Wednesday, March 10, 2010



thomas neelarmatham


ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ നിന്നിറങ്ങാൻ കുറച്ചു വൈകി. വൈറ്റിലയിൽ എത്തിയപ്പോഴേക്കും ആറുമണി കഴിഞ്ഞു. എങ്ങനെ വീട്ടിലെത്തും എന്ന ആധിയോടെ റോഡരുകിൽ നിൽക്കുമ്പോൾ എന്റെ തൊട്ടുമുന്നിൽ ഒരു ഫോർ രജിസ്ട്രേഷൻ കാറുവന്നു നിന്നു. എങ്ങോട്ടേക്കാ
ഹരിപ്പാടിന്‌
ഡ്രൈവർ ഡോറ്‌ തുറന്നുതന്നു.
എനിക്കാശ്വാസമായി, വളരെ അപൂർവ്വമായി ഇങ്ങനെയുള്ള ചില ഭാഗ്യങ്ങൾ എന്നെപ്പോലെയുള്ള ദീർഘ ദൂരയാത്രക്കാരെ അനുഗ്രഹിക്കാറുണ്ട്‌. കൊച്ചിയിലെ ഷോർറൂമിൽ നിന്നും തിരുവനന്തപുരം ഷോർറൂമിൽ എത്തിക്കേണ്ട കാറാണ്‌. ചിലരൊക്കെ ബസ്സ്‌ കാത്തു നിൽക്കുന്ന യാത്രക്കാരെ കൂടി കയറ്റും. ബസ്സ്‌ ചാർജ്ജ്‌ കൊടുത്താൽ മതി.
കാറിന്റെ മുൻ സീറ്റിലിരിക്കുമ്പോഴാണ്‌ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചതു. ആലപ്പുഴ റൂട്ടിലേക്ക്‌ പോവാൻ കുറേ ആൾക്കാർ സ്റ്റാന്റിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹം എന്നെ മാത്രമേ കയറ്റിയുള്ളു.
വേഷത്തിലും ഭാവത്തിലും യോഗ്യത തോന്നിക്കുന്ന മനുഷ്യനായിരുന്നു ഡ്രൈവർ. യാത്രക്കിടയിൽ ഒരു പരിചയപ്പെടൽ പതിവുള്ളതാണ്‌. ഞാനതിന്‌ തുടക്കമിട്ടു. വീട്‌ ഹരിപ്പാടിന്‌ അടുത്താണെന്നും ഹയർ സെക്കണ്ടറി അദ്ധ്യാപകനാണെന്നും പറഞ്ഞു.
കമ്പനിയുടെ സ്ഥിരം ഡ്രൈവറാണോ
ഞാൻ ചോദിച്ചു.
അല്ല ഞാനൊരു ഏജൻസിയുടെ കീഴിലാണ്‌. ഷോർറൂമിലേക്ക്‌ ഡ്രൈവർമാരെ ആവശ്യമുള്ളപ്പോൾ വെളിയിൽ നിന്ന്‌ വിളിക്കുകയാണ്‌ പതിവ്‌.
ഒരു ഏജൻസിയുടെ കീഴിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ആൾക്ക്‌ തുച്ഛമായ വരുമാനം മാത്രമേ കാണൂ. എന്നിട്ടും രണ്ടുമൂന്നു യാത്രക്കാരെ കൂടി കയറ്റാത്തതെന്തേയെന്ന്‌ ഞാനയാളോടു ചോദിച്ചു.
ഞാൻ സാധാരണ ഒന്നോ രണ്ടോ പേരെ മാത്രമേ കയറ്റാറുള്ളു.
ഈ ജോലിയായിട്ട്‌ എത്ര നാളായി.
രണ്ടു വർഷം ആകുന്നു.
അതിനുമുമ്പ്‌
മറ്റൊരു ജോലിയുണ്ടായിരുന്നു. റിട്ടയർ ചെയ്തപ്പോൾ ഈ ജോലി കിട്ടി.
അതേ തുടർന്ന്‌ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി.
കൊച്ചിയിലെ വളരെ പ്രശസ്തമായ കുടുംബത്തിലെ അംഗങ്ങളാണ്‌ അദ്ദേഹം. കെ.എസ്‌.ആർ.ടി.സിയിൽ മോട്ടിവേറ്റീവ്‌ ഇൻസ്പെക്ടർ ആയി ജോലി ചെയ്ത വ്യക്തി. രണ്ട്‌ ആൺമക്കളിൽ മൂത്തയാൾ എം.ബി.എ കഴിഞ്ഞ്‌ ഓസ്ട്രേലിയയിൽ ഉയർന്ന പദവിയിൽ ജോലി. ആ മകന്റെ ഭാര്യ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർ. ഇളയമകൻ എഞ്ചിനീയറിംഗ്‌ കഴിഞ്ഞ ഉടനെ കൊച്ചിയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലിനേടി. സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ഭാര്യയും ഇദ്ദേഹവും മാത്രം വീട്ടിൽ.
ഒമ്പതിനായിരത്തിലധികം രൂപ പെൻഷൻ കിട്ടുന്ന ഗസറ്റഡ്‌ റാങ്കിൽ ജോലി ചെയ്തിരുന്ന ഒരാൾ! കുടുംബത്തിൽ മറ്റ്‌ യാതൊരു പ്രാരാബ്ധങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലാത്ത വ്യക്തി. കൊച്ചിയിൽ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ ഏകദേശം 70 രൂപ വിലമതിക്കുന്ന 14 സെന്റു സ്ഥലത്തിന്റേയും അതിൽ വച്ചിരിക്കുന്ന മനോഹരമായ ഒരു വീടിന്റേയും ഉടമ.
വിശ്രമ ജീവിതം ആനന്ദകരമായി ഭാര്യാസമേതനായി ശിഷ്ടകാലം കഴിക്കേണ്ടുന്ന മനുഷ്യൻ എന്തിന്‌ ഈ അറുപത്തിരണ്ടാമത്തെ വയസ്സിലും കേവലം ഒരു ഏജൻസിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു?
പണത്തോടുള്ള ആർത്തികൊണ്ടാണോ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുമ്പോഴാണ്‌ എന്നെപ്പോലെ ഒരു പക്ഷെ നിങ്ങളും അത്ഭുതപരതന്ത്രരാകുന്നത്‌.
വിശക്കുമ്പോഴുള്ള ആഹാരത്തിനും അതിലളിതമായ വസ്ത്രധാരണത്തിനും മറ്റ്‌ അത്യാവശ്യ ചെലവുകൾക്കുമല്ലാതെ ഇദ്ദേഹം സ്വന്തം വരുമാനത്തിൽ നിന്നും സമ്പാദിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നില്ല. ജോലി ചെയ്തു കിട്ടുന്ന പണം ആവശ്യചെലവുകൾ കഴിച്ച്‌ ബാക്കി മുഴുവനും അനാഥാലയങ്ങൾക്കും തെരുവുകുട്ടികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രങ്ങളിലേക്കും എത്തിച്ചുകൊടുക്കുകയാണ്‌. ദാനം ചെയ്യുന്നതിനുവേണ്ടി ജോലി ചെയ്യുന്ന ഒരു വ്യക്തിയെ ഞാൻ ആദ്യം കാണുകയാണ്‌.
ഉന്നത ജീവിത നിലവാരമുള്ള കുടുംബപശ്ചാത്തലത്തിൽ നിന്ന്‌ ഇങ്ങനെയൊരു ജീവിതരീതി തെരഞ്ഞെടുത്ത ഇദ്ദേഹത്തോട്‌ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേക ആദരവും സ്നേഹവും ആണുള്ളത്‌. കേരളത്തിലെ ഒട്ടുമിക്ക അനാഥാലയങ്ങളിലും നേരിട്ട്‌ പണമായും ആഹാര പദാർത്ഥങ്ങളായും ഇദ്ദേഹത്തിന്റെ സംഭാവനകൾ തേടിച്ചെല്ലുകയാണ്‌. സംഘടനകളും പ്രസ്ഥാനങ്ങളും സാധാരണയായി സംഭാവനകൾ അന്വേഷിച്ച്‌ കണ്ടെത്തുമ്പോൾ ഇദ്ദേഹം സംഭാവനയുമായി അങ്ങോട്ടു ചെല്ലുന്നു. ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ശിശുഭവനിൽ ഈ വ്യക്തി നിത്യസന്ദർശകനും സഹകാരിയുമാണ്‌. ആരാലും ശ്രദ്ധിക്കപ്പെടാതെ, യാതൊരു പ്രശസ്തിയും പ്രതീക്ഷിക്കാതെ, സ്ഥാനമാണങ്ങൾ സ്വീകരിക്കാതെ ധാർമ്മിക ബോധം ഉയർത്തിയ സത്ചിന്തയുമായി ഇദ്ദേഹം ജീവിക്കുന്നു.
62-​‍ാം വയസ്സിലും ദീർഘദൂരം കാറോടിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ആരോഗ്യകരമായ യാതൊരു പ്രശ്നങ്ങളും തനിക്ക്‌ ഉണ്ടാകാത്തത്‌, താൻ അൽപമായെങ്കിലും സഹായിക്കുന്ന തെരുവുകുട്ടികളുടേയും അനാഥകുഞ്ഞുങ്ങളുടേയും പ്രാർത്ഥനയാലാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.
ഈ വേറിട്ട കാഴ്ചപ്പാടോടെ ജീവിക്കുന്ന എത്രപേർ സമൂഹത്തിലുണ്ട്‌? ദാനം ചെയ്യാൻ വേണ്ടി ജോലി ചെയ്യാൻ നമ്മളിൽ എത്ര പേർക്ക്‌ സാധിക്കും?
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.