Friday, January 28, 2011



santhosh pala

നിദ്രഭേദിച്ചെത്തുന്ന
നിഴല്‍രൂപങ്ങള്‍
ഒരു നിരാലംബന്റെ
കണ്ണ് പൊത്തിക്കുന്നു
വ്യഥിത സങ്കല്‍പ്പങ്ങളി-
ലിഴകള്‍ പാകുന്നു

മുട്ടി നില്‍ക്കുന്ന
വലിയ എടുപ്പുകളുടെ
ഏകാന്തതയില്‍
എണ്ണിത്തീരാത്ത നക്ഷത്രങ്ങള്‍
എഴുന്നേറ്റിരുന്ന് ഉറക്കം
കെടുത്തുന്നു

ഉത്തരം കിട്ടാത്ത സമസ്യകള്‍
ഉത്തരം തേടി
ഉത്‌കണ്ഠകളുടെ പെരുമഴയില്‍
വിരല്‍ചുറ്റായി
പരിണമിക്കുന്നു,
തിളച്ചടുക്കുന്നു.

ചുവപ്പുമഷിയിലെന്‍
കവിതപടരുകയാണ്
കറുത്തപുഷ്പത്തലപ്പിലൊ-
രഗ്നിഗോളമായ്...


പരിദേവനം

മുത്തശ്ശനൊത്തൊരു
ചാരുകസേരയില്‍
വന്‍പെഴും വീടിന്റെ
ഉമ്മറം കാക്കുന്നു
മുത്തശ്ശി കാവലായ്
നില്‍ക്കുന്നു മുറ്റത്ത്
വെട്ടം വിതറും
വിളക്കുമായ്.
അച്ഛനുമമ്മയും
ഉണ്ണീടെ ചേച്ചിക്ക്
കല്യാണമെത്തുവാന്‍
ഒട്ടിപിടിച്ചൊരു
വണ്ടി കേറി

കോരനു ചോറ്
വിളമ്പാനിപ്പൊളെന്‍
കോമളച്ചേച്ചി
തിരയുന്നതേയില്ല
പുസ്തകത്താളിലുണര്‍ന്ന
മനസ്സിന് എന്തോരം
നന്ദി ഞാന്‍ ചൊല്ലിടേണ്ടൂ!

കാലങ്ങളേറെ
വിലപിച്ചതിനാലോ
കാരുണ്യമായി-
ക്കറുത്തകൂടുണ്ടായി?
കാലത്ത്
കോര്‍ത്തമാടിന്റെ
തുണ്ടം പൊതിഞ്ഞെന്നില
കാഴ്ചയ്ക്ക് വക്കില്ല
ഹൈദ്രോസൊരിക്കലും.

വേലപ്പനാശ്ശാരി
വേലിക്കകത്തേക്ക്
കേറി വരുമ്പോളകം
വിറക്കും
വീതുളി വെച്ചയാള്‍
മാറിന്റെ പൂളെടുത്തഞ്ചാറുരുപ്പടി
തീര്‍ത്തിടില്ലേ?

നീളും കരങ്ങളെ
വെട്ടിമാറ്റുന്നതാല്‍
പ്രേയസ്സി നിന്നെ പുണരാനുമാകില്ല
ദേശം ഭരിക്കൊന്നൊ-
രീശന്റെ കോവിലില്‍
സ്വര്‍ണ്ണം പൊതിഞ്ഞവര്‍
നിര്‍ത്തിയേക്കാം.

ഇത്ര തപിക്കുന്ന
പാഴ്‌ജന്മ വേദന
പാരിലിന്നാരാ തിരക്കീടുക?
കേമം പറയുന്ന
ഞാനിന്ന് തേക്കല്ല
പോക്കണം കെട്ടോരു
കോന്തന്‍ മരം

കണ്ണു കിട്ടാതെയെന്‍
മിന്നലേ വന്നെന്റെ
ചങ്ക് കരിച്ചങ്ങെടുത്തീടുക!
കോടാലി കേറാതെ
തെന്നലെ വന്നെന്നെ
ചോടേ എടുത്ത്
മറിച്ചീടുക!



കുന്തിയാന* കളുടെ കാട്

ഇന്നലെ വരെ
ഒരു
കുഴിമടിയനായിരുന്നു,
ഞാന്‍-
ആനക്കാര്യമൊഴിച്ച്.

കുഴിയാന,
പിടിയാന,
കൊമ്പനാന-
കണ്ടിട്ടുള്ള
ആനകള്‍
പലത്.

കാണാത്തതായി
കുന്തിയാന
മാത്രം!

ഇടയ്ക്കിട-
യ്ക്കെത്തുന്ന
കുന്തിയാനകളെ-
ക്കാണാന്‍
എന്ത്
രസമായിരിയ്ക്കും?

കാടും മേടും
ഉത്സാഹത്തോടെ
കേറാന്‍
പോയത്,
അതിന്‍റെ
ശേലുകാണാന്‍.

അതിശൈത്യം
നിരന്ന
മലയില്‍
അതിശയത്തോടെ
നിന്നപ്പോള്‍
കൂട്ടുകാരന്‍
ചോദിച്ചു,
കണ്ടല്ലോ
അല്ലെ
കൂട്ടം തെറ്റിയും
തെറ്റാതെയും
നില്‍ക്കുന്ന
കുന്തിയാനകളെ!

സ്ടോബിലാന്തസ്സ് കുന്തിയാന*
*( നീലക്കുറിഞ്ഞിയുടെ ശാസ്ത്രനാമം)




അറിഞ്ഞും അറിയാതെയും

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
അടുത്തിരുന്നത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ തൊട്ടപ്പൊളെനിയ്ക്ക്
തോന്നി,
അവളുടെ ചൂട് പൊള്ളുന്നതല്ലെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
കാലുരുമ്മിയത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ നോക്കിയപ്പോളെനിയ്ക്ക്
തോന്നി,
അവളുടെ മുഖത്തെക്കാളും സൌന്ദര്യം
കാലുകള്‍ക്കാണെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
കൈ തലോടിയത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ ചോദിച്ചപ്പോളെനിയ്ക്ക്
തോന്നി,
അവളുടെ വാക്കുക്കളെക്കാളും ഭംഗി
വിരലുകള്‍ക്കാണെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
വിളിച്ചത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ ചെന്നപ്പോളെനിയ്ക്ക്
തോന്നി,
അവളില്‍ ഒരു ഞാനുണ്ടെന്ന്
അവളമ്മയും ഞാനച്ഛനുമായി
ജീവിച്ചു തുടങ്ങിയെന്ന്!.


പാഠം നാല് - ചെമ്പരത്തിപ്പൂവ് ചില്ലറക്കാരനല്ല



ചെമ്പരത്തിപ്പൂവിന്റെ
പരിച്ഛേദം വരക്കാന്‍
പത്തു പ്രാവശ്യം
ഇമ്പോസിഷന്‍
കിട്ടിയാലെന്താ
പഠിച്ചല്ലോ!

പരാഗങ്ങള്‍
വായുവില്‍ക്കൂടി
പകരുമെന്ന്
വിശ്വസിച്ചിരുന്നതു
കൊണ്ടാണോന്നറിയില്ല
പെമ്പിള്ളേരോട്
വര്‍ത്താനം പറയുന്നത്
കണ്ടാല്‍
ചൂരല്‍ പുറകിലൊളിപ്പിച്ച്
മത്തായി സാര്‍
പറന്നെത്തിയിരുന്നത്.

നായ്ക്കരുണപ്പൊടി
നാലു ബഞ്ചില്‍ വീശിയാലെന്താ
നാലു ബക്കറ്റ് വെള്ളം കോരിയാലെന്താ
നാലു ദിവസം പുറത്തു നിന്നാലെന്താ
ചൂണ്ടിയില്ലേ മാഷേ
ചൂണ്ടുവിരലില്‍
തൂങ്ങിവന്നിരുന്നോളെ!

ചെവിപ്പുറകിലന്നു കേറിയ
ചെമ്പരത്തിപ്പൂവുമായി
സാറിന്ന്
ജീവശാസ്ത്രം തോമ്മാസാറെടുത്തോ
കണക്ക് ഞാന്‍ പഠിപ്പിക്കാം
ചരിത്രം ഞാന്‍ പഠിപ്പിക്കാം
എന്നും പറഞ്ഞ്
തെക്കോട്ടും വടക്കോട്ടും
നടപ്പാണ്

കണ്ടും കേട്ടും നിന്ന
ഒന്നാം മണി
കുടുകുടാച്ചിരിക്കുന്നു!
രണ്ടാം മണി
വെറുതെ ചിരിക്കുന്നു!
നാലുമണിക്ക്
കുലുങ്ങിക്കുലുങ്ങി-
ച്ചിരിക്കാനൊരുങ്ങുന്നു
വീട്ടിലേക്കുള്ള
വഴി കാണിച്ച്
വേറൊരെണ്ണം

സ്കൂള്‍ മുറ്റത്ത്
രണ്ടു ചെമ്പരത്തിപ്പൂവുകള്‍
കെട്ടിപ്പിടിച്ച്
പൊട്ടിച്ചിരിക്കാന്‍
തുടങ്ങിയിട്ട്
നേരം കുറെയായി!

ചങ്കെടുത്ത് കാട്ടിയാലും
ചിലപ്പോഴങ്ങനെയാണ്

മനസ്സിരുത്തി പഠിക്കുന്നത്
ഒരു കാലത്തും മറക്കില്ലെന്ന്
സാറു തന്നെയല്ലേ
പറഞ്ഞു തന്നിട്ടുള്ളത്?!
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.