a q mahdiഅമേരിക്കൻ ഐക്യനാടുകളിലൂടെ - 5ഡിസ്നി ലാൻഡും മാജിക് കിങ്ങ്ഡവുംഇന്ന് ചൊവ്വാഴ്ച ദിവസം. ഓർലന്റോയിലെ രണ്ടാം ദിനം. അമേരിക്കയിലെത്തിയിട്ട് 6 ദിവസമാകുന്നു.
ഇന്നാണ് ലോകപ്രസിദ്ധമായ 'മാജിക് കിങ്ങ്ഡം' സന്ദർശിക്കുന്നത്. ഇത് ഡിസ്നിലാൻഡ് എന്ന് അറിയപ്പെടുന്ന വാൾട്ട് ഡിസ്നിയുടെ അത്ഭുതലോകമാണ്. ഡിസ്നി സൃഷ്ടിച്ച് ലോകത്തിന് സംഭാവന ചെയ്ത, ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹരമായിത്തീർന്ന വിവിധ കാർട്ടൂൺ കഥാപാത്രങ്ങൾ ഇവിടെ പുനർജ്ജനിക്കുന്നു. വാക്കുകളിലൂടെ വിവരിക്കാനാവാത്ത നിരവധി കാർട്ടൂൺ പരിപാടികൾ ഇവിടെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. ജീവനുള്ള, ചലിക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങളുമായി നമുക്കിവിടെ ആവോളം സല്ലപിക്കാം, ഒപ്പം നിന്ന് ഫോട്ടോകളെടുക്കാം. ഭീമാകാരരൂപമുള്ള ഇത്തരം ചില കാർട്ടൂൺ രൂപങ്ങൾ എങ്ങിനെ ചലിക്കുന്നുവേന്നോർത്ത് നാം അത്ഭുതപ്പെടും. ആ രൂപങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്നതു മനുഷ്യരോ അതോ റോബോട്ടുകളോ.
അവിടെ ഒരുക്കിയിട്ടുള്ള കുട്ടികൾക്കു വേണ്ടിയുള്ള നിരവധി പരിപാടികളിൽ റോളർകോസ്റ്ററുകളാണ് മറ്റൊരു പ്രധാന സാഹസിക വിഭാഗം.
ഒരു പ്രത്യേക ഹാളിൽ, അമേരിക്കയിലെ എല്ലാ മുൻപ്രസിഡന്റുമാരും, ജോർജ്ജ് ബുഷ് അടക്കം ജീവൻ തുടിയ്ക്കുന്ന മെഴുകു പ്രതിമകളായി നിൽക്കുന്നതു കാണാം. ലോകപ്രസിദ്ധമായ മാഡം തസ്സോദിന്റെ ലണ്ടൻ വാക്സ്മ്യൂസിയത്തെക്കാൾ വളരെ വ്യത്യസ്തമായ ഒരു പ്രത്യേകത ഇവിടെയുള്ളത്, ഈ പ്രതിമകളൊക്കെ സ്വയം ചലിക്കുകയും, സംസാരിക്കുന്നതുപോലെ ഭാവിക്കുകയും ചെയ്യും എന്നുള്ളതാണ്. ലണ്ടനിലേത് നിശ്ചലപ്രതിമകളാണ്.
ഇവിടെ, ഈ ഡിസ്നിലാന്റിൽ ഞങ്ങൾ കണ്ട ഒരു പ്രത്യേകപരിപാടിയെപ്പറ്റി സൂചിപ്പിക്കാതെ വയ്യ. ജീവിതത്തിലൊരിക്കലും അത്തരമൊരു കാഴ്ച ഞങ്ങൾ കണ്ടിട്ടുമില്ല. ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ അതിസാങ്കേതികത്വം ഒരു ചലച്ചിത്രത്തിലൂടെ പ്രദർശിപ്പിക്കപ്പെടുകയാണ്. അതൊരു 3D ഫിലിമായിരുന്നു. 3D ഫിലിം നമുക്കത്ര പുതുമയുള്ളതല്ല, പ്രത്യേകിച്ച് മലയാളികൾക്ക്. ഇത് ഇൻഡ്യയിൽ ആദ്യം ജനിച്ചതു നമ്മുടെ കൊച്ചുകേരളത്തിലാണ്. അതും രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ്, മൈഡിയർ കുട്ടിച്ചാത്തനിലൂടെ. അന്ന് നമുക്കാകെ അതൊരത്ഭുതമായിരുന്നു. പക്ഷേ, ഞങ്ങളിവിടെ കണ്ട ഷോ അതിൽനിന്നൊക്കെ എത്രയോ വ്യത്യസ്തം. അത്ഭുതകരമായ ഒരു 3D ഫിലിം.
വളരെ വലിയൊരു തിയേറ്ററിലാണ് ഞങ്ങളിരിക്കുന്നത്;
ആയിരത്തിലധികം പേർക്കിരിക്കാവുന്ന ഒന്നിൽ.
ഫിലിമിൽ കണ്ട കഥ ഇതാണ്. വളരെ ചെറിയൊരു കഥ. പ്രശസ്തനായ ഒരു ശാസ്ത്രജ്ഞൻ ഒരു യന്ത്രം കണ്ടുപിടിക്കുന്നു. ഒരു ഡ്യൂപ്ലിക്കേറ്റിങ്ങ് യന്ത്രം. വസ്തുക്കളെയല്ല, ജീവികളെയാണ് ഈ ഡ്യൂപ്ലിക്കേററിങ്ങ് മേഷീൻ പുനർജ്ജനിപ്പിക്കുന്നത്. ഒരു ജീവിയെ, ഒറിജിനലായി ഈ യന്ത്രത്തിനു സമർപ്പിച്ചാൽ, നൂറുകണക്കിന്, ആയിരക്കണക്കിന് അത്തരം ജീവികളുടെ പുനർസൃഷ്ടി മേഷീൻ നടത്തും.
കറുത്ത സേഫ്റ്റി കണ്ണടകളും ധരിച്ച്, വീർപ്പുമടക്കി തിയേറ്ററിനുള്ളിൽ കാണികളിരുന്നു.
ഫിലിം തുടങ്ങി. പെട്ടെന്നൊരു പെരുമ്പാമ്പ് സ്ക്രീനിൽ. എന്തുവലിപ്പമുണ്ടെന്നോ അതിന്. ചുറ്റിവളഞ്ഞ് ഒരു വലക്കൂട്ടിൽ കിടന്നിരുന്ന അതിനെ വലയഴിച്ച് പുറത്തുവിടുകയാണ് ചിലർ. മെല്ലെയതിഴഞ്ഞുവന്ന് പെട്ടെന്നൊരു ചീറ്റലോടെ പുറത്തേക്ക് ചാടി. സ്ക്രീനിൽ നിന്നും അത് പുറത്തുവന്ന് നമ്മുടെ മുഖത്തോടു തൊട്ടുനിന്നു. എല്ലാവരും ഞെട്ടിത്തരിച്ചു. ഞാനറിയാതെ നിലവിളിച്ചുപോയി. ഭാര്യയും. തിയേറ്ററിലിരുന്നവരുടെയൊക്കെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. നമ്മുടെ മൂക്കിന്റെ തുമ്പത്ത് പാമ്പിന്റെ പുറത്തേയ്ക്ക് നീട്ടിയ നാവു തൊടുന്നതുപോലെ ഒരു ഫീലിങ്ങായിരുന്നു.
ആരെയും അമ്പരിപ്പിക്കുന്ന ആ കാഴ്ച കഴിഞ്ഞാണ്, ഡ്യൂപ്ലിക്കേറ്റിങ്ങ് യന്ത്രത്തിലൂടെയുള്ള പുന:സൃഷ്ടിയുടെ പ്രകടനം. ഇതിനിടെ ബുൾഗാൻ താടിവച്ച ആ ശാസ്ത്രജ്ഞൻ, ഒരു എലിയെ യന്ത്രത്തിനുള്ളിലേയ്ക്ക് കടത്തിവിട്ടുകഴിഞ്ഞിരുന്നു. യന്ത്രം പ്രവർത്തിച്ചു തുടങ്ങി. നിമിഷങ്ങൾക്ക് ശേഷം മറ്റൊരു സ്വിച്ച് അയാൾ അമർത്തിയപ്പോൾ മേഷീന്റെ മറ്റൊരു ദ്വാരത്തിലൂടെ പുന:സൃഷ്ടി നടത്തപ്പെട്ട എലികൾ പുറത്തുവരുന്നു. ഒന്നല്ല, ആയിരക്കണക്കിന്. അവ സ്ക്രീനിന്റെ മുമ്പിലൂടെ ചാടി തിയേറ്റർ ഹാളിലേയ്ക്കിറങ്ങി വന്ന്, കാണികളുടെ കാലുകളിൽ മുത്തമിടാൻ തുടങ്ങി. എലിയുടെ ഉരസൽ കാരണം എല്ലാവരും ചെറിയൊരു നിലവിളിയോടെ കാലുകൾ ഉയർത്തിപ്പിടിച്ചു. ഷൂവിനു മുകളിൽ സോക്സിട്ട ഭാഗത്തുവരെ അവ മുഖമമർത്തി. ഞാൻ ഏറെനേരം ആ ഇരുട്ടിൽ കാല് പൊക്കിവച്ച് കൊണ്ടുതന്നെയിരുന്നു. എന്റെ കൈകളിൽ ബലമായി അമർത്തിപ്പിടിച്ച് കാലുയർത്തിക്കൊണ്ട് ഭാര്യയും ഇരുന്നു.
അതൊരനുഭവം മാത്രമായിരുന്നു, ഒരു തരം ഫീലിങ്ങ്. കാലിൽ ഉരസിയത്, തിയേറ്ററിലെ കസേരകൾക്കടിയിൽ എവിടെയോ ഉറപ്പിച്ചിരുന്ന എയർ ട്യൂബിലൂടെ പുറത്തുവന്ന കാറ്റായിരുന്നുവേന്ന് ബോധ്യമായപ്പോൾ ഉയർന്ന് പൊന്തിയ കാലുകളൊക്കെ തനിയേ താന്നു. കാണികളൊക്കെ ഇളിഭ്യരായി പരസ്പരം നോക്കി ചിരിച്ചു.
ഇപ്പോൾ എല്ലാവരും ഏറെ ശ്രദ്ധാലുക്കളായി. ഇനി ഏതു ജീവിയാണാവോ കാണികൾക്കിടയിലേയ്ക്ക് ഇറങ്ങിവരിക.
ഫിലിം തുടരുന്നു.
യന്ത്രം സൂക്ഷിച്ചിരുന്ന മുറിക്കു മുമ്പിൽ ഒരു കർട്ടൻ വന്നു മറയുന്നു. ഇനിയിപ്പോൾ തിരശ്ശീലയിൽ ഒന്നും കാണാനില്ല, ശൂന്യം. പെട്ടെന്നാണ് ഒരു നായയുടെ കുര. മുഴങ്ങുന്ന ആ പരുക്കൻ ശബദ്ം തിയറ്ററിനുള്ളിൽ നിറഞ്ഞു നിന്നു. പെട്ടെന്ന്, കർട്ടന്റെ വിടവിലൂടെ ഒരു കൂറ്റൻനായ പുറത്തേയ്ക്ക് തലനീട്ടി. ഗൗരവത്തോടെ അതു വീണ്ടും കുരയ്ക്കാൻ തുടങ്ങി. ഒരു സിംഹഗർജ്ജനം പോലെ ഭയാനകമായി തോന്നി, ആ ശബ്ദം
നിമിഷങ്ങൾക്കകം അത് കർട്ടന് പുറത്തേയ്ക്ക്, കാണികൾക്കിടയിലേയ്ക്ക് ചാടി വന്നു. എല്ലാവരും തലതാഴ്ത്തിക്കളഞ്ഞു. പെട്ടെന്നു തന്നെ ആ നായ മടങ്ങിപ്പോയി. ആശ്വാസമായി. പക്ഷേ, അതു വീണ്ടും തിരിഞ്ഞുനിന്നു. കണ്ണുചിമ്മി എല്ലാവരെയും ഒന്നുനോക്കിയിട്ട് അതൊന്നു തുമ്മി. ശക്തിയായ ആ തുമ്മലിൽ കാണികളുടെയൊക്കെ മുഖത്ത്, അതിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും തെറിച്ച തുപ്പൽ പാറിവീണു. ഞെട്ടലോടെ കാണികളാകെ കൈകൊണ്ടും, കർചീഫ് കൊണ്ടും തെല്ലൊരറപ്പോടെ തന്നെ മുഖം തുടച്ചു.
എവിടെനിന്നു വന്നു, ഈ ജലകണങ്ങൾ. അതും, നായ തുമ്മിയ അതേ നിമിഷം തന്നെ. ഉള്ളിലിരുന്ന ആയിരം പേരുടെ മുഖത്തും ഒരേ സമയം ആ തുപ്പൽ പാറിവീണു. തിയേറ്ററിനു
ള്ളിലെ ഇരുട്ടിൽ, നമുക്കീ ജലകണികകളുടെ ഉറവിടമൊന്നും കണ്ടുപിടിക്കാനാവില്ല.
ഫിലിംഷോ കഴിഞ്ഞു. തിയേറ്ററിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങി.
ഒരു സാങ്കൽപ്പിക കാർ സവാരിയാണ് അടുത്തത്.
നൂറുകണക്കിന് ആൾക്കാരാണ് ഈ ഷോയിൽ പങ്കെടുക്കാൻ ഒരു ഹാളിനു മുമ്പിൽ ക്യൂ നിൽക്കുന്നത്. ഒരു കാറിൽ 6 പേർക്കേ സഞ്ചരിക്കാനാവൂ. അത്തരം നിരവധി കാറുകൾ ഒരേ സമയം പ്രവർത്തനസജ്ജമാണ്,.
ഇതൊരു അസാധാരണ കാർ റൈഡാണ്. ചെറിയ കുട്ടികൾ, പ്രായം ചെന്നവർ, ഗർഭിണികൾ, ബി.പി.ഉള്ളവർ, രോഗികൾ, ഇവർക്കൊന്നും ഇതിൽ പ്രവേശനമില്ല.
ആറുപേരെ വീതം ഒരു മുറിക്കുള്ളിൽ കയറ്റും. മുമ്പിലും പിമ്പിലുമായി രണ്ടുസീറ്റുകളുള്ള ഒരു കാർ ഓരോ മുറിയിലുമുണ്ടാവും. സ്റ്റിയറിങ്ങും ഡ്രൈവറും ഇല്ലാത്ത കാർ. രണ്ടുസീറ്റുകളിലായി 6 പേരെ കയറ്റിയിരുത്തി ഒരു സീറ്റ്ബെൽറ്റും അനുബന്ധ ക്ലാമ്പുകളും ഉപയോഗിച്ച് ഇരിപ്പിടവുമായി സുരക്ഷിതമായി ബന്ധിയ്ക്കും. ബലമായി പിടിച്ചിരിക്കാൻ മുമ്പിൽ ഒരു ഹാൻഡിലുമുണ്ട്.
മുറിയുടെ വാതിൽ അടയുമ്പോൾ പരിപൂർണ്ണ അന്ധകാരമാണ്. കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് ഓടാനാരംഭിക്കും. കുലുങ്ങിക്കുലുങ്ങിയത് നീങ്ങിത്തുടങ്ങും. നിയന്ത്രിക്കാൻ ഡ്രൈവറില്ലല്ലോ. മെല്ലെ വേഗത കൂടുന്നു. ഇപ്പോൾ ഭയാനകമായ സ്പീഡിലാണ് കാറിന്റെ സഞ്ചാരം. വേഗതകാരണം നാം അറിയാതെ നിലവിളിച്ചു പോകും. പെട്ടെന്ന് മറ്റൊരു വാഹനം എതിർദിശയിൽ കടന്നുവരുന്നു. നാം കണ്ണടച്ചിരുന്നുപോകും. അതിലിടിക്കാതെ കഷ്ടിച്ചു നാം രക്ഷപ്പെടുന്നു. പക്ഷേ, അസാധാരണമായി നമ്മുടെ മാർഗ്ഗത്തിനു മുമ്പിൽ കാണുന്ന ഒരു വൻമതിലിൽ കാറിടിക്കുവാൻ തുടങ്ങുന്നു. ഇല്ല നാം അതിൽനിന്നുപോലും അത്ഭുതകരമായി എങ്ങിനെയോ രക്ഷപ്പെടുന്നു.
ഇനിയാണ് താഴേയ്ക്ക്, വളരെ താഴേയ്ക്ക് കുത്തനെ പോവുന്ന ഒരു റോഡിലൂടെ നിയന്ത്രണം വിട്ട്, കാർ ഇറങ്ങിച്ചെല്ലുന്നത് താഴേയ്ക്ക് റോഡിനു അന്തമില്ല. അതങ്ങ് നീണ്ട് നീണ്ട് ഒരു പാതാളത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. മുൻവശത്തെ ഹാൻഡിലിൽ അമർത്തിപ്പിടിച്ച് നാമിരിക്കെത്തന്നെ അറിയാതെ സ്വയം നിലവിളിച്ചുപോകും. ഒക്കെകഴിഞ്ഞ്, നമ്മെ ടെൻഷന്റെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്തിയിട്ട് കാർ മടങ്ങി വരുന്നു, യാത്ര പുറപ്പെട്ടയിടത്തേയ്ക്ക് തന്നെ കാർ തിരികെ എത്തിച്ചേരുന്നു.
ശരിക്കും തലചുറ്റുന്നതുപോലെ തോന്നും. കാർ തിരികെ എത്തിക്കഴിഞ്ഞു. മുറിയിൽ വെളിച്ചം പരന്നു. സീറ്റ്ബെൽറ്റിൽ നിന്നും നമ്മെ മോചിപ്പിക്കാൻ ഓപ്പറേറ്റർ വരുമ്പോൾ നമ്മുടെ മുഖത്തെ ഇളിഭ്യച്ചിരി അയാൾ കണ്ടില്ലെന്നു നടിയ്ക്കും.
ഇപ്പോൾ നാം അറിയുന്നു, നാം കയറിയ വാഹനം നിന്ന സ്ഥലത്തുനിന്നും തെല്ലും നീങ്ങിയിട്ടില്ല എന്ന്. ഈ കാറിന് വീലുമില്ല, ടയറുമില്ല. ഒക്കെയും മുമ്പിലെ സ്ക്രീനിന്റെ മായാജാലം മാത്രം. എന്നാൽ കുലുക്കവും, വിറയലും, ഇടിയുടെ ആഘാതവും തിരിയലും മറിയലും ഒക്കെ ഫീൽ ചെയ്യാൻ സീറ്റ് ചില റോളറുകളിൽ ഘടിപ്പിച്ചിരിക്കുന്നു.
തലയുടെ മരവിപ്പും, കാലിന്റെ തരിപ്പും മാറിക്കിട്ടാൻ കുറെ സമയം എടുക്കും. വെറുതെയല്ല, ബി.പി.ഉള്ളവർ ഇതിൽ കയറരുതെന്ന് നിഷ്കർഷിക്കുന്നത്. അത്തരക്കാർ, സീറ്റിലിരുന്നുതന്നെ പരലോകം പ്രാപിച്ചുപോകും.
ഓർലന്റോയിലെ മൂന്നാം ദിവസം. അമേരിക്കയിലെത്തിയിട്ട് ഏഴു ദിവസം തികയുന്നു. ഇവിടെ നിരവധി കാഴ്ചകൾ നമ്മെ കാത്തിരിക്കുന്നു. ഏറ്റവും പ്രധാനം EPCOT സെന്റർ സന്ദർശനമാണ്.
ഒരു പകൽമുഴുവൻ ഈ സെന്ററിനുള്ളിലാവും ചെലവഴിക്കുക, അത്രയുണ്ട് അതിനുള്ളിലെ കാഴ്ചകൾ. ടിക്കറ്റ് നിരക്കും മോശമല്ല, ഒരാൾക്ക് 60 ഡോളർ (2700 രൂപ)
EXPERIMENTAL PHOTOTYPE COMMUNITY OF TOMORROW'' എന്നതിന്റെ ചുരുക്കപ്പേരാണ് EPCOT എന്നത് അത്യാധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ വെളിച്ചത്തിൽ നാളെയുടെ പുരോഗതിയും വികാസവും പരിഷ്കാരവും വിലയിരുത്തുന്ന വിജ്ഞാനപ്രദങ്ങളായ പരിപാടികളാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. നാളത്തെ ലോകം എന്തെന്ന് വിഭാവന ചെയ്യുകയാണിവിടെ. ഡിസ്നിലാന്റിൽ 3ഡി ഫിലിം ആണ് കണ്ടതെങ്കിൽ, വ്യത്യസ്തമായ മൂന്ന് 4ഡി ഫിലിംകളാണ് ഇവിടെ വിവിധ തിയേറ്ററുകളിൽ കാണാനിടവന്നത്.
'World Show case' എന്ന പേരിൽ 9 ലോകരാജ്യങ്ങളുടെ അതിവിശാലമായ സ്റ്റാളുകൾ ഇവിടെയുണ്ട്. അവയിൽ ചൈനയുടെ സ്റ്റാൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നു. ചൈനയുടെ പരമ്പരാഗതവും ആധുനികവുമായ എല്ലാ നേട്ടങ്ങളുടെയും പരിഷ്കാരങ്ങളുടെയും വിവിധരൂപത്തിലുള്ള പ്രദർശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അവയിൽ ഏറ്റവും ആകർഷണീയവും ലോകത്ത് മറ്റെങ്ങും ആരും ഇന്നോളം കാഴ്ചവച്ചിട്ടില്ലാത്തതുമായ ഒരു പരിപാടിയുണ്ട്, 'Reflection Of China 'എന്നാണതിന്റെ പേര്. ഇതോടനുബന്ധിച്ച് Vision 360 Film എന്നൊരു 14 മിനിറ്റ് ഫിലിംഷോ പ്രദർശിപ്പിക്കപ്പെടുന്നു. വൃത്താകൃതിയിലുള്ള ഒരു കൂറ്റൻഹാളിൽ ചുറ്റും 3600- യിൽ ഒരു മുഴുനീള സ്ക്രീനുണ്ട്. ചുറ്റുപാടും സ്ക്രീൻ നിറഞ്ഞുനിൽക്കെ, അതിലൂടെയൊരു മുഴുനീള ചലച്ചിത്രം. ആ ഹാളിൽ ഏതെങ്കിലും ഒരു ദിശയിലേയ്ക്ക് ഇരിപ്പിടങ്ങളില്ല, കാണികൾ നിന്നുകൊണ്ടാണ് കാണേണ്ടത്. ചുറ്റും സ്ക്രീനാണല്ലോ, എവിടേയ്ക്കും നോക്കാം.
ഈ ഫിലിംഷോ തീർച്ചയായും കാണേണ്ട ഒരു കാഴ്ചതന്നെയാണ്. പുരാതന ചൈനയുടെ പൗരാണികാചാരങ്ങൾ തുടങ്ങി, ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയുടെ വൻമതിലും കടന്ന്, ഫിലിംഷോയുടെ ഇതിവൃത്തം ആധുനിക ചൈനയുടെ അസാമാന്യമായ ശാസ്ത്രസാങ്കേതിക നേട്ടങ്ങളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇടയ്ക്കൊരിക്കൽ ചുറ്റും കരകാണാക്കടൽ ദൃശ്യമാവുന്ന ഒരു രംഗമുണ്ട്. കാണികൾക്ക് അപ്പോൾ ഒരു കപ്പലിൽ സഞ്ചരിക്കുന്ന യഥാർത്ഥപ്രതീതി തന്നെ അനുഭവപ്പെടുന്നു. കപ്പൽ, കാറ്റിലും കടലലകളിലും ഇളകിമറിയുമ്പോൾ, നാമും അതിലകപ്പെട്ടു ചായുകയും ചരിയുകയും ചെയ്യുന്ന പ്രതീതി.
ഒരുകാലത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് ചിന്തകളോട് കഠിനമായ വിയോജിപ്പും ആ രാജ്യത്തോട് ഒടുങ്ങാത്ത ശത്രുതയും ഉണ്ടായിരുന്ന അമേരിക്ക, ഇന്ന് എല്ലാ രംഗങ്ങളിലും ചൈനയെ അംഗീകരിച്ചതായി, ഞങ്ങൾ അവിടെ വിവിധ വ്യാപാരകേന്ദ്രങ്ങളിൽ ഷോപ്പിങ്ങിന് കയറിയപ്പോൾ കണ്ടു. പല പ്രധാന പട്ടണങ്ങളിലും ചൈനാമാർക്കറ്റുകളുണ്ടായിരുന്നു. അമേരിക്കയിലുടനീളം വലുതും ചെറുതുമായി വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഏതു സാധനമെടുത്താലും അവയൊക്കെ ചൈനീസ് നിർമ്മിതമാണെന്നു കാണാം. എന്തിന്, ഈ അമേരിക്കൻ യാത്രയുടെ ഓർമ്മയ്ക്കായി, ഒരു സുവനീർ എന്ന നിലയിൽ ചെറിയ ഒരു അമേരിക്കൻഫ്ലാഗ് വാങ്ങിയപ്പോൾ അതിന്റെ തുണിയുടെ വശത്തും അടിച്ചിരിക്കുന്നു. "Made in China' എന്ന്. ഡിസ്നി വേൾഡിലെ നിരവധി സുവനീർ ഷോപ്പുകളിൽ നിരത്തിവച്ചിരുന്ന കാർട്ടൂൺ കഥാപാത്രങ്ങളായ പാവകൾ, നിർമ്മാണത്തിൽ വളരെ കൃത്യതയും ഗുണനിലവാരവും ഭംഗിയും ഉള്ളവയാണവ, മുഴുവൻ ചൈനീസ് നിർമ്മിതമെന്നു കണ്ടു. നമ്മുടെ നാട്ടിൽ കിട്ടുന്ന ചൈനീസ് സാധനങ്ങളെപ്പറ്റി ഞാനപ്പോൾ ഖേദപൂർവ്വം ഓർത്തു. തീരെ ഗുണനിലവാരം കുറഞ്ഞ ഏതെങ്കിലും ഒരു ഉൽപ്പന്നം നമ്മുടെ വ്യാപാരശാലകളിൽ കണ്ടാൽ നമുക്ക് ഊഹിക്കാം അതു ചൈനീസ് ആണെന്ന്. ചൈനീസ് സാധനം എന്നു കേട്ടാൽ നാം അതിനു കേവലം മൂന്നാം സ്ഥാനമാണ് നാട്ടിൽ ഇപ്പോൾ കൽപ്പിക്കുന്നത്.
എന്താണീ വ്യത്യാസത്തിനു കാരണം. ഗുണനിലവാരപരിശോധന ഒരു ഉൽപ്പന്നത്തിനും വേണ്ടനിലയിൽ ഇല്ലാത്ത രാജ്യമാണ് നമ്മുടേത്. എത്ര മോശം സാധനം ഉൽപ്പാദിപ്പിക്കാനും ഇറക്കുമതി ചെയ്യാനും അവ ഉപഭോക്താക്കളിൽ അടിച്ചേൽപ്പിക്കാനും നമ്മുടെ നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും മടിയില്ല. ഗവണ്‍മന്റാകട്ടെ ഈ വിഷയത്തിൽ ശ്രദ്ധിക്കുന്നുമില്ല. നല്ല സാധനങ്ങൾ അതിനനുസരിച്ചുള്ള വില കൊടുത്തു വാങ്ങാനുള്ള മനസ്സും കഴിവും നമ്മുടെ ഉപഭോക്താക്കൾക്കുമില്ല. അതൊക്കെക്കൊണ്ട്തന്നെ ചൈനയിലെ ഏഴാംകിട ഉൽപ്പന്നങ്ങളാണ് ഇൻഡ്യൻ വിപണികളിൽ അരങ്ങുവാഴുന്നത്. അമേരിക്കയിലാകട്ടെ, ഒരു മൊട്ടുസൂചി ഇറക്കുമതി ചെയ്താലും, ഗവണ്‍മന്റ് അതിന്റെ ഗുണനിലവാരം ഉറപ്പാക്കിയിട്ടേ വിപണനത്തിനനുവാദം നൽകൂ. അമേരിക്കൻ മാർക്കറ്റിൽ കണ്ട മിക്ക ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ചൈനീസ് നിർമ്മിതമാണെന്നു ഞങ്ങൾ കണ്ടെത്തി. റോഡിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങളധികവും ജപ്പാൻ നിർമ്മിതവും.
വിവിധ സമ്പന്നപാശ്ചാത്യ രാജ്യങ്ങളിലെ നാണയത്തിന്റെ ആഗോളനിലവാരമനുസരിച്ച് ഓരോ വസ്തുവിന്റെയും അവിടത്തെ വില വളരെ കൂടുതലാണെന്ന് തോന്നും, വാങ്ങിക്കാൻ മനസ്സനുവദിക്കുകയുമില്ല. മൂന്ന് രൂപയ്ക്ക് നാട്ടിൽ ഒരു ചായ കിട്ടുമെങ്കിൽ, അമേരിക്കയിലത് മൂന്ന് ഡോളറാവും, 45 ഇരട്ടി. ലളിതമായി പറഞ്ഞാൽ നാട്ടിൽ നമുക്ക് ഒരു രൂപ ചിലവഴിക്കേണ്ടി വരുന്ന സ്ഥാനത്ത് അമേരിക്കയിൽ ഒരു ഡോളർ തന്നെ മുടക്കേണ്ടി വന്നേക്കാം.
പലരും പറയാറുണ്ട്, അയാൾക്ക് അമേരിക്കയിൽ വലിയ വരുമാനമാണ്, ഒരു ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം എന്നൊക്കെ. വളരെ വലിയ ഒരു തുകയാണിതെന്നു നമുക്ക് തോന്നാം. വെറും ഒരു സാധാരണക്കാരന്, അമേരിക്കയിൽ ശരാശരിയിൽ താഴ്‌ന്ന നിലവാരത്തിൽ ജീവിക്കാൻ പോലും മാസം 1500 മുതൽ 2000 ഡോളർ വരെ വേണ്ടിവരും, സുമാർ ഒരുലക്ഷം രൂപ. അയാൾക്ക് പിന്നെ എന്തു മിച്ചമാണുണ്ടാവുക. എന്നാൽ ചെലവു നന്നേ ചുരുക്കി, എങ്ങിനെയെങ്കിലും അൽപ്പം ഡോളർ മിച്ചം വയ്ക്കാൻ ശ്രമിച്ചാൽ, ഇൻഡ്യയിലേയ്ക്കതയച്ചാൽ, ഇവിടെ അത് വലിയൊരു തുകയാവും, സമ്പാദ്യവുമാവും.
പാശ്ചാത്യദേശങ്ങളിലേയ്ക്ക് യാത്ര നടത്തുന്ന ഓരോ ഏഷ്യക്കാരനും ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടുകൾ യാത്രച്ചെലവിന്റെയും മറ്റും കാര്യത്തിൽ നേരിടുന്നുണ്ട്. ഇവിടെനിന്നും കഷ്ടപ്പെട്ടു സമ്പാദിക്കുന്ന രൂപ കൊടുത്ത് വാങ്ങുന്ന ഡോളറുമായി അവിടെചെന്നാൽ, നമുക്ക് എല്ലാം അമിത വിലകൊടുത്തു വാങ്ങുന്നുവേന്ന തോന്നലുണ്ടാവും. പാശ്ചാത്യർക്ക് ഇവിടെ വരുമ്പോൾ ഈ അവസ്ഥ നേരേ തിരിച്ചാണ്. അവിടത്തെ സാധാരണക്കാരായ സായ്പ്പന്മാർ പോലും നമ്മുടെ നാട്ടിൽ വരുമ്പോൾ വലിയ ഹോട്ടലുകളിൽ തങ്ങാൻ മടിക്കാത്തതിന്റെ രഹസ്യം ഇതാണ്. അമേരിക്കയിൽ മൂന്നു ഡോളറിന് ഒരു ചായ കുടിക്കേണ്ടി വരുമ്പോൾ, ഒരു പാശ്ചാത്യന് അതേ തുകകൊണ്ട് ഇവിടെ മൂന്നു ദിവസത്തെ ഭക്ഷണം കഴിക്കാൻ കഴിയും.
നമ്മുടെ ഇൻഡ്യൻ രൂപയ്ക്ക് തീരെ വിലയില്ല എന്നു പറയാൻ വരട്ടെ, നമ്മുടെ നാണയത്തിനു ചെറിയൊരു ഡോളർ പരിവേഷം കൽപ്പിക്കപ്പെടുന്ന അപൂർവ്വം ചില രാജ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്, ചില അയൽ രാജ്യങ്ങൾ. ഉദാഹരണം നേപ്പാൾ. നേപ്പാളിൽ നമ്മുടെ ഒരു ഇൻഡ്യൻ ഉറുപ്പികയ്ക്ക് രണ്ടു നേപ്പാളി രൂപ കിട്ടും. ഇവിടെനിന്നും നേപ്പാൾ സന്ദർശനത്തിനു പോയപ്പോൾ, അൽപ്പം ലാവിഷായിട്ടുതന്നെ ഞങ്ങൾ ചെലവുചെയ്തുവേന്നത് മറക്കുന്നില്ല.
pho; 9895180442