Friday, August 20, 2010


rajanandini

ഇനി ഞാൻ മറ­യട്ടെ തിര­ശ്ശീ­ലയ്ക്കു പിന്നിൽ
ഇനി­യി­ല്ലൊരു വേഷം വേദി­യിൽ ആടി­ത്തീർക്കാൻ
ഇതു­ത­ന്ന­വ­സാന വേഷ­മായ്‌ നിരൂ­പിപ്പൂ
ഇതു­ത­ന്ന­വ­സാന രംഗ­മായ്‌ വിര­മിപ്പൂ

കർണ്ണ­പർവ­ത്തിൽ കരൾ വിറച്ചു വില­പിക്കും
കുന്തി­യാ­യൊരു നാളിൽ തകർത്തു വേഷം കെട്ടി
സീത­യായ്‌ പിറന്നു ഞാൻ കാന­ന­വാസം പൂകി
അഗ്നി സാക്ഷി­യായ്‌ ഭൂമി പിളർന്നു മറഞ്ഞു ഞാൻ

ചൂതിൽ പണ­യം­വെയ്ക്കും പാഞ്ചാ­ലി­യായ നാളിൽ
കണ്ണനെ ഭജിച്ചു ഞാൻ മാനത്തെ സംര­ക്ഷിച്ചു
രാധ­യായ്‌ മുര­ളിയെ പുണർന്നു പ്രാണ­നെ­പ്പോൽ
യമു­നാ­ന­ദി­ക്കരെ തളർന്നു വിര­ഹ­ത്താൽ

ഇനി ഞാൻ മറ­യട്ടെ തിര­ശ്ശീ­ലയ്ക്കു പിന്നിൽ
ഇനി­യി­ല്ലൊരു വേഷം വേദി­യിൽ ആടി­ത്തീർക്കാൻ
സാക്ഷിയാം പ്രപ­ഞ്ചമെ! എനിക്കു വിട നൽകുക
വേഗ­മാ­കട്ടെ നിന്റെ ദണ്ഡനം തുട­ങ്ങുക

ദൊഷൈക ദൃക്ക­കൾക്കായ്‌ ആത്മ­ദാഹം തീർക്കു­വാൻ
ഹൃദയം തുരന്നു ഞാൻ ഏകുന്നു ചുട­നിണം
സത്യം തേടി­ത്തേടി എത്ര­യോ­ദൂരം താണ്ടി
കുഴഞ്ഞ പാദ­ങ്ങ­ളിൽ ചാട്ട­വാ­റ­ടി­ക്കുക

എനി­ക്കായ്‌ ജനിതാം അഭി­ഷം­ഗ്വ­മേ­നിന്റെ
സ്വാർത്ഥമാം ദംഷ്ട്ര­ങ്ങ­ളാൽ അടു­ത്തു­വ­രിക നീ
നിന­ക്കായ്‌ നിറ­ച്ചതാം സ്നേഹ­പാ­ത്ര­ങ്ങ­ളൊക്കെ
വലംകൈ ചുരുട്ടി നീയു­ടച്ചു കള­യുക

ദുഃഖ­ത്താൽ ജ്വലി­ക്കു­മെൻ കർമ്മ­കാ­ണ്ഡ­ങ്ങ­ളാകെ
ഞെരി­ത്തിൽ വിതറി നീ രസിച്ചു തിമിർക്കുക
നഷ്ടവും നേട്ട­ങ്ങളും കൂട്ടിയും കിഴിച്ചും നീ
ശിഷ്ട­കാ­ല­ങ്ങ­ളാകെ ആഹ്ളാദം നിറ­യ്ക്കുക

സൂര്യ­നായ്‌ ജ്വലി­ക്കു­ക, പ്രപഞ്ചം നിറ­യുക !
താപ­ജ്വാ­ല­ക­ളാലെ എന്നെ ദഹി­പ്പി­ക്കുക
ഭസ്മ­ധൂ­ളി­കൾ നവ­മൺകുടം നിറച്ചു നീ
പ്രണ­യ­ക്ക­ടൽക്കരെ എനിക്കു ബലി നൽകുക!
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.