയോടെ നോക്കുന്നവർക്ക്, പ്രത്യേകിച്ചും സ്വയം നിരസിക്കാനുള്ള വാഞ്ചയുണ്ടാകും.
കല്ലിനും മരത്തിനുമെല്ലാം ഓരോ കാഴ്ചയിലും നമ്മൾ കൊടുക്കുന്ന അർത്ഥം കൂടിയുണ്ട്. വിവിധ മൂലകങ്ങളെ കൂട്ടിയോജിപ്പിച്ച്, മനുഷ്യന് പുതിയ അർത്ഥമേഖലകൾ സൃഷ്ടിക്കാം. വീടുണ്ടാക്കിയാൽ മാത്രം പോരാ, അത് മനസ്സിനിണങ്ങുന്ന തരത്തിലാക്കാൻ മുറ്റത്ത് ചെടികളോ, കല്ലുകളോ വേണം. മുറിയിൽ ചിത്രങ്ങളാകാം. ചുമരിലെ നിറങ്ങൾ പോലും നമ്മുടെ മനസ്സിനെ പ്രതിഫലിപ്പിക്കും. പല വസ്തുക്കളും നിറങ്ങളും കൂട്ടിയോജിപ്പിച്ച് നാമുണ്ടാക്കുന്ന യുക്തിയുടെ പുതിയ മിഥ്യയാണിത്. ഇതിനെ സൗന്ദര്യമെന്നും വിളിക്കാം. ഇത് പുറമേ നിന്ന് വരുന്നവരുടെ സൗന്ദര്യശാസ്ത്രമാകണമെന്നില്ല. നമ്മുടെ തന്നെ ഭാവനയാണ്. നമ്മുടെ തന്നെ സംസ്കാരവൽക്കരണമാണിത്. ഇത് നിരാസവും നിർമ്മാണവുമാണ്. ജീവിതം ഓരോനിമിഷത്തിലും മറവിയായും ഓർമ്മയായും, ഈ നിരാസവും നിർമ്മാണവും സാക്ഷാത്കരിക്കുന്നു. മറവി നിരാസമാണ്. മറവിയെ മാത്രമാണ് ടിവി ചാനലുകൾ നിർമ്മിക്കുന്നത്. സംസ്കാരം മറവിയുടേതു കൂടിയാണ്. നാം ഓരോ സംസ്കാരത്തെയും ഏത് കാലത്തിന്റെ, പ്രസ്ഥാനത്തിന്റെയെന്ന് നോക്കാതെ യഥേഷ്ടം എടുത്ത് ഉപയോഗിക്കുകയാണ് . ഫൈവ്സ്റ്റാർ ഹോട്ടലുകളിൽപ്പോലും ഓലക്കുടയും കഥകളി രൂപങ്ങളും കാണാം. അതുപോലെ സാധാരണ ഗ്രാമീണ ഹോട്ടലുകൾപോലും ഉയർന്നതരം ടൈലുകളും പൂക്കളും ഉപയോഗിക്കുന്നത് കാണാം. മറവി പുതിയ മറവികൾ നിർമ്മിക്കുന്നു. ഓർക്കുന്നത് മറവിയെയാണ്. ഈ നിരന്തര മാറ്റത്തിന്റെ പ്രവാഹാത്മകതയാണ് നവാദ്വൈതം. പ്രവാഹാത്മകത, നിരാസം, മറവി, നിർമ്മാണം, ഒഴുക്ക്, നവീകരണം അല്ലാതെ മറ്റൊന്നും ഇല്ല. ഇതാണ് പുതിയ അദ്വൈതം.
( 'എഴുത്ത് ഓൺലൈനി'നുവേണ്ടി ശൈലേഷ് തൃക്കളത്തൂരുമായി സംസാരിച്ചത്)
Wednesday, August 31, 2011
സിന്ധു. എസ്
കവിതേ,
ഞാൻ നിന്നെ
ഏറെ തിരഞ്ഞു
പാതവക്കിൽ
വഴിയമ്പലത്തിൽ
നായ്ക്കുട്ടികൾ
ആട്ടിയകറ്റപ്പെടുന്ന
പീടികത്തിണ്ണയിൽ
പിച്ചപ്പാത്രത്തിൽ
തെരുവുപെണ്ണിന്റെ
പേറ്റുനോവിൽ
ദാരിദ്ര്യത്തിന്റെ
നിസ്സഹായതയിൽ
അങ്ങനെയങ്ങനെ...
ഒരുപാട് ദൂരത്തിനപ്പുറം
നിന്നെ ഞാൻ കണ്ടു.
വിഷയദാരിദ്ര്യച്ചൂളയിൽ
കൈയ്യിലെ വിലങ്ങിലേക്ക്
നിസ്സഹായയായി നോക്കി
ഇരുട്ടിലേക്കു തുറക്കുന്ന
കമ്പിയഴികളിലൂടെ
വെളിച്ചവും തേടി
നീ ദൂരേയ്ക്കു മറയുന്നത്.
എനിക്കൊന്നിനുമായില്ല
തിരിച്ചുവിളിക്കാൻ
സാന്ത്വനിപ്പിക്കാൻ
ഒന്നിനും.
കവിതേ...
മാപ്പ്.
പ്രഫുല്ലൻ തൃപ്പൂണിത്തുറ
ഏക്കാളവും പൂത്തും ചിരിച്ചും
പൂക്കാവടി വീണ്ടും ചമച്ചും
നിർന്നിമേഷനായ് നിൽപ്പാണെന്നും
പവിഴമല്ലി, തെക്കേച്ചുറ്റിലിന്നും
എന്നുമൊരേപോലെ നിന്നും കൊഴിഞ്ഞും
കാലചക്രത്തെ താനേ തിരിച്ചും
ക്ഷേത്രാങ്കണത്തിൽഹരിതാഭ നെയ്തും
നിൽപ്പൂ പുത്തൻ കഥകൾ ചമച്ചും
കാലത്തിനൊപ്പം ചിരിച്ചും കളിച്ചും
ഗ്രാമചരിതം തിരുത്തിക്കുറിച്ചും
ശ്രീമൂലസ്ഥാനമറിയിച്ചുകൊണ്ടും
നിൽപു തണലാകെ സൃഷ്ടിച്ചുകൊണ്ടും
കാനനം നാടായി മാറിയശേഷം
നൂറ്റാണ്ടു മുൻപേ ജനിച്ചൊരു സസ്യം
ഭക്തർക്കു സായൂജ്യമേകുന്നരംഗം
കാണുന്നു സാക്ഷ്യം ദേവീസഹായം .
അത് ഒരു ത്യാഗമായി നാമെല്ലാം ഏറ്റെടുക്കണം. നമ്മുടെ സംസ്കൃതിക്കുള്ള ത്യാഗം
പൂ കിട്ടാതിരിക്കില്ല.
ഒരു പക്ഷി കല്ലിൽ വന്നിരുന്നു.
കല്ലിനുള്ളിലെ പക്ഷി അതിനോട് പറഞ്ഞു :
വരൂ.
എന്നൽ ആദ്യമായി അവിടെ
പറന്നിറങ്ങിയ പക്ഷി
ഒരു ആഹ്വാനവും കേട്ടില്ല.
അതിന്റെ ചിറകുകളിലെ കീടങ്ങൾ
അവിടെ ചത്തുവീണുകൊണ്ടിരുന്നു.
പറന്നു പോയ പക്ഷിയെ ഓർത്തു വിഷാദിച്ച
കല്ലിനുള്ളിലെ പക്ഷി വീണ്ടും കരഞ്ഞു.
ഒരിക്കലും ഇനിയൊരു സമാഗമം ഇല്ലല്ലൊ എന്നോർത്തപ്പോൾ അത് കല്ലിനുള്ളിൽ തലയടിച്ച് വീണു.
Monday, August 29, 2011
പ്രണയമേ, എവിടെയാണ് നമുക്ക് പിഴച്ചത്? വെളിച്ചം കളഞ്ഞു ഇരുട്ട് വാങ്ങിയതിലോ, അഹങ്കാരത്തിന്റെ തെരുവായി മാറിയതിലോ?
ഈസാ നബിയെ കുരിശില്‍ തറച്ചവര്‍ വെട്ടം കളഞ്ഞ് ഇരുട്ട് വാങ്ങുകയായിരുന്നു. കുരിശില്‍ കിടന്നുപിടഞ്ഞ ഉടലും ചിരിച്ചുപോയ ആത്മാവും. ആത്മാവിന്റെ കൂട് തകര്‍ക്കാം. ആത്മാവിനെ പിളര്‍ക്കാന്‍ ആയുധങ്ങള്‍ക്കാവില്ലല്ലോ. മൂന്നാം നാള്‍ ഉയിര്‍ത്തത് അവനല്ല , അവനിലെ അതാണ്. സ്ത്രീയോ പുരുഷനോ അല്ലാത്ത അത്. മൂന്നു നാളത് ഭൂമിയില്‍ ഇരിക്കാന്‍ ഇരിപ്പിടം തേടി അലഞ്ഞു. മനുഷ്യ ഹൃദയങ്ങള്‍ ചേറിലും അഹന്തയിലും മുങ്ങി പോയിരുന്നു. ആരും ഏറ്റെടുക്കാനില്ലെന്ന് കണ്ടു അത് ആകാശത്തേക്ക് ഉയരുകയായിരുന്നു. മറ്റൊരു ഉടലില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുന്നു. മൂന്നാം പക്കം ഭൂമിയില്‍ നിന്നും ഉയര്‍ന്ന വെട്ടം ഈസയെന്നു തെറ്റിദ്ധരിച്ചു. കണ്ടവര്‍ നാലു പാടും ചിതറി രൂപം പണിതു പ്രാര്‍ഥിക്കാന്‍ തുടങ്ങുകയും... അത് ഈസയല്ല. എന്നിലും നിന്നിലും പാരിലും ഉള്ള അത്. അതിന്റെ സാന്നിധ്യമാണ് ഭൂമിയിലും ആകാശത്തും സ്വര്‍ഗത്തിലും സമാധാനം പരത്തുന്നത്.
പ്രണയമേ ,എന്റെ പാനപാത്രം നിറക്കുക.
എന്നില്‍ തുള്ളി തുളുമ്പുക.
നമുക്ക് പണ്ടത്തെ ആകാശങ്ങളിലേക്ക് മടങ്ങാം.
അശാന്തിയുടെയും കലാപത്തിന്റെയും
ഇടങ്ങളില്‍ നിന്നും പുറത്തു കടക്കാം.
പണ്ടത്തെ മരുഭൂമിയില്‍ നിന്നും
കാറ്റിന്റെ ഹുങ്കാരത്തില്‍ നിന്നും
നമുക്കാ പ്രണയം വായിച്ചെടുക്കാം.
എല്ലാം തടുത്തു കൂട്ടി
മഞ്ചാടി പെറുക്കി വയ്ക്കുന്ന
ആ കളിക്കൂട്ടുകാരായി അലയാം.
ജ്ഞാനിയുടെ പാതകളെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് അജ്ഞതയുടെ കാല്‍പ്പാടുകളെ...
ജ്ഞാനി പുസ്തകങ്ങളില്‍ നിന്നും ഉദ്ധരിക്കുന്നു; അജ്ഞന്‍ ചോദ്യങ്ങള്‍ എയ്യുകയും... സംശയത്തിന്റെ വേരുകളിലാണ് സത്യങ്ങള്‍ മുളക്കുക. അത് കരിയില മൂടി കിടക്കുന്നു. നാമോ അത് കാണാതെ ആകാശം നോക്കി നില്‍ക്കുകയും. ജ്ഞാനിയുടെ പുസ്തകങ്ങള്‍ പിന്തുടര്‍ന്ന് പരാശക്തിയെ പിടിക്കാന്‍ നടക്കുന്നു. ഭൂതകണ്ണാടി പിടിച്ചെടുക്കുന്ന ചിത്രങ്ങള്‍ ചുവരില്‍ തറച്ചു പ്രാര്‍ഥിക്കുന്നു.
നീ നിന്നിലേക്ക് തിരിയുക , ഉള്ളിന്റെയുള്ളില്‍ തിരയുക. നിന്നിലെ ഇരുട്ടു മാറാന്‍ പ്രാര്‍ഥിച്ചുകൊണ്ട് പരാശക്തി ഇരിക്കുന്നു.
പ്രണയത്തെ കുറിച്ച്
ആയിരം കവിത രചിക്കാം.
ഒരു നിമിഷത്തിലെങ്കിലും
പ്രണയത്തിലാവുക എത്ര ദുഷ്കരം...
പരാശക്തിയെ കുറിച്ച്
ഗ്രന്ഥങ്ങള്‍ രചിക്കാം,
പരാശക്തിയിലാവുക എത്ര ദുഷ്കരം...
അവര്‍ പ്രണയത്തെ കുറിച്ച്
ഗ്രന്ഥങ്ങളുണ്ടാക്കി
കാമം ആളിക്കുന്നു.
ഞാനോ പ്രണയം തേടി അലയുകയും...
മരുഭൂമിയുടെ ആകാശമേ
എനിക്കെന്റെ പ്രണയത്തെ മടക്കി തരിക.
എനിക്കെന്റെ പ്രാണനെ തിരിച്ചു തരിക.
ഈ ചാരത്തില്‍ നിന്നും ഞാന്‍ ഉയിര്‍ക്കട്ടെ...
എം. കെ. ഹരികുമാർ
ഭാവന മരിക്കുന്നില്ല. അത് പുതിയ മിത്തുകൾ തേടുകയാണ്. പഴയ മിത്തുകളെ പുനരാവിഷ്കരിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും മനുഷ്യഭാവന പുതിയൊരു കാലിഡോസ്കോപ്പിക് പരീക്ഷണത്തിന് തയ്യാറെടുക്കുകയാണിന്ന്. അത് തകർന്ന ലോകത്തെ മുന്നിൽവച്ചുകൊണ്ട് കാണാതായ കണ്ണികൾ തേടുകയാണ്. കവിക്കും കഥാകൃത്തിനും, ഇന്ന്, ശൂന്യതയെ അഭിമുഖീകരിക്കുന്നതോടൊപ്പംതന്നെ പുതിയ ലോകങ്ങൾക്കുവേണ്ടിയുള്ള അന്വേഷണങ്ങളും ഏറ്റെടുക്കേണ്ടിവരുന്നു. എല്ലാ മനുഷ്യബന്ധങ്ങളും ചിലപ്പോൾ നാമമാത്രമായേക്കാം. എല്ലാവരും ഒറ്റുകാരോ ആശയങ്ങളുടെ ദല്ലാൾമാരോ ആയേക്കാം. ആശയങ്ങൾതന്നെ നിലനിൽക്കുന്നുണ്ടോ എന്ന് സംശയം ഉയർന്നുവന്നേക്കാം. എല്ലാ മൃദുലവിചാരങ്ങളും വാണിജ്യവത്കരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ ഇതൊക്കെ സാഹിത്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തുമെന്ന് വിചാരിക്കുന്നത് തെറ്റായിരിക്കും.
ഈ ലോകം തകർന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. മനുഷ്യൻ കമ്പോളത്തിലെ വസ്തുവായതോടെ അത് ബലപ്പെടുകയും ചെയ്തു. നൂറ്റാണ്ടുകളായി നിന്ന പലതരം വൈരങ്ങളിലൂടെ എന്തെല്ലാം വന്ധ്യംകരിക്കപ്പെട്ടു! അരുതായ്കകളാണ് നടന്നതിലേറെയും. എങ്കിലും ആത്മാവിന്റെ ആവശ്യത്തിനു പ്രേമിക്കാതിരിക്കാൻ പറ്റുമോ? സ്ത്രീക്കായാലും പുരുഷനായാലും തങ്ങളുടെ സർവ്വ സങ്കടങ്ങളും നിശ്ശബ്ദമായി ഏറ്റുപറഞ്ഞുകൊണ്ട്, പശ്ചാത്താപത്തിന്റെയും കാമത്തിന്റേയും അഗ്നിയിൽ വീണെരിഞ്ഞുകൊണ്ട്, ശരീരത്തിന്റെയും മനസ്സിന്റെയും പ്രലോഭനങ്ങളിൽ അഭിരമിച്ചുകൊണ്ട് പരസ്പരം ഇണചേരാതിരിക്കാൻ കഴിയുമോ? കഴിയില്ല. ഇതാണ് ജീവിതം. ഭാവന മൃതമായി എന്ന് പറയുമ്പോൾ മനുഷ്യന്റെ ആന്തരിക ലോകം യന്ത്രസമാനമായി എന്ന് തോന്നാനിടയുണ്ട്. അല്ലെങ്കിൽ മനുഷ്യന്റെ സർഗ്ഗാത്മകമായ കർമ്മങ്ങൾ ചിട്ടയായ വ്യവസ്ഥയ്ക്കുവേണ്ടി മാത്രം ഉത്പാദിപ്പിക്കാനുള്ളതാണെന്നും ധരിക്കേണ്ടിവരും. ഇതൊന്നുമല്ല ശരി.
ഭാവനയ്ക്ക് ഓരോ കാലഘട്ടത്തിലും അതിന്റെ ചാലുകൾ മാറ്റേണ്ടിവരുന്നു എന്നതാണ് സത്യം. പുതിയ വഴിയും കൂട്ടും ഘടനയും അതിന് ആവശ്യമായി വരുന്നു. മനുഷ്യന് ഇന്ന് കാലത്തിന്റേയും തൊഴിലിന്റെയും അടിമയാകേണ്ടിവന്നിട്ടുണ്ട്, മുമ്പെന്നത്തേക്കാളും. ഒരു മിനിറ്റ് തെറ്റിയാൽ സകല പദ്ധതിയും കീഴ്മേൽ മറിയും. അതുകൊണ്ട് മാനസികമായി, നല്ല അഭ്യാസിയുടെ കരുത്ത് നേടിയാലേ പിടിച്ചു നിൽക്കാനോക്കു.
മാനസികമായി പലതിനുവേണ്ടി വ്യഭിചരിക്കപ്പെടുന്നത് ഇന്ന് അംഗീകൃത തത്ത്വശാസ്ത്രമാണ്. ഇവിടെയെല്ലാം ഭാവന പഴയ വഴി ഉപേക്ഷിച്ച്, കൂട്ടുഘടകങ്ങൾ കണ്ടുപിടിച്ച് പുതിയ വഴിയിലേക്ക് പ്രവേശിച്ച് സ്വയം രൂപപ്പെടുന്നു. ഭാവന ഇന്ന് എല്ലാ വൈരുദ്ധ്യങ്ങളെയും കൂട്ടിക്കലർത്തി
പുതിയ വ്യക്തിയെയും ഭാഷയെയും കണ്ടെത്തുന്നു. ഉപയോഗശൂന്യമായ ചെരിപ്പുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പിച്ചില്ലുകൾ, ഫൈബർ പാത്രങ്ങൾ, പ്ലാസ്റ്റിക് കൂടുകൾ, തകരപ്പാത്രങ്ങൾ എന്നിവയെല്ലാം ശേഖരിച്ചുകൊണ്ടുപോകുന്നത് ഇന്ന് നമ്മുടെ നാട്ടിലെല്ലാം കാണാം. അതിനോക്കെ ഉപയോഗമുണ്ട്. അച്ചടിച്ച കടലാസ്സുതന്നെ പൾപ്പാക്കി വീണ്ടും കടലസ്സാക്കുന്നു. ഇത് നിർമ്മാണപരമായ സാധ്യതയാണ്. എന്നാൽ വിനോദ നോവലുകൾ, നർമ്മ കഥകൾ, വിനോദ സിനിമകൾ, ആക്ഷൻ ജീവിതരീതികൾ, മിമിക്രി വീഡിയോ കാസറ്റുകൾ, തമാശപ്പാട്ടുകൾ എല്ലാം പാഴ്‌വസ്തുക്കളുടെ വലിയ ശേഖരം കലയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതെല്ലാം അഭിമുഖീകരിക്കുന്ന ഒരാൾക്ക് മറ്റൊരു രീതിയിൽ അവയെ ഉപയോഗിക്കാൻ കഴിയേണ്ടതാണ്. അങ്ങനെ ഓരോ വസ്തുവിന്റെയും വ്യാവസായിക കമ്പോളമൂല്യം മനസ്സിലാക്കി, അതുപയോഗപ്പെടുത്തി ഭാവന ഇന്നത്തെ മനുഷ്യരുടെ ചിന്തയെ ഭരിക്കുന്ന വിവിധതരം ആവേഗങ്ങൾ കണ്ടെത്തുന്നു. സമകാലീനത കലയ്ക്ക് ഒരാവശ്യമാണെന്ന് തിരിച്ചറിയുക കൂടിയാണ്. ഇവിടെ ഭാവന അതിന്റെ അന്ത്യം കാണുകയല്ല, പുതിയ വഴിയിലൂടെ സഞ്ചരിക്കുകയാണ്.
ഭാവന മരിച്ചു എന്ന് ഉദ്ഘോഷിക്കുന്ന അരുന്ധതി റോയിയോട് ഈ ചുറ്റുപാടുകളിൽ യോജിക്കാൻ കഴിയുന്നില്ല. ആശയങ്ങളുടെയും അനുഭവങ്ങളുടെയും ലോകത്ത് മനുഷ്യൻ അനാഥനല്ല എന്ന് വിശ്വസിച്ച സാഹിത്യകാരന്മാരുടെ പാരമ്പര്യത്തിൽനിന്നുള്ള വഴുതിമാറൽ കഴിഞ്ഞകാല സാഹിത്യത്തിന്റെ പ്രധാന സ്വഭാവമായിരുന്നു. അത് പ്രതീക്ഷയുടെ കാഹളമായിരുന്നു. ആശയങ്ങൾക്ക് മതപരവും രാഷ്ട്രീയവുമായ സ്ഥാപനങ്ങളുടെ പിൻതുണയുണ്ടെന്ന് വരുത്തിത്തീർത്ത് അതിലൂടെ മനുഷ്യന്റെ യാഥാർത്ഥ്യത്തിന്റെ താപത്തെ മറികടക്കാമെന്ന് പലരും മോഹിച്ചു. ആദർശാത്മകമായ മുഖം മൂടികൾ അത് ചരിത്രത്തിന് നൽകി. മനുഷ്യനെ വീണ്ടെടുക്കാൻ യുക്തികൊണ്ട് ഒരു സംഘം ആളുകൾ പടവെട്ടിക്കൊണ്ടിരുന്നു. ഷെല്ലി, ബൈറൺ, കീറ്റ്സ്....യുക്തിവാദികളുടെ ആക്രാന്തങ്ങൾക്കിടയിലും മനുഷ്യനെ മറക്കാനുള്ള ശ്രമം നടന്നു, ബോദ്‌ലേർ , സ്പിനോസ, മല്ലാർമെ.... എന്നാൽ ആ ശ്രമങ്ങളുടെയെല്ലാം കലുഷമായ പുകമറയിൽനിന്ന്, മനുഷ്യമനസ്സിൽ അടിഞ്ഞുകൂടിയ നിരാശയിൽനിന്ന് പിറവിയെടുത്ത ആധുനികതയാകട്ടെ, പിക്കാസോ, കാഫ്ക, ബെക്കറ്റ്.... ആശയങ്ങളെയും അനുഭവങ്ങളെയും മനുഷ്യനിൽ നിന്ന് പറത്തിവിട്ടു. മനുഷ്യന്റെ സ്വകാര്യദുഃഖമോ ശാരീരിക ചലനങ്ങളോ ലക്ഷ്യം തെറ്റിയ പക്ഷികളെപ്പോലെ അവനിൽ നിന്ന് പറന്നുപോയി. ശരീരത്തിന്റെയും വികാരത്തിന്റെയും ഒടുവിലാണ് ആധുനികതയുടെ ചിന്ത ആരംഭിക്കുന്നത്. ഒരിക്കൽപോലും അവനവനെ നേരിൽ കാണേണ്ടിവന്നിട്ടില്ലാത്ത കഥാപാത്രങ്ങൾ അങ്ങനെ ഉണ്ടായി. ഏത് മനുഷ്യനും കഥാപാത്രമാകുന്നില്ലെന്ന് ആധുനികത പ്രഖ്യാപിച്ചു. മറിച്ച് പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളാകട്ടെ മനുഷ്യശരീരത്തിനപ്പുറമുള്ള കാൽപനികതയായി. ചെറിയ പ്രശ്നങ്ങൾ വലിയ സമസ്യകളും ദാർശനികമായ വേദനകളുമായി. ബെക്കറ്റിന്റെ 'ഗോദോയെ കാത്ത്' എന്ന നാടകം ലഘുവായ അനുഭവങ്ങൾ പോലും അസ്പൃശ്യമാണെന്ന് സിദ്ധാന്തിക്കാനുള്ള ശ്രമമായിരുന്നു.
ആധുനികത എപ്പോഴെങ്കിലും പ്രകൃതിയിലേക്ക് പോകണമെന്ന് ശഠിച്ചെങ്കിൽ അത് കാപട്യമാണ്. കാരണം, പ്രകൃതിയിലേക്ക് പോകുക എന്നത്, ആധുനിക നാഗരികാവസ്ഥയിൽ മോഹനസ്വപ്നം മാത്രമാണ്. പ്രകൃതി ഇന്നില്ല എന്നതാണ് സത്യം. കവിത്വത്തിന്റെ, സർഗ്ഗാത്മകതയുടെ ഏറ്റവും പ്രാഥമികമായ ഘട്ടം മാത്രമാണ് പ്രകൃതിയെ ആസ്പദിച്ചുള്ള സങ്കൽപം. ആ സങ്കൽപം സമകാല നാഗരികതയുമായി സംഘർഷത്തിലാകുമ്പോഴേ ഫലമുണ്ടാകൂ. അതിലൂടെ ചരിത്രത്തിന്റെ ഗതിയിൽ വേറിട്ട മാനം ഉണ്ടാകുന്നു. ഭാവന, ഇവിടെ പുതിയ സങ്കര ഉള്ളടക്കമായിത്തീരുകയാണ്. കുറേക്കൂടി ജീവിതത്തെ സംഭരിച്ച മനുഷ്യാവസ്ഥയെ അവതരിപ്പിക്കുകയാണ് .
പ്രകൃതിയോട് അടുപ്പം കാണിക്കുന്നു എന്ന് ഭാവിക്കുക മാത്രമാണ് ആധുനികത ചെയ്തത്. അതും ഗുപ്തവും വികലവുമായി . വാസ്തവത്തിൽ മനുഷ്യചരിത്രത്തെ വിസ്മരിക്കാനുള്ള ഉള്ളിലെ ആവേശത്തെ, ആശയങ്ങളെയും അനുഭവങ്ങളെയും മനുഷ്യനിൽ നിന്ന് പുറത്തു കടത്തിക്കൊണ്ടു പോകാനുള്ള താത്പര്യത്തെ അവർ താലോലിക്കുകയായിരുന്നു. പ്രകൃതിയിലേക്കുള്ള യാത്ര അപ്രാപ്യമാണെന്നറിഞ്ഞുകൊണ്ടുള്ള ഗൃഹാതുരത്വം ശുദ്ധമായ കാൽപനികയാണ് പകരുന്നത്. എന്നാൽ രണ്ടു പ്രാവശ്യം പറഞ്ഞാൽ കത്തിക്കരിഞ്ഞുപോകുന്ന വാക്കുകളുടെ ഈ ജീവിതത്തിൽ ഓരോ വാക്കിന്റെയും സാക്ഷാത്കാരമെവിടെ? വാക്കുകൾ മുനകുത്തി വീഴുന്നതുകൊണ്ട് പുതിയ മേച്ചിൽപ്പുറങ്ങൾ തേടാനും ആധുനികർക്കായില്ല. ജീവിതത്തിന്റെ ഒരിടം കണ്ടെത്തിയതിലാണ് അവർ പരാജയപ്പെട്ടത്. അവർ കണ്ടെത്തിയ ലോകം നിഗൂഢവും വികാരരഹിതവും ശരീരത്തിനു വെളിയിലുള്ളതുമാണ്. ഇതിൽനിന്നുള്ള തിരിച്ചുവരവ് ഇനി ജീവിതത്തിലേക്കാണ്.
ശരീരത്തിലേക്കും മനസ്സിലേക്കും ,കഴിഞ്ഞകാല സാഹിത്യധാരകളുടെ ചക്രപ്പാടിൽ നിന്നു മാറി സഞ്ചരിക്കേണ്ട കാലമാണിത്. ഇന്ന് സാഹിത്യത്തിന് അനുവദിക്കപ്പെട്ട സമയവും സ്ഥാനവും ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. സാഹിത്യത്തെ അതിന്റേതായ പാരമ്പര്യങ്ങളുടെ നിശ്ചലതയിൽനിന്നു മോചിപ്പിക്കുക മാത്രമാണ് ഇന്നത്തെ സമസ്യ. കലാശിൽപത്തെ സംബന്ധിച്ച ധാരണ മാറുക എന്നതാണ് പ്രധാനം. സകല മനുഷ്യാനുഭവങ്ങളുടെയും സമഗ്രമായ ആവിഷ്കാരം എന്ന നിലയിൽ സാഹിത്യം നിലകൊള്ളുമ്പോൾതന്നെ അനുഭവങ്ങളെ ആവരണം ചെയ്യുന്ന അയഥാർത്ഥ്യങ്ങളിൽനിന്നുള്ള മോചനവും ചോദ്യമുയർത്തുന്നു. പഴകിയ ശൈലിയിൽ, സാഹിത്യമെന്നത്, ഉള്ളതിനെ പെരുപ്പിച്ചുകാട്ടലായി മാറി. യഥാർത്ഥ്യത്തെ, ദുഃഖത്തെ ജീവിതസാഹചര്യത്തിൽ നിന്ന് മാറ്റി നിർത്തി നിരീക്ഷിക്കുകയും അനന്തമായ പരിവേഷം നൽകി അയഥാർത്ഥമായ സൗന്ദര്യം ആരോപിക്കുകയും ചെയ്തു. അതുകൊണ്ട് സാഹിത്യമെന്ന അയഥാർത്ഥ്യത്തിനെതിരെ സൂക്ഷ്മചരിത്രമെന്ന സാഹിത്യംകൊണ്ട് പൊരുതേണ്ടിയിരിക്കുന്നു. എന്നല്ല സാഹിത്യം എന്നത് സാഹിത്യചിന്തയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിക്കഴിഞ്ഞു. .
ചപ്പുചവറുകൾ പെറുക്കിയെടുത്ത് വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരുന്ന സാങ്കേതിക സമ്പദ്‌മേഖലയാണ് ഇന്നത്തേത്. സാഹിത്യത്തിലുമുണ്ട് ഈ സമ്പദ്മേഖല . വലിച്ചെറിയുന്ന ആശയങ്ങൾ, ചിന്തകൾ എല്ലാം ഉപയോഗിച്ച് പുതിയ സാമഗ്രികൾ ഉണ്ടാകുന്നു. പ്ലാസ്റ്റിക് റിഫ്രഷിംഗിന്റെ അതേ ഇക്കോണമി സാഹിത്യത്തിലുമുണ്ടെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. നവീന സാഹിത്യം കഴിഞ്ഞകാല ആശയസമ്പാദന രീതിയെയാണ് ഭേദ്യം ചെയ്യുന്നത്. കാലത്തെ സാമ്പ്രദായിക തത്ത്വശാസ്ത്രങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ദൈനംദിനജീവിതത്തിന്റെ നാഗരികാനുഭവങ്ങളിൽ തിരിച്ചറിയുകയാണ് ഇന്നത്തെ സാഹിത്യം. പുതിയ സാഹിത്യം ചതുരവടിവുള്ള പ്രമേയങ്ങൾ തിരക്കി ഉത്കണ്ഠാകുലമാകുന്നില്ല. പ്രമേയങ്ങൾ ആണ് എവിടെയും. അല്ലെങ്കിൽ ഓരോ നിമിഷവും പ്രമേയമായിത്തീരുകയാണ്. ട്രെയിൻ ഓടുന്നത്, മരങ്ങളുടെ ഇലകൾ കാറ്റിൽ ആടുന്നത് തുടങ്ങി സാധാരണ ദൃശ്യങ്ങൾപോലും പ്രമേയങ്ങളാണ്. അവ പുതിയ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടിൽ സൃഷ്ടിക്കുന്ന അർത്ഥങ്ങളും അതിനോട് കെട്ടുപിണഞ്ഞ് മോചനമില്ലാതായിത്തീരുന്ന നാഗരികതയുമാണ് പ്രമേയം. അവിടെ, ഓരോ നിമിഷത്തിന്റേയും അണു അതിനോടുതന്നെ നടത്തുന്ന സംഘട്ടനമാണ് ആത്മീയത. പ്രതിഷേധമോ ആസ്വാദനമോ മാത്രമല്ല പ്രമേയം.
മുഖവും രൂപവുമില്ലാത്ത അനുഭവങ്ങൾപോലും ഏതോ ബൃഹത്തായ അറിവുകളുടെ സുപ്രധാന രേഖകളാണ്. ഓരോ നിമിഷവും ജീവന്റെ സമഗ്രാവസ്ഥയുടെ അംശങ്ങളായി നിൽക്കുന്നു. ഓരോ കണവും ഓരോ സ്വതന്ത്ര്യ സ്വയംസുഘടിത ഇതിവൃത്തമാണ് എന്ന തത്ത്വചിന്തയാണ് ഇന്നത്തെ സാഹിത്യം മുന്നോട്ടുവെക്കുന്നത്. ഇത് പുതിയ ജീവിതത്തിന്റെ സംഘർഷാത്മകമായ അറിവിൽനിന്നുണ്ടായ തത്ത്വശാസ്ത്രംതന്നെയാണ്.
സ്വതന്ത്ര ഇതിവൃത്തമെന്നത് അമൂർത്തമായ ആശയമേയല്ല. ഒരാൾ പാടുന്നത്, പ്രേമിക്കുന്നത്, ചെടിക്ക് വെള്ളമൊഴിക്കുന്നത് എന്നിവയെല്ലാം ഓരോ സ്വാതന്ത്ര്യ ഘടനകളാണ്. പാടുമ്പോൾ അയാൾ സ്വയം ആവിഷ്കരിക്കുന്നു. അത് മനസ്സിന് ആനന്ദം പകരുന്നു. എന്നാൽ അയാൾ പാടുന്നത് മറ്റൊരാളെ അനുകരിച്ചാണെങ്കിൽ അതിൽ അയാളുടെ മൗലികമല്ലാത്ത ജീവിതമാണുള്ളത്. പാടാനുള്ള ജീവിതാവസ്ഥ അയാൾക്ക് എങ്ങനെ വന്നു വന്നുചേർന്നുവെന്നതാണ് അടുത്ത പ്രശ്നം. ആനന്ദംകൊണ്ടാണോ പാടുന്നത്? അതോ സങ്കടംകൊണ്ടോ? എങ്കിൽ ആനന്ദം എങ്ങനെയുണ്ടായി? സങ്കടം എങ്ങനെയുണ്ടായി? അയാൾ മറ്റുള്ളവരുമായി സഹവസിക്കുന്നതിലെ താളം ഉൾക്കൊണ്ട് മനമലിഞ്ഞ് പാടുകയാണോ? അതോ ജീവിക്കാൻവേണ്ടി കൂലിക്കുവേണ്ടി പാടുകയാണോ? എങ്കിൽ അത് രാഷ്ട്രീയത്തിലെ ചോദ്യമാണ്.
പാട്ടുപാടിക്കൊണ്ട് എല്ലാം മറക്കുകയാണെങ്കിൽ ആക്ടിവിസ്റ്റുകളോട് അയാൾ എങ്ങനെ പ്രതികരിക്കും? അതുകൊണ്ട് ആധുനിക നഗരത്തിലെ ഏത് വൈകാരിക, വൈചാരിക അനുഭവവും ചെന്നുചേരുന്നത് അറിവിന്റെ അനന്തമായ കാരാഗൃഹങ്ങളിലാണ്. നൂറുനൂറ് ആത്മീയ ഘടനകളിലാണ്. എന്നാൽ കാരാഗൃഹമാണെന്ന് അറിഞ്ഞുകൊണ്ട് ഒരാൾ പെസിമിസ്‌റ്റോ ഒപ്റ്റിമിസ്റ്റോ ആകുന്നില്ല.
ജീവിതത്തിൽ ഒപ്റ്റിമിസവും പെസിമിസവും കൂടിക്കുഴഞ്ഞാണ് കിടക്കുന്നതെന്നറിയുക. അവയെ വേർതിരിച്ച് ശുഭാപ്തിബോധത്തിലോ നിരാശാബോധത്തിലോ, ഏതെങ്കിലും ഒന്നിൽ, ഉറപ്പിച്ചു നിർത്തുന്നത് ആശയപരമായ ആധിപത്യവും മാനുഷികമായ തകർച്ചയുമാണ്. ഇതുകൊണ്ട് പുതിയ സാഹിത്യം വർത്തമാന ജീവിതത്തിന്റെ വിവിധങ്ങളായ ദേശീയ, പ്രാദേശിക ജീവിതപരിതോവസ്ഥകളിലൂടെ കടന്നുപോകുന്നു.
അതിവിപുലമായ സംവേദനമെന്ന ആശയത്തിന്റെയോ അനുഭവത്തിന്റെയോ സ്വതന്ത്രമായ സ്വയംസുഘടിത ഘടനയാണ് സാഹിത്യമായി തീരുന്നത്. ആന്ദ്രേ ബ്രിങ്കിന്റെയോ മൈക്കേൾ ഒണ്ടാത്ജെയുടെയോ സാഹിത്യത്തിലെ ശിൽപത്തെ സാഹിത്യപരമായി പുനഃക്രമീകരിക്കുന്നതുകൊണ്ട് നമുക്ക് മറ്റൊരു ചരിത്രസന്ദർഭം ലഭിച്ചേക്കാം. മൈക്കലാഞ്ചലോയുടെ ശിൽപത്തെയും പുനഃക്രമീകരിച്ച് മനസ്സിലാക്കാവുന്നതാണ്. പുതിയ സാഹിത്യത്തിന്റെ ചരിത്രവീക്ഷണവും മാറിക്കഴിഞ്ഞു എന്നാണ് ഇത് വ്യക്തമാക്കുന്നത്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ആകെയുള്ള ചരിത്രബോധത്തെ കാൽപനികമായി ഇന്നത്തെ സാഹിത്യം തേടുന്നില്ല. ചരിത്രത്തെ ആഭരണങ്ങളണിയിച്ച് മനുഷ്യസാമാന്യതയിൽ നിന്ന് അകറ്റിക്കൊണ്ടുപോകുന്നുമില്ല.
എല്ലാവരും ചരിത്രമെന്ന് വിളിച്ച് അംഗീകരിക്കുന്നത് ഇവിടെ വീണ്ടുവിചാരത്തിനും നവീകരണത്തിനും വിധേയമാവുന്നു. വേർപെടുത്തപ്പെട്ട ഓരോ ചലനവും ഓരോ ചരിത്രാംശമായി മാറുകയാണ് ഇന്ന്. അതിന്റെയർത്ഥം ജീവിതം അതിസ്ഥൂലതയിൽ അതിസൂക്ഷ്മമായി എന്നതാണ്. ലോകത്തെ ഒന്നായി കാണുമ്പോൾതന്നെ ലോകത്തിലെ ഓരോ അണുവും പരസ്പരം സംഘട്ടനത്തിലേർപ്പെടുന്നു. ഓരോ സത്തയും മറ്റേതോ സത്തയ്ക്കെതിരെ പൊരുതുകയും അതീതമായ ഏതോ സത്തയിൽ ലയിക്കാൻ യത്നിക്കുകയും ചെയ്യുന്നു. ഇത് ഒരേ കാലത്തിലുള്ള വലിയ വൈരുദ്ധ്യമാണ്. ലോകം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നുവെന്ന് വൈറ്റ്‌ഹെഡ് പറഞ്ഞു. നിരന്തര ചലനങ്ങളിൽനിന്ന് ഏതെങ്കിലും അർത്ഥത്തിന്റെയോ അറിവിന്റെയോ കടമെടുത്ത് സ്വാഭാവികതയെ പകർത്തുന്നതിൽ ഇന്നത്തെ രചനയുടെ യാഥാർത്ഥ്യമുണ്ട്. പുതിയ സാഹിത്യം വെറും യാഥാർത്ഥ്യവാദത്തിന്റെ രൂപഭാവം മാറ്റുന്നു . അത് പുതിയ ചരിത്ര സമീക്ഷകൾക്ക് വഴിമാറിക്കൊടുക്കുകയും ചെയ്യുന്നു. വിജയന്റെ 'പ്രവാചകന്റെ വഴി' എന്ന നോവൽ പുതിയ പ്രതീക്ഷകൾ തരുന്നത് ഈ സാഹചര്യത്തിലാണ്.
വ്യാമിശ്രമായ ജീവിതാവബോധം ഇത് തരുന്നു. അത് ഗുണിതങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഏതെങ്കിലും തത്ത്വശാസ്ത്രമോ പ്രത്യയശാസ്ത്രമോ ആകുന്നതിനുമുമ്പേതന്നെ അറിവ് മനുഷ്യചരിത്രമായി ഉയർന്നുവരണം. വർത്തമാനകാലം ചിന്തകളുടെ അമൂർത്തരൂപം കൈക്കൊണ്ട് ഗുപ്തമാകാനും പാടില്ല. പുതിയ സാഹിത്യത്തിനു കരുത്ത് നേടാൻ കഴിയുന്നത് ഇതിൽ നിന്നാണ്. അവിടെ കാലമോ ചരിത്രമോ ആരവങ്ങളുടെ മുഖംമൂടികളണിഞ്ഞ് വർത്തമാനകാലജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നില്ല
link : m k harikumar
സരസ്വതീം മഹാലക്ഷ്മീം ചേരുകില്ലെന്ന് നാട്ടുകാര്‍
[നാലു തലകള്‍ ചേരും നാലു മുലകള്‍ നഹി!]
കാലം മാറി വന്നപ്പോള്‍ ബില്‍ ഗേറ്റ്സിന്‍ വീട്ടിലെത്തിയാ-
മങ്കമാര്‍ രണ്ടുമാനന്ദം പങ്കുവെച്ചു കളിച്ചതോ?
MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി
സംഗീതമപിസാഹിത്യം പോലല്ലോ പവറും മണീം.
ടൈപ്പിംഗ് പഠിച്ച കാലത്തിന്‍ ബാക്കിപത്രങ്ങളാകണം
മലയാളികള്‍ മുക്കാലും വേഡില്‍ പുലികളാണുപോല്‍.
Qwerty യാം പശുവെങ്ങാനും പുല്ലു കണ്ടാല്‍ കൊതിയ്ക്കുമോ?
സമ്പത്ത് പാപമെന്നല്ലോ തൊഴുത്തിന്‍ ചെറുജീവിതം.
കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി, എംടിയോളം മിടുക്കനോ?
മിഡ് ല്‍ ക്ലാസ് ഹീറോസോളം വരുമോ ബിസിനസ്സുകാര്‍?
മലയാളികള്‍ മുക്കാലും വേഡില്‍ പുലികളാണുപോല്‍
എക്സെല്ലില്‍ കൈ വിറച്ചീടും Auto Sumലൊതുങ്ങിടും
MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി
ബാലന്‍സില്ലെങ്കില്‍ വീഴും ബാലന്‍ കെ. നായരാകിലും.
എക്സെല്ലില്‍ പണിയാന്‍ നോക്കൂ, കണക്കില്‍ കല കണ്ടിടൂ
കണ്ടാണശ്ശേരിയില്‍ത്തന്നെ Kovilan ഉം Ujala യും!
എത്ര നിസാരമായും ഒരു കൊലപാതകം നടത്താം.
പക്ഷേ നിനക്കതറിയില്ല.
പെരുവിരലും ചൂണ്ടുവിരലും ചേർത്തമർത്തി
ഞാൻ പുഴുക്കളെ കൊല്ലുന്നത് കണ്ട് നീ ഛർദ്ദിച്ചു.
പുഴു ചത്തതിലല്ല, എന്റെ വിരലിൽ
അതിന്റെ ചലം പുരണ്ടതിലായിരുന്നു നിനക്ക് പ്രശ്നം.
ഒരു കല്ലെടുത്ത് പുഴുവിന്റെ തലയിൽ
ഇടിച്ചാൽ മതിയായിരുന്നു.
നീ പറഞ്ഞു.
കഴുത്ത് കയർ പോലെ പിരിച്ച് ഞാൻ
ഒരു കോഴിയെ കൊന്നത് കണ്ടും നീ ചുറ്റി വീണു.
കോഴി ചത്തതിലല്ല അതിന്റെ ആ പിടപിടപ്പ്
ഞാൻ കണ്ടു നിന്നതിലാണ് നിനക്ക് പ്രശ്നം.
ദൂരെയെവിടെയെങ്കിലും കൊണ്ട്പോയി
കെട്ടിത്തൂക്കിയിട്ടു പോന്നാൽ മതിയായിരുന്നു
നീ പറഞ്ഞു.
പാറ്റകളെ, ചിലന്തികളെ, കരിച്ചകളെ ഞാൻ
നഗ്നപാദം കൊണ്ട് ചവുട്ടിക്കൊന്നാൽ
നീ നിലവിളിക്കും,
ഒരു ചൂലെടുത്ത് തല്ലിക്കൊല്ലൂ എന്ന്.
ഉറുമ്പുകളെ ചുവരോട് ചേർത്ത് കൈപ്പത്തികൊണ്ട് ഞെരിച്ചാൽ
നിനക്കിഷ്ടമാവില്ല.
എന്തായാലും അവറ്റകൾ ചാവുകയല്ലേ,
എന്തായാലും ഞാൻ കൊല്ലുകയല്ലേ,
പിന്നെ എന്താണൊരു വ്യത്യാസം...?
നിനക്ക് എല്ലാം സങ്കീർണമാക്കണം.
നിനക്കറിയില്ലല്ലോ,
എത്ര എളുപ്പത്തിൽ ഒരുകൊലപാതകം നടത്താമെന്ന്.
ഒരുനാൾ അത് നീ പഠിക്കും,
ഞാൻ നിന്നെയോ നീ എന്നെയോ കൊല്ലുമ്പോൾ.
ലളിതമായി എത്രയും ലളിതമായി....
ചിത്രകാരൻ
മത്തിക്കു പോലും
ചെറിയൊരു കുലീനത്വമുണ്ട്.
കടലാസില്‍ പൊതിഞ്ഞാല്‍ തറവാടിത്വമായി.
പാക്കറ്റിലാക്കിയാല്‍ ആഢ്യത്വമായി.
വെറും കയ്യില്‍ മലര്‍ത്തിപ്പിടിച്ചു
നടന്നാല്‍...നാണക്കേടായി.
കാക്ക കൊണ്ടോവും മാനം.
അരവണ ടിന്നിലാക്കുംബോള്‍
കോടികളൊഴുകും.
പരിപാവന പ്രസാദമാകും-
പാതിവെന്ത അരി,
ഈച്ച,പാറ്റ,എലിവാല്‍... !!!
കയ്യിലൊഴിച്ചുകൊടുത്താല്‍...
നക്കിയ മിച്ചം തൂണില്‍ തേക്കും,
കല്ലിലും,ദ്വാരപാലകന്റെ തുടയിലും.
വേണ്ടായിരുന്നു..ഈ പണ്ടാര പായസം ..
കയ്യിലൊട്ടുന്നു.
പവിത്രതക്ക് ടിന്നും,
പണവും,കരിഞ്ചന്തയും അകംബടി.
പാക്കറ്റില്ലെങ്കില്‍ സൌന്ദര്യമില്ല...
മൂല്യമില്ല.
പാക്കറ്റാണു മൂല്യം;
മൂല്യമാണു പാക്കറ്റ്.
സ്നേഹത്തിനു: കാപട്യം മൂല്യം;
സൌഹൃദത്തിനു: വഞ്ചന;
കലക്കും,സാഹിത്യത്തിനും: ധ്വനി,മൌനം,നിരൂപകന്‍;
ആത്മീയതക്ക്:മനുഷ്യ ദൈവങ്ങള്‍,പൂജാരിമാര്‍;
ദൈവത്തിന്:മതങ്ങള്‍,ദേവാലയങ്ങള്‍;
ജോലിക്ക് : ശംബളക്കവറുകള്‍, കഴുത്തിലെ കയറുകള്‍........
സത്യത്തിനു മാത്രം പൊതിയില്ല...!!
സത്യം... അതാര്‍ക്കും വേണ്ടാത്ത,
പൊതിയാത്ത വസ്തു.
മൂല്യമില്ലാത്ത വസ്തു !
കണ്ടാലും,തൊട്ടാലും...
പൊള്ളുന്ന,മാനംപോക്കുന്ന,
അയിത്തമാക്കുന്ന സത്യം.
(ജീവിത വിജയത്തിന് -?-ആവശ്യമായ പാഠങ്ങള്‍ അഥവ പാക്കറ്റ് വിജ്ഞാനം.)
മഴക്കാലമായ് പിന്നെയും
നിഴൽക്കാടുവീഴ്ത്തിയ
പഴങ്കാലം പെയ്തിറങ്ങും
മഴനിഴൽത്താഴ്‌വാരം
നിലാവർണ്ണത്തെളിയായ്
മണിത്തൂവൽക്കുട നിവർത്തി
ഇളംതെന്നൽ തെറിപ്പിക്കും
മഴത്തുള്ളി പൊഴിയും
വയൽപ്പൂവിൽ ജ്വലിക്കും
മയിൽപ്പീലിയായോർമ്മകൾ
മാറുമുകർന്നു നുണയും
മുലപ്പാലിൻ മണമൂറും മഴത്തുള്ളി
നേരുനിറഞ്ഞുചൊരിയും
പഴഞ്ചൊല്ലിൻ നനവൂറും മഴത്തുള്ളി
മഴക്കാറ്റുകൊഴിക്കും വെളിച്ചത്തിൽ
മിഴിനീരണിയും മഴക്കാല സൂര്യൻ
മഴക്കാലം പടരുന്നു പിന്നെയും
അഴിച്ചിട്ട വഴിയോര വാണിഭം പോൽ
മഴക്കൂണു കുടപിടിക്കും യൗവ്വനം
മഴക്കാലവ്യാധിയായ്പ്പടരുന്നു
മണൽക്കൂനയൊലിച്ചഴലിൽ
കരിക്കിൻ ശിരശ്ച്ഛേദ കാഴ്ച
മഴശ്വാസമൊഴുക്കായ് പുലർകാല
രാമായണസ്സാന്ത്വനം
മഴച്ചാറ്റൽ വാവുതർപ്പണം ചെയ്തു
തൃപ്പുത്തരിപ്പൂന്നെൽനിറകാത്ത
വയലിറമ്പിൽ നാട്ടുവേഴമ്പലായ്
മഴക്കാലം മടങ്ങുന്നു പിന്നെയും.