brinda
അവിവാഹിതന്‍ ഒരു വാടക വീട്
ചായമടര്‍ന്നതും വിള്ളല്‍ വീണതുമായ ചുവര്
മതിലുകളും താഴുകളുമില്ലാതെ
വല കെട്ടിയ പൊടി മണത്തിലേക്ക്
വാതില്‍ തുറക്കുന്ന തുമ്മല്‍
തീരെ ചെറിയ മുറിയിലെ
നടുങ്ങി ഉണരുന്ന ഉറക്കം
മുഷിഞ്ഞ വസ്ത്രങ്ങള്‍
മൂക്ക് തുളയ്കുമ്പോഴും
അകറ്റാത്ത ജനല്‍ ക്കൊളുത്ത്
എണ്ണമെഴുപ്പുള്ള തോര്‍ത്ത്‌കൊണ്ട്
പാത്രം മിനുക്കുന്ന വരണ്ട വിരല്‍
തുന്നലകന്ന മേല്‍ക്കൂരയിലൂടെ
ഹൃദയം വെയിലത്ത് വാട്ടുന്ന മണ്ണിര
നേരമിരുട്ടി നുരഞ്ഞു വരുമ്പോള്‍
പടവില്‍ തട്ടി വീണു
ഉരയുന്ന കൈമുട്ടില്‍
എരിവുപൊത്തുന്ന കനല്‍
ചായക്ക് തിളയ്കുമ്പോള്‍
തെയിലപ്പൊടി ഇല്ലെ ന്നറിഞ്ഞു
കവിത യിട്ട് കണ്ണ് പൊത്തുന്ന ദാഹം
അയല്‍ ടെറസ്സിലെ പെണ്‍വസ്ത്രങ്ങള്‍ നോക്കി
ഇലകള്‍ പെയ്യുന്ന പാഴ് മരചില്ല
അടച്ചിട്ട മുറിയിലിരുന്നു
ഇരുട്ടില്‍ മഴ കാണുന്ന ചുവന്ന കുട്ടി
എങ്കിലും അയാള്‍ ഒരിക്കലും
വീടോ വീട്ടുകാരനോ
പാട്ടോ പാട്ടുകാരനോ ആകുന്നില്ല
ഇടവഴിയുടെ അങ്ങേയറ്റത്തെ
ഒരാള്‍ മാത്രം വന്നു പോകുന്ന
ചിതറിയ കൂട് മാത്രം ...................