r manu
വിരൽത്തുമ്പിൽക്കൂടി വൈദ്യുതി
കടത്തിവിട്ടുകൊണ്ടീ മഴ നനയും
മനസ്സിലെ മൃതശരീരങ്ങൾക്കി-
ലക്ട്രിക് ശ്മശാനം തീർക്കുന്നു ഞാൻ
ഗ്ളാസ്സുകൾ കൂട്ടിമുട്ടും സ്വര
സോമബന്ധനം ചേർത്ത കൈകളിൽ
കുത്തിയ കരിംതേളിൻ സൗഹൃദ
വിഷമിറക്കുന്നതിനായ്.
കനൽനീറുമാഴിയിൽച്ചവിട്ടി
ശരണംവിളിച്ചു പുഴയും കടന്ന്
കരിമല കയറിയ ദുരിതഭാരത്തിന്റെ
മോക്ഷപാദങ്ങളിൽ നിന്നു
നഗ്നനായ് ദർപ്പണം കാണുന്നു ഞാൻ
തണൽപോലുമില്ലാത്തയാൽമരങ്ങൾ
മണൽപ്പരപ്പായ പുഴവന്ധ്യകൾ
തീക്കാറ്റുപെയ്യും നടപ്പാതതോറും
കനൽക്കല്ലുപാകിയ കളത്തട്ടുകൾ
ശുദ്ധസംഗീത സൗന്ദര്യ മഞ്ചാടി
വാരിവിതറിയ ചിരിപൊഴിച്ചെന്റെ
വഴിസന്ധ്യയിൽ നിന്നു താംബൂല
ചുണ്ണാമ്പുചോദിച്ച പ്രണയം
മർത്വാം കർമ്മബന്ധനം പൂർവ്വസൂര
നിമിഷാർദ്ധഗ്രഹദോഷ ജന്മബാന്ധവം
രൂപങ്ങളില്ലാത്ത വചനപ്രഘോഷണം
പാപസ്വരൂപങ്ങൾ ചുടലനൃത്തങ്ങളാടുന്ന
കോടതിമുറി, മരവിച്ച നാവിൽ
പ്പിറക്കാതെ പോകുന്ന വാക്കുകൾ
പറയാതടർന്നു വീഴും പൂരമേളസ്വനം
വൈദ്യുതിപൂത്തിറങ്ങും വർണ്ണാഭരാത്രി
ഒരു സാന്ത്വനം പോലെ വിടർന്നു ചുംബിച്ചു
കടന്നുപോകുന്നു മനസ്സിന്റെ വാതായനങ്ങൾ.