സ്വയംനിരാസത്തിലൂന്നിയ 'നവാദ്വൈതം' കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച് നവവിപ്ലവഛായയുള്ള ഒരു ചിന്താധാരായാണ്[അവതാരികയിൽ നിന്ന് ]ശ്രീ.
എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത് ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന് തോന്നിപ്പോയി. വായനപുരോഗമിച്ചുവന്നപ്പോഴാണ് ദുരൂഹത എന്നു നിരൂപിച്ചതിന്റെ അകംപൊരുൾ അത്ര നിസ്സാരമല്ലെന്ന് ഒരു വെളിപാടുപോലെ ബോധോദയമുണ്ടായത്. വായിച്ചുതീരാറായപ്പോഴേക്കും ആശ്ചര്യം കൗതുകമായി മാറിക്കഴിഞ്ഞിരുന്നു! സ്വയംനിരാസത്തിലൂന്നിയ മറ്റൊരദ്വൈതവിചാരമുണർത്തിവിടുന്ന ഒരു "കലാപ"മാണിതിന്റെ ഉള്ളടക്കം."വസ്തുവിനെ അതിൽ നിന്നു മോചിപ്പിക്കുന്ന "സാഹസത്തെയാണ് 'കലാപ'മെന്ന് ഇവിടെ വിവക്ഷിക്കുന്നത്. എവിടെയായിരുന്നാലും അസ്വസ്ഥതയുളവാക്കുന്നതാണ് കലാപം. അസ്വസ്ഥതയില്ലാതെ സ്വസ്ഥതയും സ്വസ്ഥതയുടെ രുചിയുമില്ലല്ലോ.
ഈ വിചാരവിശേഷത്തെ 'നവാദ്വൈതം' എന്ന് ഹരികുമാർ വ്യവഹരിക്കുന്നു. മൗലികമായ അദ്വൈതചിന്തക്ക് ഒരുതരം 'നിരാസം' നൽകി, പുനർജനി നൽകാനുള്ള തീവ്രശ്രമമാണിതിൽ. ഈ ശ്രമം പുതുമയാണ്. ഗരിമയുള്ളതുമാണ്. ഭാഷാപരമായും, ആശയപരമായും ആവനാഴിയിൽ സംഭരിച്ചിരിക്കുന്ന സമസ്തായുധങ്ങളും ഗ്രന്ഥകാരൻ ഈ 'കലാപ'ത്തിൽ എടുത്തുപ്രയോഗിച്ചിട്ടുണ്ട്. അവതരണരീതിയും, അതിൽ നമ്മെ വിശ്വസിപ്പിക്കാൻ പോരുന്നതാണ്. പ്രസ്തുത 'കലാപ'സാഹസം അഭിനന്ദനാർഹമെന്നതിൽ അശേഷം തർക്കമില്ല.
'സ്വയം നിരാ
സം' ഗ്രന്ഥകാരന് ഒരു തപസ്യപോലെയാണ്. സംസ്കൃതമനസ്സുകൾക്ക് എത്രയും ഹൃദ്യമായ ഈ വിചാരധാരയിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ അദ്ദേഹം പദമുറപ്പിച്ചുതന്നെ നിലകൊള്ളുന്നു. ആ നിൽപിലുമുണ്ടൊരു 'നിരാസം'. ചിന്തയുടെ നവംനവങ്ങളായ ദീപ്തമേഖലകളിലേക്ക് അനുവാചകരെ അതു 'പരിഭാഷപ്പെടുത്തു'ന്നുമുണ്ട്. സ്വയംനിരാസത്തിലൂന്നിയ 'നവാദ്വൈതം' കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച് നവവിപ്ലവഛായയുള്ള ഒരു ചിന്താധാരായാണ്. അത് ശബ്ദത്തെ യും, വെളിച്ചത്തെയും ഗതിവേഗത്തെയുമെല്ലാം ഉൾക്കൊള്ളുകയും, നിർമമതയോടെ അവയെ നിരസിച്ച് അതിർലംഘിക്കുകയും, അനുസ്യൂത നവസൃഷ്ടിയെന്ന നഭസ്സിലെത്തിക്കുകയും ചെയ്യുന്ന ചാലക ശക്തിയായി കാണപ്പെടുകയും ചെയ്യുന്നു. തുടർന്നങ്ങോട്ട് അവിരാമമായ യാത്രതന്നെ. പരിചിതമായ സംസ്കൃതിയെ പൂർണ്ണമായി പുനർനിർമ്മിച്ച്, ഒരു പുത്തൻ സുതാര്യതയിലേക്ക് ആനയിക്കണമെന്ന ഗ്രന്ഥകാരന്റെ ഇതിവൃത്തത്തിന്റെ ധ്വനിയും പ്രതിധ്വനിയും ഈ ഗ്രന്ഥത്തിലുടനീളം മുഴങ്ങുന്ന ഭാവമാണ്. (overwhelming concern)നിലവിലുള്ള ഘടനകളെയും വിചാരവിധികളെയും വിമർശനപരമായി നേരിടാതെ ഇത്തരമൊരു ഉദ്യമം അസാദ്ധ്യമാകയാൽ , ഇന്നത്തെ സാമാന്യ ചിന്താവിശേഷങ്ങളെ ഒരുതരം പരസ്യവിചാരണയ്ക്കു വിധേയമാക്കുന്നുണ്ട്:-
"സമയമെടുത്തു ചിന്തിക്കുന്നത് അസാന്മാർഗ്ഗികവും പരിഹാസ്യവുമായിത്തീരുന്നു." (ഭാഷ മരിച്ചു)
ഗ്രന്ധവിചാരം സമാരംഭിച്ചിരിക്കുന്നത് 'മൗലികവാദ'ത്തിന് ഒരു പുതിയ നിർവചനവ്യാപ്തി നൽകിക്കൊണ്ടാണ്. "സ്വയം നിരസിക്കാനുള്ള തരത്തിൽ തത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏതു ആശയവും മൗലികവാദമായിത്തീരും." (സ്വയം നിരാസം)
പലതരം മൗലികവാദങ്ങൾ അവയുടെ അർത്ഥനൈർമല്യം കൈവെടിഞ്ഞ് ഹിംസാത്മകതയ്ക്ക് കുഴലൂത്തു നടത്തുന്ന ആധുനിക കാലത്ത് ഈ നിർവചനം തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. സമസ്ത മൗ
ലികവാദ സമീപനങ്ങളുടെയും പുനർനിർമ്മിതിയുടെ കൺവേയർ ബൽറ്റാണിവിടെ തത്വശാസ്ത്രം. യാഥാസ്ഥിതിക കൺവേയർ ബൽറ്റിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക് മാറ്റമുണ്ടാകുന്നില്ല, സ്ഥാനചലനം മാത്രം. ഇവിടെയാകട്ടെ ചലനത്തോടൊപ്പം 'ആന്തരിക സ്വയം നിരാസ'മെന്ന പ്രക്രിയയും തുടരെ അരങ്ങേറുന്നതായി കാണാം. ആത്മാർത്ഥമായി സ്നേഹിക്കുന്നതിനുപോലും സ്വത്വനിരാസം അനിവാര്യമാണെന്ന് ഈ പ്രമാണം വെളിപ്പെടുത്തുന്നു.
ഇക്കാലത്ത് 'സ്വത്വബോധ'മെന്ന ആശയം പ്രത്യയശാസ്ത്ര വീക്ഷണങ്ങളിൽ തർക്കവിഷയമായിട്ടുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സ്വത്വനിഷേധം, മറ്റൊരു സ്വത്വനിർണ്ണയത്തിലേക്കുള്ള ആഹ്വാനമായി അസ്തമിക്കുന്നു. ഹരികുമാറിന്റെ വീക്ഷണത്തിൽ സ്വയംനിരാസം ചലനാത്മകമായ മറ്റനേകം ലോകങ്ങളിലേക്കുള്ള നിരന്തരപരിണാമത്തിനു ഹേതുവാണ്. അങ്ങനെ വരുമ്പോൾ സ്വയം നിരാസം തന്നെ യഥാർത്ഥ 'സ്വത്വബോധ' മാണെന്നു വരുന്നു. സ്വയം നിരാസത്തിലൂടെ 'ശൂന്യതാ നിർമ്മാണ'മല്ല ലക്ഷ്യം. നവനിർമ്മാണത്തിനാണിവിടെ ഊന്നൽ.
ഹരികുമാറിന്റെ ഹരിത ദർശനങ്ങളിൽ വിശ്വചിന്താധാരകളിലെ പ്രചുര ദർശനങ്ങളുടെ സമാന്തരരേഖകളും ഒളിയും കാണാം.
'പുനർജനി' എന്നത് കേവലം ഒരു യുക്തിചിന്ത എന്നതിലപ്പുറം, യാഥാർത്ഥ്യത്തെ കവിയുന്ന യാഥാർത്ഥ്യമായി പല മതചിന്തകളിലും തെളിയുന്നുണ്ട്. വീണ്ടും ജനിക്കാതെ സ്വർഗ്ഗപ്രാപ്തിയില്ല എന്ന് യേശക്രിസ്തു അരുൾ ചെയ്തു. അത് ഒരവസ്ഥയും, അനുഭവവും മാനസിക സ്ഥിതിയും സംസ്കാരവും എല്ലാമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
Pseudo Dionysius എന്ന വിഖ്യാതനായ സിറിയൻ ദർശകൻ 'നേതി'യുടെ മറ്റൊരു പ്രോക്താവാണ്. അദ്ദേഹത്തിന്റെ വേദവൈജ്ഞാനിക സങ്കൽപങ്ങളിൽ നിരാസങ്ങളുടെ ഒരു ഘോഷയാത്രയാണ്. ഉണ്മയെ തേടുന്നതിൽ നിരാസം ഒരു പ്രധാന ആയുധമായി അദ്ദേഹം പ്രയോഗിക്കുന്നു. കുറിവാക്യങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ രചനകളിലെ ചില ഭാഗങ്ങൾക്കരികെ, ഹരികുമാറിന്റെ സദൃശ്യവാക്യങ്ങൾപോലുള്ള ചില പരാമർശനങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്. ഈ സാമ്യം ബോധപൂർവ്വം ചമച്ചതാണെന്നു കരുതാൻ ന്യായമില്ല.
John Donne യുടെയും കുഞ്ഞുണ്ണിമാഷിന്റെയും അളന്നുകുറിച്ചെടുത്തതുപോലെ ഉതിരുന്ന കുറിവാക്യങ്ങൾ പലതും ഇവിടെ സംഗതവും സാമ്യമുള്ളവയുമായി കാണപ്പെടുന്നു.
"Death thou shalt die[Donne:'holy sonnets']
വീടുവീടായ് വരുമ്പോഴേ
നാടു നാടായ് നടക്കൂ (കുഞ്ഞുണ്ണി)
ഇന്ദ്രിയാതീത തലങ്ങളിലേക്കുള്ള ഒരു ക്ഷണം ഇതിൽ മിന്നിമായുന്നുണ്ട്. മേൽപ്പറഞ്ഞ ഗണത്തിൽ വരുന്ന കുറിവാക്യങ്ങളുടെ ശൈലി ഹരികുമാറിന്റെ രചനയിലും കാണുന്നത് അത്ഭുതാവഹമാണ്.
വഴിയാണ് യാത്ര, യാത്രയാണു വഴി'
വഴി നമുക്കൊരു ലക്ഷ്യമല്ല, വഴിക്കു സ്ഥായീഭാവമില്ല'
വേഗമില്ലെങ്കിൽ യാത്രയില്ല. - (ഹരികുമാർ 'വഴികൾ')
യേശുക്രിസ്തു ഇങ്ങനെ മൊഴിഞ്ഞു: 'എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നവൻ തന്നത്താൻ നിഷേധിച്ച്, ദിനംതോറും തന്റെ കുരിശുമെടുത്തു കൊണ്ട് എന്റെ പിന്നാലെ വരണം' ഇവിടെ ശിഷ്യത്വം മൊട്ടിടുന്നത് സ്വയംനിരാസത്തിലാണ്. സമസ്ത ഭൗതിക അവകാശവാദങ്ങൾക്കും ഇവിടെ വിരാമമാകുന്നു. മാനദണ്ഡങ്ങളും മാഞ്ഞുപോകുന്നു. സ്വയം നിഷേധിക്കുമ്പോൾ അതുമറ്റൊന്നിലേക്ക് അഥവാ മറ്റുപലതിലേക്കു ലയിക്കുകയാണ്. ആ യാത്ര അവസാനിക്കുന്നുമില്ല. നിലവിലുള്ളതും അറിയുന്നതുമായ എല്ലാ ആത്മീക-സാമൂഹ്യ സങ്കൽപങ്ങളുടെ നിരാസം തന്നെയാണ് ഇവിടെ പ്രമേയം. കുരിശുമെടുത്തുകൊണ്ട് എന്നു പറഞ്ഞിരിക്കുന്നതിൽ, ഇത് ഒരുതരം മരണവും പുനർജനിയുമാണെന്നു വ്യക്തമാകുന്നു. സാമാന്യമായി, മരണത്തിലൂടെയാണ് പുനരുത്ഥാനത്തിലേക്കുള്ള വഴി. മരണരഹിതമായ രൂപാന്തരം മറ്റൊരു സാധ്യതയാണെന്ന് സെയിന്റ് പോൾ പറയുന്നുണ്ട്.
സ്വയം നിരാസത്തിന്റെ നാനാർത്ഥങ്ങളും വൈവിദ്ധ്യങ്ങളും യേശുക്രിസ്തുവിന്റെ 'പർവ്വത പ്രഭാഷണ' ത്തിൽ നിറയെക്കാണുന്നുണ്ട്.
"ദുഃഖിക്കുന്നവൻ ഭാഗ്യവാന്മാർ'
'നീതി നിമിത്തമായി പീഢനമേൽക്കുന്നവർ ഭാഗ്യമുള്ളവർ'
'ജനങ്ങൾ നിങ്ങളെ നിന്ദിക്കുകയും, സകല ദുർഭാഷണങ്ങളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യമുള്ളവർ."
'അടയാളങ്ങളും അത്ഭുതങ്ങളും' കാണാനാഗ്രിച്ച യഹൂദനേതാക്കന്മാരോട് യേശുപറഞ്ഞു: 'ഈ മന്ദിരം പൊളിക്കുവിൻ, മൂന്നുദിവസം കൊണ്ട് ഞാനതിനെ വീണ്ടും പണിയും' 46 നീണ്ട വർഷങ്ങൾകൊണ്ട് പടുത്തുയർത്തിയ യരുശലേം ദേവാലയത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത് എന്ന് അവർ ധരിച്ചുപോയി! അദ്ദേഹമാകട്ടെ, തന്റെ ശരീരമെന്ന മന്ദിരത്തെപ്പറ്റിയാണ് പറഞ്ഞത്. തന്റെ മരണം, പുനരുത്ഥാനം ഇവയെ സ്പർശിക്കുന്നതായിരുന്നു വിചിത്രമായ ഈ പ്രസ്താവന. 'നിരാസ'മെന്ന അടിസ്ഥാന ചിന്ത ഇവിടെ പല മാനങ്ങൾ തേടുന്നു.
നിസ്സായിലെ വിശുദ്ധ ഗ്രിഗോറിയോസിന്റെ (നാലാം നൂറ്റാണ്ട്] വേദഭാഷ്യപ്രധാനമായ ഗ്രന്ഥമാണ്, 'മോശയുടെ ജീവചരിത്രം'. വെളിച്ചത്തിന്റെ പ്രഭവസ്ഥാനം തേടി മലകയറുന്ന മോശ ഒന്നൊന്നായി 'പടികൾ കയറുന്നു'. ഒരു പടികയറുമ്പോൾ മറ്റൊന്നു മുമ്പിൽ തെളിയുന്നു. അങ്ങനെ വീണ്ടും വീണ്ടും .ഈ പുസ്തകത്തിലെ അനിതര സാധാരണമായ ഒരു അവതരണമാണീ ഭാഗം. മനുഷ്യജീവിതത്തിൽ, ആത്മീയ വളർച്ചയും പുരോഗതിയ്ക്കും സ്ഥായീഭാവമല്ല. നിരന്തര പരിണാമത്തിലൂടെയുള്ള അവിരാമായ പുരോഗതി എന്ന ആരോഹണമാണത് എന്നാണ് ഗ്രിഗോറിയോസിന്റെ വാദം. 'അവസാനിക്കാത്ത വളർച്ച' എന്ന് അദ്ദേഹം ഈ യാത്രയെ വിളിക്കുന്നു. ആയിത്തീരൽ (becoming])എന്ന തുടർപ്രക്രിയ ഒരിക്കലും പൂർണ്ണമായും ആയിത്തീരുന്നില്ല (being). അവിരാമമായ ഈ വളർച്ചയ്ക്ക് ഊർജ്ജവും സൗന്ദര്യവുമുണ്ട്. അത്തരം ജീവിതം ഒരു വെല്ലുവിളിയായിത്തുടരുന്നു. ആയിത്തീർന്നാൽ പിന്നെ വളരാനൊന്നുമില്ലല്ലോ. ഈ പശ്ചാത്തലത്തിൽ ഹരികുമാറിന്റെ 'സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല' എന്ന ലേഖനത്തിലെ ചില വരികൾ നവോന്മേഷത്തോടെ എഴുന്നു നിൽക്കുന്നതുകാണാം.
"എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ, ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇതു മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും.... ദൈവമായിത്തീരാൻ കഴിഞ്ഞാൽപ്പിന്നെ ജീവിതമെന്തിന്?"
മൗലികമായ അദ്വൈത തത്ത്വത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഈ പ്രസ്താവന. പ്രത്യക്ഷത്തിൽ നിർവ്വാണം നേടി ലയിക്കുക എന്നതിൽ നിന്നും ഭിന്നമാണീ ദർശനം. ഇവിടെ വളർച്ചയും വികാസവുമെന്ന ആരോഹണം ഒരു തുടർക്കഥയാണ്. എപ്പോഴും തൽസ്ഥിതിയെ നിരസിക്കുന്നതാണ് അതിന്റെ നൈസർഗ്ഗിക ശൈലി. നിരാസത്തിലൂടെയുള്ള നവനിർമ്മിതിയെ ഹരികുമാർ ഇങ്ങനെ വ്യാഖ്യാനിക്കുന്നു.
"ഓരോ വസ്തുവിന്റെയും ഉള്ളിലുള്ള മൗലികവാദത്തെയും
ഗതകാല ആഭിമുഖ്യത്തെയും നിശ്ചലാവസ്ഥയെയും മാറ്റി, പ്രപഞ്ചികമായ ലോകാവസ്ഥയ്ക്ക് പ്രധാനമായ ഉണ്മകളിലേക്ക് പരിവർത്തനം ചെയ്യുന്നതിനാണ് ഈ പുനർനിർമ്മാണം."
പ്രപഞ്ച ഉണ്മകൾ, നിശ്ചലാവസ്ഥയ്ക്കും ചലനാത്മകതയ്ക്കും അതീതമാണെന്നാണ് സൂചന. ഹരികുമാറിന്റെ വീക്ഷണത്തിൽ, സ്വയം നിരാസത്തിലൂടെയുള്ള തുടർപരിണാമം, ഭ്രാന്തമായ അവ്യവസ്ഥിതിയിലേക്കു നീന്തിക്കയറുന്നതല്ല. അതു സൃഷ്ടിപരവും, സംസ്കരിച്ചെടുക്കലുമാണ്. സാഹിത്യത്തിനും മതത്തിനും ശാസ്ത്രത്തിനുമെല്ലാം ഇതു ബാധകമാണെന്നത് ഗ്രന്ഥകാരന്റെ ശക്തമായ വീക്ഷണമാണ്. പരന്നവായന ആത്മീയപരിവർത്തനത്തിലേക്കു നയിച്ചേക്കാം. എന്നാൽ 'നിരാസ'രാഹിത്യരംഗത്ത് 'ഭാഷ മരിക്കുന്നു' എന്നു ഗ്രന്ഥകാരൻ സമർത്ഥിക്കാൻ ശ്രമിക്കുന്നു.
"പ്രത്യേകിച്ച് ഒന്നും വിനിമയം ചെയ്യാനില്ലാത്ത വാക്കുകൾ നടത്തുന്ന മാംസപ്രദർശനം ഭാഷയുടെ മരണത്തിനു നിമിത്തമാണ്." (ഭാ
ഷ മരിച്ചു)
ഗ്രന്ഥകാരന്റെ മനനം ഇവ്വിധം ഗതിവേഗമാർജിക്കുമ്പോൾ, ആത്മീകതയ്ക്കും ഒരു നവമാനം കൽപിച്ചിട്ടുണ്ട്. ദൈവത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല, "സകലത്തിനെയും സ്വാംശീകരിച്ചുകൊണ്ടുള്ള ആത്മീകതയാണ് സാഹിത്യത്തിന്റേത്." എന്നാണ് അദ്ദേഹത്തിന്റെ മതം. വാസ്തവത്തിൽ കാമ്പുള്ള മതവിശ്വാസങ്ങളെ സ്വാധീനിച്ചിട്ടുള്ള ചിന്തത്തന്നെയാണിത്. പൗരസ്ത്യ ക്രൈസ്തവ വേദശാസ്ത്ര ദർശനത്തിൽ സകല സൃഷ്ടിയെയും ഉൾക്കൊള്ളാത്ത ആത്മീകതയുമില്ല, ആരാധനയുമില്ല. സാഹിത്യഗന്ധിയായ ഈ ആത്മീകതയെ, ഹരികുമാർ 'ബദൽ ആത്മീകത' എന്നു വിളിക്കുന്നുവെങ്കിലും സനാതനവും മൗലികവുമായ ആത്മീകതയുടെ രൂപം തന്നെയാണിത്.
'ചലനവും പുരോഗതി'യും ഗ്രന്ഥകാരന് ഒരു obsession പോലെയാണ്. അത് സ്വാഗതാർഹവുമാണ്. ചിന്തയ്ക്കു കുളിർമയരുളുന്ന ഈ ദർശനം ഈ ഗ്രന്ഥത്തിലെ പ്രതിപാദനങ്ങളിലുടനീളം ദൃശ്യമാണ്. ഇതാ 'വഴികൾ' എന്ന ലേഖനത്തിൽ നിന്ന്:-
"പ്രകാശത്തെക്കാൾ എത്രയോ ഇരട്ടി വേഗത്തിൽ നാം മനസ്സുകൊണ്ടു സഞ്ചരിക്കുന്നു."
" ആകാശത്തിലൂടെ നക്ഷത്രങ്ങൾ അതിവേഗത്തിൽ ഓടിക്കളിക്കുന്നു."
"നക്ഷത്രയാത്ര സർവ്വലോകങ്ങളെയും കടന്നുപോകുന്നു."
"നിശ്ചിത പഥമില്ലാത്തതുകൊണ്ട്, നമ്മുടെ യാത്രകൾക്കു വേഗം കൂടും." (നക്ഷത്രങ്ങളുടെ വൈവിധ്യമാർന്ന സഞ്ചാരപഥങ്ങളെ ഭാരതത്തിലെ പുരാതന വാനഗവേഷകർ നിർണ്ണയിച്ചിട്ടുണ്ട്!) അനന്തമായ സഞ്ചാര-പുരോഗതിയുടെ ഗതി ഗ്രന്ഥകാരൻ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
"വീണ്ടും എവിടേയ്ക്കോ പൊയ്ക്കൊണ്ടിരിക്കും." (വഴികൾ)
ഇത്രയുമെല്ലാം വിശദമായും സധൈര്യവും എഴുതിയെങ്കിലും ഗ്രന്ഥകാരൻ ഒരു ജാമ്യാപേക്ഷപോലെ കുറിച്ചിട്ടു:
നവാദ്വൈതം സാഹിത്യചിന്തയിലാണ് മുഖ്യമായും പ്രയോഗിക്കുന്നത്." (ഉത്തരങ്ങൾക്കു വേണ്ടി) എത്ര സംഗതമായ ഒരു തിരിച്ചറിവാണിത്! സ്വയംനിരാസത്തിന്റെ (നവാദ്വൈതമെന്നു ഭാഷ്യം) പ്രായോഗികത, അദ്ദേഹം കണ്ടെത്തി നിർവചിക്കുകയും അതിൽ മനുഷ്യന്റെ ഭാഗധേയം നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു.
"വസ്തുക്കളെ അവയുടെ പരിസരത്തുനിന്നുയർത്തി കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ് മനുഷ്യന്റേത്" (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല)
അപ്പോൾ പരിണാമവിധേയമായ മനസ്സാണ് നവാദ്വൈതചിന്തയുടെ പ്രാണൻ എന്നു സിദ്ധിക്കുന്നു.
മേൽപ്പറഞ്ഞ വിവരണങ്ങളുടെ ആകെത്തുകയാണ് 'നവാദ്വൈതം'. ആത്മാവും പരമാത്മാവും തമ്മിൽ, ദൃശ്യവും അദൃശ്യവും തമ്മിൽ, ഭൗമവും അഭൗമവും തമ്മിൽ പിളർപ്പും ഭേദവുമില്ലെന്ന് അദ്വൈതം വിധിക്കുന്നു. സ്വയം നിരാസമെന്ന പ്രക്രിയയിലൂടെ, പുറംലോകത്തെ വിശദാംശങ്ങളുമായി താദാത്മ്യമാകുമെന്ന് 'നവാദ്വൈതം' പറയുന്നു. അങ്ങനെ നവാദ്വൈതത്തിലുമുണ്ട് ഒരദ്വൈതം. 'മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയലോകത്തേക്കു കൂടിക്കലരുമ്പോൾ രണ്ടും തമ്മിൽ ഭേദമില്ലാതെ വരും. (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല) ഈ ഭേദരാഹിത്യം നവാദ്വൈതത്തിന്റെ കാതലാണ്. സ്വയംനിഷേധിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരുന്നു.
'നവാദ്വൈത'മെന്ന തനതായ സങ്കൽപത്തിന് ഹരികുമാർ ഈ 'മാനിഫെസ്റ്റോ'യിലൂടെ ഒരു പുതുഭാഷ്യം ചമച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന് പ്രൗഢവും മനഃശാസ്ത്രപരവുമായ ഒരു വിമർശന വിചാരവും അവതരിപ്പിച്ചിരിക്കുന്നു.
'നവാദ്വൈത'ത്തിന്റെ കാതൽ, ജീവിതത്തിലെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നതാണ്. സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്. നിഷേധാത്മകമായ നിരസമല്ല ഇവിടെ വിവക്ഷ. അത് ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. തത്വചിന്താപരമായ ഇത്തരംകൃതികൾ മലയാളത്തിൽ സുലഭമല്ല.
പ്രിയപ്പെട്ട ഹരികുമാറിന്റെ പ്രയത്നം ശ്ലാഘനീയമാണ്. പ്രൗഢഗംഭീരവും ആഴമുള്ളതുമായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ ഉതിരുന്നത് തികച്ചും അനായാസേനയാണ്. കടൽപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നവയെ ശേഖരിക്കുകയല്ല, ആഴക്കടലിൽ മുങ്ങി, മുത്തുകൾ വാരുകയാണ് ഗ്രന്ഥകാരൻ. ലഭിച്ച മുത്തുകളോ വർണ്ണാങ്കിതങ്ങളും അമൂല്യങ്ങളുമാണ്. ഇനിയും സാഹസികനായ ഈ മുക്കുവൻ മുത്തുകൾ വാരിക്കൂട്ടട്ടെ! ചിന്താശീലരും, മനുഷ്യരാശിയുടെ പുരോഗതികാംക്ഷിക്കുന്നവരുമായവർക്ക് വഴികാട്ടിയായി അദ്ദേഹം വളരട്ടെ.
ഗ്രന്ഥകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്. നിഷേധാത്മകമായ നിരസമല്ല ഇവിടെ വിവക്ഷ. അത് ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. തത്വചിന്താപരമായ ഇത്തരംകൃതികൾ മലയാളത്തിൽ സുലഭമല്ല.
പ്രിയപ്പെട്ട ഹരികുമാറിന്റെ പ്രയത്നം ശ്ലാഘനീയമാണ്. പ്രൗഢഗംഭീരവും ആളമുള്ളതുമായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ ഉതിരുന്നത് തികച്ചും അനായാസേനയാണ്. കടൽപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നവയെ ശേഖരിക്കുകയല്ല, ആഴക്കടലിൽ മുങ്ങി, മുത്തുകൾ വാരുകയാണ് ഗ്രന്ഥകാരൻ. ലഭിച്ച മുത്തുകളോ വർണ്ണാങ്കിതങ്ങളും അമൂല്യങ്ങളുമാണ്. ഇനിയും സാഹസികനായ ഈ മുക്കുവൻ മുത്തുകൾ വാരിക്കൂട്ടട്ടെ! ചിന്താശീലരും, മനുഷ്യരാശിയുടെ പുരോഗതികാംക്ഷിക്കുന്നവരുമായവർക്ക് വഴികാട്ടിയായി അദ്ദേഹം വളരട്ടെ.
ഗ്രന്ഥകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.