Wednesday, March 10, 2010




r manu



(മഹാഭാരതയുദ്ധത്തിനുശേഷം യുദ്ധത്തിൽ വീരചരമം പ്രാപിച്ച സ്വബന്ധുക്കൾക്കായ്‌ പിതൃതർപ്പണം ചെയ്യാനെത്തുന്ന യുധിഷ്ഠിരനോട്‌ കർണ്ണനുവേണ്ടി പിതൃക്രിയ ചെയ്യാൻ കുന്തി ആവശ്യപ്പെടുന്നു. മനഃസ്താപത്തോടു കൂടി ബലിതർപ്പണം ചെയ്ത ധർമ്മപുത്രർ ഒരു പക്ഷെ അപ്പോൾ സൂര്യപുത്രനായ സ്വന്തം ജ്യേഷ്ഠൻ കർണ്ണനായ്‌ തർപ്പണം ചെയ്യുന്ന ബലി സ്വീകരിക്കുവാൻ സാക്ഷിയായ കർണ്ണപിതാവ്‌ സൂര്യദേവനോട്‌ മാപ്പ്‌ ചോദിച്ചായിരിക്കാം.)

ഹേ സൂര്യ, ഈ വാൽക്കിണ്ടി നിറയും
നിന്റെയുഗ്ര തീക്ഷ്ണഛായ പോലും
നേർക്കുനേർ നിന്നു വന്ദിക്കുവാൻ
ഭയക്കുന്നുവീ, ധർമ്മാത്മജൻ

സ്വഗ്രഹണ സാന്ദ്രമിരുൾ പെയ്തു
പാർത്ഥാസ്ത്ര മുന മറയ്ക്കാഞ്ഞതെന്തെ നീയിന്നലെ?
സർവ്വംസഹാശ്രയ കരുത്താർന്നെരിഞ്ഞു
പുത്രവിയോഗക്കനലാർത്തനേത്ര,
ഗ്നിയാലെല്ലാം ദഹിപ്പാഞ്ഞതെന്തെ നീ?

നിന്റെ രഥചക്രമുരുളും വഴികളിൽ
നാമ്പിട്ട ജീവിതങ്ങൾ തളിർത്ത യാര്യാ-
വർത്ത മഹാഭൂവിലിനിയുമെന്തിനു
ദയദാന കനിവു തെളിനീരുറവകൾ?....

വസുധയെപ്രണയിച്ചു കുന്തിയിൽ
നീയരുളിയ പിതൃത്രാണബന്ധമതു
മുറിപ്പതിന്നായ്‌ കപടവേഷാചാരേ
തീക്ഷ്ണപ്രഭോജ്വല കവചം കവർന്ന
പിതൃവംശരാജാപരാധത്തിനായ്‌
മാപ്പുചോദിക്കുന്നു ഹേ സൂര്യ

കരിവണ്ടു കുത്തിയ മനസ്സിൽ
മുറിവേറ്റ പാദസ്വനമരുതാതെ
ഭൃഗുരാമ ഗുരുശയനഭംഗമരുതാതെ
മുനിശ്ശാപ വചസ്സുകൾ ശിരസ്സേറി
ക്ഷത്രകുല കരങ്ങളിലംഗരാജ
സാമന്ത കിരീടദാനമേറ്റുവാങ്ങി
വാക്കുകൾ തീർത്ത ശരശയ്യയിൽ
രാധേയനായ്‌ വീണുപോയരങ്കം.

ശത്രുവായ്‌ കനിഷ്ഠന്റെ പോർവിളി
നെഞ്ചിൽ ഗാണ്ഢീവ ഞാണൊലിയായ്‌
പുത്രജീവന്നിരന്ന കുന്തീ കരങ്ങളിൽ
ബലിടാന സ്വജീവിതമേകിയ
ശ്രേഷ്ഠാര്യപുത്രനായ്‌ തർപ്പണം ചെയ്യുമീ
ദർഭയുമെള്ളും പൂവും ജപതീർത്ഥ
മന്ത്ര നമസ്കാരങ്ങളും നീ സാക്ഷി
നിറയുമീയിളവെയിലിൽ നേദിയ്ക്കുന്നു, ഹേ സൂര്യ.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.