Thursday, March 18, 2010jose mylan
Chapter- 1

അർദ്ധസുതാര്യമായി വീണുകിടക്കുന്ന മഞ്ഞിന്റെ മായായവനികയ്ക്കുള്ളിലൂടെ നിലാവിന്റെ കിരണങ്ങൾ ഒഴുകിയിറങ്ങുന്നു. മകരക്കുളിരല പേറിയ നേരിയ കാറ്റ്‌ താഴ്‌വാരങ്ങളിൽ നിന്നും പാലപ്പൂവിന്റെ മാദകസുഗന്ധം പേറിയെത്തുമ്പോൾ, പുഴയോരവും, പശ്ചാത്തലമിട്ട മലനിരകളും ഇന്ദ്രജാലങ്ങൾക്ക്‌ ചമച്ച വേദിപോലെ ഒരുങ്ങിയിരിക്കുന്നു. കൊള്ളിക്കുറവന്റെ നെഞ്ചംകിടുക്കുന്ന കൂവലും, വനഗഹനതയിലെ അതിന്റെ പ്രതിദ്ധ്വനിയും നിശ്ശബ്ദമായിരുന്ന രാവിന്‌ ഒരു ഭീകരപരിവേഷമണിയിക്കുന്നു. രാവിന്റെ പ്രഥമയാമത്തിന്‌ ഭീകരത പോരാഞ്ഞിട്ടെന്നവണ്ണം ശംഖൂരിക്കോട്ടയുട വിദൂര പശ്ചാത്തലത്തിൽ നിന്നും സൃഗാല വൃന്ദം ഓരിയിട്ടു തുടങ്ങി. പ്രകൃതിയുടെ പൊടുന്നനവേയുള്ള ഭാവപ്പകർച്ച ശ്രദ്ധിച്ചെന്നവണ്ണം ശംഖൂരിപ്പുഴക്കരയിലെ ഏറുമാടത്തിലിരുന്ന മദ്യപസംഘം നിശ്ശബ്ദരായി. പരസ്പരമെറിഞ്ഞ ചകിതമായ നോട്ടങ്ങളും ഭീതിയുടെ വ്യംഗ്യാർത്ഥം ധ്വനിക്കുന്ന മുഖങ്ങളും കണ്ട്‌ കാലിയായ ഗ്ലാസ്സ്‌ നീട്ടിക്കൊണ്ട്‌ ഒരു ചെറു ചിരിയോടെ വെടിക്കാരൻ തോമ ചോദിച്ചു...
?എന്താ എന്തുപറ്റി ??
ഗ്ലാസ്സു നിറച്ചുകൊടുത്തെങ്കിലും വാറ്റുകാരൻ കൊച്ചെക്കൻ മറുപടിയൊന്നും പറഞ്ഞില്ല. ഉത്തരമർഹിക്കാത്ത ചോദ്യമെന്നവണ്ണം കൂട്ടത്തിലുണ്ടായിരുന്ന ഒന്നുരണ്ടു കാരണവന്മാർ കൊച്ചെക്കനു പൈസ കൊടുത്ത്‌ ഇരുളിലേക്കിറങ്ങി ധൃതഗതിയിൽ മറഞ്ഞു. അതു കണ്ട ചെറുപ്പക്കാരും പോകാനുള്ള ഒരുക്കമാരംഭിച്ചു.
?ഇന്ന്‌ നായാട്ട്‌ ശംഖൂരിക്കോട്ടയുടെ അടുത്താ. അവിടാകുമ്പം ഇഷ്ടംപോലെ ഉരുക്കളുണ്ടാകുമെന്ന്‌ പറഞ്ഞു കേട്ടു. ....?
മടിയിൽ കുറുകെ വച്ചിരുന്ന തോക്ക്‌ തലോടിക്കൊണ്ട്‌ തോമ വീണ്ടും ഒരു പ്രസ്താവന നടത്തി.
?വേണ്ട തോമാച്ചേട്ടാ... ? വിൽപ്പനക്കാരൻ കൊച്ചെക്കൻ വിലക്കി. ?നിങ്ങളിവിടെ പുതിയ ആളായതു കൊണ്ട്‌ പറയുകയാ... ശംഖൂരിക്കോട്ടയുടെ അടുത്ത്‌ പകൽ പോലും പോകില്ല ആരും. ഇന്നാണെങ്കിൽ വെള്ളിയാഴ്ചയും...
കൊച്ചെക്കൻ വാചകം പൂർത്തീകരിക്കുന്നതിനു മുൻപ്‌ തന്നെ ഒരു പരിഹാസച്ചിരിയോടെ വെടിക്കാരൻ തോമ ഏറുമാടത്തിൽ നിന്നും ചാടിയിറങ്ങി. ചെറുപ്പക്കാർക്ക്‌ അയാളുടെ പ്രകടനം തീരെ രസിച്ചില്ലെങ്കിലും അവരൊന്നും പറയാൻ പോയില്ല.
പഴയ പട്ടാളക്കുപ്പായത്തിന്റെ പോക്കറ്റിൽ നിന്നും ബീഡിയെടുത്ത്‌, തണുപ്പകറ്റാൻ താഴെക്കൂട്ടിയിട്ടു കത്തിച്ചിരുന്ന വിറകുമുട്ടിയിൽ നിന്നും ബീഡിക്ക്‌ തീപിടിപ്പിച്ചു അയാൾ.
?പേടിത്തൂറികളാ ഇവിടെ എല്ലാ അവന്മാരും. നിങ്ങടെ നാട്ടില്‌ ആണുങ്ങളില്ലാത്തതിന്‌ തോമാ എന്തു പിഴച്ചു?
ആരും മറുപടി പറഞ്ഞില്ല. കീശയിൽ നിന്നും പൈസ എടുത്ത്‌ അയാൾ നീട്ടി.
?ഒരു കേഴേനെ എങ്കിലും ഒതുക്കിക്കൊണ്ടേ തോമ വരൂ.....മുളകരച്ച്‌ റഡിയാക്കി വച്ചോ...? ഹെഡ്‌ ലൈറ്റ്‌ തലയിൽ വച്ച്‌ ഒരു മൂളിപ്പാട്ടോടെ അയാൾ കാട്ടിലേക്കു നടന്നു.
?തോമാച്ചേട്ടാ ....?. ചകിതമായ ശബ്ദത്തിൽ കൊച്ചെക്കൻ പിൻവിളി വിളിച്ചു.
?പോട്ടടാ കൊച്ചെക്കാ... കേക്കാത്തവൻ കൊള്ളുമ്പം പഠിച്ചോളും? കള്ളൻ വേലു ഗ്ലാസ്സ്‌ കാലിയാക്കിക്കൊണ്ട്‌ ഉപദേശിച്ചു.
?കൊണ്ടു കഴിഞ്ഞിട്ട്‌ ബാക്കിയുണ്ടാവില്ലല്ലോ ഈശ്വരാ മുഖത്തൊന്നു നോക്കി ചോദിക്കാൻ....?
?പറവായില്ലൈ......... വിട്ടിട്‌ ഉങ്കളുക്കെന്ന.....? കൂട്ടുകാരോടൊപ്പം പോകാനിറങ്ങിയ പളനിച്ചാമി പൈസ കൊടുത്തു.
?ഇനി നിൽക്കുന്നത്‌ ശരിയല്ല... നമുക്കും വിട്ടാലോ...?വേലുവിന്റെ ആഹ്വാനം തത്വത്തിൽ കൊച്ചെക്കൻ അംഗീകരിച്ചു. ബാക്കിവന്ന വാറ്റുചാരായം കന്നാസു സഹിതം എടുത്തുകൊണ്ട്‌ വേലുവിനോടൊപ്പം അവനും താഴെയിറങ്ങി, കെട്ടിവച്ചിരുന്ന ചൂട്ടുകറ്റകളെടുത്ത്‌ ആഴിയിൽ നിന്നും തീപ്പിടിപ്പിക്കുമ്പോൾ ശംഖൂരിക്കോട്ടയുടെ പശ്ചാത്തലത്തിൽ നിന്നും രാത്രിസഞ്ചാരികളുടെ പൈശാചികാരവങ്ങൾ ഉയർന്നു കേട്ടു. ഭയം ഒരു തണുപ്പുപോലെ മെയ്യിൽപ്പടർന്ന്‌ രോമാഞ്ചം വിരിയിച്ചു. ഈ ഗൃഹാതുരത്വം കലർന്ന ഭയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പിറവി മുതലേ ഓരോ ശംഖൂരി നിവാസികളുടെയും ഉള്ളിൽ മുലപ്പാലിനൊപ്പം പടർന്നു കയറിയതാണ്‌. ഇടവഴിയിലൂടെ ധൃതഗതിയിൽ നടക്കുമ്പോഴും ശ്രദ്ധിച്ചാണ്‌ ഓരോ അടിയും എടുത്തു വച്ചതു. ശംഖൂരി പാമ്പുകളുടെ ആവാസകേന്ദ്രമാണ്‌. കൊടും വിഷമുള്ള വെമ്പാല മുതൽ ശംഖുവരയൻ വരെ ഏതുനിമിഷവും മുൻപിൽ ചാടിയേക്കാം. അടുത്തെവിടെ നിന്നോ ഒരു രാപ്പുള്ളിന്റെ പേടിപ്പിക്കുന്ന കൂവൽ കേട്ടു. ഞെട്ടിപ്പോയി !.
കള്ളൻ വേലുവിന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നത്‌ ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ ശ്രദ്ധിച്ചു. പല്ലുകൾ കൂട്ടിയിടിക്കുന്നതല്ലാ, ഭയമകറ്റാൻ അർജ്ജുനപ്പത്ത്‌ ചൊല്ലുകയാണയാൾ. അർജ്ജുന... ഫൽഗുന പാർത്ഥകിരീടി..
കാടിനാകെ പാലപ്പൂവിന്റെ ഗന്ധമാണ്‌. ഒരു പൈശാചികതയുടെ സ്പർശവും. ഇരുളിലേക്കു കടന്നതു മുതൽ വേണ്ടിയിരുന്നില്ല എന്ന തോന്നലാണ്‌ മുന്നിട്ടു നിന്നിരുന്നത്‌. വാറ്റുകാരന്റെ താക്കീത്‌ ഒരപശകുനം പോലെ പൈന്തുടരുന്നു. എത്ര കാടുകളിൽ വേട്ടയാടിയിട്ടുണ്ട്‌. ഏതിരുളും തനിക്ക്‌ പുത്തരിയല്ല. ആദ്യമാണ്‌ ഇത്തരത്തിലൊരു ഭീതി. മുൻപിൽ എന്തോ ചാടിയോടുന്നതുകേട്ട്‌ ഞെട്ടിപ്പോയി. ഹെഡ്ലൈറ്റ്‌ തെളിച്ചു. ഒരു കറുത്ത രൂപം മിന്നായം പോലെ കണ്ടു. കാട്ടുപന്നിയാണെന്ന്‌ ഉറപ്പ്‌. തോക്കുകെട്ടിയ ഒരു കാട്ടുപന്നി ഈ ശംഖൂരിക്കാട്ടിലുണ്ടെന്ന്‌ ചായക്കടക്കാരൻ പറഞ്ഞതോർമ്മ വന്നു. പലരും വെടിവച്ചിട്ടു വീഴാത്ത ഒരൊറ്റയാൻ. ആവേശത്തോടെ അതിനെ പൈന്തുടർന്നു. കുത്തനെ മലമുകളിലേക്കാണ്‌ അതിന്റെ ഓട്ടം. ഭീതിയെല്ലാം പമ്പ കടന്നു. എത്ര നേരം പൈന്തുടർന്നു എന്നറിയില്ല. പെട്ടെന്ന്‌ അതിനെ കാണാതായി. മടുത്തുപോയി. കിതപ്പകറ്റാൻ ഒരു പാറക്കല്ലിന്മേലിരുന്നു. ഒരു ബീഡികത്തിച്ച്പരിസരം ശ്രദ്ധിച്ചപ്പോഴാണ്‌, ഇരുവിൽക്കുളിച്ച്‌ നിൽക്കുന്ന പൗരാണിക ഗംഭീരമായ, ചെകുത്താൻ കൊട്ടയെന്നു കേൾവികേട്ട, ശംഖൂരിക്കോട്ടയുടെ അരികിലാണെന്നു മനസ്സിലായത്‌. നെഞ്ചിലൂടെ ഒരിടിമിന്നൽ പാഞ്ഞു. ശംഖൂരിക്കോട്ട ! ഭീകരതയുടെ പരിവേഷമണിഞ്ഞ്‌ കഥകളിൽക്കേട്ടിട്ടുള്ള ചെകുത്താൻകോട്ട!
പൊടുന്നനവേ ഇലകൾ ഞെരിയുന്ന ശബ്ദം അധികം അകലെ നിന്നല്ലാതെ കേട്ടു. തെളിഞ്ഞ ഹെഡ്‌ ലൈറ്റിന്റെ പ്രകാശത്തിൽക്കുളിച്ച്‌ അതുനിന്നു. ഒരു കാളക്കുട്ടിയുടെ അത്ര വലിപ്പമുള്ള ഒറ്റയാൻ!.. ചെറിയ ആനക്കൊമ്പിന്റെ വലിപ്പമുള്ള തേറ്റ വരെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ വ്യക്തമായിക്കണ്ടു. നെഞ്ചത്ത്‌ ചേർന്ന തോക്കിന്റെ ട്രിഗർ വലിഞ്ഞു. ആർത്തനാദത്തോടെ പിടയുന്ന ഉരുവിലേക്ക്‌ ഡബിൾ ബാരൽ ഗണിന്റെ അടുത്ത നിറയും ഒഴിച്ചു. അത്‌ ഒന്നുകൂടി പിടഞ്ഞു നിശ്ചലമായി. മലനിരകളിൽ വെടിയൊച്ച പ്രതിധ്വനിക്കുന്നത്‌ വിജയത്തിന്റെ സംതൃപ്തിയോടെ കേട്ടു. ഇഷ്ടം പോലെ ഇറച്ചിയുണ്ട്‌. അത്യാവശ്യത്തിനെടുത്ത്‌ ബാക്കി ണല്ലോരു തുകയ്ക്കു വിൽക്കാം.
ചന്ദ്രക്കലയെ പൊതിഞ്ഞിരുന്ന മേഘങ്ങൾ ഒഴിഞ്ഞു മാറിയിട്ടാവാം നല്ല നിലാവെട്ടം പരന്നു. കോട്ടയ്ക്കുള്ളിൽ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു.അതിനെല്ലാം മുകളിൽ ഒരു സീൽക്കാരശബ്ദം പ്രതിധ്വനിക്കുന്നു!. ഭയപ്പെടുത്തുന്ന ശബ്ദം.. നിലാവിനെ മറച്ച്‌ പിന്നിലെ കോട്ടയിൽ നിന്നും എന്തോ ഉയർന്നു വരുന്നത്‌ മുമ്പിലത്തെ നിഴലിൽ വ്യക്തമായിക്കണ്ടു. പെരുവിരൽ മുതൽ ഭീതിയുടെ തണുത്ത സ്പർശം അരിച്ചു കയറി. തുള്ളികുത്തി വിയർത്തുപോയി. ഭയംമൂലം അനങ്ങാൻ പോലുമാകുന്നില്ല. എല്ലാ പുണ്യവാളന്മാരെയും വിളിച്ച്‌ പിമ്പിലേക്ക്‌ തലതിരിച്ചു നോക്കി.
ഭയാനകമായ ഒരാർത്തനാദം തൊണ്ടയിലമർന്നുപോയി. നിമിഷാർദ്ധത്തിൽ കോട്ടയുടെ മുകളിലുയർന്ന രാക്ഷസാകാരമായ സർപ്പരൂപം കിടിലം കൊള്ളിക്കുന്ന സീൽക്കാര ശബ്ദത്തോടെ ഉയർന്നു താഴ്‌ന്നു. ജ്വലിക്കുന്ന കണ്ണുകളിൽ നിന്നും അഗ്നിവമിക്കുന്നു!. നരകകവാടം പോലെ ഭീകരമായ ആ വായ്തുറക്കുന്നു!. പന്നിത്തേറ്റയുടെ വലിപ്പമുള്ള വിഷപ്പല്ലുകൾ എഴുന്നു വരുന്നു. അടുത്തനിമിഷം ശംഖൂരിപ്പിശാചിനെ പുഛിച്ചു തള്ളിയ വെടിക്കാരൻതോമയുടെ ശരീരം കരാളമായ ആ സർപ്പത്തിന്റെ വായിലമർന്നു. പിടയ്ക്കുന്ന ആ രൂപത്തെ ഗ്രസിച്ചുയർന്ന സർപ്പം ശംഖൂരിക്കോട്ടയുടെ ഇരുൾഗഹനതയിലേക്ക്‌ മിന്നൽ പോലെ ഊളിയിട്ടു. കോട്ടയ്ക്കുള്ളിൽ പടർന്നു പന്തലിച്ചു നിന്ന വൃക്ഷശാഖകളിൽ നിന്നും ഇരുൾക്കീറുകളെന്നപോലെ ആയിരമായിരം കടവാതിലുകൾ ചിറകടിച്ച്‌ പറന്നുയർന്നു. കോട്ടയ്ക്കു വെളിയിൽ നിന്നും കുറുനരികളുടെ ഓരിയിടൽ താഴ്‌വാരങ്ങളിലേക്ക്‌ മരണ സന്ദേശവുമായെത്തി.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.