Sunday, August 8, 2010




m k harikumar


എല്ലാത്തിലും ഒരേ ചൈതന്യമാണുള്ളത്‌. ഒന്ന്‌ മറ്റൊന്നിൽ നിന്ന്‌ ഭിന്നമല്ല, എന്നതാണ്‌ അദ്വൈതത്തിന്റെ കാതൽ. പ്രപഞ്ചാംശമാണ്‌ എല്ലാറ്റിലുമുള്ളത്‌. എല്ലാം ദൈവമാണെന്ന്‌ പറയാം. എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ ആരാധനയോ ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇത്‌ മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും. മനുഷ്യമനസ്സിൽ ഭൂരിപക്ഷം സമയവും തിന്മയാണുള്ളത്‌. ഒരു ജീവിയുടെപോലും നിലവിളി അവനു കേൾക്കാൻ കഴിയില്ല. അവൻ കേൾക്കുന്നു എന്ന്‌ ബുദ്ധികൊണ്ട്‌ ഭാവിക്കുകയാണ്‌ ചെയ്യുന്നത്‌. യഥാർത്ഥ അദ്വൈതാനുഭൂതിയിൽ എത്താൻ കഴിയുന്നവർക്ക്‌, ഭേദചിന്ത ഇല്ലെന്ന്‌ ബോധ്യപ്പെടും. പക്ഷേ, ദൈവമായിത്തീരാൻ കഴിഞ്ഞാൽ ,പിന്നെ, ജീവിതമെന്തിന്‌?


നവാദ്വൈതം സാഹിത്യചിന്തയിലാണ്‌ മുഖ്യമായും പ്രായോഗികമാകുന്നത്‌. ഓരോ വസ്തുവും സ്വയം തള്ളിക്കളയാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്‌. അചേതന വസ്തുക്കളിൽപ്പോലും സ്വയം മാറാത്ത അവസ്ഥയുടെ ബന്ധനമുണ്ട്‌. ഓരോന്നും അതിന്റെ തടവറയിലാണ്‌. എന്നാൽ വസ്തുക്കളെ അവയുടെ പരിസരത്ത്‌ നിന്ന്‌ ഉയർത്തി, കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ്‌ മനുഷ്യന്റേത്‌. ഇതിലൂടെ ഓരോ വസ്തുവും, മുമ്പുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായ സംഗീതം പൊഴിക്കാൻ തുടങ്ങും. വസ്തുക്കളുടെ ഓർക്കസ്ട്രയാണിത്‌. വസ്തുക്കൾ അവയിൽ തന്നെ പുതുതായി ജനിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഓർക്കസ്ട്രയാണിത്‌. വസ്തുക്കൾ സ്വയം നിരസിക്കുന്നതിലൂടെ പുതിയ പ്രവാഹത്തിൽ ചേരുകയാണ്‌. ഇത്‌ വികസിക്കുന്ന ലോകവുമാണ്‌.
അദ്വൈതത്തിൽ ഓരോന്നിനും പ്രതിഷ്ഠിക്കാൻ ബ്രഹ്മമുണ്ട്‌. എല്ലാ വസ്തുവിലും ഭിന്നമായ വേറൊന്നുമില്ല. ഓരോന്നിലും ഉള്ളത്‌, പ്രപഞ്ചാത്മാവിന്റെ ഭാഗമായ ചൈതന്യമാണ്‌ .രണ്ടും ഒന്നുതന്നെ. അതായത്‌, ഓരോ വസ്തുവിനും ഉള്ളിലും പുറത്തും പ്രതിഷ്ഠിക്കാനുള്ളത്‌ ഈ ചൈതന്യത്തെയാണ്‌, ബ്രഹ്മത്തെയാണ്‌. അങ്ങനെ അവ സ്വയം നിരസിക്കാതെ, അവയുടെ തന്നെ മൗലികാവസ്ഥയിൽ ഇരിക്കാൻ ശഠിക്കുന്നു.


നവാദ്വൈതത്തിൽ സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല. സ്വയമായി എന്താണോ ,അതല്ലാതാകാനാണ്‌ ശ്രമിക്കുന്നത്‌. മനുഷ്യനും വെള്ളവും എല്ലാം ഒഴുകുന്നതുപോലെ പുതിയ സാഹചര്യങ്ങളിലേക്ക്‌ ചലിക്കുന്നു.ഉദാഹരണത്തിന്‌ ,
പുലി എപ്പോഴും പുലിയായിരിക്കുന്നില്ല. അത്‌ അതിനെവിട്ട്‌ പോകാതെ ജീവിക്കാൻ കഴിയില്ല. പുലിയെ പലവട്ടം കാണുന്ന കവിക്ക്‌, പുലി പലതാണ്‌. പുറത്തുനിന്നുള്ള സ്പർശമോ പ്രതികരണമോ ഉണ്ടാകുമ്പോഴും വസ്തു മാറുന്നു. പുലിക്ക്‌ പ്രതിഷ്ഠിക്കാൻ ഒന്നുമില്ല. അത്‌ സ്വയമറിയുന്നുമില്ല. സ്വയമറിയുന്നത്‌, സ്വന്തം വികാരങ്ങളിലൂടെയാണ്‌. അങ്ങനെ സ്വയം മാറുന്നു. പുലി, ബ്രഹ്മത്തെയോ ദൈവാംശത്തെയോ പ്രതിഷ്ഠിക്കാൻ ശ്രമിക്കാതെ അരങ്ങ്‌ ഒഴിയുന്നു. എന്നാൽ മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയ ലോകത്തേക്ക്‌ കൂടിക്കലരുമ്പോൾ ,സ്വയം നിരസിച്ചും, ഭൂതകാലത്തിൽ കെട്ടിക്കിടക്കാതെ സ്വയം മാറിയും, ഭേദങ്ങളകലുന്നു . ഇതാണ്‌ നവാദ്വൈതം. മനുഷ്യൻ സ്വയം നിരസിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരും. സാത്മീകരണമാണ്‌ മനുഷ്യന്റെ മുന്നിലുള്ള വഴി. സ്വയം നിരസിക്കുന്ന പ്രക്രിയയ്ക്ക്‌ അവസാനമില്ല. അങ്ങനെ ജനനവും മരണവും ഒന്നാകുന്നു.
Posted by Literary News Service[a group of journalists] at 10:00 AM
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.