Friday, August 20, 2010


v p ramesan


തൊണ്ണൂറ്റി മൂന്നു വയ­സ്സായി തങ്ക­ക്കുട്ടി നമ്പി­ഷ്ടാ­തി­രി­ക്ക്‌. ഓർമ്മ­കൾക്ക്‌ തെളി­ച്ച­ക്കു­റ­വൊ­ന്നു­മി­ല്ല. വട­ക്കാ­ഞ്ചേ­രി­യിലെ കോവി­ല­ക­ത്തിന്റെ പൂമു­ഖ­ത്തി­രുന്ന്‌ ഗത­കാ­ല­ത്തേയ്ക്ക്‌ ഒന്നി­റ­ങ്ങി­യത്‌ പാതി മയ­ക്ക­ത്തി­ലാ­ണ്‌. മുമ്പിൽ നാത്തൂന്റെ മക്കൾ കാവൂട്ടി നമ്പി­ഷ്ടാ­തി­രിയും അപ്പൻ തിരു­മുൽപ്പാടും വന്നു നിന്നു തർക്കി­ക്കു­ന്നു. അതും മുപ്പത്‌ വയസ്സിൽ വിധ­വ­യായ തങ്ക­ക്കു­ട്ടി­യോ­ട്‌.
“തങ്ക­ക്കു­ട്ടി­യ­മ്മാ­യീ, ഇനീം ഞങ്ങൾക്ക്‌ ക്ഷമി­ക്കാൻ വയ്യ. തൃപ്പൂ­ണി­ത്തു­റ­യിലെ കൊച്ചു­കു­ട്ട­മ്മാ­വന്റെ സ്ഥല­മങ്ങ്‌ ഭാഗം വയ്ക്കാൻ മടി­ക്കേ­ണ്ട. മരു­മ­ക്ക­ത്തായ നിയമം വച്ച്‌ സഹോ­ദരീ സന്താ­ന­ങ്ങൾക്ക്‌ പകു­തിയും ബാക്കി പുത്ര­ക­ള­ത്ര­ത്തി­നു­മാ­ണെന്ന്‌ തങ്ക­ക്കു­ട്ടി­യ­മ്മാ­യി­ക്ക­റി­യി­ല്ലാ­ന്നുണ്ടോ? വേണോന്നു വച്ചാ അതിന്റെ ഓഹരി വില തന്നാ ഞങ്ങള്‌ അത്‌ ഒഴി­മുറി വെച്ചു തന്നേക്കാം ന്ത്വാ?” അപ്പൻ തിരു­മൽപ്പാട്‌ നിന്ന്‌ തർക്കി­ക്കു­കയും വാദി­ക്കു­കയും ചെയ്യു­മ്പോൾ ഉടു­മുണ്ട്‌ പിടിച്ച്‌ നാല്‌ വയ­സ്സു­കാ­രൻ ശിവ­ദാ­സ­വർമ്മയും ഏഴു­വ­യ­സ്സു­കാരി ശാന്ത­കു­മാ­രി­വർമ്മയും അമ്മയെ പൊതി­ഞ്ഞു­നി­ന്നു. പതി­നെ­ട്ടു­കാരി ചന്ദ്രി­കയും അര­മ­തിൽ ചാരി നിൽക്കു­ന്നു. അവ­രുടെ വലിയ ശബ്ദ­ത്തിൽ കുട്ടി­കൾ ഭയ­ന്നി­രി­ക്കു­ന്നു. ഒമ്പ­തു­വ­യ­സ്സു­കാ­രൻ വിജയവർമ്മ പൂമു­ഖത്തെ തൂണിൽ ചാരി പുറത്ത്‌ മുറ്റത്ത്‌ വന്നു കളി­ക്കുന്ന അണ്ണാൻമാ­രിൽ നിന്ന്‌ കണ്ണു­പ­റി­ക്കാതെ നിൽക്കു­ന്നു.
ഭർത്താവ്‌ ആർ.­പി.­വർമ്മ 35­-​‍ാംവയ­സ്സിൽ മരി­ക്കു­മെന്ന്‌ ആരെ­ങ്കിലും കരു­തിയോ. പത്തു പൊരു­ത്തവും നോക്കി­യാണ്‌ തൃപ്പൂ­ണി­ത്തുറ കോവി­ല­ക­ത്തി­രുന്ന കാര­ണ­വ­ന്മാർ തങ്ക­ക്കു­ട്ടിയെ വട­ക്കാ­ഞ്ചേരി കോവി­ല­ക­ത്തേയ്ക്ക്‌ അയ­ച്ച­ത്‌. ബോംബെ­യിലെ തിര­ക്കാർന്ന ജീവി­ത­ത്തി­ലേയ്ക്ക്‌ ചെന്നി­റ­ങ്ങു­മ്പോൾ തങ്ക­ക്കു­ട്ടിയ്ക്കും വലിയ സന്തോ­ഷം. അതെല്ലാം നിമി­ഷ­മാ­ത്ര­മാ­യി­രു­ന്നെന്ന്‌ അറി­ഞ്ഞി­ല്ല. തുടരെ തുടരെ മൂന്നു കുട്ടി­കളെ തങ്ക­ക്കുട്ടി പ്രസ­വി­ക്കു­മ്പോൾ ആർ.­പി.­വർമ്മ സാരാ­ഭായ്‌ കമ്പ­നി­യുടെ ചീഫ്‌ എ­ക്സി­ക്യൂ­ട്ടീവ്‌ ചെയ­റിൽ ഉച്ച­ഭ­ക്ഷണം കഴിഞ്ഞ്‌ ചാരി­യി­രി­യ്ക്കു­മ്പോൾ അത്‌ മര­ണ­ത്തി­ലേ­യ്ക്കാ­യി­രു­ന്നെന്ന്‌ ആരു­മ­റി­ഞ്ഞി­ല്ല. കടന്നു വന്ന പ്രൈവറ്റ്‌ സെക്ര­ട്ടറി മണ­ത്ത­റിഞ്ഞ മരണം അങ്ങിനെ ഇടി­വെട്ടി നെഞ്ചകം പിളർത്തി­യത്‌ തങ്ക­ക്കുട്ടി നമ്പി­ഷ്ടാ­തി­രി­യെ­യാ­യി­രു­ന്നു. നാലാ­മ­ത്തേതു വയ­റ്റി­ലും.
“തങ്ക­ക്കു­ട്ടി­യ­മ്മായി എന്താ ഒന്നും പറ­യാത്തെ? ഇനി കേസും കൂട്ടൊക്കെ വേണോ­ന്നാണോ?” കുട്ടൻ തിരുമുൽപ്പാട്‌ വിടാൻ ഭാവ­മി­ല്ല.
“ഇനി നിങ്ങൾക്ക്‌ അത്‌ വേണോ­ന്നാ­വും. എടുത്തോ. നാട്ടേക്കം തന്നേച്ചാ മതി. ഞങ്ങൾ ഒഴി­മുറി തന്നേ­ക്കാം.”
“എനി­യ്ക്കൊ­ന്നു­മ­റി­യി­ല്ലെന്ന്‌ അപ്പ­ന­റി­യാ­ലോ. ന്താണ്‌ വച്ചാ പറ­ഞ്ഞോ­ളു. കുറച്ച്‌ ഉരു­പ്പടി ഇവി­ടെ­യു­ണ്ട്‌. ഞാനത്‌ വിറ്റാണെ­ങ്കിലും നിങ്ങൾക്ക്‌ ഓഹരി പണം തരാം.” തങ്ക­ക്കുട്ടി ഇത്രേം പറ­ഞ്ഞു­ക­ഴി­ഞ്ഞ­പ്പോൾ അപ്പൻ തിരു­മേ­നി­യുടെ മുഖ­മൊന്ന്‌ തെളി­ഞ്ഞു.
“ന്നാ ആയി­രത്തി ഇരു­ന്നൂറ്റി അമ്പത്‌ ഉറു­പ്പിക അങ്ങ്‌ തന്നേ­ക്ക്‌. ഞാനും കാവൂ­ട്ടിയും എപ്പ­ഴാൺന്ന്‌ വച്ചാ ഒഴി­മുറി തന്നേ­ക്കാം.”
ഭർത്താവ്‌ ആർ.­പി.­വർമ്മ ബോംബെ­യിൽ പണി­യെ­ടു­ത്തു­ണ്ടാ­ക്കിയ പണം കൊണ്ട്‌ തൃപ്പൂ­ണി­ത്തു­റ­യിലെ കോക്കി­പ്പാപ്പി മാപ്പി­ള­യോട്‌ വാങ്ങിയ ഒരേ­ക്കർ മുപ്പത്തി എട്ട്‌ സെന്റ്‌ സ്ഥല­ത്തിന്റെ പകുതി അവ­കാശം ഒരു മര­ണ­പത്രം ഉട­മ­സ്ഥൻ എഴു­താതെ വന്ന­തു­കൊണ്ട്‌ മാത്രം മരു­മ­ക്ക­ത്തായ നിയ­മ­ബ­ല­ത്തിൽ ശേഷ­ക്കാർ വില­പേ­ശാൻ വരു­മ്പോൾ ചിര­ട്ടയും നാഴിയും മാത്ര­മായ നാലു മക്കളും യുവ­തി­യായ വിധ­വയും എന്തു­ചെയ്യുമെന്ന്‌ മരിച്ച മനു­ഷ്യന്റെ ശേഷ­ക്കാർ ഓർക്കു­ന്നി­ല്ലല്ലോ എന്ന്‌ തങ്ക­ക്കുട്ടി വെറുതെ സങ്ക­ട­പ്പെ­ട്ടു.
1937­-ലെ ചിങ്ങാ­മാ­സ­ത്തിലെ ഉത്രാ­ട­നാ­ളി­ലാ­യി­രുന്നു തങ്ക­ക്കു­ട്ടി­യു­ടേയും ആർ.­പി.­വർമ്മ­യു­ടേയും മംഗല്യം. എറ­ണാ­കു­ള­ത്തു­നിന്ന്‌ ഷൊർണ്ണൂർക്ക്‌ തീവണ്ടി കയറി ഇറ­ങ്ങി­യതും ക്ഷണ­നേ­രം­കൊണ്ട്‌ കോവി­ല­കത്തു നിന്നു വന്നു വില്ലു­വ­ണ്ടി. റെയിൽവേ­സ്റ്റേ­ഷനു പുറത്തു കാത്തു­നിന്ന വില്ലുവണ്ടിയും തങ്ക­ക്കുട്ടി നന്നാ­യോർക്കുന്നു. പത്തു­വർഷത്തെ ജീവി­ത­ത്തി­നി­ട­യിൽ നാലു കുട്ടി­കളും തോരാത്ത കണ്ണീ­രും. 1947 ആഗ­സ്റ്റിൽ തൃപ്പൂ­ണി­ത്തുറ കച്ചേ­രി­യിൽ വച്ച്‌ ഒഴി­മുറി തരു­ന്ന­തിനു മുമ്പ്‌ തന്നെ പറഞ്ഞ ഉറു­പ്പിക അപ്പൻ തിരു­മുൽപ്പാ­ടിനും കാവൂ­ട്ടിക്കും തങ്ക­ക്കുട്ടി അച്ഛൻ തമ്പു­രാൻ സ്ത്രീധ­ന­മായി തന്ന തങ്ക ഉറു­പ്പ­ടി­ക­ളൊക്കെ വിറ്റ്‌ കിട്ടിയ പണം കൊണ്ട്‌ തീറർത്ഥം കൊടുത്ത്‌ വസ്തു സ്വന്ത­മാ­ക്കു­മ്പോൾ വലിയ ആശ്വാസം തോന്നി. അയ്യാ­യിരം നാളി­കേരം കിട്ടുന്ന സ്ഥല­മാ­ണ്‌. ജീവി­ക്കാൻ അത്‌ ധാരാ­ള­മാ­യി­രു­ന്നു. ചന്ദ്രി­ക­യും, ശാന്ത­യും, ശിവ­ദാ­സ­നും, വള­രു­ന്തോറും ചില­വു­കൾ അധി­ക­രി­യ്ക്കു­ന്നു. വട­ക്കാ­ഞ്ചേ­രി­യിലെ കൃഷിയും കോവി­ല­ക­പ്പ­റ­മ്പിലെ വരു­മാ­നവും തൃപ്പൂ­ണി­ത്തു­റ­യിലെ സ്ഥല­ത്തു­നിന്നും കിട്ടുന്ന തേങ്ങയും മതി­യാ­വു­ന്നി­ല്ല. സഹാ­യി­ക്കാൻ ജനിച്ച കോവി­ല­കത്ത്‌ അച്ഛനും അമ്മയും ഇല്ലാ­താ­യി­രി­ക്കു­ന്നു. സ്വാതന്ത്ര്യം കിട്ടി കഴി­ഞ്ഞി­രി­ക്കു­ന്നു. പ്രിവി പഴ്സ്‌ എന്ന തുച്ഛ തുകകൊണ്ട്‌ ഒന്നു­മാ­വി­ല്ല. കുട്ടി­കളെ പഠി­പ്പി­ക്കാതെ നിവർത്തി­യി­ല്ല. തങ്ക­ക്കുട്ടി മറി­ച്ചൊ­ന്നു­മാ­ലോ­ചി­ച്ചി­ല്ല. തൃപ്പൂ­ണി­ത്തുറ കോവി­ല­കത്തു ചെന്ന്‌ മോടി­ക്കാ­രൻ ശങ്ക­രൻനാ­യരെ ശട്ടം കെട്ടി. സ്ഥലം അങ്ങ്‌ വിൽക്കു­ക. എന്നിട്ട്‌ പണം ബാങ്കി­ലിട്ട്‌ കിട്ടുന്ന പലി­ശയ്ക്ക്‌ മക്കളെ പഠി­പ്പി­ക്കു­ക.
ശങ്ക­രൻനാ­യർ ആവതു നോക്കി­യിട്ടും കച്ച­വ­ട­മങ്ങ്‌ ഒക്കു­ന്നി­ല്ല. തങ്ക­ക്കുട്ടി വിവ­ര­ത്തിന്‌ ഇട­യ്ക്കി­ടയ്ക്ക്‌ കോവി­ല­ക­ത്തേയ്ക്ക്‌ എഴു­തി­യെ­ങ്കിലും തര­മാ­യില്ല എന്ന വിവ­ര­മാ­യി­രി­ക്കും കിട്ടു­ക. കാത്തി­രുന്നു കാലം കള­യാനും വയ്യ. ഒരു ദിവസം ഷൊർണ്ണൂർ റെയിൽവെ സ്റ്റേഷ­നി­ലേയ്ക്ക്‌ പോവാൻ വില്ലു­വ­ണ്ടി­ക്കാ­രനെ തങ്ക­ക്കുട്ടി ശട്ടം­കെ­ട്ടി. തൃപ്പൂ­ണി­ത്തു­റ­യി­ലെ­ത്തു­മ്പോ­ഴേക്കും തങ്ക­ക്കുട്ടി ചില­തൊക്കെ കൽപ്പി­ച്ചി­രു­ന്നു. തേങ്ങാ­ക്കാ­രൻ പര­മേ­ശ്വ­രൻ തന്നെ­യാ­യി­രു­ന്നു. തങ്ക­ക്കു­ട്ടി­യുടെ മന­സ്സി­ലു­ണ്ടാ­യി­രു­ന്ന­ത്‌. പണ­ത്തിന്‌ വലിയ മുട്ടു­ണ്ടാ­വാത്ത കാല­മാ­യി­രുന്നു പര­മേ­ശ്വ­ര­ന്‌. തങ്ക­ക്കുട്ടി നമ്പി­ഷ്ടാ­തിരി പര­മേ­ശ്വ­രന്റെ പോർട്ടി­ക്കോ­വിൽ കുട­ചൂടി ഉച്ച­വെ­യി­ലിൽ കട­ന്നു­വ­രു­മ്പോൾ പര­മേ­ശ്വ­രൻ തോള­ത്തു­കി­ടന്ന നാടൻമുണ്ട്‌ എടുത്ത്‌ കസേ­ര­യിൽ അടിച്ച്‌ വൃത്തി­യാക്കി ഇരി­യ്ക്കാൻ ക്ഷണി­ച്ചു. കസേ­ര­യി­ലി­രുന്ന തങ്ക­ക്കുട്ടി വന്ന­തെ­ന്തെന്ന ഭാവ­ത്തോടെ പര­മേ­ശ്വ­രൻ നിൽക്കു­മ്പോൾ തങ്ക­ക്കുട്ടി പറ­ഞ്ഞു.
“പര­മേ­ശ്വ­രൻ ആ സ്ഥലം തീറെ­ടു­ക്ക­ണം. നാട്ടേക്കം എനിക്ക്‌ തര­ണം. കുട്ടി­ക­ളൊക്കെ വളർന്നു വരു­ന്നു. എനിക്കാണെ­ങ്കിൽ ഇത­ല്ലാതെ മാർഗ്ഗ­മി­ല്ല. ഭക്ഷ­ണ­ത്തിന്‌ പ്രശ്ന­മി­ല്ല. പണ­മി­ല്ലാതെ പഠിപ്പ്‌ പ്രയാ­സാ.”
“അതിന്‌ തമ്പു­രാട്ടി പറ­യു­ന്ന­തു­പോലെ പെട്ടെന്ന്‌ എങ്ങി­നെയാ പണംഉണ്ടാക്കുന്നെ. എന്റെ കയ്യിൽ ര­ണ്ടാ­യിരം ഉറു­പ്പി­ക­യു­ണ്ട്‌. തീറ്‌ വില നിശ്ച­യി­ച്ചാൽ അതു തന്ന്‌ കുറേ­ശ്ശ­യായി ഞാൻ തന്നു തീർക്കാം.“
”പര­മേ­ശ്വ­രൻ രണ്ടാ­യിരം ഉറു­പ്പിക ഇപ്പൊ­തന്നെ തര­ണം. വസ്തു­വിന്‌ അയ്യാ­യിരം ഉറു­പ്പിക തീറ്‌ വില നിശ്ച­യി­ക്കാ­മല്ലോ?“
”തമ്പു­രാട്ടി അതിന്‌ അത്ര വില­യൊന്നും ഇല്ല. ഒന്നാ­മത്‌ വഴി­യി­ല്ല. ഇതും പോരാഞ്ഞ്‌ അഞ്ച്‌ പേര്‌ കുടിൽ വച്ചു കിട­ക്കു­ന്നില്ലേ? കാലം മാറി. ഇവ­രെ­യൊക്കെ ഒഴി­പ്പി­ക്കാൻ എന്തെ­ങ്കിലും കൊടു­ക്കണ്ടെ? തമ്പു­രാ­ട്ടിക്ക്‌ ഒരു നഷ്ടം വേണ്ട. ഞാൻ നാലാ­യിരം ഉറു­പ്പിക തീറ്‌ വില തരാം.“ തങ്ക­ക്കുട്ടി പിന്നെ ഒന്നും ആലോ­ചി­ച്ചി­ല്ല.
1948­-ൽ അത്‌ വലിയ വില തന്നെ­യാ­ണ്‌. പര­മേ­ശ്വ­രൻ മോഹ­വില തന്നെ­യാണ്‌ പറ­ഞ്ഞ­ത്‌. തന്റെ ആവശ്യംകൊണ്ട്‌ ഔചി­ത്യ­മി­ല്ലാതെ അയ്യാ­യിരം ഉറു­പ്പിക ചോദി­ച്ച­താ­ണ്‌. തങ്ക­ക്കുട്ടി മന­സ്സിൽ പറ­ഞ്ഞു.
”ശശി. പര­മേ­ശ്വ­രൻ പറ­ഞ്ഞ­തു­പോലെ തന്നെ. ആധാരം അടു­ത്ത­യാഴ്ച തന്നെ നട­ത്താം. എന്നെ അറി­യിച്ചാ മതി ദിവസം ഏതാന്ന്‌ വച്ചാ.“
”തമ്പു­രാട്ടി ഒന്നി­രു­ന്നാ­ട്ടെ. ഞാൻ ഓറി­യന്റ്‌ ഇൻഷു­റൻസ്‌ കമ്പ­നി­യിൽ കിട­ക്കുന്ന പണം ഇപ്പൊ എടു­ത്തോണ്ടു വരാം.“
പര­മേ­ശ്വ­രൻ വളഞ്ഞ കാലുള്ള കുട നിവർത്തി തോൽ ചെരു­പ്പിട്ട്‌ മുള­കൊണ്ട്‌ ഉണ്ടാ­ക്കിയ പടി കടന്ന്‌ റോഡിലേയ്ക്ക്‌ ഇറ­ങ്ങി. തങ്ക­ക്കുട്ടി ആലോ­ചി­ച്ചു. രണ്ടാ­യിരം ഉറു­പ്പി­കയ്ക്ക്‌ നൂറു ഉറു­പ്പിക മാസം പലിശ കിട്ടും. അത്‌ കുട്ടി­കളെ പഠി­പ്പി­ക്കാൻ ധാരാ­ള­മാ­ണ്‌. താമ­സി­ക്കാതെ പണ­വു­മായി വന്ന പര­മേ­ശ്വ­ര­നോട്‌ രണ്ടാ­യിരം ഉറു­പ്പിക മുൻകൂർ തീറർത്ഥ­മായി കൈപ്പറ്റി തങ്ക­ക്കുട്ടി വട­ക്കാ­ഞ്ചേ­രി­യി­ലേയ്ക്ക്‌ വണ്ടി കയ­റി.
ഒരാഴ്ച കഴി­ഞ്ഞ­പ്പോൾ പര­മേ­ശ്വ­രന്റെ കത്തു­വ­ന്നു. അടുത്ത ആഴ്ച തന്നെ നട­ത്താം. അങ്ങിനെ 1951­-ലെ ഒരു ചിങ്ങ­മാ­സ­ത്തിൽ തൃപ്പൂ­ണി­ത്തുറ സബ്‌ രജി­സ്ട്രാ­പ്പീ­സിലെ 1559­-​‍ാം നമ്പ്രാ­ധാ­ര­പ്ര­കാരം തങ്ക­ക്കുട്ടി നമ്പി­ഷ്ടാ­തിരി വസ്തു നാലാ­യിരം ഉറു­പ്പിക തീറർത്ഥം നിശ്ച­യിച്ച്‌ 2000 ഉറു­പ്പിക നിറുത്തി പര­മേ­ശ്വ­രന്‌ തീറെ­ഴു­തി. ഒരു വർഷത്തെ കാലാ­വ­ധിക്ക്‌ ബാക്കി തീറർത്ഥം തന്നു­കൊ­ള്ളാ­മെന്ന വ്യവസ്ഥ ആധാ­ര­ത്തി­ലു­ണ്ടാ­യി­രു­ന്നു. ഒരു വർഷം കഴി­ഞ്ഞ­പ്പോൾ തങ്ക­ക്കുട്ടി പര­മേ­ശ്വ­രന്റെ വീട്ടിൽ വന്നു കാര്യം തിര­ക്കി. പര­മേ­ശ്വ­രൻ ബുദ്ധി­മു­ട്ടി­ലാ­ണ്‌. കച്ച­വടം കുറച്ച്‌ മോശം. കുട്ടി­കൾ എട്ടു­പേ­രു­ണ്ട്‌. എല്ലാം കൂടി ഒരു ഞെരു­ക്കം. അവ­ധി­കൾ പലതു കഴി­ഞ്ഞു. ചില­പ്പോൾ വരു­മ്പോൾ നുറും ഇരു­നൂറും ഉറു­പ്പിക തരും. തങ്ക­ക്കു­ട്ടിക്ക്‌ മടു­ത്തു. എന്തു ചെയ്യും? കേസിന്‌ പോകാൻ വിഷ­മ­മാ­ണ്‌. നല്ല­വ­നാണ്‌ പര­മേ­ശ്വ­രൻ. ഗതി­കേ­ട്കൊണ്ട്‌ പറ്റി­യ­താ­ണ്‌. ഇതി­നിടെ കോവി­ല­കത്തെ ശങ്ക­രൻനാ­യർ കേസ്സ്‌ കൊടുത്തു വിധി­ക്ക­ട­ത്തിന്‌ ജപ്തി­ചെ­യ്യാൻ നേരം ലേലം പിടി­യ്ക്കാൻ തക്കം നോക്കി നട­ന്നു. തങ്ക­ക്കുട്ടി ഒടു­വിൽ ഗത്യ­ന്ത­ര­മി­ല്ലാതെ എറ­ണാ­കുളം മുൻസിഫ്‌ കോട­തി­യിൽ കേസ്സ്‌ ഫയ­ലാ­ക്കു­മ്പോൾ അധികം സന്തോ­ഷി­ച്ചത്‌ ശങ്ക­രൻനാ­യ­രാ­യി­രു­ന്നു. വസ്തു പര­മേ­ശ്വ­രന്‌ കൊടു­ത്തത്‌ ഒട്ടും ഇഷ്ട­മി­ല്ലാ­യി­രുന്നു ശങ്ക­രൻനാ­യർക്ക്‌.
വിധി വന്നു. ജപ്തി ചെയ്ത്‌ വസ്തു ലേല­ത്തിനു വയ്ക്കു­മ്പോൾ പര­മേ­ശ്വ­രന്റെ തന്നെ ഭാര്യാ­സ­ഹോ­ദ­രൻ കൂടി­യ­വി­ലയ്ക്ക്‌ വസ്തു­വാങ്ങി തങ്ക­ക്കു­ട്ടി­യേയും പര­മേ­ശ്വ­ര­നേയും രക്ഷി­ക്കു­മ്പോൾ രണ്ടു­പേർക്കും കണ്ണു നിറ­ഞ്ഞു­പോ­യി. പിന്നെ പര­മേ­ശ്വ­രനെ കാണു­ന്നത്‌ 1967­-ൽ ആണ്‌.
പര­മേ­ശ്വ­രൻ വട­ക്കാ­ഞ്ചേരി കോവി­ല­കത്തു വരു­മ്പോൾ വിജ­യന്‌ ബോംബെ­യിൽ സാരാ­ഭാ­യി­യിൽ തന്നെ ജോലി തര­മാ­യി­രു­ന്നു. ചന്ദ്രി­കയും ശാന്തയും മംഗല്യം കഴിഞ്ഞ്‌ കൽക്ക­ത്ത­യി­ലും. ശിവ­ദാ­സ­വർമ്മ എഞ്ചി­നീ­യ­റിംഗിന്‌ പഠി­ക്കു­ന്നു. പര­മേ­ശ്വ­രൻ നര­യ്ക്കു­കയും തടി­വ­യ്ക്കു­കയും ചെയ്തി­രി­ക്കു­ന്നു. തങ്ക­ക്കു­ട്ടിയ്ക്കും മാറ്റ­ങ്ങ­ളു­ണ്ട്‌. പര­മേ­ശ്വ­രനെ ആദ്യം തങ്ക­ക്കു­ട്ടിക്ക്‌ മന­സ്സി­ലാ­യി­ല്ല. എങ്കിലും പര­മേ­ശ്വരന്റെ ചിരി മന­സ്സി­ലു­ണ്ട്‌. ആ ചിരി തങ്ക­ക്കു­ട്ടിക്ക്‌ ആളെ മന­സ്സി­ലാക്കി കൊടു­ത്തു.
“പര­മേ­ശ്വ­രൻ എന്താ ഇപ്പോ­ള­ങ്ങി­നെ.” ഇരി­യ്ക്കാൻ പറയും നേരം തങ്ക­ക്കുട്ടി ചോദി­ച്ചു.
ഇരി­ക്കാതെ നിന്ന പര­മേ­ശ്വ­രൻ പറ­ഞ്ഞു.
“എനിക്ക്‌ ഉടനെ പോകണം തമ്പു­രാ­ട്ടി. അടുത്ത വണ്ടിക്ക്‌ തന്നെ തിരി­യ്ക്ക­ണം. ഞാൻ വന്നത്‌ നമ്മുടെ സ്ഥലം കൊച്ചി റിഫൈനറിയ്ക്ക്‌ റോഡി­നു­വേണ്ടി എടു­ത്തു. 70 സെന്റ്‌ സ്ഥലം എടുത്തു. എനിയ്ക്ക്‌ ആദ്യം 17,000 ഉറു­പ്പിക കിട്ടി. അതു­കൊണ്ട്‌ ഞാൻ ഒന്നു­കൂടി പച്ച­പി­ടി­ച്ചു. ഇപ്പൊ അധിക നഷ്ട­പ­രി­ഹാ­ര­മായി 45,000 കൂടി കിട്ടി. അതിൽ 10,000 ഉറു­പ്പിക ഞാൻ തമ്പു­രാ­ട്ടിക്ക്‌ തരു­ക­യാ­ണ്‌. വാസ്ത­വ­ത്തിൽ ഇതൊക്കെ അനു­ഭ­വി­ക്കേ­ണ്ടത്‌ തമ്പു­രാ­ട്ടി­യ­ല്ലേ. ഗതി­കേ­ടിന്‌ തമ്പു­രാട്ടി എനിക്കുതന്നു. ഗതി­കേ­ടിന്‌ തമ്പു­രാട്ടി കേസു കൊടു­ത്തു. എങ്കിലും ദൈവം നമ്മളെ അനു­ഗ്ര­ഹി­ച്ചി­രു­ന്നു. അതു­കൊണ്ട്‌ തമ്പു­രാട്ടി ഇത്‌ അങ്ങ്‌ എടു­ക്ക­ണം.“
പര­മേ­ശ്വ­രൻ പണ­പ്പൊതി അര­മ­തി­ലിൽ വച്ചു. തങ്ക­ക്കുട്ടി സംശ­യിച്ചു നിൽക്കു­ക­യാ­ണ്‌. പര­മേ­ശ്വ­രന്‌ തീറു­കൊ­ടുത്ത സ്ഥലം. അതിൽ തനി­യ്ക്കിനി എന്താ­ണ­വ­കാ­ശം. മന­സ്സിൽ തർക്ക­ങ്ങൾ മുറു­കു­മ്പോൾ തമ്പു­രാട്ടി ചോദി­ച്ചു.
”അപ്പൊ അന്ന്‌ ലേലം കൊണ്ട കൃഷ്ണൻ വസ്തു പര­മേ­ശ്വ­രന്‌ തിരി­യെ­ത­ന്നോ.“
”ഉവ്വ്‌ തമ്പു­രാ­ട്ടി. അവൻ നല്ല­വ­നാ. അവൻ എനി­യ്ക്കത്‌ അവന്‌ ചിലവായ സംഖ്യയ്ക്ക്‌ തന്നെ തിരിയെ തന്നു. അതും ഒരു ദൈവാ­നു­ഗ്ര­ഹ­മല്ലേ തമ്പു­രാ­ട്ടി.“
”ശരി­യാ­ണ്‌. ദൈവ­ത്തിന്റെ കയ്യ­ട­യാ­ള­ങ്ങൾ ജീവിതം ഉട­നീ­ള­മു­ണ്ട്‌. എല്ലാ­വ­രി­ലും. ശിവ­ദാ­സന്റെ കത്ത്‌ കയ്യി­ലി­രി­ക്കു­ന്നു. ആയിരം ഉറു­പ്പിക അവൻ ആവ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്നു. കോഴ്സ്‌ തീരു­ക­യാ­ണ്‌. കഴി­ഞ്ഞു­വ­ന്നാൽ സർക്കാർ ജോലി തന്നെ ഉറ­പ്പ്‌. എഞ്ചി­നീ­യർമാർക്ക്‌ നല്ല സമ­യ­മുള്ള കേര­ളം. തങ്ക­ക്കുട്ടി പണ­പ്പൊതി കയ്യി­ലെ­ടു­ത്തു. മനസ്സു തെളി­ഞ്ഞത്‌ മുഖ­ത്തു­കാ­ണിച്ച്‌ പര­മേ­ശ്വ­രൻ പടി കടന്നു പോവു­മ്പോൾ തങ്ക­ക്കു­ട്ടി­യോർത്തു പര­മേ­ശ്വ­രന്റെ മന­സ്സു­നി­റഞ്ഞ നന്മയെ!
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.