Tuesday, May 26, 2009


വഴക്കാളികളായ അടുക്കളപ്പാത്രങ്ങള്‍.
വഴക്കാളികളായ അടുക്കളപ്പാത്രങ്ങള്‍.
എന്റെ അടുക്കളയിലെ പാത്രങ്ങള്‍ പലതും സംസാരിക്കാറുണ്ട്.
സിനിമയെക്കുറിച്ച്,പാചകത്തെക്കുറിച്ച്,സംഗീതത്തെക്കുറിച്ച്
വസ്ത്രധാരണത്തെക്കുറിച്ച്.
ചിലകാര്യങ്ങളില്‍ അവര്‍ കടുത്ത പക്ഷപാതികളാണ്.
ചിലപ്പോള്‍ അവര്‍ ഭിന്നതയുടെ പേരില്‍ കലഹിക്കും.
താഴെവീണ് ആത്മഹത്യ ചെയ്യും.
എപ്പോഴും പരാതിപറയുന്ന വൃദ്ധരായവരുടെ
മനസ്സാണ് എന്റെ പാത്രങ്ങളുടെ കൈമുതല്‍.
എങ്ങനെ അടുക്കിവച്ച് മാന്യതകാട്ടിയാലും
അവര്‍ പിണങ്ങും.
പിണക്കം തമ്മിലടിയിലും,പൊട്ടിച്ചിതറലിലുമാവും
അവസാനിയ്ക്കുക!
ഞാന്‍ ഉറങ്ങാന്‍ കിടന്നാലും അവര്‍ ഉറങ്ങാറില്ല!
രാത്രിഒരുമണിയ്ക്കും രണ്ടുമണിയ്ക്കും അവര്‍
പോരടിയ്ക്കാറുണ്ട്!
മദ്ധ്യസ്ഥതയ്ക്കെത്തുന്ന പൂച്ചയെ അവര്‍
വിരട്ടിയോടിയ്ക്കയാണ് പതിവ്.
രാത്രിയില്‍ ഒരുപോളക്കണ്ണടയ്ക്കാതെ
ഈപാത്രങ്ങള്‍ എന്താണു ചെയ്യുന്നത്?
ഞാന്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ ,കളിയാക്കി
ക്കൊണ്ടുള്ള മൌനം പാലിക്കല്‍,വരിതെറ്റാതെ നോക്കല്‍
ഇവയുടെ സ്ഥിരം ഏര്‍പ്പാടാണ്.
വെള്ളത്തിനായി ദാഹിക്കുമെങ്കിലും കുടിക്കില്ല.
കുളിക്കാനിഷ്ടമില്ല.
കണ്ണീരുകുടിച്ചുവറ്റിച്ചമുഖം മാത്രം മിനുക്കി
എന്നെനോക്കിച്ചിരിക്കും;
എന്നെ സന്തോഷിപ്പിക്കാന്‍ മാത്രം.
ഞാന്‍ പുറത്തുപോയാല്‍,അവ അനങ്ങില്ല.
വരുന്നതുവരെ ഒരേയിരുപ്പാണ്.
നിശബ്ദത പാലിക്കുക എന്നത് എത്രയോ ഹൃദയഭേദകമാണെന്ന്
മനസ്സിലാക്കിയത്,
എന്റെ പാത്രങ്ങളെ കണ്ടാണ്.

BACK

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.