Thursday, March 18, 2010

rajanandini with girish puhenchery and mammootty
with girish puthenchery and child


ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗം ഒരു ഞെട്ടലോടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളു. ആറാം തീയതി ആശുപത്രിയിൽ ആകുന്നതിന്‌ രണ്ടുദിവസം മുമ്പ്‌ ഞങ്ങൾ കണ്ടതാണ്‌. ശ്രീ.ശ്രീകുമാരൻതമ്പിയുടെ ഓടക്കുഴൽ അവാർഡുദാനച്ചടങ്ങിൽ പങ്കെടുക്കാൻ ഗിരീഷേട്ടൻ വന്നപ്പോൾ ഒരാവശ്യത്തിനായി ഞാൻ തെങ്കാശിയിലായിരുന്നു. അതിനടുത്ത ദിവസം എന്നെ വിളിച്ചുപറഞ്ഞു, കൊച്ചിൻ ഹനീഫയെ കാണാൻ പോകുകയാണെന്നും മടങ്ങിവന്നിട്ട്‌ വിളിക്കാമെന്നും .

പറഞ്ഞെങ്കിലും വിളിച്ചില്ല. പിറ്റേന്ന്‌ പതിവില്ലാത്തത്ര സന്തോഷത്തിൽ വിളിച്ചു പറഞ്ഞു. ഉച്ചയ്ക്ക്‌ ഊണ്‌ കഴിക്കാൻ വെണ്ണലയിലുള്ള സേഞ്ച്വറി ക്ലബ്ബിൽ വരണമെന്ന്‌. മറ്റൊരു കാര്യത്തിനു വേണ്ടി എന്റെ ഭർത്താവ്‌ ലീവെടുത്തതുകൊണ്ട്‌ ഭാഗ്യമായി. അദ്ദേഹം പെട്ടെന്ന്‌ എന്നെ കൊണ്ടുപോയി. അവിടെ അവർ നാലുപേരുണ്ടായിരുന്നു. സിനിമയുടെ ചൂടുപിടിച്ച ചർച്ച. പ്രതീക്ഷിച്ചുപോയ എനിയ്ക്കു തെറ്റി. അവിടെ കളിയും ചിരിയും കൊച്ചു പിണക്കങ്ങളുമായി അവർ തിമിർക്കുകയായിരുന്നു. എന്നെ കണ്ടതും കൂട്ടുകാർ കുറച്ചുകൂടി മാന്യത പുലർത്താൻ ശ്രമിച്ചിരുന്നു. സംസാരത്തിൽ മിതത്വം പാലിക്കാൻ ബദ്ധപ്പെടുന്നുണ്ടായിരുന്നു. എന്റെ കവിതാസമാഹാരം പുസ്തകമാക്കാൻ തയ്യാറെടുക്കുന്നതുകൊണ്ട്‌ ഒരു അവതാരിക എഴുതിക്കാൻ ഗിരീഷേട്ടന്റെ കയ്യിൽ കൊടുക്കാനായി ഞാൻ കൊണ്ടുപോയിരുന്നു.

അത്‌ കണ്ടതും അദ്ദേഹം മറ്റെല്ലാം മറന്നിരുന്നു. കവിതകൾ ഈണത്തിൽ പാടുകയും ഗദ്യ കവിതകളെ വിമർശിക്കുകയും ചില കവിതകളുടെ ,ഞാനറിയാത്ത അർത്ഥ തലങ്ങളിലേക്ക്‌ കടക്കുകയും ചെയ്തു. നേരം ഉച്ചയായിട്ടും കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്തിട്ടില്ലെന്ന്‌ പറഞ്ഞ്‌ ഫ്രാൻസിസ്‌ അദ്ദേഹത്തെ ഒരു അനുജന്റെ അവകാശത്തോടെ ശാസിക്കുന്നുമുണ്ട്‌.


എന്നാൽ കാവ്യലോകത്തെ മാസ്മരികതയിൽ മുങ്ങിയും പൊങ്ങിയും ഞങ്ങൾ രണ്ടുപേരും മറ്റുള്ളവരെ പാടെ മറന്നിരുന്നു. അൽപ നേരത്തിനുള്ളിൽ അവർ ഞങ്ങളെ കർശനമായി തടഞ്ഞു. ഒരു സിനിമയ്ക്കു വേണ്ടി മമ്മൂട്ടിയെ കാണാൻ പോകേണ്ടതാണെന്ന്‌ പറഞ്ഞ്‌ ഫ്രാൻസിസ്‌ എനിക്ക്‌ ഭക്ഷണം വിളമ്പിതന്നു. ഗിരീഷിന്‌ കൊടുക്കണമെങ്കിൽ അവൻ പല്ലുതേയ്ക്കുകയും കുളിയ്ക്കുകയും വേണമെന്ന്‌ പറഞ്ഞു. എനിക്ക്‌ അത്ഭുതം തോന്നി, സ്വന്തം ശരീരത്തിന്റെ യാതൊരു അവസ്ഥകളേയും അറിയാതെ, വിശപ്പോ ദാഹമോ പ്രശ്നമല്ലാതെ കാവ്യങ്ങളുടെ രാജവീഥിയിലൂടെ ഒരു ഉന്മാദാവസ്ഥയിൽ സഞ്ചരിക്കുന്ന മനസ്സാണ്‌ ഗിരീഷേട്ടന്റേത്‌ എന്ന്‌ ഞാൻ മനസ്സിലാക്കി. കുളിക്കാൻ വേണ്ടി ഞാനും അദ്ദേഹത്തെ നിർബന്ധിക്കുകയുണ്ടായി. ഒടുവിൽ തോർത്തുടുപ്പിച്ച്‌ ഫ്രാൻസിസ്‌ കൊച്ചുകുട്ടികളെ എടുക്കുന്നതുപോലെ ഒക്കത്ത്‌ വച്ച്‌ കുളിമുറിയിലേയ്ക്ക്‌ കൊണ്ടുപോകുന്നതുകണ്ടു. കുളികഴിഞ്ഞു വരുമ്പോഴേക്കും ഞാൻ ഭക്ഷണം കഴിച്ച്‌ കഴിഞ്ഞിരുന്നു. ഗിരീഷേട്ടനെ ഷർട്ട്‌ ഇടീച്ചതും പാന്റിടാൻ സഹായിച്ചതും ഒക്കെ ഫ്രാൻസിസ്‌ ആണ്‌. ഗിരീഷേട്ടൻ ചൊല്ലി തീരാത്ത, എഴുതിത്തീരാത്ത അക്ഷരങ്ങളെ പെറുക്കി എടുക്കുന്ന തിരിക്കിലായിരുന്നു.

ഞങ്ങൾ തമ്മിൽ കാണുമ്പോഴൊക്കെയും ഒരു നിമിഷംപോലും വെറുതെ കളയാനില്ലാത്തപോലെ, വാതോരാതെ സംസാരിക്കും, കവിതയെ കുറിച്ച്‌, സിനിമയെക്കുറിച്ച്‌, സംഗീതത്തെ കുറിച്ചെല്ലാം. ചിലപ്പോൾ ഒരു വരി കവിത ചൊല്ലിയിട്ട്‌ ബാക്കി അടുത്ത തവണ കാണുമ്പോഴേക്കും എഴുതിതീർക്കണം എന്ന്‌ പറഞ്ഞിട്ടു പോകും. പിന്നെ കാണുമ്പോൾ ഞാൻ അത്‌ പാടിക്കൊടുക്കും. മമ്മൂട്ടിയുടെ സെറ്റിലേക്ക്‌ പോകാൻ കൂട്ടുകാർ ധൃതികൂട്ടുന്നതിനിടയിലും എന്നോട്‌ ഗിരീഷേട്ടന്റെ പെട്ടി തുറക്കാൻ പറഞ്ഞു. അതിൽ പുതിയ പടത്തിന്റെ കഥയുണ്ടായിരുന്നു. എങ്ങനെയുണ്ട്‌ എന്നു ചോദിച്ചു. ഗിരീഷേട്ടൻ കാണാതെ കൂട്ടുകാർ എന്നെ കണ്ണു കാണിച്ചു; ദയവുചെയ്തു പോകാം എന്ന മട്ടിൽ. ഇനി തിരിച്ചു വന്നിട്ട്‌ പറയാമെന്ന്‌ പറഞ്ഞ്‌ ഞാനും ധൃതികൂട്ടി. ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ്‌ ഒരു മഹാനടനെ കാണാൻ പോകുന്നത്‌. ഇറങ്ങാൻ നേരം അദ്ദേഹം പ്രാർത്ഥിക്കാനായി രണ്ടു മിനിട്ടുനിന്നു. പുറത്തിറങ്ങിയപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു പോയി. കാരണം പാന്റിസിന്‌ സിബ്‌ ഇട്ടിട്ടില്ലായിരുന്നു. ചെരിപ്പും ഇല്ലായിരുന്നു. അദ്ദേഹം മറ്റേതോ ലോകത്തായിരുന്നിരിക്കണം. കൊയ്തുതീരാത്ത അക്ഷരപ്പാടത്തെ കതിർകുലകൾ നോക്കുകയായിരുന്നിരിക്കണം. ഏതായാലും ഗോവണി ഇറങ്ങുമ്പോൾ ഒരു കൈത്താങ്ങായി ഞാനും ഉണ്ടായിരുന്നു. അപ്പോൾ ഫ്രാൻസിസ്‌ കളിയാക്കി പറഞ്ഞു. ഗാന്ധിജിയ്ക്ക്‌ രണ്ടുപേരുണ്ടായിരുന്നു കൈതാങ്ങ്‌ എന്ന്‌. അപ്പോൾ അദ്ദേഹം ഒരു നുറുങ്ങു വേദന എനിയ്ക്കായി എറിഞ്ഞു തന്നു. ഗിരീഷേട്ടന്റെ കുട്ടികളെ വാണി എന്നും വീണ എന്നും വിളിക്കാറുണ്ടെന്നും പെൺകുട്ടികളെ ഇഷ്ടമാണെന്നും നിന്നെ എന്റെ മകളായി സങ്കൽപിക്കുകയാണെന്നും പറഞ്ഞു.

മമ്മൂട്ടിയെ കാത്ത്‌ സെറ്റിലിരിക്കുമ്പോൾ ഭാര്യയേയും മക്കളെയും കുറിച്ചായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്‌. മമ്മൂട്ടി വന്നപ്പോൾ ആദ്യം ചോദിച്ചതു, ഗിരീഷേ പ്രമേഹം ഉണ്ടോ എന്ന്‌ നാഡി പിടിച്ചാൽ അറിയാമോ എന്നാണ്‌. വലിയ നാഡി വൈദ്യനെപ്പോലെ ഗിരീഷേട്ടൻ നാഡി പിടിച്ചു നോക്കിയപ്പോൾ മമ്മൂട്ടി ചിരിക്കുന്നുണ്ടായിരുന്നു. വല്ലാതെ ക്ഷീണിച്ചിരിക്കുന്നതിനെക്കുറിച്ച്‌ അദ്ദേഹം ചോദിച്ചു. തിരിച്ചിറങ്ങാൻ നേരം ഞാൻ മമ്മൂട്ടിയോട്‌ ഒരു സ്വകാര്യം പറഞ്ഞു. ഈശ്വരൻ തന്ന ഈ സൗന്ദര്യം എന്നും നിലനിർത്താൻ പോന്ന ഒരു സൂത്രം എന്റെ കൈയ്യിൽ ഉണ്ടെന്ന്‌ മമ്മൂട്ടി ചിരിച്ചുകൊണ്ട്‌ പറഞ്ഞു. എങ്കിൽ ആദ്യം ഈ ഗിരീഷിന്‌ പറഞ്ഞു കൊടുക്ക്‌ എന്ന്‌. ഞാൻ ഒരുസാരി ഡിസൈൻ ചെയ്തുവച്ചിട്ടുണ്ടെന്ന്‌ പറഞ്ഞപ്പോൾ നമ്മുടെ പുതിയ സിനിമയിൽ ഇറക്കാം എന്ന്‌ പറഞ്ഞു. എന്തെല്ലാം സ്വപ്നങ്ങൾ ബാക്കി വച്ചാണ്‌ അദ്ദേഹം പോയത്‌ !

ഞങ്ങൾ ഒന്നിച്ച്‌ ഒരു സിനിമയ്ക്കു കഥയുണ്ടാക്കിയിരുന്നു. ഒരു പുതിയ ആശയം. അനായാസം അവതരിപ്പിക്കാൻ കഴിയുന്നതും എന്നാൽ വളരെ ശക്തവുമായ ഒരു പ്രമേയം. അതിന്റെ ചർച്ചാ വേളകളിൽ ഓരോരോ തമാശ രംഗങ്ങൾ പറഞ്ഞ്‌ ഞങ്ങൾ പൊട്ടിച്ചിരിക്കുമായിരുന്നു. വളരെ നിഷ്കളങ്കനും ആത്മാർത്ഥതയുള്ളവനും ആണ്‌ അദ്ദേഹം എന്ന്‌ എനിയ്ക്ക്‌ തോന്നിയിട്ടുണ്ട്‌. അതുപോലെ തന്നെ കോപക്കാരനുമായിരുന്നു. പിണങ്ങുമ്പോൾ എന്നോട്‌ പറയും, ഞാൻ ഗിരീശനാണ്‌. കോപം വരുമ്പോൾ എന്റെ മൂന്നാം തൃക്കണ്ണിനു മുകളിലൂടെ ഗംഗയായി ഒഴുകി നീ തണുപ്പിക്കണം എന്ന്‌. തിരിച്ച്‌ വൈറ്റിലയിൽ വണ്ടി നിർത്തി ഞാൻ ഇറങ്ങി പോന്നു. പിറ്റേന്ന്‌ ഊണ്‌ കഴിക്കാൻ വരുമെന്നും ഭക്ഷണം ഒരുക്കിവെയ്ക്കണമെന്നും പറഞ്ഞു. നിലാവിന്റെ വെള്ളിക്കിണ്ണം തട്ടിതൂവിയതുപോലുള്ള ചോറും ബീറ്റ്‌റൂട്ട്‌ തോരനും ഉള്ളി തീയലും ഉരുളക്കിഴങ്ങ്‌ മെഴുക്കു പുരട്ടിയും വേണമെന്ന്‌ പറഞ്ഞു. പക്ഷേ ഉണ്ണാൻ വന്നില്ല. ഒരിക്കലും വരാത്തവണ്ണം തിരികെ പോകുകയാണെന്ന്‌ അറിഞ്ഞിരുന്നെങ്കിൽ, അൽപനേരം കൂടി ഞാനാ കാവ്യ ഗന്ധർവന്റെ കൂടെ ഇരുന്നേനെ. മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്‌ പ്രണയത്തിന്റെയും വിരഹത്തിന്റെയുമൊക്കെ തീവ്രവികാരങ്ങളെ സാധാരണക്കാരുടെ ഹൃദയങ്ങളിൽ പോലും പകർന്നുകൊടുക്കാൻ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഞാൻ ചോദിച്ചിട്ടുണ്ട്‌. ഇത്ര ശക്തമായി പ്രണയവും വിരഹവും ഉൾക്കൊള്ളുതെങ്ങനെ? മനസ്സിൽ ആരോടെങ്കിലും ? അതിന്‌ ഒരു ചിരിയിലൂടെയുള്ള മറുപടി, കാവ്യ നർത്തകിയാണ്‌ എന്റെ കാമുകി; അവളുടെ ചിലമ്പൊലി എന്നെ ഉന്മത്തമാക്കുന്നു. അങ്ങനെ ആ കാവ്യചൈതന്യം നടന്നു മറഞ്ഞു.
ഒരു യാത്രാ മൊഴിപോലും ഇല്ലാതെ.....
ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ നടന്ന വഴികളിൽ കവിതകളുടെ പൂക്കളുണ്ടായിരുന്നു. പാട്ടിന്റെ സുഗന്ധമുണ്ടായിരുന്നു. വിമർശനങ്ങളുടെ വെയിലുണ്ടായിരുന്നു. ദുഃഖത്തിന്റെ മുള്ളുകളുണ്ടായിരുന്നു. സാന്ത്വനത്തിന്റെ തണലുണ്ടായിരുന്നു. സ്നേഹത്തിന്റെ പെരുമഴയുണ്ടായിരുന്നു. ഞങ്ങളുടെ സൗഹൃദം വളരെ പെട്ടെന്നാണ്‌ വളർന്നത്‌. ആദ്യമാദ്യം മുരടനും മുൻകോപിയുമായി എനിക്കനുഭവപ്പെട്ടെങ്കിലും ആർദ്രമാനസനാണ്‌ അദ്ദേഹം എന്ന്‌ മനസ്സിലാക്കാൻ അധികദിവസമൊന്നും വേണ്ടിവന്നില്ല.

പിന്നെ കവിതകളിലൂടെ, പാട്ടിലൂടെ, അനുഭവകഥകളിലൂടെ വളർന്ന സൗഹൃദം ആത്മബന്ധമായി മാറി. ഒരു പെൺസുഹൃത്ത്‌ എന്നത്‌ വിമർശനങ്ങൾക്ക്‌ കാരണമാകില്ലേ എന്ന ചോദ്യത്തിന്‌ കടുപ്പിച്ച ഒരു വാക്കിൽ മറുപടി തന്നു. പിന്നെ ഇങ്ങനെ കൂട്ടിചേർത്തു, ഗിരീഷിനെ അറിയുന്നവർക്ക്‌ അറിയാം ആരാണെന്ന്‌. സുഹൃത്ത്‌ പെണ്ണായിപ്പോയത്‌ ആരുടെയും കുറ്റമല്ലല്ലോ. പിന്നെ തമാശ രൂപേണ ഒരു കഥ പറഞ്ഞു. പുരാണങ്ങളിൽ ശിവന്റെ തലയിലിരിക്കുന്ന ഗംഗയെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഗംഗ ശിവന്റെ കാമുകിയാണെന്നും പരാമർശിക്കുന്നുണ്ട്‌. എന്നാൽ ഞാൻ ഈ ഗിരീശൻ കൈലാസത്തിൽ ചെന്നപ്പോൾ അവിടെ പ്രകൃതിയുടെ അഭൗമസൗന്ദര്യം കണ്ട്‌ ഉന്മാദിയെപ്പോലെ അലഞ്ഞു. ഏതോ ഒരു പ്രാക്ക്‌ മരച്ചുവട്ടിൽ ചുരുണ്ടു കൂടി കിടന്നു. പാതിമയക്കത്തിൽ ശിവൻ എന്നെ തട്ടിയുണർത്തി. ഇവിടെ ഇത്രയ്ക്ക്‌ ഇഷ്ടമായോ എന്നു ചോദിച്ചു. പറയാനുണ്ടോ. ഇവിടം കാണാത്തവർ വ്യർത്ഥ ജീവിതമല്ലേ നയിക്കുന്നത്‌ എന്ന്‌ മറുപടി പറഞ്ഞു. അപ്പോൾ പിറകിൽ നിന്നും പാർവ്വതി മുന്നോട്ടു വന്നു ദൂരെ മാനസസരസ്സിനുനേരെ കൈചൂണ്ടിക്കൊണ്ട്‌ അവർ പറഞ്ഞു ഇത്ര മനോഹരമായ ദൃശ്യം ഭൂമിയിലുണ്ടോ ഇത്‌ എന്റെ ഭർത്താവ്‌ എനിക്കു നൽകിയ വിവാഹവാർഷിക സമ്മാനമാണ്‌. ഞങ്ങൾ വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന സമയം.

ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ചുടലഭസ്മം പൂശി മൃഗവുരി ധരിക്കുന്ന മുരടനായ അങ്ങയ്ക്ക്‌ എങ്ങനെയാണ്‌ എന്നെ ഇത്രയധികം സ്നേഹിക്കാൻ കഴിയുന്നത്‌? ഈ പ്രണയം സത്യം തന്നെയോ? അത്‌ എത്രമാത്രം ഉണ്ടെന്നറിയാൻ എന്താണുവഴി. പേടിച്ചു പേടിച്ചാണ്‌ പാർവ്വതി ഇത്രയും പറഞ്ഞതെങ്കിലും ശിവൻ അവരോട്‌ കണ്ണടയ്ക്കാൻ പറഞ്ഞു. അൽപദൂരം കൈകൾകൊണ്ട്‌ അവരുടെ കണ്ണ്‌ പൊത്തി. വിഷുകണിക്കാട്ടാൻ കാരണവർ കുട്ടികളെ കൊണ്ടു പോകുന്നതുപോലെ. അവരെ കൊണ്ടു പോയി. പിന്നെ കണ്ണുതുറന്നപ്പോൾ കാണുന്നതോ. പ്രകൃതിയുടെ ആത്മസത്തയായ ഈ തടാകമാണ്‌. ലോകത്ത്‌ ഒരിടത്തും ഇത്രമനോഹര ദൃശ്യം ഉണ്ടാകരുത്‌ എന്ന്‌ വാശിയോടെ ശിവൻ സൃഷ്ടിച്ച മാനസസരോവരം, ഈ അത്ഭുത സൗന്ദര്യം, ഇത്‌ സമ്മാനിച്ചു കൊണ്ടാണ്‌ ശിവൻ തന്റെ ഭാര്യയോടുള്ള പ്രണയം അറിയിച്ചതു. പാർവ്വതി അതീവതരളിതയായി ഉന്മാദിനിയായി. രണ്ടു അരയന്നങ്ങളായി അവർ ആ സ്ഫടിക ജലത്തിൽ, പ്രണയ ജലത്തിൽ നീന്തി നടന്നു. ഇത്രയും പറഞ്ഞ്‌ പാർവ്വതി നടന്നകന്നപ്പോൾ ഞാൻ ശിവനോടു ചോദിച്ചു, അപ്പോൾ ഇത്രയ്ക്ക്‌ സ്നേഹമാണെങ്കിൽ തലയിലിരിക്കുന്ന ഗംഗയോ? അത്‌ ചതിയല്ലേ? അപ്പോൾ പുള്ളിക്കാരൻ എന്റെ ചെവിയിൽ ഒരു രഹസ്യം പറഞ്ഞു. ഗംഗ എന്റെ സുഹൃത്ത്‌ മാത്രം. ഭാര്യയോട്‌ പറയാൻ കഴിയാത്ത ചില പ്രശ്നങ്ങൾ ഞാൻ അവളുമായി ചർച്ച ചെയ്യും. സ്വകാര്യ സങ്കടങ്ങൾ പങ്കുവെക്കും. ദേഷ്യക്കാരനായ എന്റെ മൂന്നാം തൃക്കണ്ണിലെ അഗ്നിയെ കെടുത്തുന്ന കുളിരായി എന്റെ നെറുകയിലൂടെ ഒഴുകുന്ന അവൾ ലോകത്തിന്റെ കൂടി തണുപ്പാണ്‌. ആ സൗഹൃദത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന ആളുകളോട്‌ ഞാനെന്തു പറയാൻ. ശിവനും നടന്നു മറഞ്ഞപ്പോഴാണ്‌ ഞാൻ ശരിക്കും കണ്ണു തുറന്നത്‌. ഇപ്പോൾ നിനക്കു മനസ്സിലായോ ഈ ശിരീശന്‌ നീ ആരാണെന്ന്‌? അങ്ങനെ എന്റെ സംശയം ഈ കഥയോടെ പമ്പ കടന്നു. പിന്നീടൊരിക്കലും ഞങ്ങൾ രണ്ടു വ്യക്തികളാണെന്ന്‌ എനിക്കു തോന്നിയിട്ടില്ല.

എപ്പോഴും ഫോൺ വിളിക്കുന്ന സ്വഭാവമില്ല. എറണാകുളത്തുവന്നാൽ എന്നെ കാണാതെ തിരികെ പോകാറുമില്ല. കണ്ടാൽ കുറഞ്ഞ സമയം കൊണ്ട്‌ നൂറായിരം വിശേഷങ്ങൾ പങ്കുവയ്ക്കും. ഒരിക്കൽ സംസാരമധ്യേ ഒരു ഫോൺ വന്നു. അപ്പോൾ അത്‌ കട്ട്‌ ചെയ്തു. വീണ്ടു ആ ഫോൺ വന്നപ്പോൾ എന്നോടു പറഞ്ഞു, അയാൾ ഗിരീഷ്‌ ചെട്ടന്‌ ഏഴര ലക്ഷം രൂപ കൊടുക്കാനുള്ളയാളാണ്‌. ഇപ്പോൾ ഗിരീഷ്ചേട്ടൻ ജീവിച്ചിരിപ്പില്ല. ആ പണം കൊടുക്കാനുള്ളയാൾ ഇനിയെങ്കിലും അത്‌ കൊടുത്താൽ മതിയായിരുന്നു, എന്നു ഞാൻ പ്രാർത്ഥിക്കുകയാണ്‌. സംഗീതത്തെ ആത്മാവിൽ ആവാഹിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. വഴക്കടിക്കുമ്പോഴും മനസ്സിൽ സ്നേഹം നിറയ്ക്കുന്നവൻ. പലപ്പോഴും ഞാൻ പിണങ്ങി പറയാറുണ്ട്‌, എന്തിനാണ്‌ ഇങ്ങനെ ദേഷ്യപ്പെടുന്നത്‌, മറുപടി ചിരിച്ചു കൊണ്ടായിരിക്കും.

വഴക്കിടുന്നതാണ്‌ എനിക്കിഷ്ടം. ഒരിക്കൽ ഞാൻ പറഞ്ഞു ഗിരീഷേട്ടൻ മദ്യപാനം നിർത്തുമെങ്കിൽ നമുക്കൊരു നല്ല ആശുപത്രിയിൽ പോകാം. അത്‌ ഒരു പ്രകൃതി ചികിത്സാകേന്ദ്രമാണ്‌. കക്ഷി വാക്കു തന്നു മദ്യപാനം നിർത്താം. ബീനയ്ക്കും സന്തോഷമാകും. അവൾക്കും ഈ ഒരു കാര്യത്തിലെ പിണക്കമുള്ളു. അങ്ങനെ ചമ്പക്കരയിലുള്ള പ്രകൃതി ചികിത്സാകേന്ദ്രത്തിൽ ഞങ്ങൾ പോയി. പേരും മേൽവിലാസവും രോഗവിവരങ്ങളും എഴുതി കൊടുത്തു. സാക്ഷിയായി ഞാനും ഒപ്പിട്ടു. മലയാളത്തിന്റെ പ്രിയഗാനരചയിതാവ്‌ തങ്ങളുടെ ആശുപത്രിയിൽ എത്തിയ ത്രില്ലിലായിരുന്നു ഡോക്ടറും നേഴ്സുമാരും. സുകുമാർ അഴീക്കോടും സലിംകുമാറുമൊക്കെ അവിടത്തെ സന്ദർശകരനാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്‌ ഉത്സാഹമേറി. അപ്പോൾ തന്നെ ബീനയെ വിളിച്ചു പറഞ്ഞു. നീ വിധവയാകാതിരിക്കാൻ ഞാൻ മദ്യപാനം നിർത്തുന്നു, കോഴിക്കോട്‌ സിവിൽ സ്റ്റേഷനടുത്തുള്ള ബ്രാഞ്ചിൽ ചികിത്സ ഏർപ്പാടാക്കിയിട്ടുണ്ടെന്നും 10 ദിവസം കിടക്കണമെന്നും പറഞ്ഞു. തിരിച്ചിറങ്ങിയപ്പോൾ സ്നേഹപൂർവ്വം എന്നെ നോക്കിക്കൊണ്ട്‌ പറഞ്ഞു നീ എന്റെ പൂർവ്വ പുണ്യമാണ്‌. ഇല്ലെങ്കിൽ ഞാൻ മദ്യപിച്ച്‌ മരിച്ചു പോയേനെ. വീരവാദം പറയാതെ, മദ്യപാനം നിർത്തിയിട്ട്‌ കാര്യം പറയാൻ പറഞ്ഞ്‌ ഞാൻ യാത്ര പറഞ്ഞു. എന്നാൽ അദ്ദേഹം സമ്മതിച്ചില്ല. എന്തെങ്കിലും ഒന്നു കഴിച്ചിട്ടേ പോകാവൂ എന്നായി.

ഞങ്ങൾ ഒരു ഹോട്ടലിൽ നിന്നും ഊണു കഴിച്ചു. അന്നാണ്‌ അദ്ദേഹത്തിന്‌ ആദ്യമായി ഷുഗർ ഉണ്ടെന്ന്‌ തിരിച്ചറിഞ്ഞ ദിവസത്തെക്കുറിച്ചു പറഞ്ഞത്‌. മദ്രാസിലേയ്ക്കുള്ള ട്രെയിൻ യാത്രയിൽ കഴിച്ച ഭക്ഷണം ഛർദ്ദിക്കുകയും വയറിളക്കം ഉണ്ടായതും ഹോസ്പിറ്റൽ പരിശോധനകളും, ഷുഗർ ഉണ്ടെന്ന തിരിച്ചറിവും. വർഷമെത്രയായി? ഇപ്പോൾ ഇൻസുലിൻ കുത്തിവയ്ക്കുകയാണെന്നു പറഞ്ഞു. സംസാരത്തിനിടയിൽ എന്റെ പാത്രത്തിൽ അവശേഷിച്ച പരിപ്പുകറി തോണ്ടി എടുത്തു കഴിക്കുന്നതു കണ്ടപ്പോൾ ഞാൻ നിറഞ്ഞ മനസ്സോടെ ഇങ്ങനെ പറഞ്ഞു. ലോക മലയാളിയുടെ പ്രിയ കവി, ഈ പാവം പെണ്ണിന്റെ ഊണ്‌ പങ്കിടുന്നത്‌ ജന്മസാഫല്യമല്ലാതെ മറ്റെന്ത്‌? അതിനുള്ള മറുപടി, നീ എന്നെ ഇങ്ങനെ പൊക്കല്ലേ പെണ്ണേ. ഞാനൊരു ശുദ്ധനാട്ടിൻ പുറത്തുകാരൻ പാവം എന്നാണ്‌. ശുദ്ധനും സത്യസന്ധനും അഭിമാനിയും ആയതു കൊണ്ടായിരിക്കാം അദ്ദേഹം പലപ്പോഴും വഴക്കാളിയായി മാറുന്നത്‌ എന്ന്‌ എനിക്കു തോന്നിയിട്ടുണ്ട്‌. ഒരിക്കൽ അദ്ദേഹം താജ്മഹൽ കാണാൻ പോയ കാര്യം പറയുകയുണ്ടായി. യമുനയിലെ കരയിലിരുന്ന്‌ കുളിർ ജലത്തിൽ കാൽമുക്കിവച്ച്‌ പാട്ടെഴുതണം. അതിന്‌ നിലാവത്ത്‌ യമുനയിൽ മുങ്ങികുളിക്കുന്ന താജ്മഹൽ വേണം.

കവിയുടെ ആഗ്രഹമല്ലേ, താജ്മഹലിന്റെ വാതിലിൽ എത്തുമ്പോൾ നിശ്ചിതസമയം അതിക്രമിച്ചിരുന്നു. എന്നാലും മഹാകവിക്കുമുമ്പിൽ വാതിൽ തുറക്കപ്പെട്ടു. അകത്തു കയറാൻ ഒരുങ്ങുമ്പോൾ ഒരു സ്ത്രീ ശബ്ദം മെ ഐ കം വിത്തു യു സർ, മദ്യലഹരിയിൽ കവി സമ്മതം മൂളുന്നു. സ്ത്രീ ഒപ്പം അകത്തു കയറുന്നു. താജ്മഹലിന്റെ സൗന്ദര്യ ലഹരിയിൽ മുങ്ങിയ കവി സ്ത്രീയെ മറക്കുന്നു. യമുനയുടെ കരയിൽ സ്വയം മറന്ന കവി. തിരിച്ചുവന്നത്‌ വളരെ വൈകിയാണ്‌. കാറിൽ കുറെ ദൂരം പിന്നിട്ടപ്പോളാണ്‌ കവിക്ക്‌ ബോധോദയം ഉണ്ടായത്‌. എവിടെ എന്റെ കൂടെ കയറിയ സ്ത്രീ?

പിന്നീട്‌ അവർ എങ്ങോട്ടു പോയി?. താജ്മഹൽ ബോംബ്‌ വച്ച്‌ തകർക്കാൻ കയറിയതാണോ?. അത്രയും ആലോചിച്ചതോടെ കവി കിടിലം കൊണ്ടു. കാർ നിറുത്താൻ പറഞ്ഞു. വിവരം കൂടെയുള്ളവരെ ധരിപ്പിച്ചു ഫോൺ വിളികൾ, പോലീസ്‌, സംഭവം ഞൊടിയിടയിൽ പരിഹരിച്ചു. പോലീസിന്റെ തിരച്ചിലിൽ സ്ത്രീയെ പിടികൂടി. അവൾ പ്രണയ പരവശയായിരുന്നു. കാമുകനെ അവഗണിച്ചുകൊണ്ട്‌, വീട്ടുകാർ ഉറപ്പിച്ച വിവാഹം നാളെ നടക്കാനിരിക്കെ പ്രണയമഹലിൽ കിടന്ന്‌ ജീവിതം അവസാനിപ്പിക്കാൻ വന്നതാണ്‌ ആ പെൺകുട്ടി. ഏതായാലും സംഗതി ഫ്ലാഷായതോടെ വിവാഹം മുടങ്ങി. കാമുകന്‌ കാമുകിയെ തിരിച്ചുകിട്ടി. പ്രണയജോടികൾ പിന്നീട്‌ കവിയുടെ വീട്‌ തേടിവരികയും വിഭസസമൃദ്ധമായ സദ്യയൊരുക്കി കവിയും കുടുംബവും അവരെ സൽക്കരിക്കുകയും ചെയ്തുവത്രെ. അൽപം പേടിച്ചുവേങ്കിലും ഒരു വലിയ പ്രണയസാക്ഷാത്ക്കാരത്തിന്‌ കാരണമായതിന്റെ ചാരിതാർത്ഥ്യത്തോടെ അതു പറയുമ്പോൾ ആ സംഗീത പ്രേമിയുടെ ഉള്ളിൽ പ്രണയം ഒരു മഹാപ്രളയമാകുന്നതും കണ്ണുകളിൽ അതു തിരയിളക്കുന്നതും, കവിതകളായി, ഗാനങ്ങളായി അടർന്നുവീഴുന്നതും കാണാം. തന്റെ വിവാഹവും ഒരു പ്രണയ സാക്ഷാത്കാരമാണെന്ന്‌ അഭിമാനത്തോടെ പറയുമായിരുന്നു. ഭാര്യ സ്നേഹമുള്ളവളാണെന്നും നല്ല പാചകമാണെന്നും ഒരിക്കൽ അവളുടെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോകാമെന്നും പറഞ്ഞിരുന്നു.
പ്രകൃതി ചികിത്സയ്ക്ക്‌ ഒത്തിരിപണം വേണ്ടിവരുമോ എന്നു ചോദിച്ചപ്പോൾ ഞാനതു തമാശയായിട്ടാണ്‌ എടുത്തത്‌. ഇങ്ങനെ ചോദിക്കുകയും ചെയ്തു. മലയാളത്തിൽ ഏറ്റവും തിരക്കുള്ള ഗാനരചയിതാവിന്‌ പണത്തിന്‌ പഞ്ഞമോ? അതിനു മറുപടി ഇതായിരുന്നു. ഞാനൊരു പട്ടിണി കുടുംബത്തിലേതായിരുന്നു. ഒരു അനിയത്തി പട്ടിണിമൂലം മരിച്ചിട്ടുണ്ട്‌. ഇന്ന്‌ ഞാൻ മാത്രമല്ല പച്ചപിടിച്ചതു,എന്റെ കുടുംബം മുഴുവനുമാണ്‌. ഓരോരുത്തരെയായി രക്ഷപ്പെടുത്തുകയായിരുന്നെന്നും പറഞ്ഞു. എന്നാലും ഇത്തരത്തിലൊരവസ്ഥ ഉണ്ടെന്ന്‌ എന്തുകൊണ്ടാണ്‌ ആ കൂട്ടുകാരൻ എന്നോടു പറയാതിരുന്നത്‌? എനിക്ക്‌ അറിയില്ല. ആറോ ഏഴോ മാസം മുമ്പൊരിക്കൽ മകന്‌ ഫീസ്‌ കൊടുക്കാൻ ബുദ്ധിമുട്ടിയതിനെക്കുറിച്ച്‌ പറയുകയുണ്ടായി. എന്തെങ്കിലും സഹായിക്കണോ എന്നു ചോദിച്ചപ്പോൾ ആവശ്യം വരുമ്പോൾ അറിയിക്കാം എന്ന്‌ ഗൗരവത്തിൽ പറഞ്ഞു. ഒരിക്കൽ രാമൻപോലീസ്‌ എന്ന സിനിമയുടെ തിരക്കഥ പറയാൻ മോഹൻലാളിനെ തേടി പറവൂരിലുള്ള ഷൂട്ടിംങ്ങ്‌ സ്ഥലത്തേയ്ക്ക്‌ പോയി. അവിടെ ചെന്നപ്പോൾ നാളെ തന്റെ വീട്ടിൽവച്ച്‌ സ്വസ്ഥമായി കഥകേൾക്കാം എന്ന്‌ മോഹൻലാൽ പറഞ്ഞു. തിരിച്ചുവന്നവിവരം പറഞ്ഞപ്പോൾ വീട്ടിലേയ്ക്ക്‌ വരാൻ ഞാൻ കെഞ്ചി. അങ്ങനെ ഊണിന്‌ അപ്രതീക്ഷിതമായി ഗിരീഷേട്ടൻ എത്തി. തൂശനിലയിൽ ചോറുവിളമ്പികൊടുത്തും, പാവക്കാത്തീയലും, മോരും, മെഴുക്കുപുരട്ടിയും, മുട്ടവറുത്തതും നെല്ലിക്ക അച്ചാറും, പപ്പടവും ഉണ്ടായിരുന്നു. വരുന്നു എന്നു പറഞ്ഞപ്പോൾ ഞാനുണ്ടാക്കിയ വിഭവങ്ങളാണ്‌. എന്നാൽ വളരെ ഹൃദ്യമായിരുന്നു എന്ന്‌ എന്നെ അഭിനന്ദിച്ചു. പക്ഷെ വീട്ടിലത്തെ ഭൂതംപോലുള്ള ജോലിക്കാരി വച്ചതാണോ അത്‌ എന്നു എന്നെ കളിയാക്കുകയും ചെയ്തു.

മകളുടെ കുഞ്ഞിനെ എടുത്ത്‌ മടിയിൽവച്ച്‌ നാരായണി എന്നു പേരുവിളിച്ചു. എനിക്കു മകളുണ്ടായാൽ ഈ പേര്‌ ഇടുമായിരുന്നു എന്നും പറഞ്ഞു. അവൾക്ക്‌ ഹിന്തോളരാഗം പാടിക്കൊടുത്തു. ഒരു നല്ല പാട്ടുകാരിയാകട്ടെ എന്നു നെറുകയിൽ തൊട്ടുപറഞ്ഞു. ഈ ധന്യമുഹൂർത്തങ്ങൾക്ക്‌ സാക്ഷിയാകാൻ എന്റെ ഭർത്താവ്‌ ഓടിക്കിതച്ച്‌ എത്തിയെങ്കിലും കാണാൻ പറ്റിയില്ല.

അദ്ദേഹം പോകാൻ ധൃതികൂട്ടിയിരുന്നു. എന്നാൽ ഞാനും കൂടെ വരുമെന്നും രാമൻപോലീസ്‌ എന്നെ വായിച്ചു കേൾപ്പിക്കണമെന്നും പറഞ്ഞു. അങ്ങനെ തുടർച്ചയായി രണ്ടു മണിക്കൂർ കണ്ണടച്ചിരുന്ന്‌ ഞാനാകഥ കേട്ടു ആദ്യമേ എന്നോടു പറഞ്ഞിരുന്നു. സുഹൃത്തെന്നനിലയിൽ അഭിപ്രായം പറയരുതെന്ന്‌. എന്നാൽ സത്യമായും ആ കഥ എന്നെ അതിശയിപ്പിച്ചു. ഇത്ര ഭംഗിയായ അവതരണം, കഥയുടെ സസ്പെൻസ്‌ എല്ലാം വളരെ നന്നായിരുന്നു. മോഹൻലാളിനു മുമ്പെ കഥ കേട്ടതിന്റെ അഹങ്കാരവുമായി ഞാൻ വീട്ടിലേയ്ക്ക്‌ തിരിച്ചു പോന്നു.

ഒരിക്കൽ ഗിരീഷേട്ടൻ പറയുകയുണ്ടായി, ഡിഗ്രി പൂർത്തിയാക്കിയ കാലം സർട്ടിഫിക്കറ്റ്‌ വാങ്ങാൻ പോകാൻ കാശില്ലാതെ അമ്മാവനോട്‌ വണ്ടിക്കാശായ ആറുരൂപ ചോദിച്ചപ്പോൾ കാശില്ലെങ്കിൽ വാങ്ങേണ്ട എന്നു പറഞ്ഞതും, അത്‌ വാങ്ങാൻ പോകാതിരുന്നതും പിന്നീട്‌ ഏതോ അവാർഡിനായി അതേ കോളേജിൽ പോയതും വേദിയിൽ വച്ച്‌ ആദ്യം എന്റെ സർട്ടിഫിക്കറ്റ്‌ തരൂ, എന്നിട്ട്‌ മതി അവാർഡ്‌ എന്ന്‌ തമാശയായി പറഞ്ഞുവത്രെ. ആദ്യമായി പ്രണയം തോന്നിയത്‌ സ്കൂളിൽ ഒരു പെൺകുട്ടിയോടാണെന്നും അന്ന്‌ പ്രണയലേഖനം കൊടുത്തതിന്‌ ക്ലാസ്സിൽ നിന്ന്‌ പുറത്താക്കിയെന്നും പിന്നീട്‌ അതേ സ്കൂളിൽ ആനയും അമ്പാരിയുമായി സ്വീകരിക്കുകയും ഉണ്ടായി എന്ന്‌ പറഞ്ഞിട്ടുണ്ട്‌. എപ്പോൾ കണ്ടാലും ഫോൺ ചെയ്യുമ്പോഴും ചോദിക്കുന്ന ചോദ്യമുണ്ട്‌. നിനക്ക്‌ ഏത്‌ രാഗമാണ്‌ ഇഷ്ടം. രാഗങ്ങളെക്കുറിച്ചൊന്നും വല്യ ഗ്രാഹ്യമില്ലെങ്കിലും ഞാൻ പറയും, ഹിന്തോളം എന്ന്‌. ശ്രദ്ധിച്ച്‌ കേട്ടോളൂ എന്ന്‌ പറഞ്ഞ്‌ ആ രാഗത്തിൽ ഒരു പാട്ടു പാടും.

സംഗീത സാന്ദ്രമായ സൗഹൃദമായിരുന്നു ഞങ്ങളുടേത്‌. ഈ അടുത്ത കാലത്ത്‌ ഹിന്തോളരാഗം വരയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടു. എങ്ങനെയാണ്‌ ഗിരീഷേട്ടാ ഹിന്തോളരാഗം വരയ്ക്കുന്നതെന്ന്‌ ചോദിച്ചപ്പോൾ, പേനയെടുക്ക്‌ എന്നു പറഞ്ഞു. കുറെ വാക്കുകൾ ഒഴുകി എത്തി. ഞാനതു കടലാസിലേയ്ക്ക്‌ പകർത്തിയപ്പോൾ അതിമനോഹരമായ ഒരു കവിത പിറന്നു. അത്‌ ഇതാണ്‌:
എനിക്ക്‌ തരാൻ നീയൊരു ഹിന്തോളം വരയ്ക്കുക
ഷഡ്ജത്തിൽ നിന്ന്‌ ഗാന്ധാരത്തിലേയ്ക്ക്‌ പറക്കുമ്പോൾ
കണ്ണീരുപ്പുപോലെ ഒരു ഋഷഭത്തെ നിനക്കുകാണാം
കാവേരി എന്റെ കാവേരി
കഠിനകാലങ്ങളിൽ കല്ലിച്ചുപോയ
നിന്റെ ഉറുത്തിലേയ്ക്ക്‌ വഴുക്കിലേയ്ക്ക്‌
വസന്തകാലത്തിന്റെ വല്ലായ്മകളിലേയ്ക്ക്‌
എന്റെ ആത്മാവിന്റെ നിമഞ്ജനം
വരയ്ക്കപ്പെടാതെ പോയ എല്ലാ
മേളരാഗകർത്താരാഗങ്ങൾക്കും
സ്വസ്തി.....
പക്ഷെ, ഒടുവിൽ ആത്മാവിന്റെ നിമഞ്ജനവും സ്വസ്തിയും പറഞ്ഞതിന്‌ ഞാൻ ദേഷ്യപ്പെട്ടു. ഇത്‌ വെറും കവിത നീ അതു വരച്ചാൽ മതി എന്നു പറഞ്ഞു. പിന്നീട്‌ ഒരിക്കൽ വിളിച്ചപ്പോൾ വരച്ചോ എന്നു ചോദിച്ചു. സ്കെച്ച്‌ ചെയ്ത്‌ വച്ചിട്ടുണ്ട്‌ എന്ന്‌ പറഞ്ഞപ്പോൾ വേഗം വരയ്ക്ക്‌ എന്നു ധൃതി കൂട്ടി. ഇപ്പോൾ ഓർക്കുമ്പോൾ എന്തിനായിരുന്നു ഈ തിടുക്കം എന്നു മനസ്സിലാകുന്നുണ്ട്‌.

പ്രിയ സ്നേഹിതാ, താങ്കൾ പോയപ്പോൾ പൂർത്തിയാകാതെ പോയത്‌ എന്റെ ചിത്രം മാത്രമല്ലല്ലോ! എന്നെ ഏൽപ്പിച്ച എന്നോട്‌ എഴുതാൻ പറഞ്ഞ സിനിമയുടെ കഥ, പിന്നെ എന്റെ കവിതാ സമാഹാരം പുറത്തിറക്കണമെന്ന ആഗ്രഹം. എം.ടിയെക്കൊണ്ട്‌ അവതാരിക എഴുതിക്കാമെന്ന്‌ പറഞ്ഞതല്ലേ, എന്നിട്ട്‌ ഒന്നും മിണ്ടാതെ പോയ്ക്കളഞ്ഞതെന്തേ? ഒരിക്കൽ ട്രെയിനിൽ കോട്ടയത്തു പോകുമ്പോൾ എറണാകുളത്ത്‌ ഇത്തിരിചോറും കൊണ്ട്‌ നീ വരണം എന്നു പറഞ്ഞു. ഇഷ്ടപ്പെട്ട കറികളും, മുട്ടവറുത്തതുമായി ഞാൻ സ്റ്റേഷനിലെത്തിയപ്പോഴേക്കും വണ്ടി വന്നിരുന്നു. ഓടിക്കൊണ്ടുവന്നപ്പോൾ ടി.ടിയോടു പറയുന്നതു കേട്ടു. ഇവളന്റെ എറണാകുളത്തെ സഹോദരി. അവസാനമായി ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ പറഞ്ഞു, ഞാൻ എം.ടിയോടു നിന്റെ കാര്യം പറഞ്ഞിട്ടുണ്ട്‌. എനിക്ക്‌ സ്റ്റേഷനിൽ ചോറുകൊണ്ടുവരുന്ന, വീട്ടിൽ ചോറുണ്ണാൻ വിളിക്കുന്ന അനിയത്തിയുണ്ട്‌. അപ്പോൾ എനിക്കും ചോറുതരാൻ അനിയത്തിയായല്ലോ എന്ന്‌ എം.ടിയും പറഞ്ഞുവേന്ന്‌ എന്നോടു പറഞ്ഞപ്പോൾ ആകാശത്തോളം ഉയരെ നിന്നാണ്‌ ഞാനതു കേട്ടത്‌. കാതുകളെ വിശ്വസിക്കാൻ പ്രയാസമായിരുന്നു.

ഇത്രമാത്രം സുകൃതം ജീവിതത്തിനുണ്ടോ എന്ന്‌ നിർവൃതികൊണ്ട നിമിഷങ്ങളായിരുന്നു അത്‌. സിനിമാഗാനങ്ങളെ കുറിച്ച്‌ പറയുമ്പോൾ ചിന്താവിഷ്ടയായ ശ്യാമളയിലെ"മച്ചകത്തയെകാൽതൊട്ട്‌ വന്ദിച്ച്‌" .... വളരെ സംതൃപ്തിയോടെ എഴുതിയതാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഓരോ വരികളും അതിലെ അർത്ഥഗാഭീര്യവും എടുത്തു പറയുമായിരുന്നു. നന്ദനത്തിലെ പാട്ടുകൾ രാധാകൃഷ്ണ സങ്കൽപത്തിന്റെ ലാവണ്യമാണെന്ന്‌ പറയാറുണ്ട്‌. അതിലെ ചടുല നടനത്തിന്‌ വേണ്ടി എഴുതിയ "മനസ്സിൽ മിഥുനമഴ പൊഴിയുമഴകിലൊരു മയിനലസലാസ്യം"............എത്ര മനോഹരമായി കൊരുത്തിരിക്കുന്നു. അനന്തഭദ്രത്തിലെ "തിരഞ്ഞൊറിയും.....ചുരുൾ മുടിയിൽ സാഗര സൗന്ദര്യം" ...... ഈ ഗാനം സൗന്ദര്യത്തിന്റെ മുക്തഭാവങ്ങളെ ഒപ്പിയെടുക്കുന്നതായിരുന്നല്ലോ. അരയന്നങ്ങളുടെ വീട്ടിലെ "അന്തിവിണ്ണിലെ തിങ്കൾ..... നറുവെണ്ണിലാവിനാൽ മൂടി".... ഈ ഗാനം ഞാൻ എത്രയോതവണ നേരിട്ടു കേട്ടിരിക്കുന്നു. ഇടയ്ക്ക്‌ എന്നോടും പാടാൻ പറയും. ചില ഗാനങ്ങൾ ശ്രുതി തെറ്റിയാൽ ശരിയാകും വരെ പാടിക്കും പ്രിയ സഖീ ഗംഗേ എന്ന ഗാനത്തിന്‌ ഒ.എൻ.വിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന്‌ എന്നോടു പറയാറുണ്ട്‌.

പഴശ്ശിരാജയിലെ ഗാനത്തിന്‌ ഒ.എൻ.വിയെ വിമർശിച്ചപ്പോൾ ഇതുതന്നെയാണ്‌ അദ്ദേഹം പറഞ്ഞത്‌. ഈ ഗാനം എഴുതിയ അദ്ദേഹത്തെ ആർക്കാണ്‌ വിമർശിക്കാൻ യോഗ്യത എന്ന്‌. ആ ഗാനം ശ്രുതി തെറ്റാതെ ഞാൻ പാടുമ്പോൾ കണ്ണടച്ചിരുന്ന്‌ ഈശ്വരാ....ഈശ്വരാ.... എന്ന്‌ മന്ത്രിക്കാറുണ്ട്‌.

ഈ ഓർമ്മകൾ എന്റെ ഹൃദയത്തെ കീറിമുറിക്കുമ്പോൾ പ്രിയ ചങ്ങാതി നിങ്ങൾ ഇപ്പോൾ സ്വർഗ്ഗത്തിന്റെ ഏതുകോണിലിരുന്നാണ്‌ കള്ളിച്ചിരിച്ചിരിക്കുന്നത്‌? വയലാറിനെ ഈശ്വരന്‌ തുല്യം ആരാധിക്കുന്ന ഗിരീഷേട്ടൻ അദ്ദേഹത്തിന്റെ ഒത്തിരിഗാനങ്ങൾ എന്നെക്കൊണ്ട്‌ പാടിക്കാറുണ്ട്‌. ചിലപ്പോൾ എന്നോട്‌ വെല്ലുവിളിക്കും, നിനക്കറിയാവുന്ന ഏതുപാട്ടും പറഞ്ഞോളു ഗിരീഷേട്ടൻ പാടിത്തരും എന്ന്‌. അങ്ങനെ ഞങ്ങൾ അവസാനമായി കണ്ട ഫെബ്രുവരി നാലാം തീയതി കടലിനഗാധമാം നീലിമയിൽ എന്ന ഗാനം പാടാൻ ഞാൻ ആവശ്യപ്പെട്ടു. അന്നുമാത്രമാണ്‌ ആദ്യമായി ആ ഗാനം നിനക്ക്‌ പിന്നെ പാടിത്തരാം എന്നു പറഞ്ഞത്‌. ഇനി എന്നായിരിക്കും പാടിത്തരിക...? കവിതയാണെന്റെ ജീവനും ജീവിതവും. സിനിമാഗാനത്തിന്റെ ചട്ടക്കൂട്ടിൽ എത്തിപ്പെട്ടില്ലായിരുന്നെങ്കിൽ എന്നിലെ കവിയെ ലോകം അറിഞ്ഞേനെ എന്ന്‌ പറഞ്ഞിട്ടുണ്ട്‌. എന്നോട്‌ നീ സുഗതകുമാരിയെ പോലെയാകണം എന്നു പറയുമായിരുന്നു. അങ്ങനെയായില്ലെങ്കിലും ആവാൻ ശ്രമിക്കാം എന്നു ഞാനും പറയും. അവസാനം കാണുമ്പോൾ മദ്യം മണക്കുന്ന മുറിയും കൂട്ടുകാരും ഉണ്ടായിരുന്നു. ഗിരീഷേട്ടനെ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ കൊണ്ടുപോയത്‌ മദ്യപിക്കാനാണോ എന്ന ചോദ്യത്തിന്‌ ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട്‌, കൈചുരുട്ടികാണിച്ചു. ഈ വിരലുകൾ നിനക്ക്‌ നിവർത്താൻ കഴിയുമോ. നിന്റെയേട്ടന്‌ ആരോഗ്യമൊക്കെയുണ്ടെടീ. ഉവ്വ്‌, ഇങ്ങനെപോയാൽ മലയാളിക്ക്‌ നിങ്ങളെ നഷ്ടപെടും അത്രതന്നെ... എന്ന്‌ ഞാൻ ദേഷ്യപെട്ടു. അതിന്‌ കൂട്ടുകാരാണ്‌ മറുപടി പറഞ്ഞത്‌. പെണ്ണുങ്ങൾ ജീവിതത്തിന്റെ ഏഴ്‌ അയലത്തുവരാൻ പാടില്ലാ എന്ന്‌. ഗിരീഷേട്ടൻ കുറ്റവാളിയെപ്പോലെ തലകുനിച്ചിരുന്നതേയുള്ളു. പിന്നെ ഞാൻ കൊണ്ടു ചെന്ന കവിതകളിലായി ശ്രദ്ധ. ഓരോന്നും മറിച്ചു നോക്കാൻ എന്തൊരുവെമ്പലായിരുന്നു. അവതാരിക ഗിരീഷേട്ടൻ എഴുതിയാൽ മതിയെന്നു പറഞ്ഞപ്പോൾ, എന്നേക്കാൾ യോഗ്യരായവർ മതി ഇതിന്‌ അവതാരികയെഴുതാൻ എന്നു പറഞ്ഞു.

ശ്രീകുമാരൻ തമ്പിയുടെ 'അമ്മയ്ക്ക്‌ ഒരു താരാട്ട്‌ 'എന്ന കവിതാസമാഹാരത്തിൽ ഓട്ടോഗ്രാഫെഴുതിതന്നു. ഹൃദയപൂർവ്വം എന്ന്‌ തുടങ്ങുന്ന ഒപ്പ്‌. മമ്മൂട്ടിയെ കണ്ട്‌ മടങ്ങുമ്പോൾ ഞാനറിഞ്ഞില്ലല്ലോ അത്‌ നമ്മുടെ അവസാനകൂടിക്കാഴ്ചയാണെന്ന്‌. നാളെ ഊണ്‌ കഴിക്കാൻ വരാമെന്ന്‌ പറഞ്ഞതല്ലേ?. പിന്നെ, കോഴിക്കോടു പോയി വന്നാൽ നിന്റെ വീടിന്റെ താക്കോൽ കുറച്ചുദിവസത്തേക്ക്‌ തരണമെന്നും കിളികളുടെ ശബ്ദം കേട്ട്‌ കഥയെഴുതണമെന്നും കളിയായിട്ടാണെങ്കിലും പറഞ്ഞതല്ലേ. പ്രകൃതിയെ ഇത്രമേൽ സ്നേഹിച്ച സൂര്യനേയും, കാറ്റിനേയും, കടലിനേയും മഞ്ഞിനേയും മഴയേയും ഹൃദയത്തിലാവാഹിച്ച എന്റെ മിത്രമേ ഒരിക്കൽ ഫോൺ ചെയ്യുമ്പോൾ ഇവിടെ പെരുമഴയാണെന്നു പറഞ്ഞപ്പോൾ മഴയിലേയ്ക്ക്‌ ഫോൺ തിരിച്ചുപിടിച്ച്‌ മഴ കേൾപ്പിക്കാൻ പറഞ്ഞ കൂട്ടുകാരാ...ഏതു ജന്മത്തിലാണ്‌ ഇനിയെന്റെ സൗഹൃദം തേടിയെത്തുക? ഏതു ഇടനാഴിയിലാണ്‌ ഇനി ആ കാലൊച്ച ഞാൻ കേൾക്കുക? ഒരിക്കൽ ഗുരുവായൂരിൽ നിന്നും എനിക്കു ഫോൺ ചെയ്തു. പുണ്യഭൂമിയിലാണ്‌ നിൽക്കുന്നതെന്നും കണ്ണന്റെ തിരുനടയിലെത്താൻ കഴിഞ്ഞില്ലെന്നും അതിനു പകരം കാണിക്കയായി ഒരു ഗാനം കൊടുക്കാം എന്നും പറഞ്ഞു. അത്‌ ഇങ്ങനെയാണ്‌.
"കണ്ണന്‌ ഞാനെന്തു കൊടുക്കും
ഗുരുവായൂർ കണ്ണനുഞ്ഞാനെന്തുകൊടുക്കും
കണ്ണീരല്ലാതെ കദനമല്ലാതെ
കരളിൽ കത്തിച്ച കണിവിളക്കല്ലാതെ
കണ്ണനു ഞാനെന്തു കൊടുക്കും"
ഇത്രയും പറഞ്ഞിട്ട്‌ ബാക്കി എന്നോടെഴുതാൻ പറഞ്ഞു. ഞാനതു പൂർത്തിയാക്കുകയും പിന്നീടെപ്പോഴോ സംഗീതം നൽകി എന്നെ പാടി കേൾപ്പിക്കുകയും ചെയ്തു. ഇങ്ങനെ എഴുതിയ ഗാനങ്ങൾ നമുക്കൊരു സി.ഡി. ആക്കണമെന്ന്‌ പറയാറുണ്ടായിരുന്നു. അവസാനം കണ്ടപ്പോൾ ഒരു കാര്യം പറഞ്ഞത്‌ ഞാൻ ഓർക്കുന്നു. എന്റെ അമ്മയ്ക്ക്‌ ഞാനൊരു ദക്ഷിണകൊടുത്തു അതെന്താണെന്നറിയാമോ നിനക്ക്‌. യേശുദാസ്‌ എന്റെ അമ്മയുടെ കാൽതൊട്ട്‌ വന്ദിച്ചു. ഇതിലും വലിയ ദക്ഷിണ എന്താണ്‌ അമ്മയ്ക്ക്‌ കൊടുക്കുക. ശരിയാണ്‌ ജീവിതത്തിൽ മൂന്ന്‌ അത്ഭുതങ്ങളെ തനിക്കൊള്ളു എന്ന്‌ ഗിരീഷേട്ടൻ പറഞ്ഞിട്ടുണ്ട്‌. ഒന്ന്‌ യേശുദാസും, രണ്ട്‌ എം.ടി.യും, മൂന്ന്‌ ആനയുമാണ്‌. ഇവരുടെ മൂന്നുപേരുടേയും അരികിലെത്തുമ്പോൾ മൊബെയിൽ ഓഫാക്കുമെന്നും പറയാറുണ്ട്‌. ഗിരീഷേട്ടന്റെ കവിതാസമാഹാരത്തിലെ വീട്‌ എന്ന കവിത ഇടയ്ക്കിടെ എനിക്ക്‌ ചൊല്ലിതരാറുണ്ട്‌.
"ഇണക്കങ്ങളും പിണക്കങ്ങളും കൊണ്ട്‌
തുടച്ചുവൃത്തിയാക്കുന്ന നമ്മുടെ വീട്‌.
നമുക്ക്‌ മരിച്ച്‌ കിടക്കാനുള്ള വീട്‌
മരിച്ചാലും തിരിച്ചുവരാനുള്ള വീട്‌"
ഇരുട്ടിൽ തനിച്ചിരിക്കുമ്പോൾ മിന്നൽ വെളിച്ചം പോലെ ഒരുമാത്ര നേരത്തേയ്ക്ക്‌ കടന്നുവന്ന്‌ കണ്ണുകളിൽ കൂരിരുട്ട്‌ നിറച്ച്‌ കൊണ്ട്‌ കടന്നുപോയെങ്കിലും കേൾക്കുന്നുണ്ട്‌ ഈ ഗാനങ്ങളിലൂടെ ഞങ്ങൾ....അരിയുന്നുണ്ട്‌ മഴയിൽ, കാറ്റിൽ, ഉദയാസ്തമയങ്ങളിൽ, പൂക്കളിൽ ശലഭങ്ങളിൽ മഴവില്ലിൽ പ്രകൃതിയുടെ ഓരോ ചലനങ്ങളിലും അങ്ങയുടെ സാന്നിദ്ധ്യം... സംഗീതത്തിന്റെ പ്രണയസ്പന്ദനങ്ങൾ ആ ഹൃദയതുടിപ്പുകളായി മാറുമ്പോൾ- അങ്ങ്‌ മരിക്കുന്നില്ല. ഇവിടെ ഞാനൊരു സ്മരണാഞ്ജലി കൂടി കുറിയ്ക്കട്ടെ.

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.