v p ramesan
തൊണ്ണൂറ്റി മൂന്നു വയസ്സായി തങ്കക്കുട്ടി നമ്പിഷ്ടാതിരിക്ക്. ഓർമ്മകൾക്ക് തെളിച്ചക്കുറവൊന്നുമില്ല. വടക്കാഞ്ചേരിയിലെ കോവിലകത്തിന്റെ പൂമുഖത്തിരുന്ന് ഗതകാലത്തേയ്ക്ക് ഒന്നിറങ്ങിയത് പാതി മയക്കത്തിലാണ്. മുമ്പിൽ നാത്തൂന്റെ മക്കൾ കാവൂട്ടി നമ്പിഷ്ടാതിരിയും അപ്പൻ തിരുമുൽപ്പാടും വന്നു നിന്നു തർക്കിക്കുന്നു. അതും മുപ്പത് വയസ്സിൽ വിധവയായ തങ്കക്കുട്ടിയോട്.
“തങ്കക്കുട്ടിയമ്മായീ, ഇനീം ഞങ്ങൾക്ക് ക്ഷമിക്കാൻ വയ്യ. തൃപ്പൂണിത്തുറയിലെ കൊച്ചുകുട്ടമ്മാവന്റെ സ്ഥലമങ്ങ് ഭാഗം വയ്ക്കാൻ മടിക്കേണ്ട. മരുമക്കത്തായ നിയമം വച്ച് സഹോദരീ സന്താനങ്ങൾക്ക് പകുതിയും ബാക്കി പുത്രകളത്രത്തിനുമാണെന്ന് തങ്കക്കുട്ടിയമ്മായിക്കറിയില്ലാന്നുണ്ടോ? വേണോന്നു വച്ചാ അതിന്റെ ഓഹരി വില തന്നാ ഞങ്ങള് അത് ഒഴിമുറി വെച്ചു തന്നേക്കാം ന്ത്വാ?” അപ്പൻ തിരുമൽപ്പാട് നിന്ന് തർക്കിക്കുകയും വാദിക്കുകയും ചെയ്യുമ്പോൾ ഉടുമുണ്ട് പിടിച്ച് നാല് വയസ്സുകാരൻ ശിവദാസവർമ്മയും ഏഴുവയസ്സുകാരി ശാന്തകുമാരിവർമ്മയും അമ്മയെ പൊതിഞ്ഞുനിന്നു. പതിനെട്ടുകാരി ചന്ദ്രികയും അരമതിൽ ചാരി നിൽക്കുന്നു. അവരുടെ വലിയ ശബ്ദത്തിൽ കുട്ടികൾ ഭയന്നിരിക്കുന്നു. ഒമ്പതുവയസ്സുകാരൻ വിജയവർമ്മ പൂമുഖത്തെ തൂണിൽ ചാരി പുറത്ത് മുറ്റത്ത് വന്നു കളിക്കുന്ന അണ്ണാൻമാരിൽ നിന്ന് കണ്ണുപറിക്കാതെ നിൽക്കുന്നു.
ഭർത്താവ് ആർ.പി.വർമ്മ 35-ാംവയസ്സിൽ മരിക്കുമെന്ന് ആരെങ്കിലും കരുതിയോ. പത്തു പൊരുത്തവും നോക്കിയാണ് തൃപ്പൂണിത്തുറ കോവിലകത്തിരുന്ന കാരണവന്മാർ തങ്കക്കുട്ടിയെ വടക്കാഞ്ചേരി കോവിലകത്തേയ്ക്ക് അയച്ചത്. ബോംബെയിലെ തിരക്കാർന്ന ജീവിതത്തിലേയ്ക്ക് ചെന്നിറങ്ങുമ്പോൾ തങ്കക്കുട്ടിയ്ക്കും വലിയ സന്തോഷം. അതെല്ലാം നിമിഷമാത്രമായിരുന്നെന്ന് അറിഞ്ഞില്ല. തുടരെ തുടരെ മൂന്നു കുട്ടികളെ തങ്കക്കുട്ടി പ്രസവിക്കുമ്പോൾ ആർ.പി.വർമ്മ സാരാഭായ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ചെയറിൽ ഉച്ചഭക്ഷണം കഴിഞ്ഞ് ചാരിയിരിയ്ക്കുമ്പോൾ അത് മരണത്തിലേയ്ക്കായിരുന്നെന്ന് ആരുമറിഞ്ഞില്ല. കടന്നു വന്ന പ്രൈവറ്റ് സെക്രട്ടറി മണത്തറിഞ്ഞ മരണം അങ്ങിനെ ഇടിവെട്ടി നെഞ്ചകം പിളർത്തിയത് തങ്കക്കുട്ടി നമ്പിഷ്ടാതിരിയെയായിരുന്നു. നാലാമത്തേതു വയറ്റിലും.
“തങ്കക്കുട്ടിയമ്മായി എന്താ ഒന്നും പറയാത്തെ? ഇനി കേസും കൂട്ടൊക്കെ വേണോന്നാണോ?” കുട്ടൻ തിരുമുൽപ്പാട് വിടാൻ ഭാവമില്ല.
“ഇനി നിങ്ങൾക്ക് അത് വേണോന്നാവും. എടുത്തോ. നാട്ടേക്കം തന്നേച്ചാ മതി. ഞങ്ങൾ ഒഴിമുറി തന്നേക്കാം.”
“എനിയ്ക്കൊന്നുമറിയില്ലെന്ന് അപ്പനറിയാലോ. ന്താണ് വച്ചാ പറഞ്ഞോളു. കുറച്ച് ഉരുപ്പടി ഇവിടെയുണ്ട്. ഞാനത് വിറ്റാണെങ്കിലും നിങ്ങൾക്ക് ഓഹരി പണം തരാം.” തങ്കക്കുട്ടി ഇത്രേം പറഞ്ഞുകഴിഞ്ഞപ്പോൾ അപ്പൻ തിരുമേനിയുടെ മുഖമൊന്ന് തെളിഞ്ഞു.
“ന്നാ ആയിരത്തി ഇരുന്നൂറ്റി അമ്പത് ഉറുപ്പിക അങ്ങ് തന്നേക്ക്. ഞാനും കാവൂട്ടിയും എപ്പഴാൺന്ന് വച്ചാ ഒഴിമുറി തന്നേക്കാം.”
ഭർത്താവ് ആർ.പി.വർമ്മ ബോംബെയിൽ പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് തൃപ്പൂണിത്തുറയിലെ കോക്കിപ്പാപ്പി മാപ്പിളയോട് വാങ്ങിയ ഒരേക്കർ മുപ്പത്തി എട്ട് സെന്റ് സ്ഥലത്തിന്റെ പകുതി അവകാശം ഒരു മരണപത്രം ഉടമസ്ഥൻ എഴുതാതെ വന്നതുകൊണ്ട് മാത്രം മരുമക്കത്തായ നിയമബലത്തിൽ ശേഷക്കാർ വിലപേശാൻ വരുമ്പോൾ ചിരട്ടയും നാഴിയും മാത്രമായ നാലു മക്കളും യുവതിയായ വിധവയും എന്തുചെയ്യുമെന്ന് മരിച്ച മനുഷ്യന്റെ ശേഷക്കാർ ഓർക്കുന്നില്ലല്ലോ എന്ന് തങ്കക്കുട്ടി വെറുതെ സങ്കടപ്പെട്ടു.
1937-ലെ ചിങ്ങാമാസത്തിലെ ഉത്രാടനാളിലായിരുന്നു തങ്കക്കുട്ടിയുടേയും ആർ.പി.വർമ്മയുടേയും മംഗല്യം. എറണാകുളത്തുനിന്ന് ഷൊർണ്ണൂർക്ക് തീവണ്ടി കയറി ഇറങ്ങിയതും ക്ഷണനേരംകൊണ്ട് കോവിലകത്തു നിന്നു വന്നു വില്ലുവണ്ടി. റെയിൽവേസ്റ്റേഷനു പുറത്തു കാത്തുനിന്ന വില്ലുവണ്ടിയും തങ്കക്കുട്ടി നന്നായോർക്കുന്നു. പത്തുവർഷത്തെ ജീവിതത്തിനിടയിൽ നാലു കുട്ടികളും തോരാത്ത കണ്ണീരും. 1947 ആഗസ്റ്റിൽ തൃപ്പൂണിത്തുറ കച്ചേരിയിൽ വച്ച് ഒഴിമുറി തരുന്നതിനു മുമ്പ് തന്നെ പറഞ്ഞ ഉറുപ്പിക അപ്പൻ തിരുമുൽപ്പാടിനും കാവൂട്ടിക്കും തങ്കക്കുട്ടി അച്ഛൻ തമ്പുരാൻ സ്ത്രീധനമായി തന്ന തങ്ക ഉറുപ്പടികളൊക്കെ വിറ്റ് കിട്ടിയ പണം കൊണ്ട് തീറർത്ഥം കൊടുത്ത് വസ്തു സ്വന്തമാക്കുമ്പോൾ വലിയ ആശ്വാസം തോന്നി. അയ്യായിരം നാളികേരം കിട്ടുന്ന സ്ഥലമാണ്. ജീവിക്കാൻ അത് ധാരാളമായിരുന്നു. ചന്ദ്രികയും, ശാന്തയും, ശിവദാസനും, വളരുന്തോറും ചിലവുകൾ അധികരിയ്ക്കുന്നു. വടക്കാഞ്ചേരിയിലെ കൃഷിയും കോവിലകപ്പറമ്പിലെ വരുമാനവും തൃപ്പൂണിത്തുറയിലെ സ്ഥലത്തുനിന്നും കിട്ടുന്ന തേങ്ങയും മതിയാവുന്നില്ല. സഹായിക്കാൻ ജനിച്ച കോവിലകത്ത് അച്ഛനും അമ്മയും ഇല്ലാതായിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞിരിക്കുന്നു. പ്രിവി പഴ്സ് എന്ന തുച്ഛ തുകകൊണ്ട് ഒന്നുമാവില്ല. കുട്ടികളെ പഠിപ്പിക്കാതെ നിവർത്തിയില്ല. തങ്കക്കുട്ടി മറിച്ചൊന്നുമാലോചിച്ചില്ല. തൃപ്പൂണിത്തുറ കോവിലകത്തു ചെന്ന് മോടിക്കാരൻ ശങ്കരൻനായരെ ശട്ടം കെട്ടി. സ്ഥലം അങ്ങ് വിൽക്കുക. എന്നിട്ട് പണം ബാങ്കിലിട്ട് കിട്ടുന്ന പലിശയ്ക്ക് മക്കളെ പഠിപ്പിക്കുക.
ശങ്കരൻനായർ ആവതു നോക്കിയിട്ടും കച്ചവടമങ്ങ് ഒക്കുന്നില്ല. തങ്കക്കുട്ടി വിവരത്തിന് ഇടയ്ക്കിടയ്ക്ക് കോവിലകത്തേയ്ക്ക് എഴുതിയെങ്കിലും തരമായില്ല എന്ന വിവരമായിരിക്കും കിട്ടുക. കാത്തിരുന്നു കാലം കളയാനും വയ്യ. ഒരു ദിവസം ഷൊർണ്ണൂർ റെയിൽവെ സ്റ്റേഷനിലേയ്ക്ക് പോവാൻ വില്ലുവണ്ടിക്കാരനെ തങ്കക്കുട്ടി ശട്ടംകെട്ടി. തൃപ്പൂണിത്തുറയിലെത്തുമ്പോഴേക്കും തങ്കക്കുട്ടി ചിലതൊക്കെ കൽപ്പിച്ചിരുന്നു. തേങ്ങാക്കാരൻ പരമേശ്വരൻ തന്നെയായിരുന്നു. തങ്കക്കുട്ടിയുടെ മനസ്സിലുണ്ടായിരുന്നത്. പണത്തിന് വലിയ മുട്ടുണ്ടാവാത്ത കാലമായിരുന്നു പരമേശ്വരന്. തങ്കക്കുട്ടി നമ്പിഷ്ടാതിരി പരമേശ്വരന്റെ പോർട്ടിക്കോവിൽ കുടചൂടി ഉച്ചവെയിലിൽ കടന്നുവരുമ്പോൾ പരമേശ്വരൻ തോളത്തുകിടന്ന നാടൻമുണ്ട് എടുത്ത് കസേരയിൽ അടിച്ച് വൃത്തിയാക്കി ഇരിയ്ക്കാൻ ക്ഷണിച്ചു. കസേരയിലിരുന്ന തങ്കക്കുട്ടി വന്നതെന്തെന്ന ഭാവത്തോടെ പരമേശ്വരൻ നിൽക്കുമ്പോൾ തങ്കക്കുട്ടി പറഞ്ഞു.
“പരമേശ്വരൻ ആ സ്ഥലം തീറെടുക്കണം. നാട്ടേക്കം എനിക്ക് തരണം. കുട്ടികളൊക്കെ വളർന്നു വരുന്നു. എനിക്കാണെങ്കിൽ ഇതല്ലാതെ മാർഗ്ഗമില്ല. ഭക്ഷണത്തിന് പ്രശ്നമില്ല. പണമില്ലാതെ പഠിപ്പ് പ്രയാസാ.”
“അതിന് തമ്പുരാട്ടി പറയുന്നതുപോലെ പെട്ടെന്ന് എങ്ങിനെയാ പണംഉണ്ടാക്കുന്നെ. എന്റെ കയ്യിൽ രണ്ടായിരം ഉറുപ്പികയുണ്ട്. തീറ് വില നിശ്ചയിച്ചാൽ അതു തന്ന് കുറേശ്ശയായി ഞാൻ തന്നു തീർക്കാം.“
”പരമേശ്വരൻ രണ്ടായിരം ഉറുപ്പിക ഇപ്പൊതന്നെ തരണം. വസ്തുവിന് അയ്യായിരം ഉറുപ്പിക തീറ് വില നിശ്ചയിക്കാമല്ലോ?“
”തമ്പുരാട്ടി അതിന് അത്ര വിലയൊന്നും ഇല്ല. ഒന്നാമത് വഴിയില്ല. ഇതും പോരാഞ്ഞ് അഞ്ച് പേര് കുടിൽ വച്ചു കിടക്കുന്നില്ലേ? കാലം മാറി. ഇവരെയൊക്കെ ഒഴിപ്പിക്കാൻ എന്തെങ്കിലും കൊടുക്കണ്ടെ? തമ്പുരാട്ടിക്ക് ഒരു നഷ്ടം വേണ്ട. ഞാൻ നാലായിരം ഉറുപ്പിക തീറ് വില തരാം.“ തങ്കക്കുട്ടി പിന്നെ ഒന്നും ആലോചിച്ചില്ല.
1948-ൽ അത് വലിയ വില തന്നെയാണ്. പരമേശ്വരൻ മോഹവില തന്നെയാണ് പറഞ്ഞത്. തന്റെ ആവശ്യംകൊണ്ട് ഔചിത്യമില്ലാതെ അയ്യായിരം ഉറുപ്പിക ചോദിച്ചതാണ്. തങ്കക്കുട്ടി മനസ്സിൽ പറഞ്ഞു.
”ശശി. പരമേശ്വരൻ പറഞ്ഞതുപോലെ തന്നെ. ആധാരം അടുത്തയാഴ്ച തന്നെ നടത്താം. എന്നെ അറിയിച്ചാ മതി ദിവസം ഏതാന്ന് വച്ചാ.“
”തമ്പുരാട്ടി ഒന്നിരുന്നാട്ടെ. ഞാൻ ഓറിയന്റ് ഇൻഷുറൻസ് കമ്പനിയിൽ കിടക്കുന്ന പണം ഇപ്പൊ എടുത്തോണ്ടു വരാം.“
പരമേശ്വരൻ വളഞ്ഞ കാലുള്ള കുട നിവർത്തി തോൽ ചെരുപ്പിട്ട് മുളകൊണ്ട് ഉണ്ടാക്കിയ പടി കടന്ന് റോഡിലേയ്ക്ക് ഇറങ്ങി. തങ്കക്കുട്ടി ആലോചിച്ചു. രണ്ടായിരം ഉറുപ്പികയ്ക്ക് നൂറു ഉറുപ്പിക മാസം പലിശ കിട്ടും. അത് കുട്ടികളെ പഠിപ്പിക്കാൻ ധാരാളമാണ്. താമസിക്കാതെ പണവുമായി വന്ന പരമേശ്വരനോട് രണ്ടായിരം ഉറുപ്പിക മുൻകൂർ തീറർത്ഥമായി കൈപ്പറ്റി തങ്കക്കുട്ടി വടക്കാഞ്ചേരിയിലേയ്ക്ക് വണ്ടി കയറി.
ഒരാഴ്ച കഴിഞ്ഞപ്പോൾ പരമേശ്വരന്റെ കത്തുവന്നു. അടുത്ത ആഴ്ച തന്നെ നടത്താം. അങ്ങിനെ 1951-ലെ ഒരു ചിങ്ങമാസത്തിൽ തൃപ്പൂണിത്തുറ സബ് രജിസ്ട്രാപ്പീസിലെ 1559-ാം നമ്പ്രാധാരപ്രകാരം തങ്കക്കുട്ടി നമ്പിഷ്ടാതിരി വസ്തു നാലായിരം ഉറുപ്പിക തീറർത്ഥം നിശ്ചയിച്ച് 2000 ഉറുപ്പിക നിറുത്തി പരമേശ്വരന് തീറെഴുതി. ഒരു വർഷത്തെ കാലാവധിക്ക് ബാക്കി തീറർത്ഥം തന്നുകൊള്ളാമെന്ന വ്യവസ്ഥ ആധാരത്തിലുണ്ടായിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ തങ്കക്കുട്ടി പരമേശ്വരന്റെ വീട്ടിൽ വന്നു കാര്യം തിരക്കി. പരമേശ്വരൻ ബുദ്ധിമുട്ടിലാണ്. കച്ചവടം കുറച്ച് മോശം. കുട്ടികൾ എട്ടുപേരുണ്ട്. എല്ലാം കൂടി ഒരു ഞെരുക്കം. അവധികൾ പലതു കഴിഞ്ഞു. ചിലപ്പോൾ വരുമ്പോൾ നുറും ഇരുനൂറും ഉറുപ്പിക തരും. തങ്കക്കുട്ടിക്ക് മടുത്തു. എന്തു ചെയ്യും? കേസിന് പോകാൻ വിഷമമാണ്. നല്ലവനാണ് പരമേശ്വരൻ. ഗതികേട്കൊണ്ട് പറ്റിയതാണ്. ഇതിനിടെ കോവിലകത്തെ ശങ്കരൻനായർ കേസ്സ് കൊടുത്തു വിധിക്കടത്തിന് ജപ്തിചെയ്യാൻ നേരം ലേലം പിടിയ്ക്കാൻ തക്കം നോക്കി നടന്നു. തങ്കക്കുട്ടി ഒടുവിൽ ഗത്യന്തരമില്ലാതെ എറണാകുളം മുൻസിഫ് കോടതിയിൽ കേസ്സ് ഫയലാക്കുമ്പോൾ അധികം സന്തോഷിച്ചത് ശങ്കരൻനായരായിരുന്നു. വസ്തു പരമേശ്വരന് കൊടുത്തത് ഒട്ടും ഇഷ്ടമില്ലായിരുന്നു ശങ്കരൻനായർക്ക്.
വിധി വന്നു. ജപ്തി ചെയ്ത് വസ്തു ലേലത്തിനു വയ്ക്കുമ്പോൾ പരമേശ്വരന്റെ തന്നെ ഭാര്യാസഹോദരൻ കൂടിയവിലയ്ക്ക് വസ്തുവാങ്ങി തങ്കക്കുട്ടിയേയും പരമേശ്വരനേയും രക്ഷിക്കുമ്പോൾ രണ്ടുപേർക്കും കണ്ണു നിറഞ്ഞുപോയി. പിന്നെ പരമേശ്വരനെ കാണുന്നത് 1967-ൽ ആണ്.
പരമേശ്വരൻ വടക്കാഞ്ചേരി കോവിലകത്തു വരുമ്പോൾ വിജയന് ബോംബെയിൽ സാരാഭായിയിൽ തന്നെ ജോലി തരമായിരുന്നു. ചന്ദ്രികയും ശാന്തയും മംഗല്യം കഴിഞ്ഞ് കൽക്കത്തയിലും. ശിവദാസവർമ്മ എഞ്ചിനീയറിംഗിന് പഠിക്കുന്നു. പരമേശ്വരൻ നരയ്ക്കുകയും തടിവയ്ക്കുകയും ചെയ്തിരിക്കുന്നു. തങ്കക്കുട്ടിയ്ക്കും മാറ്റങ്ങളുണ്ട്. പരമേശ്വരനെ ആദ്യം തങ്കക്കുട്ടിക്ക് മനസ്സിലായില്ല. എങ്കിലും പരമേശ്വരന്റെ ചിരി മനസ്സിലുണ്ട്. ആ ചിരി തങ്കക്കുട്ടിക്ക് ആളെ മനസ്സിലാക്കി കൊടുത്തു.
“പരമേശ്വരൻ എന്താ ഇപ്പോളങ്ങിനെ.” ഇരിയ്ക്കാൻ പറയും നേരം തങ്കക്കുട്ടി ചോദിച്ചു.
ഇരിക്കാതെ നിന്ന പരമേശ്വരൻ പറഞ്ഞു.
“എനിക്ക് ഉടനെ പോകണം തമ്പുരാട്ടി. അടുത്ത വണ്ടിക്ക് തന്നെ തിരിയ്ക്കണം. ഞാൻ വന്നത് നമ്മുടെ സ്ഥലം കൊച്ചി റിഫൈനറിയ്ക്ക് റോഡിനുവേണ്ടി എടുത്തു. 70 സെന്റ് സ്ഥലം എടുത്തു. എനിയ്ക്ക് ആദ്യം 17,000 ഉറുപ്പിക കിട്ടി. അതുകൊണ്ട് ഞാൻ ഒന്നുകൂടി പച്ചപിടിച്ചു. ഇപ്പൊ അധിക നഷ്ടപരിഹാരമായി 45,000 കൂടി കിട്ടി. അതിൽ 10,000 ഉറുപ്പിക ഞാൻ തമ്പുരാട്ടിക്ക് തരുകയാണ്. വാസ്തവത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടത് തമ്പുരാട്ടിയല്ലേ. ഗതികേടിന് തമ്പുരാട്ടി എനിക്കുതന്നു. ഗതികേടിന് തമ്പുരാട്ടി കേസു കൊടുത്തു. എങ്കിലും ദൈവം നമ്മളെ അനുഗ്രഹിച്ചിരുന്നു. അതുകൊണ്ട് തമ്പുരാട്ടി ഇത് അങ്ങ് എടുക്കണം.“
പരമേശ്വരൻ പണപ്പൊതി അരമതിലിൽ വച്ചു. തങ്കക്കുട്ടി സംശയിച്ചു നിൽക്കുകയാണ്. പരമേശ്വരന് തീറുകൊടുത്ത സ്ഥലം. അതിൽ തനിയ്ക്കിനി എന്താണവകാശം. മനസ്സിൽ തർക്കങ്ങൾ മുറുകുമ്പോൾ തമ്പുരാട്ടി ചോദിച്ചു.
”അപ്പൊ അന്ന് ലേലം കൊണ്ട കൃഷ്ണൻ വസ്തു പരമേശ്വരന് തിരിയെതന്നോ.“
”ഉവ്വ് തമ്പുരാട്ടി. അവൻ നല്ലവനാ. അവൻ എനിയ്ക്കത് അവന് ചിലവായ സംഖ്യയ്ക്ക് തന്നെ തിരിയെ തന്നു. അതും ഒരു ദൈവാനുഗ്രഹമല്ലേ തമ്പുരാട്ടി.“
”ശരിയാണ്. ദൈവത്തിന്റെ കയ്യടയാളങ്ങൾ ജീവിതം ഉടനീളമുണ്ട്. എല്ലാവരിലും. ശിവദാസന്റെ കത്ത് കയ്യിലിരിക്കുന്നു. ആയിരം ഉറുപ്പിക അവൻ ആവശ്യപ്പെട്ടിരിക്കുന്നു. കോഴ്സ് തീരുകയാണ്. കഴിഞ്ഞുവന്നാൽ സർക്കാർ ജോലി തന്നെ ഉറപ്പ്. എഞ്ചിനീയർമാർക്ക് നല്ല സമയമുള്ള കേരളം. തങ്കക്കുട്ടി പണപ്പൊതി കയ്യിലെടുത്തു. മനസ്സു തെളിഞ്ഞത് മുഖത്തുകാണിച്ച് പരമേശ്വരൻ പടി കടന്നു പോവുമ്പോൾ തങ്കക്കുട്ടിയോർത്തു പരമേശ്വരന്റെ മനസ്സുനിറഞ്ഞ നന്മയെ!