praphullan tripunithura
എല്ലാ ഇസങ്ങളും മതസംഹിതകളും മൊത്തത്തിൽ മനുഷ്യനന്മയ്ക്കുവേണ്ടി രചിയ്ക്കപ്പെട്ടിട്ടുള്ളതാണല്ലോ?! മേലേത്തട്ടിൽ അതുകൈകാര്യം ചെയ്യാൻ ഭാഗ്യംസിദ്ധിക്കുന്ന നേതാക്കൾ സ്വന്തം താൽപ്പര്യങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും വേണ്ടി അവയെ ബോധപൂർവ്വം പണയപ്പെടുത്തുന്നേടത്തുനിന്നാണ് ദുർഘടങ്ങൾ ആരംഭിയ്ക്കുന്നത്. ദൗർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ ഭൂരിപക്ഷം വരുന്ന സാമാന്യജനം ഈ പ്രക്രിയയുടെ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിലാണ് സഹോദരൻ അയ്യപ്പനെപോലെ നിസ്വാർത്ഥമതികളായ രാജ്യതന്ത്രജ്ഞന്മാർ മാതൃകയായി രൂപാന്തരപ്പെടുന്നതും ആദരിയ്ക്കപ്പെടുന്നതും.
“സഹോദരൻ അയ്യപ്പനെ അടുത്തറിയാൻ” എന്ന കൈപ്പുസ്തകം എഴുതിയ കെ.എം.അനന്തൻ b com [hons]NDC ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു. “നിസ്വാർത്ഥസേവനം ജീവിതവ്രതമാക്കിയ സഹോദരൻ, ശ്രീനാരായണഗുരുദേവന്റെ ഉത്തമഗൃഹസ്ഥശിഷ്യൻ, ഗുരുദേവദർശനം അക്ഷരാർത്ഥത്തിൽ തന്റെ ജന്മനിയോഗമായി മാറ്റിയ ത്യാഗധനൻ, എന്തിന് സഹോദരന്റെ ജീവിതത്തോട് താരതമ്യപ്പെടുത്താൻ പറ്റിയമറ്റൊരു വ്യക്തിയെ ചരിത്രത്താളുകളിൽ പരതിയാൽ കണ്ടെത്താൻ കഴിയില്ലെന്നത് സ്പഷ്ടം.“
വി.ടി.ഭട്ടതിരിപ്പാട് - ”ഞാൻ ചെറുപ്പം മുതൽക്കേ ഒരയ്യപ്പഭക്തനായിരുന്നു. എന്റെ ഇല്ലത്തിനടുത്ത് സ്ഥിതിചെയ്യുന്ന അയ്യപ്പക്ഷേത്രത്തിൽ പൂജാരിയായി ഞാൻ കഴിച്ചുകൂട്ടിയിട്ടുണ്ട്. കാലക്രമേണ ആവിശ്വാസം മാറിയെങ്കിലും അയ്യപ്പഭക്തനായി ജീവിതം തുടർന്നു. രണ്ടാംഘട്ടത്തിൽ എന്റെ ആരാധനയ്ക്കു പാത്രമായ അയ്യപ്പൻ “ സഹോദരൻ കെ.അയ്യപ്പൻ ആണെന്നു മാത്രം. ആ അയ്യപ്പഭക്തി എന്നെ പിന്തുടരു ന്നു.”
1967 ഡിസംബറിൽ ശിവഗിരിയിൽ നടന്ന മഹാസമാധിമന്ദിര പ്രതിഷ്ഠാമഹോത്സവ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗം-
“ശ്രീനാരായണഗുരു സൃഷ്ടിച്ച സ്വാതന്ത്ര്യബോധം മേൽജാതിക്കാരുൾപ്പെടെ സർവ്വജനങ്ങളുടെ ഇടയിലും ഒരു നവോത്ഥാനത്തിനു തുടക്കം കുറിച്ചു. ”ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്“ എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശത്താൽ ആകൃഷ്ടരായ ശ്രീനാരായണശിഷ്യന്മാർ സാമൂഹ്യപരിഷ്ക്കാരത്തിനു എന്നെപ്പോലുള്ളവരിൽ ആവേശം ഉണ്ടാക്കി. കാറൽമാക്സിനെക്കുറിച്ചു കേൾക്കുന്നതിനുമുമ്പ് ശ്രീനാരായണശിഷ്യനായ സഹോദരൻ അയ്യപ്പന്റെ (സദസിലിരുന്ന സഹോദരനയ്യപ്പനെ ചൂണ്ടിക്കാണിച്ച്) വിപ്ളവലേഖനങ്ങൾ ഞാൻ വായിച്ചു പഠിച്ചു. തികഞ്ഞ ആസ്തികനും, തികഞ്ഞ നാസ്തികനും സ്വീകാര്യമായ എന്തോ ഒന്നു ശ്രീനാരായണഗുരുവിലും അദ്ദേഹത്തിന്റെ ദർശനത്തിലും ഉണ്ടായിരുന്നു. ആ എന്തോ ഒന്നിന്റെ പിന്നാലെയാണ് കേരളത്തിന്റെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ തുടക്കം.”
ശ്രീനാരായണന്റെ ആശിർവ്വാദത്തോടെ ആലപ്പുഴ കാഞ്ഞിരംചിറയ്ക്കുസമീപം ഒരു തൊഴിലാളി സംഘടന രൂപംകൊണ്ടു. അതാണ് പിന്നീട് തിരുവിതാംകൂർ കയർ ഫാക്റ്ററി വർക്കേഴ്സ് യൂണിയനായി മാറിയത്. അവിടത്തെ തൊഴിലാളികളെ വീഞ്ഞപ്പെട്ടിയുടെ മുകളിൽ കയറിനിന്നുകൊണ്ട് “സഖാക്കളെ” എന്നു സഹോദരൻ അയ്യപ്പൻ അഭിസംബോധനചെയ്തു. അതു-കേരളത്തിലെ-“സഖാക്കളെ” എന്ന ആദ്യത്തെ സംബോധനയായിരുന്നു.
നല്ല കാലാവസ്ഥ, നല്ല ഫലഭൂയിഷ്ഠമായ വയൽ, നല്ല വിത്ത്, നല്ല വളം, കഠിനാദ്ധ്വാനം ചെയ്യുന്ന കർഷകൻ ഇതെല്ലാം സമ്മേളിക്കുമ്പോൾ നല്ല വിളവുണ്ടാകും. അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ സഹോദരൻ അയ്യപ്പന്റെ വളർച്ചയുടെ കാര്യമോ തികച്ചും പ്രതികൂലസാഹചര്യത്തിലായിരുന്നു ജീവിതത്തിന്റെ ആരംഭം. ഇവിടെ പാശ്വവൽക്കരിക്കപ്പെട്ട, പിന്നോക്കസമുദായത്തിൽ പിറന്ന, ഒരു ദരിദ്രകുടുംബത്തിലെ അംഗം ഏറ്റവും ഉന്നതിയിലേയ്ക്കാണ് ഉയർന്നത്. അതിലാണു ശ്രേഷ്ഠതയും പ്രധാനവും!
ചെറായിയിലെ ഒരു ദരിദ്രകുടുംബത്തിലാണ് 1889 ആഗസ്റ്റ് 22നു കെ.അയ്യപ്പൻ ജനിച്ചത്. അവിടെ നെടിയാറ അച്ചൻബാവയുടെ സ്കൂളിൽ പ്രാഥമിക പഠനം നടത്തി. (ഈ സ്കൂളിന്റെ തൊട്ടടുത്തുള്ള നെടിയാറമഠത്തിൽ താമസിച്ചായിരുന്നു ശ്രീനാരായണഗുരു അദ്ദേഹത്തിന്റെ പ്രധാനകൃതികളിലൊന്നായ “ജീവകാരുണ്യ പഞ്ചകം” രചിച്ചത്.) പള്ളിപ്പുറം ഇംഗ്ളീഷ് സ്കൂളിലും പറവൂർ ഹൈസ്കൂളിലുമായി പഠനം തുടർന്നു. പട്ടിണിയോടെയായിരുന്നു പല ദിവസങ്ങളിലും സ്കൂളിൽ പോയിരുന്നത്. അന്ന്, സാമ്പത്തിക പരാധീനതകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിനു സാധിച്ചില്ല. അക്കാലങ്ങളിലൊക്കെ അയ്യപ്പൻ ഇടയ്ക്കിടെ ശ്രീനാരായണഗുരുദേവനെ സന്ദർശിയ്ക്കുക പതിവായിരുന്നു. അദ്ദേഹം ഒരു നൂറുരൂപ കൊടുത്തു അയ്യപ്പനെ അനുഗ്രഹിച്ചു. ഒരു ശതാബ്ദത്തിനപ്പുറത്തുള്ള 100 രൂപ കൊണ്ടാണു പിന്നീടുള്ള വിദ്യാഭ്യാസത്തിനു പുറപ്പെട്ടത്. ബി.എ പാസ്സായശേഷം ചെറായി ശ്രീരാമവർമ്മയൂണിയൻ ഹൈസ്കൂളിൽ അധ്യാപകനായി ജീവിതം ആരംഭിച്ചു.
ലോകത്തിലെ ഏറ്റവും ക്രൂരമായ, സ്വാമിവിവേകാനന്ദനെക്കൊണ്ട് കേരളത്തെ ഭ്രാന്താലയമെന്നു വിളിപ്പിച്ച അയിത്താചാരം നിലനിന്നിരുന്ന കാലമായിരുന്നു അതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! അയ്യപ്പൻ ഗുരുദേവനെ സന്ദർശിച്ചപ്പോഴൊക്കെ ഗുരുദേവൻ പറഞ്ഞു. “ജാതിപോകണം അയ്യപ്പാ. ജാതിപോകണം” അതിനു പ്രാഥമികമായി ചെയ്യാനാവുന്ന കാര്യങ്ങൾ മിശ്രഭോജനവും, മിശ്രവിവാഹവുമാണെന്നു അയ്യപ്പൻ തിരിച്ചറിഞ്ഞു. 1917-ൽ ചെറായിയിൽ പുലയരുമൊന്നിച്ചു പായസംതയ്യാറാക്കി ഒരുമിച്ചു കഴിച്ചു. അയ്യപ്പന്റെ സഹോദരീ പുത്രനായ രാമൻപിള്ളയുടെ വീടിന്റെ വരാന്തയിൽവച്ചായിരുന്നു അത്, ഒരു സാമൂഹ്യവിപ്ളവത്തിന്റെ നാന്ദികുറിച്ച ആദ്യമിശ്രഭോജനം! തുടർന്നു നെടിയാറ അച്ചൻബാവയുടെ മകൻ കുമാരൻമാസ്റ്ററും വയലിൽപിള്ളയുടെ മകൾ കല്യാണിയും തമ്മിലുള്ള വിവാഹസദ്യയിൽ ചരിത്രത്തിലാദ്യമായി പുലയസമുദായക്കാരും ഒരുമിച്ചു പങ്കെടുത്തു പന്തിഭോജനം നടത്തി. ഇതിന്റെയൊക്കെ പേരിൽ അയ്യപ്പൻ ഉൾപ്പെട്ട `ചെറായി വിജ്ഞാനവർദ്ധിനി സഭ` അയ്യപ്പനെയും സഹപ്രവർത്തകരേയും സമുദായഭ്രഷ്ടരാക്കി. അയ്യപ്പനെപരസ്യമായി `പുലയനയ്യപ്പൻ` എന്നു വിളിച്ച് അധിക്ഷേപിച്ചു. നാട്ടുനടപ്പുകൾ ലംഘിച്ചതിനു അയ്യപ്പനെ നാടുകടത്താൻ മഹാരാജാവിനോടു ശുപാർശചെയ്യാൻ വരെ തീരുമാനമെടുത്തു. വിലക്കു കല്പിച്ചു പുറത്താക്കപ്പെട്ടവരോട് ആരും സഹകരിച്ചില്ല. ഒടുവിൽ ശ്രീനാരായണഗുരു ഒരു സന്ദേശം എഴുതി തയ്യാറാക്കി പ്രചരിപ്പിച്ചു.
“മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്വം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിനു യാതൊരു തടസ്സവുമില്ല.” - ശ്രീനാരായണഗുര. ഇതാണ് മഹാ സന്ദേശമെന്നപേരിൽ അറിയപ്പെട്ടത്.
ഏതായാലും 10 വർഷത്തിനുശേഷം അയ്യപ്പനെ ഭ്രഷ്ടുകല്പിച്ചു പുറത്താക്കിയ ചെറായി വിജ്ഞാനവർദ്ധിനി സഭ അയ്യപ്പന്റെ അദ്ധ്യക്ഷതയിൽ കൂടി തെറ്റുതിരുത്തി. അയ്യപ്പനും കുടുംബാംഗങ്ങൾക്കുമുള്ള എല്ലാ വിലക്കുകളും മാറ്റി.
കൊച്ചിരാജ്യത്തെ പൊതുമരാമത്തുമന്ത്രിയായി ശ്രീ. അയ്യപ്പൻ ഉയർന്നു. എറണാകുളത്തെ എഴുപതടി റോഡ് (എം.ജി.റോഡ്) അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ഇന്നത്തെ ഗോശ്രീ പാലങ്ങൾ അദ്ദേഹത്തിന്റെ സ്വപ്നം പിന്നീട് സാക്ഷാൽക്കരിക്കപ്പെട്ടതാ
ണ്.
ണ്.
എറണാകുളത്തു സ്വന്തമായൊരു വീട് വേണമെന്ന് അയ്യപ്പൻ ആഗ്രഹിച്ചു. (അന്നു എറണാകുളത്തു നിന്നും ചെറായിയിലെത്താൻ ചുരുങ്ങിയത് നാലു മണിക്കൂർ വേണ്ടിയിരുന്നു, സഹകരണബാങ്കിൽ നിന്നും മറ്റും കടമെടുത്തു രവിപുരത്തു ഇരുപത്തിയാറര സെന്റ് സ്ഥലം വാങ്ങി വീടുപണിതു. പക്ഷേ ഗൃഹപ്രവേശനത്തിനു വീടിന്നു കതകുകളും ജനാലകളും ഇല്ലായിരുന്നു.
70 അടി വീതിയുള്ള റോഡിന്റെ പദ്ധതി നിയമസഭയിൽവെച്ചപ്പോൾ അന്നത്തെ ഭരണകർത്താക്കളും സഹപ്രവർത്തകരും അയ്യപ്പനെ കളിയാക്കി. അന്നത്തെ ഏറ്റവും വലിയ റോഡായിരുന്ന “ബ്രോഡ്വേ” ചൂണ്ടിക്കാട്ടിയാണ് അവർ നേരംപോക്കു പറഞ്ഞത്. റോഡിനുസ്ഥലം അക്വയർ ചെയ്തപ്പോൾ മന്ത്രിയുടെ പുരയിടത്തെ ഒട്ടും സ്പർശിക്കാതെ അയൽപക്കത്തെ ഒരു ശാസ്ത്രിയുടെ വീടുമുഴുവൻ പോകത്തക്കവണ്ണമായിരുന്നു എഞ്ചിനീയർമാർ പ്ളാൻ തയ്യാറാക്കിയിരുന്നത്. പക്ഷേ അയ്യപ്പൻ അതു തിരുത്തി. ശാസ്ത്രിയുടെ വീടിനെ സ്പർശിക്കാതെയും തന്റെ വീടിന്റെ നാലടി അടത്തുകൂടി വഴി പോകത്തക്കവിധവുമായി അതിന്റെ പ്ളാൻ മാറ്റി. അതാണ് ഇന്നു രവിപുരത്തെ സഹോദരഭവനത്തിനടുത്തുള്ള വളവിനുകാരണം. (ഇന്നത്തെ ഭരണകർത്താക്കളാണെങ്കിലോ!?)
പിന്നീട് തിരുക്കൊച്ചി സംസ്ഥാനത്തും പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും പനമ്പിള്ളി ഗോവിന്ദമേനോനോടൊപ്പം സഹോദരൻ അയ്യപ്പനും മന്ത്രിയായിരുന്നു.
തിരുക്കൊച്ചി രൂപീകൃതമായതിനുശേഷം കൊച്ചി രാജകുടുംബം ഒരു പ്രമേയം പാസ്സാക്കി സർക്കാരിനയച്ചു. “അയിത്തജാതിക്കാരെ കനകക്കുന്നിൽ പ്രവേശിയ്ക്കാൻ അനുവദിയ്ക്കരുതെന്നായിരുന്നു അവരുടെ ആവശ്യം.” പ്രമേയം മുഖ്യമന്ത്രി വായിച്ചശേഷം പനമ്പിള്ളിഗോവിന്ദമേനോന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം വായിച്ചുനോക്കിയശേഷം സഹോദരൻ അയ്യപ്പനു കൈമാറി. സഹോദരൻ അയ്യപ്പനു യാതൊരു സംശയവുമുണ്ടായില്ല. അദ്ദേഹം അതിന്മേൽ ഉടനെ എഴുതി.“പട്ടിയ്ക്കും പൂച്ചയ്ക്കും പ്രവേശിയ്ക്കാവുന്നിടത്തു മനുഷ്യനു കടക്കാൻ പാടില്ലേ?!” എന്നു മാത്രം. !
1934 ലെ തിരഞ്ഞെടുപ്പിൽ സുഹൃത്തുക്കൾ പിരിച്ചുനൽകിയ പണക്കിഴിയും, “സഹോദരൻ” ദിനപ്പത്രിമാക്കുന്നതിലേയ്ക്കു സുഹൃത്തുക്കൾ പിരിച്ച (അന്നത്തെ) 9000 രൂപയും സഹോദരൻ അയ്യപ്പൻ സ്വീകരിച്ചില്ല. ഇന്നത്തെ ഏതു രാഷ്ട്രീയനേതാവ് ഇതിനു തയ്യാറാകും?!
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രക്ഷോഭത്തെത്തുടർന്ന് അറസ്റ്റിലായവരെ സഹോദരൻ അയ്യപ്പൻ ആവശ്യപ്പെട്ടതനുസരിച്ച് അന്നത്തെ ദിവാൻ സർ സി.പി നിരുപാധികം വിട്ടയച്ചു. അതു മനസ്സിലാക്കിയ കേരളകൗമുദി പത്രാധിപർ കെ.സുകുമാരൻ, ആർ.ശങ്കറെ ഒരു കോളേജിൽ പ്രൊഫസറോ, പ്രിൻസിപ്പലോ ആക്കാൻ ദിവാനോടു ശുപാർശ ചെയ്യാൻ സഹോദരൻ അയ്യപ്പനോടു പറഞ്ഞു. സഹോദരൻ പറഞ്ഞു“വ്യക്തികളുടെ ആവശ്യത്തിനു ഞാൻ ശുപാർശ ചെയ്യില്ല” തികച്ചും പ്രാപ്തനും അർഹനുമായ ആർ.ശങ്കർ പിന്നീട് മുഖ്യമന്ത്രി പദത്തിലെത്തിയകാര്യം അറിയാമല്ലോ!
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രക്ഷോഭത്തെത്തുടർന്ന് അറസ്റ്റിലായവരെ സഹോദരൻ അയ്യപ്പൻ ആവശ്യപ്പെട്ടതനുസരിച്ച് അന്നത്തെ ദിവാൻ സർ സി.പി നിരുപാധികം വിട്ടയച്ചു. അതു മനസ്സിലാക്കിയ കേരളകൗമുദി പത്രാധിപർ കെ.സുകുമാരൻ, ആർ.ശങ്കറെ ഒരു കോളേജിൽ പ്രൊഫസറോ, പ്രിൻസിപ്പലോ ആക്കാൻ ദിവാനോടു ശുപാർശ ചെയ്യാൻ സഹോദരൻ അയ്യപ്പനോടു പറഞ്ഞു. സഹോദരൻ പറഞ്ഞു“വ്യക്തികളുടെ ആവശ്യത്തിനു ഞാൻ ശുപാർശ ചെയ്യില്ല” തികച്ചും പ്രാപ്തനും അർഹനുമായ ആർ.ശങ്കർ പിന്നീട് മുഖ്യമന്ത്രി പദത്തിലെത്തിയകാര്യം അറിയാമല്ലോ!
തിരുവിതാംകൂറിൽ ശ്രീനാരായണഗുരുസമാധിദിനം (കന്നി 5) പൊതുഅവധിയായി പ്രഖ്യാപിയ്ക്കണമെന്നും സഹോദരൻ അയ്യപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. വൈസ്രോയി ഡിക്സൺ പ്രഭു ആയിരുന്നു കൗൺസിൽ പ്രസിഡന്റ്. അന്നത്തെ അറ്റോർണി ജനറൽ തോമസ് മാഞ്ഞൂരാനും കൗൺസിലിൽ സന്നിഹിതനായിരുന്നു. നാരായണഗുരു തിരുവിതാംകൂറിലാണു ജനിച്ചതെന്നു അറ്റോർണി ജനറൽ തടസ്സവാദമുന്നയിച്ചു. ഉടനെ തന്നെ ക്രിസ്തുമസ്സ് അവധിയെ സൂചിപ്പിച്ചുകൊണ്ട് `സഹോദരൻ തിരിച്ചടിച്ചു. “യേശുക്രിസ്തു ഏതു രാജ്യക്കാരനാണ്.” ഡിക്സൺ പ്രഭു ഉടനെ പാസ്ഡ്, പാസ്ഡ് എന്നു പറഞ്ഞു പ്രമേയം പാസാക്കി.
ഉദ്യോഗങ്ങൾ വഹിച്ചു അവയുടെ സുഖവും ഗുണവും അനുഭവിയ്ക്കുന്നവർ ദേശീയവാദികൾ, അതിനിടയ്ക്കു അർഹതയുള്ള ഉദ്യോഗത്തിനു ആവശ്യപ്പെടുന്നവർ വർഗ്ഗീയവാദികൾ“ എന്നാണു ഇന്നത്തെ അവസ്ഥ എന്ന അയ്യപ്പന്റെ അഭിപ്രായത്തെ പരിഗണിച്ച് സമുദായപ്രാതിനിത്യം ശാസ്ത്രീയ ദേശീയത്വമാണെന്നുള്ള വാദഗതിയെ കൊച്ചിദിവാൻജിയായിരുന്ന സർ, ആർ.കെ.ഷണ്മുഖം ചെട്ടി അംഗീകരിച്ച് ഉദ്യോഗസ്ഥരെ വിവിധ സമുദായങ്ങളിൽ നിന്നും തിരഞ്ഞെടുത്തു നിയമിയ്ക്കുന്നതിനായി ”സ്റ്റാഫ് സെലക്ഷൻ ബോർഡ് രൂപീകരിയ്ക്കുന്നതിനായി 16.03.1936-ൽ ഒരു കമ്മറ്റി രൂപീകരിച്ചു. അതാണ് സമുദായ സംവരണത്തിന്റെ ആരംഭം.
തിരുക്കൊച്ചി മന്ത്രിസഭയിൽ ഒമ്പതു അംഗങ്ങളുണ്ടായിരുന്നു. ഇതു കൂടുതലാണെന്നുവാദമുഖമുയർന്നു. ഉദ്യോഗസ്ഥന്മാരുടെ എണ്ണം കുറച്ചതുകൊണ്ടു പ്രയോജനമില്ലെന്നും മന്ത്രിമാരുടെ എണ്ണം കുറയ്ക്കണമെന്നും അയ്യപ്പൻ മന്ത്രിസഭയിൽ വാദിച്ചു. ഇതേതുടർന്നു എല്ലാ മന്ത്രിമാരും രാജിവെച്ച് അഞ്ചുമന്ത്രിമാർ മാത്രമുള്ള ചെറിയ മന്ത്രിസഭ രൂപീകരിയ്ക്കാൻ തീരുമാനിച്ചു. പുതിയ മന്ത്രിമാരുടെ ലിസ്റ്റിലും അയ്യപ്പൻ മന്ത്രിയായിരുന്നു. മന്ത്രിമാരുടെ എണ്ണം കുറയ്ക്കാൻ മുൻകൈ എടുത്ത ഞാൻ മന്ത്രിയാകുന്നതു ശരിയല്ലെന്നു അദ്ദേഹം പറഞ്ഞു. പലഭാഗത്തു നിന്നും പ്രത്യേകിച്ച് മുഖ്യമന്ത്രിയിൽ നിന്നും മറ്റുമന്ത്രിമാരിൽ നിന്നും ശക്തിയായ സമ്മർദ്ദമുണ്ടായിട്ടും അദ്ദേഹം വഴങ്ങിയില്ല. ഇന്നാണെങ്കിലോ?!
അതാതു ദിവസത്തെ ഫയലുകളിൽ അന്നന്നുതന്നെ ഉത്തരവുകൾ പാസാക്കി മടക്കുന്ന ശൈലിയായിരുന്നു സഹോദരന്റേത്.
അതാതു ദിവസത്തെ ഫയലുകളിൽ അന്നന്നുതന്നെ ഉത്തരവുകൾ പാസാക്കി മടക്കുന്ന ശൈലിയായിരുന്നു സഹോദരന്റേത്.
സഹോദരൻ മന്ത്രിയായിരുന്ന കാലത്തു സ്വന്തം മകൾ പോലും സർക്കാർ ഫോണും കാറും ഉപയോഗിക്കുന്നതിൽ നിയന്ത്രണം പാലിച്ചിരുന്നു. വീട്ടുകാർ സർക്കാർ സ്വത്തുക്കൾ ഒരിക്കലും സ്വന്തം കാര്യങ്ങൾക്കു ഉപയോഗപ്പെടുത്തിയില്ല. ഇന്നോ!
ഒരിയ്ക്കൽ ഗീതാനന്ദസ്വാമികൾ സഹോദരനോട് ചോദിച്ചു. “ഒരു തികഞ്ഞ യുക്തിവാദിയായ അങ്ങേയ്ക്ക് എങ്ങിനെ ഗുരുദേവന്റെ ഒരു ഉത്തമ ഗൃഹസ്ഥ ശിഷ്യനാകാൻ കഴിഞ്ഞു.” സഹോദരൻ പറഞ്ഞു.“യുക്തിവാദത്തിനും അതീതമായ പലതും ഗുരസ്വാമിയിൽ നിന്നും എനിയ്ക്കു അനുഭവവേദ്യമായിട്ടുണ്ട്.”
എറണാകുളത്തു മഹാരാജാസ് കോളേജ് ഗ്രൗണ്ടിനു വടക്കു ഭാഗത്ത് 72 സെന്റ് സ്ഥലം വാങ്ങിയത് ശ്രീ സഹോദരൻ അയ്യപ്പൻ ശ്രീനാരായണ സേവാസംഘത്തിന്റെ ആദ്യ പ്രസിഡന്റായിരിയ്ക്കുമ്പോഴാണ്.
രാജ്യത്തിനും സമുദായത്തിനും അയ്യപ്പൻ ചെയ്തിട്ടുള്ള വിലമതിയ്ക്കാനാവാത്ത സേവനങ്ങളെ കണക്കിലെടുത്തുകൊണ്ട് കൊച്ചി മഹാരാജാവ് 1935-ൽ അദ്ദേഹത്തിനു വീരശൃംഖല നൽകി. ഇതു ഇന്തോ-ചീന യുദ്ധക്കാലത്ത് അദ്ദേഹം രാജ്യരക്ഷാഫണ്ടിലേയ്ക്കു സംഭാവന ചെയ്തു. 23.07.1940-ൽ അയ്യപ്പനെ കൊച്ചി നിയമസഭയുടെ ഡപ്യൂട്ടിപ്രസിഡന്റായി തിരഞ്ഞെടുത്തു. 1942-ൽ അയ്യപ്പനു ചക്രവർത്തിയിൽ നിന്നും `റാവുസാഹിബ്` ബഹുമതി ലഭിച്ചു.
ഭരണാധികാരി, രാഷ്ട്രതന്ത്രജ്ഞൻ, സാമൂഹ്യപരിഷ്കർത്താവ് തുടങ്ങിയ നിലയിൽ കൂടാതെ സഹോദരൻ അയ്യപ്പൻ ഒരു കവി കൂടിയായിരുന്നു. ക്ഷേത്രപ്രവേശനസമരത്തിനു ഊർജ്ജം പകർന്ന് “വരുക വരുക സഹജരേ... സഹനസമരനേരമായ്”തുടങ്ങിയ വിപ്ളവഗാനങ്ങളും ഗുരുദേവന്റെ മരണത്തോടനുബന്ധിച്ചെഴുതിയ
“ജരാത്രജാമൃതി എന്നു തുടങ്ങുന്ന ചരമഗാനവും അദ്ദേഹം ഭാഷയ്ക്കു സംഭാവന ചെയ്തു.
”നിങ്ങളിൽ വിശ്വങ്ങളെ ജയിയ്ക്കാൻ മതിയായ
മംഗല മഹാശക്തിയുറങ്ങിക്കിടക്കുന്നു
അതിനെത്തട്ടിനിങ്ങളുണർത്തിവിട്ടീടുകി-
ലതുതാൻ കാമധേനുനിങ്ങൾക്കു സഹജരെ.“
1968-മാർച്ച് 6-ന് അയ്യപ്പൻ കഥാവശേഷനായി. (സഹോദരൻ അയ്യപ്പനെ അടുത്തറിയാൻ എന്ന ശ്രീ.കെ.എം.അനന്തന്റെ കൈപ്പുസ്തകത്തോടു കടപ്പാട്.)