
ഇനിയുമെന്നെ നീ
അറിയുവാനുണ്ടെന്റെ
പ്രിയമെഴും വാക്കിനപ്പുറം, ജാലക-
സ്ഫടികദർശനം മായ്ക്കുന്ന കണ്ണിന്റെ
ജ്വരനിലാവിൽ മറഞ്ഞതിന്നപ്പുറം.
ഇനിയുമെന്ന നീ
കേൾക്കേണ്ടതുണ്ടെന്റെ
മിഴികൾ കൊട്ടും മിഴാവുകൾക്കപ്പുറം
കനൽവിഴുങ്ങിച്ചിരിക്കുന്ന സന്ധ്യത-
ന്നുലകളിൽ ചുട്ട നാദത്തിനപ്പുറം
ഇനിയുമെന്നിലേയ്
ക്കെത്തേണ്ടതുണ്ടെന്റെ
പഥികജന്മം പറപ്പിച്ച പ്രാവുകൾ
പലവുരു പറഞ്ഞെങ്കിലും പ്രാണന്റെ
ചിറകടിത്തേങ്ങൽ മായ്ച്ചതിന്നപ്പുറം
ഇനിയുമെന്നിൽ നീ
നിറയുവാനുണ്ടെന്റെ
മഴകൾ കോരി നിറച്ചതിന്നപ്പുറം
മുകിലുകൾക്കുള്ളിൽ സാഗരം നേദിച്ച
പ്രണയഭാവപ്പകർച്ചകൾക്കപ്പുറം
ഇനിയുമെന്നെ നീ
അറിയുവാനുണ്ടെന്റെ
മുറിവു മൂളും കവിതകൾക്കപ്പുറം
അടരുകൾക്കുള്ളിലാരോ കുഴിച്ചിട്ട
ബലിമുഖത്തിന്റെ മൂകതയ്ക്കപ്പുറം
ഇനിയുമെന്നെ നീ
അറിയുവാനുണ്ടെന്റെ
സകല ജംഗമസ്ഥാവരങ്ങൾക്കുള്ളി-
ലടയിരിക്കുന്ന സംഗീത നിദ്രയെ
പുണരുമജ്ഞാത വീണകൾക്കപ്പുറം
ഇനിയുമെന്നെ
പഴിക്കുവാനുണ്ടെന്റെ
പിഴകളോരോന്നെറിഞ്ഞ കാട്ടിൽ വന്നു
തപസ്സിരുന്നിറ്റു കാവ്യോദയത്തിന്റെ
അരുണ രശ്മികളേറ്റതിന്നപ്പുറം
ഇനിയുമാഴി-
ത്തിരയ്ക്കുമേലായുസ്സിൻ
തുഴയെറിഞ്ഞവനാണു ഞാനെങ്കിൽ, നീ
വഴിമുടക്കിപ്പണിഞ്ഞ മേലാപ്പുകൾ-
ക്കുയരെയാണെന്റെ സഞ്ചാരസാധകം.