thomas neelarmatham
ഇന്ന് ജോർജിയുടെ രണ്ടാം വിവാഹം ആയിരുന്നു. അവന്റെ ഏറ്റവും അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും മാത്രമെ ഉണ്ടായിരുന്നുള്ളൂ.
രണ്ടു വർഷത്തിനുമുമ്പ് തിരുവനന്തപുരത്ത് വച്ച് ഒരു മെത്രാപ്പൊലീത്തയുടെ കാർമ്മികത്തിൽ ജോർജിയുടെ ആദ്യ വിവാഹം നടക്കുമ്പോൾ ഞാനുൾപ്പെടെ ധാരാളം പേർ ആ ചടങ്ങിൽ പങ്കെടുത്തതാണ്.
എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഫിലിപ്പ് സഖറിയായുടെ ഒരെയൊരു മകനാണ് ജോർജ് ബി.ടെക് കഴിഞ്ഞ് എം.ബി.എയും ചെയ്ത് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സോഫ്റ്റ്വെയർ കൺസൾട്ടന്റായി അവൻ ജോലി ചെയ്യുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയോളം അവന് ശബളമുണ്ട്. മാസത്തിൽ പത്തിരുപത് ദിവസം ജപ്പാനിലും ചൈനയിലും ഗൾഫ് രാജ്യങ്ങളിലും അവന് ബിസിനസ്സ് ടൂറിലായിരിക്കും. ഇതുവരെ എന്റെ അറിവിൽ അവന് പുകവലിയോ മദ്യപാനമോ വേറെ ദുശ്ശീലങ്ങളുമില്ല.
ഫിലിപ്പ് സഖറിയ ഒരു ദേശസാൽകൃത ബാങ്കിന്റെ റീജയണൽ മാനേജറും ഭാര്യ കോളേജ് അധ്യാപികയുമാണ്. ജോർജിയുടെ കല്യാണം അവർ ആർഭാടമായിത്തന്നെ നടത്തി.
മരിയ സുന്ദരിയാണ്. അവൾ കമ്പ്യൂട്ടർ എൻജിനീയർ ടെക്നോപാർക്കിൽ മികച്ച ജോലി. നയാ പൈസ കൈക്കൂലി വാങ്ങിക്കാത്ത പി.ഡബ്ള്യൂ.ഡി. റോഡ് ഡിവിഷനിലെ എഞ്ചിനീയറാണ് മരിയയുടെ ഡാഡി. അമ്മ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയും.
എല്ലാ അർത്ഥത്തിലും തുല്യതയുള്ള രണ്ടു കുടുംബങ്ങൾ ഈ വിവാഹത്തിലൂടെ ബന്ധുക്കളായി.
പക്ഷെ, ഇക്കഴിഞ്ഞ രണ്ടു വർഷക്കാലം ജോർജിയും മരിയയും ഒരേ വീട്ടിൽ, ഒരേ മുറിയിൽ (ഒരേ കട്ടിലിൽ) ഭാര്യാ ഭർത്താക്കന്മാർ അല്ലാതെയാണ് ജീവിച്ചത് എന്ന് ആദ്യം അറിയുന്നത് ഞാനാണ്.
ജോർജിയുടെ പിതാവിന്റെ സുഹൃത്ത് എന്നതിനേക്കാൾ അവനോടും ഞാൻ ഒരു സുഹൃത്തിനെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. അതുകൊണ്ടായിരിക്കാം ഇക്കാര്യങ്ങൾ തുറന്നു പറയാൻ അവൻ എന്നെത്തന്നെ കണ്ടെത്തിയത്.
പുതിയൊരു ബന്ധം ഉണ്ടാക്കുന്നതിന് മുമ്പ് നമ്മളിൽ പലരും കുടുംബശ്രേഷ്ഠതയും സാമ്പത്തിക ഭദ്രതയും വിദ്യാഭ്യാസവും സൗന്ദര്യവും ഉദ്യോഗവും ഒക്കെയാണ് ആദ്യം പരിഗണിക്കുന്നത്. വിവാഹിതരാകുന്ന കുട്ടികളുടെ അഭിരുചിയും താൽപ്പര്യവും നമ്മളിലുള്ള ചിലർക്കൊന്നും ഇപ്പോഴും വലിയ വിഷയമല്ല.
നമ്മൾ ആലോചിക്കുന്നു, തീർപ്പ് കൽപ്പിക്കുന്നു.
പത്തുലക്ഷം രൂപയും കാറും 101 പവനും സ്ത്രീധനമായിട്ടു കിട്ടിയാൽ ആരേയും കല്യാണം കഴിക്കാൻ തയ്യാറാകും.
ജോർജിയുടെയും മരിയയുടെയും മാതാപിതാക്കൾ അതുതന്നെയാണ് നോക്കിയത്. പണവും പദവിയും ധാരാളം.
രണ്ടുപേരും തമ്മിൽ നല്ല ചേർച്ച ഉയർന്ന ഉദ്യോഗം!
രണ്ടു വീട്ടുകാരും പേരുകേട്ട പുരാതന നസ്രാണി കുടുംബത്തിലെയാണ്.
എന്നാൽ മരിയയുടെ മനസ്സിനെ കാണാൻ അവളുടെ മാതാപിതാക്കൾ ശ്രദ്ധിച്ചില്ല. അവരുടെ താല്പര്യത്തിനും സന്തോഷത്തിനും വേണ്ടി അവരൊന്നും ചെയ്തില്ല. അതിന് ബലിയാടാകേണ്ടിവന്നത് ജോർജി എന്ന പാവം ചെറുപ്പക്കാരൻ!
ആറുമാസത്തിനുമുമ്പ് ജോർജിയുടെ ഒരു ഫോൺ കോൾ എനിക്കു ലഭിച്ചു.
“അങ്കിൾ എനിക്ക് അത്യാവശ്യമായും ഒന്നു കാണണം.”
ഞാൻ തിരുവനന്തപുരത്ത് എത്തുന്ന ദിവസം അവനോട് പറഞ്ഞു കൃത്യസമയത്ത് തന്നെ അവൻ കാറുമായി സ്റ്റേഷനിൽ കാത്തുനിൽപുണ്ടായിരുന്നു.
അധികം തിരക്കില്ലാത്ത ഒരു റെസ്റ്റോറന്റിൽ ഒരു ചെറിയ മേശയ്ക്ക് അഭിമുഖമായി ഞങ്ങൾ ഇരുന്നു.
“അങ്കിൾ ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഇത്ര കാലമായിട്ടും ഒരു ദിവസം പോലും അവൾ എന്റെ ഭാര്യയോ ഞാൻ അവളുടെ ഭർത്താവോ ആയിട്ടില്ല. ഇങ്ങനെ ആക്ട് ചെയ്ത് ജീവിക്കാൻ ഇനി എനിക്കു വയ്യ”.
എന്റെ കണ്ണുകളിൽ അവിശ്വസനീയതയുടെ പുകപടലം നിറഞ്ഞു. ഞാൻ അവനെത്തന്നെ സൂക്ഷിച്ചു നോക്കി. ജോർജിതന്നെയാണോ ഇപ്പറയുന്നത്.?
“അതേ അങ്കിൾ ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്നു കരുതി ഇത്രനാളും പിടിച്ചു നിന്നു. ബിസിനസ്സ് ടൂറും ജോലിത്തിരക്കും ഈ ടെൻഷൻ മറക്കാൻ എനിക്കു കിട്ടിയ മെഡിസിൻ ആയിരുന്നു.”
“രണ്ടു തവണ അറ്റാക്ക് വന്ന എന്റെ ഡാഡിയോട് ഞാനിത് എങ്ങനെ പറയും. എന്റെ സന്തോഷം മാത്രം കാണാൻ ആഗ്രഹിക്കുന്ന മമ്മിയോട് എനിക്കിത് എങ്ങനെ പറയാൻ കഴിയും?”
ഒരു കേൾവിക്കാരൻ എന്നതിനേക്കാൾ എനിക്ക് അവനെ ആശ്വസിപ്പിക്കാൻ ചുമതലയുള്ളതിനാൽ ഞാൻ ജോർജിയോട് ചോദിച്ചു.
“എന്താ മോനെ, നിങ്ങൾ തമ്മിലുള്ള പ്രശ്നം.”
“അങ്കിൾ ഞങ്ങള് തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഫസ്റ്റ് നൈറ്റിൽ തന്നെ അവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ അങ്കിളിന് കേൾക്കണോ?”
റെക്കോഡിക്കലായി നമ്മൾ ഭാര്യാ ഭർത്താക്കന്മാരാണ്. പക്ഷെ, എന്റെ മനസ്സും ശരീരവും ജോർജി ആഗ്രഹിക്കരുത്. നിങ്ങളെന്റെ ഒരു നല്ല ഫ്രണ്ടാണ്. അതിലപ്പുറം ഒന്നുമില്ല ഈ മാര്യേജ് എന്റെ മമ്മീം ഡാഡീം കൂടെ കാണിച്ച ഒരു ജോക്കായിട്ടുമാത്രമെ ഞാൻ കണ്ടിട്ടുള്ളു.
ജോർജി അത്രയും പറഞ്ഞപ്പോഴേക്കും നന്നായി വിയർത്തു. മേശപ്പുറത്തിരുന്ന വെള്ളമെടുത്ത് അവൻ മടുമടാ കുടിച്ചു.
അവന്റെ മുഖത്ത് വിയർപ്പ് കണങ്ങൾ പൊടിയുന്നത് ഞാൻ ശ്രദ്ധിച്ചു. അവന്റെ വേദനയുടെ ചോരത്തുള്ളികളായിട്ടാണ് അതെനിക്ക് തോന്നിയത്. ജോർജി പറഞ്ഞു.
“ആദ്യം ഞാനതൊരു തമാശയായിട്ടാണ് കരുതിയത്. പക്ഷെ, മാസങ്ങൾ കഴിഞ്ഞിട്ടും മരിയയുടെ ആറ്റിറ്റ്യൂട്ടിന് യാതൊരു മാറ്റവും ഇല്ല. വീട്ടിലെ അന്തരീക്ഷം അങ്കിളിന് അറിയാമല്ലോ. രാവിലെ ആറരയ്ക്ക് ഞാൻ ഇറങ്ങും. എട്ടരയാകുമ്പോഴേക്കും ഡാഡിയുടെ ജീപ്പുവരും ഒമ്പതുമണിക്ക് മമ്മി പോകും. പത്തിന് മുമ്പേ മരിയയും ജോലിക്ക് പോകും. നാലാളും നാലുവഴിക്കാണ് ആരും ആരേയും ശ്രദ്ധിക്കാറേയില്ല. അതുകൊണ്ടുതന്നെ ഇതുവരെ ആർക്കും ഒരു സംശയവും തോന്നിയിട്ടില്ല. രാത്രി 10 മണി കഴിഞ്ഞാണ് എല്ലാവരും ഡൈനിങ്ങ് ഹാളിൽ ഒന്നിക്കുന്നത്. ആരേയും ഫേസ് ചെയ്യേണ്ടന്നു കരുതി ഞാൻ മിക്കപ്പോഴും പുറത്ത് നിന്ന് കഴിച്ചിട്ടാവും വരുക. എന്തെങ്കിലും കഴിച്ചെന്ന് വരുത്തിയിട്ട് മരിയ മുകളിലത്തെ മുറിയിലെത്തിയാലുടനെ നെറ്റിൽ കേറും (ഇന്റർനെറ്റ്) ചാറ്റിങ്ങ് കഴിഞ്ഞ് രണ്ടരയ്ക്കോ മൂന്നിനോ ഒക്കെയാണ് അവൾ കിടക്കുക. ഒരിക്കൽ ഞാനവളെ കീഴ്പ്പെടുത്താൻ ശ്രമിച്ചതാണ്. അപ്പോൾ അവൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. അതിൽപ്പിന്നെ ഞാൻ അതിനും ശ്രമിച്ചിട്ടില്ല.
അവൻ വീണ്ടും മിനറൽ വാട്ടർ ചുണ്ടോടടുപ്പിച്ചു. ഞാൻ അവനോട് ചോദിച്ചു.
“ഇഷ്ടമില്ലാതെ അവൾ എന്തിന് ഈ വിവാഹത്തിനു സമ്മതിച്ചു?”
“അവളുടെ പേരൻസിനോടുള്ള റിവഞ്ച് എന്നാണ് പറയുന്നത്. പ്രശ്നം അവളുടെ ഒരു ലൗ അഫയറാണ്. വീട്ടുകാർക്ക് അതിൽ താല്പര്യമില്ലായിരുന്നു. അവൾക്ക് അയാളെ മാത്രം മതി.”
ഞാൻ ജോർജിനേയും കൂട്ടി മരിയയുടെ ഓഫീസിലേക്കു പോയി. ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ വിവാഹ മോചനമല്ലേ നല്ലതെന്ന് ഞാൻ അവളോട് ചോദിച്ചു.
ഒരു പ്രകോപനവും കൂടാതെ അവൾ അതിനു സമ്മതമാണെന്ന് എന്നോട് പറഞ്ഞു.
ഫിലിപ്പ് സഖറിയയ്ക്ക് ഈ വാക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഞങ്ങൾ ഇരുവരും കൂടിയാണ് മരിയയുടെ പിതാവിനെ കാണാൻ പോയത്.
“കല്യാണം കഴിയുന്നതോടെ കാര്യങ്ങൾ എല്ലാം നേരെയാകും എന്നാണ് ഞങ്ങൾ കരുതിയത്. അദ്ദേഹത്തിന്റെ വാക്കുകളിൽ പശ്ചാതാപത്തിന്റെ കണ്ണീരുണ്ടായിരുന്നു.
കേസ് കുടുംബകോടതിയിലെത്തി. കൗൺസിലിങ്ങ് നടന്നു. ഇരുവരുടേയും പൂർണ്ണസമ്മതത്തോടെ കോടതി വിവാഹമോചനം അനുവദിച്ചു.
ജോർജി ഇന്ന് വിവാഹം കഴിച്ചത് അവന്റെ തന്നെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെയാണ്. ഒരു ഇടത്തരം കുടുംബത്തിലെയാണവൾ.
വിവാഹം കഴിഞ്ഞ് ഒരു ചെറിയ ചായ സൽക്കാരം ക്രമീകരിച്ചിരുന്നു. അതുകഴിഞ്ഞ് ഞാൻ യാത്രപറഞ്ഞ് ഇറങ്ങവേ മരിയയും ഒരു ചെറുപ്പക്കാരനും കൂടി കാറിൽ വന്നിറങ്ങുന്നത് ഞാൻ കണ്ടു. അവളുടെ കൈയിൽ വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒരു സമ്മാനപ്പൊതിയുമുണ്ടായിരുന്നു. രണ്ടു വർഷം ഭർത്താവിന്റെ വേഷം കെട്ടി അഭിനയിച്ചതിനുള്ള കൂലിയായാരിക്കാം ആ സമ്മാനപ്പൊതിയിൽ!