Monday, August 9, 2010

kannan thattayil

നേരമധികം പുലരും മുന്‍പേ ;തോടികടന്നിട-
വഴിയിലേക്കുതിര്‍ന്നു വീണതാരാണ് ?
പൂത്തുബികളോടു ചോദിച്ചതും ;അവര്‍
കാറ്റിനോടു പിണക്കമെന്നോതിയകന്നു .

കുറ്റിച്ചൂലുകൊണ്ട് അമ്മ കുറേനേരം കുത്തി
വിളിച്ചിട്ടും ചുരുണ്ടുകുടിത്തന്നെ
നെറ്റിയില്‍ പുക്കളപ്പൊട്ടിടാത്തതിന്റെ
പരിഭവംകാണും;മുറ്റം മോഹിച്ചിരുന്നുമില്ല .

ചെടികള്‍ മുന്‍പേ പറഞ്ഞിരുന്നത്രെ
ഞങ്ങളിനി പുഞ്ചിരിവിടര്‍ത്തുകയില്ലെന്ന്
ചിരിമായും മുന്‍പേ ഇറു ത്തെടുത്തു കൊതി
മാറിയില്ലേ;ഇനി പിഴുതെറിഞ്ഞാലും നാട്യമില്ല

പിന്നില്‍ പുകപറത്താതെ കഴുത്തുനീട്ടി ചിമ്മിനി
പിറു പിറുത്തെറിയുന്നത്‌ വീടിന്റെ വിഷമം
കരിയില്‍ കുളിക്കാത്ത അടുപ്പുകല്ലിന്റെ നൊമ്പരം
ഓര്‍മ്മകലുടെ വേരറുത്തതിനാല്‍,എത്ര എളുപ്പം

പറമ്പിലെ വാഴകള്‍ കൈകള്‍ നീട്ടിവിളിക്കുന്നു
ഈ കൈകള്‍ വെട്ടിയെടുക്കാന്‍ സമ്മതമത്രെ
ഇല്ല;നിങ്ങള്‍ക്കു നോവുമെന്നു കളവു പറഞ്ഞു
വഴിനോക്കി നടക്കനോതി കരംകവര്‍ന്നെടുത്തതും
പിന്നോട്ട് നോക്കി മുന്നോട്ടു പിച്ചവെച്ചു വീണ്ടും

പുതുപുത്തന്‍ ചേലകള്‍ തിരുകി നിറവയറുമായ്
കടയുടെ വാതില്‍ തുറന്നു തന്ന ഓലക്കുടക്കാരന്‍-
കുടവയറന്‍ ബഹുകേമം "ദേ ഇതല്ലേ മാവേലി ? "
"ഇന്നാണു കുഞ്ഞേ ഓണം" നിര്‍വികാരം മാത്രം
നോട്ടം ഇരുവശങ്ങളിലേക്കും ഉഴിഞ്ഞെറിഞ്ഞ്
ചൂണ്ടുവിരല്‍ അമ്മ പിടിച്ചുതാഴ്ത്തി.

പുസ്തകത്താളുകളിലെ ചില ചുക്കിച്ചുളുങ്ങിയ ചിത്രങ്ങള്‍...
പൂക്കളം,ഊഞ്ഞാല്‍,ഓണസദ്യ,ഓണപ്പുടവ,ഓണക്കളികള്‍.....

തിരികെ വരുമ്പോള്‍ മാവേലി സ്വകാര്യമോതി
"പുത്തനിട്ടിരിക്കണം" കുടവയര്‍ ഒന്നമര്‍ത്തി തിരുമ്മി
"ഇത് ഓണക്കളിയാണു കുഞ്ഞേ"
ഇന്നത്തെ അന്നമെന്നമ്മയുടെ ആത്മഗതവും

"ഇതാണോമ്മേ ഓണസദ്യ " നല്ല നനവ്‌
"വീടായവീടെല്ലാം കയറി ഓണമിങ്ങെത്തിയപ്പോഴേക്കും
നേരം വൈകിയതാ കുഞ്ഞേ; ഇത്ര രാത്രിയില്‍. . . . "
ചിലവരികള്‍ പൂര്‍ത്തിയാകാറില്ലല്ലോ . . . ?

ഇന്നും ഇരുളിലേക്കുതലപുഴ്ത്തി ഉണര്‍ന്നിരിക്കും
ഓണനിലാവു ചൂടിയ കറുത്തകുട മടക്കി
എന്റെ മാവേലി വരുന്നതും കാത്ത്

വിയര്‍ത്തൊലിച്ച വെയിലോട്ടിയ ഉടഞ്ഞ വയറ്‌
ഒരു പകലത്രയും എങ്ങനെ നിറച്ചുനിര്‍ത്തിയാണ്
അച്ഛന്‍ മാവേലിയാടിയാതെന്ന്‌ ഇന്നും . . .
"മുന്‍പേ അച്ഛനെയും ആരോ ചവുട്ടിതാഴ്ത്തിയിരുന്നത്രേ"
ഇരുളില്‍ നിന്ന് ഒരു നേര്‍ത്ത ഗദ്ഗതം
"അത് ആരും അറിയാത്ത രഹസ്യം "
അതോ അതായിരുന്നോ വിശപ്പും അന്നവും ?
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.