manampur rajanbabu
ഇനി ബാക്കിയുള്ളതീ കണ്ണുമാത്രം
അതുകൂടി വേരോടെ പിഴുതെടുക്കൂ.
പറയുവാനുണ്ടെനിക്കേറെ, ചുടുനിണം
വടുകെട്ടിനില്ക്കും വഴിയിൽ വീൾകെ,
ആരോടു പറയുവാൻ ആർദ്രദുഃഖത്തിന്റെ
തീരാക്കടങ്ങൾതൻ ശോണയാത്ര...!
ഉണ്മയാം പുലരി കാത്തെന്നും നിശീഥങ്ങൾ
ഉന്നിദ്രമാം ഹൃദയവ്യഥകളോടെ
എന്നും ഉറങ്ങാൻ കിടക്കും, മിഴികളിൽ
വന്നു ചിറകടിക്കുന്നു കൂമൻ.
നാവില്ല പറയുവാൻ, കാതില്ല കേൾക്കുവാൻ
ചാകാത്ത ബോധവും കണ്ണുമായി
കൊട്ടാരവിട്ടത്തിനപ്പുറം പോകാത്ത
പെട്ടിയിൽ കാണുന്നു പ്രേതനൃത്തം
പുലരിയും പൂക്കളും തേടിക്കിശോരങ്ങൾ
മതിവിഭ്രമത്തിൻ ചുഴിക്കുത്തിലായ്
വീണ്ടും വെടലിച്ചിരിയുമായ് മൃത്യു വ-
ന്നോരോ കിരണം പറിച്ചെടുത്താൽ
വന്നതാരാകട്ടെ, നിന്നതാരാകട്ടെ,
പോയതാരാകട്ടെ, ബാക്കിയാരോ;
കാര്യങ്ങൾ, കാരണങ്ങൾ,ഹേതുഭംഗങ്ങൾ,
അവലോകനങ്ങൾ, വിമർശനങ്ങൾ....
പൊട്ടിച്ചിരികൾ, കൂരമ്പുകൾ, ദാസ്യങ്ങൾ...
ജാള്യങ്ങൾ,മ്ളാനങ്ങൾ...എന്തുമാകട്ടേ
മുറിയുന്നതപ്പൊഴും ഇപ്പൊഴും എപ്പൊഴും
മുറിയുവാനാവുന്നൊരെൻ മനസ്സാം.
`ദുർബല`മെന്നു ഹസിക്കിലതിൽക്കേറി
നൃത്തം ചവിട്ടുക സാരഥേ, നീ
വിണ്ടലോകത്തിൻ പരിച്ഛേദമാകട്ടെ
വെട്ടിമുറിക്കുകെൻ മൗലി കൂടി....!