സനല്‍ ശശിധരന്‍
ചില കവിതകൾ വായിച്ചു തീർത്തശേഷം, ചില സിനിമകൾ കണ്ടു തീർത്ത ശേഷം
നമുക്കൊരിക്കലും അതിനു മുൻപുള്ള നമ്മിലേക്ക് മടങ്ങിപ്പോകാനാവാത്ത ഒരു
അവസ്ഥയുണ്ടാകാറുണ്ട്. ചില ശാസ്ത്രീയമായ കണ്ടെത്തലുകൾക്കു ശേഷം അതിനു
മുൻപുള്ള കാലത്തിലേക്ക് മടങ്ങിപ്പോകാൻ മനുഷ്യരാശിക്ക് കഴിയാത്ത പോലെയാണത്.
(ഉദാ: വൈദ്യുതിയുടെ കണ്ടെത്തൽ). ഈയിടെ വായിച്ചതിൽ/അനുഭവിച്ചതിൽ അത്തരം
ഒരവസ്ഥയിലേക്ക് എന്നെ കൊണ്ടുപോയ ഒന്നാണ് വിഷ്ണുപ്രസാദിന്റെ "ദുരൂഹവും നിഗൂഢവുമായ ഒരു സംഭവവിവരണം"
എന്ന കവിത. വസ്തുതകളുടേയും അവയുടെ വിശകലനത്തിന്റേയും നിയതമായ
'വർത്തമാനകാലത്ത്' സ്വസ്ഥമായി ജീവിക്കുന്ന ഞാൻ എന്ന വായനക്കാരനെ ഒരേ
സംഭവത്തിന്റെ വിഭിന്നമായ കാഴ്ചകളുടേയും അവയുണ്ടാക്കുന്ന
ആശയക്കുഴപ്പത്തിന്റേയും അനിയതമായ 'വർത്തമാനകാലത്തിലേക്ക്'
ഇളക്കിപ്രതിഷ്ഠിച്ചു ഈ കവിത എന്ന് പറയാം.
മെലിൻഡ കുര്യൻ എന്ന സെയിൽസ് ഗേൾ, ലിയോ, ഡിയോ, റിയോ, എന്ന ആൺബൊമ്മകൾ,
ഷഫീക്ക് എന്ന കടമുതലാളി, മാപ്പുസാക്ഷിയാവുന്ന എഴുത്തുകാരൻ, അർമാദം
ടെക്സ്റ്റൈൽസ് എന്ന വ്യാപാരസ്ഥാപനം, ഒരുമണിക്കൂർ നേരത്തേക്ക്
നിശ്ചലമാവുകയും അടുത്ത നിമിഷം ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ
പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്ന നഗരം ഇത്രയും ചേർന്ന് സൃഷ്ടിക്കുന്ന
ഒരു മായാ നാടകമാണ് ഈ കവിതയുടെ ഇതിവൃത്തം. മൂന്ന് ഖണ്ഡങ്ങളുള്ള ഈ കവിതയുടെ
ആദ്യ ഭാഗത്ത് മെലിൻഡ കുര്യൻ എന്നത് ഒരു സെയിൽസ് ഗേളാണ്. അവൾ ഒരു ഡോക്ടറോ,
എഞ്ചിനീയറോ, ഗുമസ്ഥയോ, തൂപ്പുകാരിയോ ഒന്നുമാകുന്നില്ല. അവൾ ഒരു സെയിൽസ് ഗേൾ
മാത്രമാണ്. ഒരു പക്ഷേ മേൽപ്പറഞ്ഞ ഏതെങ്കിലും ഒരു ജോലിയാണ്
അവൾക്കുണ്ടായിരുന്നത് എങ്കിലും അവൾ ഒരു ഗേളാണ്. അതുകൊണ്ട് അവൾ ഒരു സെയിൽസ്
ഗേളാണ്. ഇവിടെ സെയിൽസ് ഗേൾ എന്ന വാക്ക്/വിശേഷണം മെലിൻഡ കുര്യൻ എന്ന
കഥാപാത്രത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തൊഴിൽ ഭേദമന്യേ ഈ സമൂഹം
സ്ത്രീകൾക്ക് മുഴുവനായി നൽകുന്ന വിശേഷണമായി എനിക്ക് അനുഭവപ്പെട്ടു. അവൾ
വിൽക്കുന്നത് തുണിയാണെന്നതും തുണി മാനാഭിമാനങ്ങളുടെ രാഷ്ട്രീയത്തിൽ ഏറ്റവും
ശക്തമായ സ്വാധീനശക്തിയാണെന്നും കൂടി വായിക്കുമ്പോഴാണ് മെലിൻഡ കുര്യൻ എന്ന
യാഥാർത്ഥത്തിലുള്ളതെന്ന് തോന്നിക്കുന്ന പേരുകൊണ്ട് ഒറ്റ വ്യക്തിയെന്ന്
നമ്മെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കഥാപാത്രം സ്ത്രീവർഗത്തിന്റെയാകമാനം
ബിംബമാണെന്ന് കാണാനാകുന്നത്.
അർമാദം എന്നു പേരുള്ള വർണവസ്ത്രങ്ങളുടെ വിപണിയിൽ ലിയോ, റിയോ, ഡിയോ എന്നീ
കാർട്ടൂൺ പേരുകളിലൂടെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്ന മൂന്ന് ആൺ
ബൊമ്മകൾക്കൊപ്പം അവളെ തനിച്ചാക്കി "എല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന്"
തോന്നിപ്പിച്ചുകൊണ്ട് കടയുടമ ഷഫീക്ക് തന്റെ ബൈക്കെടുത്ത് പാഞ്ഞു പോകുന്ന
ദൃശ്യം എന്നെ ഓർമിപ്പിക്കുന്നത് ഇന്ത്യൻ തെളിവു നിയമത്തിൽ കുറ്റാരോപണത്തിൽ
നിന്ന് രക്ഷപ്പെടാൻ കുറ്റവാളിയെ സഹായിക്കുന്ന 'അലീബി' എന്ന
ഉപാധിയെക്കുറിച്ചാണ്. കുറ്റകൃത്യം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നു
എന്നുള്ള വാദം എല്ലാ അന്യായങ്ങൾ നടക്കുമ്പോഴും ദുരൂഹമായി അസന്നിഹിതമാവുകയും
എല്ലാം കഴിഞ്ഞ ശേഷം ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിൽ സന്നിഹിതമാവുകയും
ചെയ്യുന്ന സമൂഹത്തിന്റെ രക്ഷാ ഉപായമാണ്.
തുടർന്ന് നടക്കുന്നതൊക്കെ അവിശ്വസനീയമാം വണ്ണം വിശ്വസനീയമായ കാര്യങ്ങളാണ്.
ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്ക് ഒരു പെണ്ണ് മൂന്ന് ആൺബൊമ്മകളുടെ
ഇടയിൽപോലും തനിച്ചായിപ്പോയാൽ എന്തു സംഭവിക്കും എന്ന ചോദ്യത്തിന്, വർത്തമാന
ഇന്ത്യൻ സാഹചര്യത്തിൽ ഒറ്റ ഉത്തരമേ ഉണ്ടാകാനിടയുള്ളു. അത്രമാത്രം
പരമ്പരാഗതമായി അടിയുറച്ചുപോയ ഒന്നാണ് ഒരു പെണ്ണിനോട് ആണുങ്ങള്‍ എന്ന
നിലയിലുള്ള "അവരുടെ ഉത്തരവാദിത്തം". അത് മെലിൻഡ കുര്യൻ എന്ന മനുഷ്യജീവിയുടെ
മേൽ മൂന്ന് ആൺബൊമ്മകളും മാറിമാറി നിർവഹിക്കുന്നു. കൃത്യസമയത്ത്
കൃത്യസ്ഥലത്ത് നിന്നും തന്റെ ബൈക്കെടുത്ത് എങ്ങോട്ടോ അതിവേഗം ഓടിച്ചുപോയ
കടമുതലാളിയും ഒരു മണിക്കൂർ മാത്രം നീണ്ടു നിന്ന ഒരു ഹർത്താലിൻറ്റേയോ പോലീസ്
ലാത്തിച്ചാർജ്ജിന്റേയോ ഇളവിൽ സ്വയം കാലിയായ നഗരവും അലീബി എന്ന
നിയമസാങ്കേതികതയുടെ സഹായത്തോടെ കുറ്റകൃത്യത്തിൽ നിന്നും സമർഥമായി
രക്ഷപ്പെടുകയും കാഴ്ചക്കാരനായ എഴുത്തുകാരന്റെ നോട്ടത്തിൽ വെറും ബൊമ്മകൾ
മാത്രമായ ലിയോ,റിയോ,ഡിയോ എന്നീ മൂന്ന് ആണുങ്ങളുടെ ചുമലിൽ ഉത്തരവാദിത്തം
മുഴുവൻ വന്നു വീഴുകയും ചെയ്തു. അങ്ങനെ മായികമായ ഒന്നാം കാഴ്ച ഇവിടെ
അവസാനിക്കുന്നു.
രണ്ടാമത്തെ കാഴ്ച തുടങ്ങുന്നത് കാഴ്ചക്കാരനായ കവിയുടെതന്നെ താളം
തെറ്റിച്ചുകൊണ്ടാണ്. കവിതയിൽ നിറയുന്ന ആശയക്കുഴപ്പം കവിതയുടെ ഘടനയിലും
പ്രതിഫലിപ്പിച്ചുകൊണ്ട് ചാലുകേടായ ഗ്രാമഫോൺ റെക്കോർഡുപാടുമ്പോലെ ഒരു വരിയിൽ
നിന്നും മുകളിലേക്കും അവിടെനിന്നും താഴേക്കും വീണ്ടും മുകളിലേക്കും
ചാടിക്കളിച്ചുകൊണ്ട് ഒരു നിമിഷം കവിയുടെ വിവരണം ഇടമുറിയുന്നു.
"ഒരു മണിക്കൂര്‍ കഴിഞ്ഞുനഗരം സജീവമായി
കടമുതലാളി ഷഫീക്ക് തിരിച്ചുവന്നു.
(ഒരു മണിക്കൂര്‍ നേരത്തേക്ക് ഒരു ഹര്‍ത്താലും ഉണ്ടാവില്ല
ഇപ്പോള്‍ അര്‍മാദം ടെക്സ്റ്റൈത്സിന്റെ
ഇതു വല്ല പൊലീസ് ലാത്തിച്ചാര്‍ജ്ജോ മറ്റോ ആവും)
ഷട്ടര്‍ തുറന്നു"
ഇനിയാണ് ഏറ്റവും മായികവും എന്നാൽ, വിരോധാഭാസമെങ്കിലും വർത്തമാനകാല
യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്തു നിൽക്കുകയും ചെയ്യുന്ന സംഭവം കവിതയിൽ
അവതരിപ്പിക്കപ്പെടുന്നത്. കൃത്യം നടക്കുമ്പോൾ സമർത്ഥമായി മാറിനിന്ന ശേഷം
മടങ്ങിയെത്തിയ മുതലാളി ഷട്ടർ തുറക്കുമ്പോൾ കാണുന്നത് ഇതാണ്:
"ആ ചില്ലുകൂട്ടില്‍ ഏറ്റവും പുതിയ സാരി ചുറ്റി
നില്‍ക്കുന്നതാണ് മെലിന്‍ഡ എന്ന ബൊമ്മ
ഫൈബറുകൊണ്ടോ മറ്റോ ആണ്
അവള്‍ ശരിക്കും ഒരു ബൊമ്മയാണ്
അതിനെ ഉണ്ടാക്കിയിരിക്കുന്നത്
കടയിൽ നല്ല തിരക്കാണ്.
ലിയോ ,ഡിയോ,റിയോ
എന്ന മൂന്ന് സെയില്‍സ് ബോയ്സ്
തുണി വാങ്ങാന്‍ വന്നവര്‍ക്കു മുന്നില്‍
ഇത്തവണ അവര്‍ ബൊമ്മകളേയല്ല"
സ്ത്രീകൾക്കെതിരെയുള്ള ഏതൊരു അതിക്രമത്തിനും ശേഷം സംഭവിക്കുന്ന വിപരീത
ബിംബവൽക്കരണം ഇത്ര സൂക്ഷ്മമായി ഒരിടത്തും അവതരിപ്പിച്ചു കണ്ടിട്ടില്ല.
കുറ്റകൃത്യത്തിന് ഏതാനും മിനിട്ടുകൾക്ക് മുൻപുവരെ ഒരു
മനുഷ്യസ്ത്രീയായിരുന്നവൾ പൊടുന്നനെ പേരും ജൈവീകതയും നഷ്ടപ്പെട്ട് ഒരു ഇമേജ്
മാത്രമായി മാറുന്നു. ഏറ്റവും പുതിയ സാരി ചുറ്റി അവൾ ചില്ലുകൂട്ടിനുള്ളിൽ
പ്രതിഷ്ഠിക്കപ്പെടുന്നു. അവൾ ഇനി മുതൽ ഒരു ബിംബം മാത്രമാണ്. വിതുര
പെൺകുട്ടി, സൂര്യനെല്ലി പെൺകുട്ടി, കിളിരൂർ പെൺകുട്ടി, ഡെൽഹി പെൺകുട്ടി
എന്നിങ്ങനെ അനേകം ഫൈബർ ബൊമ്മകളുടെ നിരയിലേക്ക് അവളും. എന്നാൽ മറുവശത്തോ,
അതുവരെ തികച്ചും അജൈവമായിരുന്ന ലിയോ,റിയോ,ഡിയോ എന്നീ ആൺ ബിംബങ്ങൾ
സചേതനങ്ങളായ മൂന്ന് സെയിൽസ് ബോയ്സായി തുണിവാങ്ങാൻ വന്നവർക്ക് മുന്നിൽ
പരിവർത്തനം ചെയ്യപ്പെടുന്നു. ഇവിടെ അവർ ബൊമ്മകളേയല്ല. കുറ്റവാളികൾ എന്ന
ബിംബങ്ങൾ പൊടുന്നനെ മനുഷ്യരായി പരിവർത്തനം ചെയ്യപ്പെടുന്നു. അതോടെ അവർക്ക്
മനുഷ്യാവകാശം, നീതി, ന്യായം, ന്യായീകരിക്കാനുള്ള അവസരങ്ങൾ എന്നിവ
കൈവരുന്നു.ഇതൊക്കെ നിത്യജീവിതത്തിൽ എത്രയോ തവണ നാം കണ്ടിരിക്കുന്നു.
അങ്ങനെ ശരിക്കും മനുഷ്യരായിത്തീർന്ന മൂന്നു ബൊമ്മകളുടേയും പ്രവർത്തിയും
ശ്രദ്ധേയമാണ്. അവർ ലോക സമക്ഷം ചിരിച്ചുകൊണ്ട് വിരിച്ചിടുന്നത് തുണികളാണ്.
ഇവിടെ തുണികൾ എന്നത് ന്യായീകരണ സ്വഭാവമുള്ള ഒരു ഇമേജറിയും കൂടിയാണ്. അതിൽ
നിന്നും നീളുന്ന നൂലുകൾ ചെന്നെത്തുന്നത് സ്ത്രീകൾക്കെതിരായുള്ള
അതിക്രമങ്ങളുടെ മൂലകാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ് എന്നൊക്കെയുള്ള
പൊതുസമ്മതിയാർജ്ജിച്ച ന്യായവാദങ്ങളിലേക്കും.
സത്യവാങ്ങ്മൂലം എന്ന മൂന്നാം ഖണ്ഢത്തിലാണ് കവിത അവസാനിക്കുന്നത്.
'സത്യവാങ്ങ്മൂലം' എന്നത് കോടതിവ്യവഹാരവുമായി ബന്ധപ്പെട്ട ഒരു വാക്കായതിനാൽ
കുറ്റവിചാരണയുമായി ബന്ധപ്പെടുത്തിയാണ് കവിയുടെ നിസംഗവും
നിഷ്‌പക്ഷനാട്യവുമുള്ള ഈ സത്യവാങ്ങ്മൂലത്തെ ഞാൻ വായിക്കുന്നത്. താൻ
കണ്ടതൊക്കെ കണ്ടതാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത്
സത്യമാണെന്നു മാത്രമേ പറയാനാകൂ എന്നാണ് അയാളുടെ സത്യവാങ്ങ്മൂലം
അവസാനിക്കുന്നത് . ആദ്യത്തെ സന്ദർഭത്തിൽ മെലിൻഡകുര്യൻ എന്ന സെയിൽസ് ഗേൾ
ബലാൽസംഗം ചെയ്യപ്പെട്ടത് റിയോ ,ഡിയോ,ലിയോ എന്ന മൂന്ന് ആണ്‍ബൊമ്മകളാലാണ്.
അവർക്ക് വിചിത്രമായി ചലനശേഷി കൈവന്നുവെങ്കിലും അവർക്കപ്പോഴും പ്ലാസ്റ്റിക്
ശരീരമായിരുന്നു ഉണ്ടായിരുന്നത്. മദ്യലഹരിയിൽ ചെയ്തുപോയ ഒരു കുറ്റത്തിന്
ഇളവുകൾ ഉണ്ടാകാമെങ്കിൽ പ്ലാസ്റ്റിക് ശരീരികളായിരുന്ന ആൺ ബൊമ്മകളുടേത് ഒരു
കുറ്റമാണോ എന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു!
രണ്ടാമത്തെ സന്ദർഭത്തിൽ
കൃത്യമായും മെലിന്‍ഡ ഒരു ബൊമ്മയാണ്.
മെലിന്‍ഡ ഒരു മനുഷ്യസ്ത്രീയായിരുന്നുവെന്നതിന്
രണ്ടാമത്തെ സന്ദര്‍ഭത്തില്‍
ഒരു തെളിവും അവശേഷിക്കുന്നില്ല.
തെളിവുകളുടെ അഭാവത്തിൽ മെലിൻഡ എന്ന ബൊമ്മയ്ക്കു വേണ്ടി ലിയോ, റിയോ, ഡിയോ
എന്നീ 'മനുഷ്യരെ' നിശിതമായി വിചാരണ ചെയ്യുന്നത് അനീതിയായിരിക്കും എന്നൊരു
സൂചന നൽകിക്കൊണ്ട് കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.
ലിയോ,ഡിയോ,റിയോ എന്നീ മൂന്നുപേരും
തികച്ചും മനുഷ്യരാണ്.
അവര്‍ ബൊമ്മകളോ പ്ലാസ്റ്റിക് ശരീരികളോ അല്ല.
(അവർക്ക് മനുഷ്യാവകാശങ്ങളുണ്ട്!!!)
വർത്തമാനകാലത്ത് താനുൾപ്പെടുന്ന പുരുഷസമൂഹം സ്ത്രീകൾക്കെതിരെയുള്ള
അതിക്രമങ്ങളിൽ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന വിധത്തെ
സൂക്ഷ്മവിമർശനം ചെയ്യുകയാണ് ഈ കവിതയിൽ വിഷ്ണുപ്രസാദ് എന്ന് ഞാൻ
വായിക്കുന്നു. അദ്ദേഹത്തിന്റെ ലിംഗരാജ് ഉൾപ്പെടെയുള്ള പല കവിതകളിലും
താനടങ്ങുന്ന സമൂഹത്തിന്റെ ആൺകോയ്മക്കെതിരേ കടുത്ത വിമർശനം കാണാം.
ആണായിരിക്കുന്നതിന്റെ പാപത്തിൽ പങ്കുപറ്റുമ്പോഴും ചെയ്യുന്നത് ശരിയല്ല
എന്നൊരു ഉൾക്കുത്ത് വെളിപ്പെടുത്തുന്നുണ്ട് അവ. എന്നാൽ മിക്കവാറും പുണ്യാള
കവികളും ചെയ്യുന്നപോലെ സ്വന്തം മേനിയിൽ കറപുരളാതെ മാറി നിന്ന്
വിമർശിക്കലല്ല, സ്വയം ചെളിയിലിറങ്ങി നിന്നുകൊണ്ട് നിഗൂഢവും ദുരൂഹവുമായ ഒരു
വർത്തമാനകാലത്തെ, അതിന്റെ ആശയക്കുഴപ്പങ്ങളെ, അതിൽ തനിക്കുള്ള ഭാഗധേയത്തെ
ഒക്കെയും നിസഹായതയോടെ വിവരിക്കലാണ് അയാളുടെ ശൈലി.
ജാമ്യം: അനന്തമായ വായനാസാധ്യതകളുള്ള ഈ കവിതയെ ഏതെങ്കിലും തരത്തിൽ
പരിമിതപ്പെടുത്താനുള്ള ഒരു ശ്രമമല്ല ഇത്. മറിച്ച് എന്റെ വായന എന്റെ അനുഭവ
പരിസരങ്ങളും ഇഷ്ടാനിഷ്ടങ്ങളും കൊണ്ട് പരിമിതപ്പെട്ടിരിക്കുന്നു എന്ന് ഞാൻ
ജാമ്യം നേടിയിരിക്കുന്നു.