dhanya das
ഒരു വരി കൂടിയെന്ന് പറഞ്ഞ് പറഞ്ഞ്
മുഴുവന്‍ പറയിപ്പിച്ചില്ലേ
കൂട് പൊട്ടിയൊരു മഴ മുഴുവനായി വന്നിട്ടും
കഥയിഴഞ്ഞു നീങ്ങി.
ഉച്ചയെന്ന് വിചാരമില്ലാതെ
നമുക്കൊപ്പം നടന്നുവന്നു.
ഇറക്കങ്ങളില്‍ നെഞ്ചടിച്ച് വീണു.
ഉറക്കത്തിലടുക്കിപ്പിടിക്കാന്‍
കഥയൊരു കവിത തിരഞ്ഞു.
പിറ്റേന്ന്
ഊണിനുപ്പ് നോക്കാന്‍
തലവഴി പുതച്ചുകിടന്നതിനെ
വീണ്ടും വിളിച്ചുണര്‍ത്തി.
കഥയിലെ രാത്രികള്‍ക്ക്
നമ്മുടേതിനേക്കാള്‍ ദൈര്‍ഘ്യമുണ്ട്.
പുതിയ പകല്‍
പുതിയ മനുഷ്യര്‍
പഴയ നമ്മള്‍ .
'പകലി'നെ വാക്യത്തില്‍ കയറ്റാനറിയാതെ
പതിനെട്ടാം ചോദ്യം വിട്ടിറങ്ങിയ
പരീക്ഷാക്ലാസിലേക്ക്
അപ്പോഴൊന്നെത്തിനോക്കണമെന്ന് തോന്നി.
ഒരു കാര്യവുമില്ലാതെ.
കഥയിലൊരു ട്വിസ്റ്റിന്
രാത്രിയെയും പകലിനെയും
കുറച്ചു നേരത്തേക്ക്
പരസ്പരമൊന്നു മാറ്റുകയാണ്.
മലകള്‍ക്കിടയിലേക്ക്
നൂഴ്ന്നുകയറിത്തുടങ്ങിയ സൂര്യന്‍
വളരെപ്പെട്ടെന്ന്
കതകടച്ച് തിരികെ നടന്നു.
എകാന്തതയിലേക്കിറങ്ങിവന്നതുപോലെ
കഥയിലൊരു ചുമ
കൊത്തിവെച്ച ക്ലോക്കുകളുടച്ചുകളഞ്ഞു.
പകലൊക്കെ കറുത്തുപോയെന്നെഴുതിവെച്ച്
അതേ ക്ലാസ്റൂമില്‍ നിന്നിറങ്ങിവരുന്നവരെ
നമ്മളറിഞ്ഞേക്കുമോ .?
കഥയവസാനിക്കും വരെ
ഇരുട്ടും കടങ്കഥകളും
നടുവൊടിഞ്ഞ ചോദ്യങ്ങളും
ധൈര്യമായി തുണിയുടുത്തുനടക്കട്ടെ!